09 ഓഗസ്റ്റ് 2011

പദ്മ്ഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുമായുള്ള അഭിമുഖം

മടവൂരാശാനുമായി ഇന്‍റര്വ്യൂ ഡേറ്റ് തീരുമാനിച്ചത് മേയ് 20, 2011 രാവിലെ പത്തുമണിക്ക് എന്നായിരുന്നു. കുറച്ച് ദിവസം മുന്പ് വിളിച്ച് ഒന്നുകൂടെ റീ കണ്ഫേം ചെയ്തു. പക്ഷെ പിന്നെയല്ലെ ഹര്‍ത്താല്‍ വരുന്നത്. ആകെ കുടുങ്ങി. എന്ത് ചെയ്യണം എന്ന് ഒരു രൂപവുമില്ല. ലീവ് പകുതിയിലധികം കഴിഞ്ഞു. കുടുംബത്തിനൊന്നും ഒരു ദിവസം കൂടെ മാറ്റിവെച്ചിട്ടില്ല ഇതിനിടയില്‍. മകന്‍റെ വക പരിഭവങ്ങള്‍ ഏറെ. അവനാണെങ്കില്‍ ക്ലാസ് തുടങ്ങിയിരിക്കുന്നു. :) എന്തായാലും ഞങ്ങള്‍ രണ്ട് ദിവസം മുന്പ് തന്നെ തിരുവനന്തപുരത്ത് എത്തി. സേതുവിനെ വിളിച്ചു. ആദ്യരണ്ട് ദിവസം വേറെ പ്രൊജക്റ്റുകള്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ചയാണ്‌ ഇരുപതാം തീയ്യതി. അന്ന് വൈകുന്നേരം എടപ്പള്ളിയില്‍ കണ്ണന്‍റെ കാലകേയവധം. അതിനുപോകാന്‍ എനിക്ക് പറ്റില്ല. ചിത്രന് പോകുകയും വേണം. തലേ ദിവസം തന്നെ കണ്ണനോട് യാത്ര പറഞ്ഞ് പിരിഞ്ഞു. ഹര്‍ത്താല്‍ കാരണം  കണ്ടെത്തിയ വഴിയായിരുന്നു, അതിരാവിലെ ഹര്‍ത്താല്‍ തുടങ്ങുന്നതിനും മുന്പെ കൊല്ലത്ത് എത്തുക എന്നത്. അങ്ങനെ ഞാനും ചിത്രനും കൂടെ അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് കുളിച്ച് ക്യമറയാദികള്‍ എല്ലാം എടുത്ത് കൊല്ലത്തേക്ക് പുറപ്പെട്ടു. രാവിലെ ആയതിനാല്‍ നല്ല ഉന്മേഷവുമായിരുന്നു. ഇടക്ക് കഴക്കൂട്ടത്ത് വെച്ചാണെന്ന് തോന്നുന്നു നിര്‍ത്തി ചായയും കടിയും കഴിച്ചു. പിന്നെ കഥകളിപുരാണം പറഞ്ഞ് പറഞ്ഞ് യാത്ര തുടങ്ങി. പള്ളിപ്പുറത്തെത്തിയപ്പോള്‍ പള്ളിപ്പുറം ഗോപാലന്‍ നായരെ സ്മരിച്ചു. അങ്ങനെ അങ്ങനെ സ്ഥലങ്ങളും കാലങ്ങളും ചര്‍ച്ചയ്ക്കായി എത്തി. കൊല്ലത്ത് എത്തിയത് അറിഞ്ഞതേയില്ല. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍റിന്‍റെ ഓപ്പോസിറ്റ് ഉള്ള ഒരു ചെറിയ കടയില്‍ നിന്നും പ്രാതല്‍ കഴിച്ചു. ഇനിയും സമയം ബാക്കി. മടവൂര്‍ ആശാന്‍ പറഞ്ഞ് തന്ന അമ്പലവും സ്ഥലവുമൊക്കെ നോക്കി കണ്ട് പിടിച്ചു. എന്നിട്ടും പത്ത് മണിയാവാന്‍ നാലുമണിക്കൂര്‍. എന്ത് ചെയ്യും? കൊല്ലത്ത് അങ്ങാടിക്കുള്ളില്‍ ഒരു ഹോട്ടല്‍ റൂം എടുത്ത് അവിടെ കൂടി. ഞാന്‍ കിടന്നുറങ്ങി. ചിത്രന്‍ തലേദിവസം സ്കൂട്ടറില്‍ നിന്നും വീണ ഭാര്യയെ സമാധാനിപ്പിച്ച് ഇരുന്നു.

കൃത്യം പത്ത് മണിക്കുമുന്പ് ഞങ്ങള്‍ ആശാന്‍റെ വീട് കണ്ട് പിടിച്ച് എത്തി. ഗംഭീരസ്വീകരണമായിരുന്നു. ഞാന്‍ പരിഭ്രമിച്ച് പരുങ്ങി പരുങ്ങി നില്‍ക്കുകയായിരുന്നു. കുഞ്ചുനായര്‍ ട്രസ്റ്റില്‍ നിന്ന് വരുന്നവര്‍ ആണ്‌ എന്ന് തീരുമാനമായപ്പോള്‍ അകത്തേക്കിരുത്തി വര്‍ത്തമാനം തുടങ്ങി. കുഞ്ചുനായര്‍ ട്രസ്റ്റിന്‍റെ ശക്തി അറിഞ്ഞ ചില നിമിഷങ്ങള്‍. പറഞ്ഞ് പറഞ്ഞ് ബാണന്‍റെ ആട്ടം വരെ ആയി. അപ്പോ ഞാന്‍ ഇടക്ക് കേറി പറഞ്ഞു, ഞങ്ങളൊന്ന് ക്യാമറയും മറ്റും ശരിയാക്കട്ടെ. ബാക്കി ക്യാമറ ശരിയാക്കിയതിനുശേഷം പറഞ്ഞാല്‍ മതി എന്ന്. ആശാന്‌ ബഹുസന്തോഷമായി. ആ ആതിഥേയത്വം ഒരിക്കലും മറക്കില്ല. ആശാന്‍റെ ഭാര്യയുമതെ. എന്തിന്‌ പറയണൂ ഉച്ചക്ക് ഒന്നര ഒന്നേമുക്കാലായപ്പോഴും ഞങ്ങള്‍ അഭിമുഖം തുടരുകയായിരുന്നു. ആശാനും നല്ല ഉത്സാഹം. പിന്നെ ചിത്രന്‌ തിരിക്കണം എന്നതിനാലും എനിക്ക് തിരുവനന്തപുരത്ത് എത്തണം എന്നതിനാലും ഞങ്ങള്‍ മനസ്സിലാമനസ്സോടേ അഭിമുഖം മതിയാക്കി.

അഭിമുഖം മതിയാക്കിയതും ആശാന്‍ പുറത്തേക്കോടി ഒരു സിഗററ്റ് വലിക്കാന്‍. :):) ഇത്ര വയസ്സായിട്ടും ഇത് നിര്‍ത്തിയിട്ടില്ലേ എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. പിന്നെ വിഭവസമൃദ്ധമായ സദ്യ ആയിരുന്നു. ഞങ്ങള്‍ അത് ഒട്ടും വിചാരിച്ചിട്ടുമില്ലായിരുന്നു; പ്രതീക്ഷിച്ചിട്ടുമില്ലായിരുന്ന​ു. വീണ്ടും ആശാന്‍റെ കൂടെ വര്‍ത്തമാനം പറഞ്ഞ് ഒരു രണ്ട് മണിക്കൂര്‍. മുഴുവന്‍ റിക്കോര്‍ഡ് ചെയ്യാന്‍ പറ്റില്ലല്ലൊ. :):) എന്തായാലും ആ സന്ദര്‍ശനം ഞാന്‍ മറക്കില്ല.

ഊണുകഴിഞ്ഞ് നിറഞ്ഞ വയറോടേയും അതിലേറെ നിറഞ്ഞ മനസ്സോടേയും ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു. ഹര്‍ത്താല്‍ കഴിഞ്ഞിട്ടില്ല. മനസ്സില്‍ ഒരു പേടിയൊക്കെ ഉണ്ട്. രണ്ടും കല്‍പ്പിച്ച് ഇറങ്ങി. അങ്ങിങ്ങ് ബസ്സുകളടക്കം വാഹനങ്ങള്‍ ഉണ്ട്. പോലീസും. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ചിത്രനെ ഇറക്കി വിട്ടു. ഞാന്‍ നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. ഒറ്റക്ക് ഒരു ഡ്രൈവ്. പാട്ട് വെച്ച് എയര്‍കണ്ടീഷനുമൊക്കെ ഇട്ട്. റോഡ് നീണ്ട് നിവര്‍ന്ന് കിടക്കുന്നു. ഉറക്കം വരാന്‍ തുടങ്ങി. വൈകുന്നേരം സമയം വെയില്‍ താഴുന്ന സമയം. ഒരിടത്തെത്തിയപ്പോള്‍ വണ്ടി എവിടേക്കോ പോകുന്നു. ഞെട്ടി എഴുന്നേറ്റു, ഭാഗ്യം!!!! ഹര്‍ത്താല്‍ ആയതുകൊണ്ട് രക്ഷപ്പെട്ടു. താമസിയാതെ വണ്ടി അടുത്തുകണ്ട ഒരു മരത്തിനുചുവട്ടില്‍ നിര്‍ത്തി ഒന്നരമണിക്കൂര്‍ സുഖമായി ഉറങ്ങി. ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഒന്ന് മുറുക്കണമെന്നൊക്കെ തോന്നി. :) പിന്നെ കടകള്‍ ഒന്നും തുറക്കാതിരുന്നതുകൊണ്ട് വീണ്ടും യാത്ര തുടര്‍ന്നു. കഴക്കൂട്ടത്ത് വീണ്ടും വണ്ടി നിര്‍ത്തി. അപ്പോഴേക്കും കടകള്‍ ഒക്കെ തുറന്നിരുന്നു. ഹര്‍ത്താല്‍ അവസാനിച്ചിരുന്നു. കുറെ ആട്ടക്കഥകളുടെ ഫോട്ടോ കോപ്പി ഏടുക്കാനുണ്ടായിരുന്നു. എല്ലാം എടുത്തു. പിറ്റേദിവസം പുസ്തകങ്ങള്‍ കണ്ണനുതിരിച്ചുകൊടുക്കണം.

അങ്ങനെ തിരിച്ച് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയപ്പോള്‍ സമയം ആറ്‌ മണി. ഓപ്പോളോടൊക്കെ അന്നാണ്‌ ശരിക്ക് വര്‍ത്തമാനം പറയാന്‍ സമയം കിട്ടിയത്. മനസ്സ് നിറയെ സന്തോഷമായിരുന്നു അന്ന്.

ഹര്‍ത്താല്‍ പേടിച്ച് രാവിലെ പോകാതിരുന്നാല്‍ പ്ലാന്‍ ചെയ്ത പോലെ നടക്കില്ല. അപ്പോ സ്റ്റിക്ക് റ്റു ദ പ്ലാന്‍ എന്ന് നിരീച്ചോണ്ട് ദാ ഇങ്ങനെയൊക്കെ സംഭവിച്ചു. സന്തോഷം ലഭിച്ചു. മറക്കാന്‍ പറ്റാത്ത ചില നിമിഷങ്ങളും.
http://www.kathakali.info/node/365

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...