24 ജനുവരി 2007

കലയും കമലയുമെപ്പോലെ

രണ്ടാം ദിവസംരംഗം : 1
നളന്റെ അന്തഃപുരം
ശ്ലോകം 1
തോടി-അടന്ത

സുരേന്ദ്രസ്സം പ്രീതൈരിഹ സദസി ദത്താനഥ വരാ-
നവോപ്തോ ദുഷ്പ്രാപാന്‍ നിഷധനൃപതിസ്താം പ്രിയതമാം
മുദാ പാണൌകൃത്യ ശ്വശുരനഗാരാദാത്മനഗരം
ഗതോ രേമേ ഭൈമീം രഹസി രമയംശ്ചാടുവചനൈ

(അനന്തരം സമ്പ്രീതന്മാരായിരിക്കുന്ന സുരേന്ദ്രന്മാരാല്‍ സദസ്സില്‍ വച്ച്‌ ദത്തങ്ങളായ ദുഷ്പ്രാപങ്ങളായി ദുര്‍ല്ലഭങ്ങളായയിരിക്കുന്നവരങ്ങളെ പ്രാപിച്ചവനായിരിക്കുന്ന നളന്‍ പ്രിയതമയെ സന്തോഷത്തോടുകൂടെ പാണിഗ്രഹണം ചെയ്ത്‌ ശ്വശുരന്റെ നഗരമായ കുണ്ഡിനപുരത്തില്‍നിന്ന്‌ തന്റെ നഗരത്തെ പ്രാപിച്ചവനായിട്ട്‌ രഹസ്യമായി പ്രിയവാക്കുകളെക്കൊണ്ട്‌ ഭൈമിയെ രമിപ്പിച്ചുകൊണ്ട്‌ രമിച്ചു.)

പദം:1

കുവലയവിലോചനേ! ബാലേ! ഭൈമീ!
കിസലയാധരേ! ചാരുശീലേ!

അനുപല്ലവി:
നവയൌവനവും വന്നു നാള്‍തോറും വളരുന്നു
കളയൊല്ലാ വൃഥാ കാലം നീ... (കുവലയ)

ചരണം-1
ഇന്ദ്രാദികളും വന്നു വലച്ചു നമ്മെ
ഇടയില്‍വന്നിടരെല്ലാം നിലച്ചു
ഇന്ദുവദനേ, നിന്നെ ലഭിച്ചു ഇതിനാല്‍
ഇനിക്കു പുരാ പുണ്യം ഫലിച്ചു
ഇനിയോ നിന്‍ ത്രപയൊന്നേ ഇനിക്കുവൈരിണീ മന്യേ
തനിയേ പോയതു മൊഴിയാതോ?.. (കുവലയ..)

ചരണം 2
തവ മുഖമഭിമുഖം കാണ്മേന്‍, തന്വി
തളിരൊളി മെയ്യിതൊന്നു പൂണ്മേന്‍
ധന്യനായതു ഞാനോ പാര്‍മേല്‍, ഏവ-
മൊന്നല്ല മനോരഥം മേന്മേല്
‍എന്നിരിക്കവേ നീ എന്തെന്നില്‍ വഹസി വാമ്യ?
ഇതിലുണ്ടതിവൈഷമ്യം.. (കുവലയ..)

ചരണം 3
കലയും കമലയുമെപ്പോലെ തവ
കലയ മാമപി നീയപ്പോലെ
കുലയുവതികള്‍ മൌലി മാലേ! ശങ്ക
കളക രമിക്ക വഴിപോലെ
മത്തകോകിലമായൊരുദ്യാനമതില്‍ ചെന്നോ-
രത്തലെന്നിയേ വാഴ്ക നാം... (കുവലയ...)

ഇതാണ്‌ ഉമേഷ്‌ പറഞ്ഞ ഭാഗം. ഇനി കാന്താരതാരകത്തിലെ ഇതിന്റെ വ്യാഖ്യാനം വള്ളിപുള്ളി വിടാതെ:
ചരണം-3- കല എന്നും കമല എന്നും ദമയന്തയിുടെ രണ്ടു സഖിമാരാകുന്നു. കല എന്നൊരു സഖിയെ നൈഷധകാവ്യത്തില്‍ ശ്രീഹര്‍ഷനും പറയുന്നുണ്ട്‌. കമല വാര്യരുടെ സൃഷ്ടിതന്നെ ആയിരിക്കണം. കലയ-വിചാരിച്ചാലും. നിന്റെ സഖികളായ കലാകമലകളെ നീ എങ്ങനെ വിചാരിക്കുമോ അതുപോലെ എന്നെയും വിചാരിച്ചാലും. ലജ്ജയും സങ്കോചവും വിട്ടു നീ എന്നോടുകൂടി രമിക്ക എന്ന്‌ താല്‍പ്പര്യം. ഇവിടെ കലയേയൂം കമലയേയും എന്നു വേണ്ടതു വര്‍ണ്ണസങ്കോചംകൊണ്ടു കലയം കമലയും എന്നായിത്തീര്‍ന്നു എന്നു സമാധാനപ്പെടണം. അല്ലെങ്കില്‍ നിന്റെ കലയൌം കമലയും ഏതുപോലെ (നിന്റെ ദൃഷ്ടിയില്‍) ഭവിക്കുന്നുവോ അപ്പോലെ (ഇരിക്കുന്നവനായിട്ട്‌) നീ എന്നെയും വിചാരിച്ചാലും എന്ന്‌ അദ്ധ്യാഹാരം ചെയ്ത്‌ അന്വയം ശരിപ്പെടുത്തണം.

"കലയം കമലയുമെപ്പോലെ.ണീയപ്പോലെ" എന്നതിന്‌ വ്യത്യസ്തവ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എം എച്‌. ശാസ്ത്രിയുടെ "രസികകൌതുകം" എന്ന വ്യ്ഖ്യാനം ഇപ്രകാരമാണ്‌: "നിന്റെ കലയും (കലമാനും) കമലയും (പെണ്‍മാനും)എപ്പോലെ (ഏതൊരു രീതിയില്‍ വര്‍ത്തിക്കുന്നുവോ) അപ്പോലെ (ആ രീതിയില്‍) നീ മാം അപി (എന്നെയും) കലയ (ഭാവന ചെയ്താലും.) രാജകുമാരികള്‍ ക്രീഡോദ്യാനത്തില്‍ മാനിണകളെയും മയിലിണകളെയും വിനോദാര്‍ഥം വളര്‍ത്തുന്നതു സ്വാഭാവികമാണ്‌. ദമയന്തിക്കു കലമാനും പേടമാനും തമ്മിലുള്ള പ്രീതീഭാവം അതിന്റെ യഥാര്‍ത്ഥസ്വരൂപത്തില്‍ അവധാരണം ചെയ്യുവാനുള്ള പ്രാഗല്‍ഭ്യം സംസിദ്ധമായിരിക്കുമല്ലോ. ആ സ്ഥിതിയ്ക്ക്‌.. നായകന്‍ കലയും കമലയും തമ്മിലുള്ള വര്‍ത്തമാനത്തെ നിദര്‍ശനമാക്കിയത്‌ ഭാവുകന്മാരുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ പര്യാപ്തമത്രേ."

കമല എന്നൊരു സഖിയെ വാര്യര്‍ സൃഷ്ടിച്ചതായി കരുതുന്നതിനേക്കാള്‍ നല്ലത്‌ മികച്ച സംസ്കൃതപണ്ഡിതനായ അദ്ദേഹം "പെണ്‍മാന്‍" എന്ന അര്‍ത്ഥത്തില്‍ കമല എന്ന പദം പ്രയോഗിച്ചു എന്നു കരുതുന്നതായിരിക്കും" എന്നാണ്‌ ശാസ്ത്രിയുടെ വ്യഖ്യാനത്തിന്റെ അവതാരികയില്‍ ഉള്ളൂര്‍ അഭിപ്രായപ്പെട്ടത്‌."101 ആട്ടക്കഥകള്‍"ല്‍ ഏ.ആറിനോട്‌ വിയോജിച്ചും ശാസ്ത്രിയോടു യോജിച്ചും ഇങ്ങനെ രേഖപ്പെടുത്തുന്നു: "തോഴികള്‍ പെരുമാറുന്ന പോലെയാണോ ഭാര്യാഭര്‍ത്താക്കന്മാരുടെ പെരുമാറ്റം? എങ്കില്‍ നളന്‍ ഒരു അരസികന്‍ തന്നെ."

കാന്താരതാരക വ്യാഖ്യാനത്തിനോട്‌ യോജിക്കാനാണ്‌ വഴികാണുന്നത്‌. നൈഷധത്തെ പലപ്പോഴും പിന്‍തുടരുന്ന വാര്യര്‍ ഇവിടെയും ഹര്‍ഷനെ മാതൃകയാക്കിയതാണ്‌. "മാ ഹൃിയാ വ്രജ, ഭയം പരിത്യജ്യ, ആളിവര്‍ഗ്ഗ ഇവ തേ അഹം" (നാണിക്കരുത്‌, ഭയപ്പാടും സങ്കോചവും കൈവെടിയുക. ആളിമാരെപ്പോലെയാണ്‌ ഞാന്‍ നിനക്ക്‌.)എന്ന നൈഷധീയചരിതഭാഗത്തിന്റെ ആശയമാണ്‌ ഇവിടെ കാനുന്നത്‌. ദേശമംഗലവും ഏാറിനോട്‌ യോജിച്ച്‌ പറയുന്നു: "പാര്‍വ്വതിയ്ക്കു ജയയും വിജ്യുമെന്നപോലെ, ശകുന്തളയ്ക്ക്‌ അനസൂയയും പ്രിയംവദയുമെന്നപോലെ, ദമയന്തിയ്ക്കു രണ്ടു സഖികളെ കല്‍പിച്ചതായിരിക്കാം. സഖികളോടു സ്വച്ഛന്ദം പെരുമാരുന്നതുപോലെ തന്നോടും പെരുമാറണമെന്നു വാക്യാര്‍ത്ഥം. "വീതവിശങ്കം" എന്നും, "സഖിമാരിലധികം വിശ്വസിച്ചീടെന്നെ" എന്നുമുള്ള ഹംസവാക്യത്തോട്‌ ഈ വാക്യത്തേയും തട്ടിച്ചു നോക്കുക. ഇളംകുളവും ആര്‍ നാരായണപ്പനിക്കരും ഏ ആറിനോട്‌ യോജിക്കുന്നു.

ഒന്നാം ദിവസത്തില്‍ ദമയന്തിയുടെ തോഴിമാരെ പേര്‍ പറയാതെ വാര്യര്‍ അവതരിപ്പിക്കുന്നുണ്ട്‌. ആ തോഴിമാരില്‍ രണ്ടുപേരായി കലയേയും കമലയേയും കരുതാം. ദേ.ഇ, 101 ഗ്രന്ഥങ്ങളില്‍ കാണുന്ന "കമലയുമെപ്പോലെ തവ" എന്ന പാഠം സ്വീകരിച്ചാല്‍ വ്യാഖ്യാനത്തിന്റെ ക്ലിഷ്ടത ഒഴിവാക്കാവുന്നതാണ്‌. അതിനാല്‍ "കമലയുമെപ്പോലെ നിന്റെ" എന്ന കാന്താരതാരകപാഠത്തിന്‌ പകരം ഇതു സ്വീകരിക്കുന്നു. തവ (നിനക്ക്‌) കലയും കമലയും എപ്പോലെ (ഏതുപോലെയോ അതുപോലെ) നീ മാം അപി (എന്നെയും) കലയ (കരുതുക)എന്ന്‌ അര്‍ത്ഥം.

(ഇത്രയും വള്ളിപുള്ളി വിടാതെ പുസ്തകത്തില്‍നിന്നും ടൈപ്പ്‌ ചെയ്തതാണ്‌. അക്ഷരത്തെറ്റുകളുണ്ടെങ്കില്‍ ക്ഷമിക്കുക. ഇത്രയും വീണ്ടും നോക്കാന്‍ തോന്നിപ്പിച്ചതില്‍ ഉമേഷിനോട്‌ നന്ദി പറയട്ടെ)

ശ്ലോകം 2
കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്‍മൊഴി നിശമ്യ വിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്താര്‍മുദാ പുരവനേ സഹതേന രേമേ

ഭൈമി
പദം 2

പല്ലവി
സാമ്യമകന്നോരുദ്യാനം; എത്രയുമാഭി-
രാമ്യമിതിനുണ്ടതു നൂനം

അനുപല്ലവി:
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകില്‍ സാമ്യമല്ലിതു രണ്ടും (സാമ്യമകന്നോരു)

ചരണം1
കങ്കേളിചമ്പകാദികള്‍ പൂത്തുനില്‍ക്കുന്നു
ശങ്കേ വസന്തമായാതം
ഭൃംഗാളി നിറയുന്നു പാടലപടലിയില്
‍കിം കേതകങ്ങളില്‍ മൃഗാങ്കനുദിക്കയല്ലീ.. (സാമ്യ..)

ചരണം2
പൂത്തും തളിര്‍ത്തുമല്ലാതെ ഭൂരുഹങ്ങളില്
‍പേര്‍ത്തുമൊന്നില്ലിവിടെ കാണ്മാന്
‍ആര്‍ത്തുനടക്കും വണ്ടിന്‍‌ ചാര്‍ത്തും കുയില്‍ക്കുലവും
വാഴ്ത്തുന്നു മദനന്റെ കീര്‍ത്തിയെ മറ്റൊന്നില്ല...(സാമ്യമകന്നൊരു..)

ചരണം3
സര്‍വ്വത്തുരമണീയമേതല്‍, പൊന്മയക്രീഡാ-
പര്‍വ്വതമെത്രയും വിചിത്രം
ഗര്‍വ്വിതഹംസകോകക്‌ ക്രീഡാതടാകമിതു
നിര്‍വൃതികരങ്ങളിലീവണ്ണം മറ്റൊന്നില്ല (സാമ്യ...)

മാരധനാശി-ചെമ്പട
നളന്‍

പദം3
പല്ലവി
ദയിതേ! നീ കേള്‍ കമനീയകൃതേ!

അനുപല്ലവി
അയി! തേ വിവാഹത്തിന്‍ മുന്‍പനുകമ്പനീയം വൃത്തം..(ദയിതേ..)

ചരണം1
ഓരോ ജനങ്ങള്‍ ചൊല്ലി നിന്‍ ഗുണമങ്ങുനിശമ്യ സദാ
ധീരോപി ഞാനധികം മങ്ങിമയങ്ങി-യനംഗരുജാ
ആരോമലേ! നിനച്ചു ഭംഗിതരംഗിതമംഗമിദം
ഒരോരോദിനം യുഗമായിംഗമെങ്ങുമൊളിച്ചു ചിരം.. (ദയിതേ..)

ചരണം2
ആരുമറിയരുതെന്നംഗജസങ്കടമെന്ന ധിയാ
ആരാം പൂക്കേനിമം ഭൃംഗവിഹംഗമസങ്കലിതം
ദൂരേ സുഖമെന്നായി, അങ്ങോടടന്‍ പുനരിങ്ങോടടന്‍‌
‍പാരം വലഞ്ഞേനപ്പോള്‍, സംഗതനായൊരു ഹംസവരന്‍...(ദയിതേ..)

ചരണം3
സൌവര്‍ണ്ണഹംസം ചെയ്തൊരു സൌഹൃദമായതു സൌഹൃദമേ
പോയ്‌വന്നു നിന്‍മതവും വര്‍ണ്ണിതവാന്‍ മമ കര്‍ണ്ണസുധാം
ദൈവം ന വിപരീതമെന്നു പറഞ്ഞു മറഞ്ഞു സഖാ
കൈവന്നു കാമിതവും, കാമിനിമാര്‍കുലമൌലിമണേ!..(ദയിതേ..)

രംഗം സമാപ്തം

ഇതില്‍ സൂ-പറഞ്ഞപോലേയും, ഉമേഷ്‌ പറഞ്ഞപോലെയുമൊന്നുമല്ല എന്റെ ഭാവനാവിലാസം.എനിക്ക്‌ മലയാളവും സംസ്കൃതവും അറിയാം. അതിനാല്‍ ഞാന്‍ ഈ രണ്ടുഭാഷകളെയും കൂട്ടിയും കുഴച്ചും പുതിയപദങ്ങള്‍ ഉണ്ടാക്കിയും എനിക്കറിയുന്നപോലെ എന്റെ അറിവിനെ പ്രയോഗിച്ചും നിങ്ങളെ രസിപ്പിക്കാം. എന്റെ കര്‍മ്മങ്ങളെ (പ്രയോഗങ്ങളെ) ചോദ്യം ചെയ്യരുത്‌-അത്‌ ചിലപ്പോള്‍ അനന്യസാധാരണമായിരിക്കാം. എന്നിരുന്നാലും ഞാന്‍ ഒരു നല്ല കൃതി രംഗത്തവതരിപ്പിക്കാന്‍ നിങ്ങള്‍ക്കു തരാം എന്ന ഉണ്ണായി വാര്യരുടെ നിലപാട്‌. അല്‍പ്പം ധാര്‍ഷ്ട്യം കലര്‍ന്നതാകാം, പക്ഷെ ആത്മവിശ്വാസം തുളുമ്പുന്ന ഒന്നാണ്‌. പറഞ്ഞപോലെ അദ്ദേഹം രസിപ്പിക്കുകയും ചെയ്തു -ന്യൂനതകള്‍ അതില്‍ കാര്യമാക്കാനില്ല.അതുപോലെ, ഉമേഷ്‌,അറിയുന്ന വിവരങ്ങളെ തന്റേതായ വഴിയിലൂടെ അനലൈസ്‌ ചെയ്ത്‌ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. അതില്‍ രാഷ്ട്രീയമോ അരാഷ്ട്രീയമോ നിങ്ങള്‍ക്കാരോപിക്കാം. തന്റെ ഉദ്ദേശശുദ്ധിയെയും നിലപാടുകളേയും ചോദ്യം ചെയ്യേണ്ട ആവശ്യമില്ല, നിങ്ങള്‍ക്ക്‌ അറിവല്ലേ വേണ്ടൂ? എന്റെ വഴിയിലൂടെ ഞാന്‍ കണ്ടുപിടിച്ച്‌ എന്നാലാവുന്നതുപോലെ പങ്കുവെയ്ക്കാം. എന്റെ വഴിസഞ്ചരിച്ച്‌ എന്നെ മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കട്ടെ. ശ്രീഹര്‍ഷന്‍ പറയുന്നപോലെ അദ്ദേഹത്തിന്‌ ഒരു പ്രൊഫെയിലുമുണ്ട്‌.ഇത്രയും പറഞ്ഞതുതന്നെ വ്യക്തമായോ എന്നൊരു ശങ്കയുണ്ട്‌. നമ്പൂരി ശങ്ക വിട്ടുപോകില്ല!

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇത്രയും പറഞ്ഞതുതന്നെ വ്യക്തമായോ എന്നൊരു ശങ്കയുണ്ട്‌. നമ്പൂരി ശങ്ക വിട്ടുപോകില്ല!

അജ്ഞാതന്‍ പറഞ്ഞു...

So many people have cut and paste from this part.

Samyamakannorudyanam - Vayalar

Navayauvvanam vannu nal thorum valarunnu - CV in Marhadavarma

Kalayum kamalayum Kalayum kAminiyum

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...