16 നവംബർ 2011

തിരനോട്ടം ഉത്സവം 2011 അനുഭവക്കുറിപ്പ്

ഉത്സവം 2011ന്റെ നോട്ടീസ്  കിട്ടിയപ്പോള്‍ തന്നെ പോകണം എന്ന് മനസ്സില്‍ കരുതിയിരുന്നു. ആദ്യം നോക്കിയത് നടത്താനിരിക്കുന്ന കഥകള്‍ ഏതൊക്കെ എന്നായിരുന്നു. കാലകേയവധം, കിര്‍മ്മീരവധം, ഉത്തരാസ്വയംവരം എന്നൊക്കെ കണ്ടപ്പോള്‍ തന്നെ തീരുമാനത്തിനു ശക്തി കൂടി. ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെ എന്നതിനെ പറ്റി എനിക്ക് വലിയ പരിഭ്രമം ഉണ്ടായിരുന്നില്ല. കാരണം, തിരനോട്ടം സംഘാടകര്‍ അതില്‍ നല്ലോം മനസ്സിരുത്തിയിട്ടുണ്ടാവും എന്ന ധാരണ തന്നെ.
കൊട്ടിനോട് വലിയ ഭ്രമം ഇല്ല പണ്ട് മുതലേ. എന്നിരുന്നാലും അവിടെ ചെന്നിരുന്നാല്‍ തലയാട്ടി പോവും. അത് മലയാളിയുടെ ശീലമാണല്ലൊ. കൂടിയാട്ടം ആകട്ടെ ഭ്രമിപ്പിച്ചിട്ടില്ല. എന്നാല്‍ മനസ്സിലാവുമോ എന്ന് നോക്കാന്‍ പലപ്പോഴും വീഡിയോസ് കണ്ടിട്ടുണ്ട്. വളരെ ചുരുങ്ങിയ തവണയെ കൂടിയാട്ടം നേരില്‍ കണ്ടിട്ടുള്ളൂ. ഒന്നോ രണ്ടോ തവണ മാ‍ത്രം. ഇപ്പോഴും എനിക്ക് കൂടിയാട്ട അഭിനയസങ്കേതങ്ങളും അരങ്ങ് ഒരുക്കങ്ങളും എല്ലാം അന്യമാണ് എന്നാണ് എന്റെ വിശ്വ്വാസം.

യാത്രക്ക് കൂട്ടിന് അപ്പു ഏട്ടനും കൂടെ ഉണ്ട് എന്ന് ആയപ്പോള്‍ റോഡ് വഴി പോകാം എന്ന് തന്നെ തീരുമാനിച്ചു. അതിനനുസരിച്ച് കാറിനുവേണ്ട പേപ്പറുകള്‍ ശരിയാക്കി. അതിനിടയില്‍ വിചാരിക്കാത്ത വിധം ഒരു വീട് മാറല്‍ എനിക്ക് വേണ്ടി വന്നു. അതുകൊണ്ട് തന്നെ യാത്ര തുടങ്ങുന്നതിന്റെ തൊട്ട് മുന്‍പത്തെ ദിവസങ്ങളെല്ലാം നല്ല ബ്യുസി ആയിരുന്നു. വീട് ഒരു വിധം കണ്ട് പിടിച്ച് പഴയ വീട്ടില്‍ നിന്നും സാധനങ്ങള്‍ പുതിയ വീട്ടില്‍ കൊണ്ട് വന്നിട്ടു. അപ്പോഴേക്കും യാത്ര പുറപ്പെടാനുള്ള തീയ്യതി ആയിരുന്നു. അങ്ങനെ ഞാനും അപ്പു ഏട്ടനും കൂടെ എന്റെ കാറില്‍ നവംബര്‍ മൂന്നാം തീയ്യതി രാവിലെ എട്ട് മണിയോടെ യാത്ര പുറപ്പെട്ടു.

ഏകദേശം റൂട്ട് എല്ലാം മുന്‍പെ തന്നെ നോക്കി മനസ്സിലാക്കി വെച്ചിരുന്നു. റിയാദില്‍ നിന്നും യു.എ.ഇ-സൌദി അതിര്‍ത്തിയിലേക്കുള്ള ദൂരം തന്നെ ഏകദേശം 550 കിലോ മീറ്റര്‍ ആണ്. അതിര്‍ത്തിയില്‍ നിന്നും ദുബായിലേക്കും അത്ര തന്നെ വരും. അങ്ങനെ ഏകദേശം ആയിരം കിലോ മീറ്റര്‍ ഡ്രൈവ്. 120 കി.മി. സ്പീഡില്‍ പോയാല്‍ ഏകദേശം എട്ട്-ഒന്‍പത് മണിക്കൂര്‍ ഡ്രൈവ് വേണം. അത് ഒരു പ്രശ്നമായിരുന്നില്ല ഞങ്ങള്‍ക്ക്. അതിര്‍ത്തി വരെ യാതൊരു പ്രശ്നവും ഇല്ലാതെ എത്തി.
അതിര്‍ത്തിയില്‍ നിന്നും ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. യു.എ.ഇയില്‍ പെട്രോളിന്റെ വില സൌദിയിലേക്കാള്‍ വളരെ കൂടുതല്‍ ആണ് എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഏകദേശം ഉച്ചക്ക് രണ്ട് മണിയോടെ ഞങ്ങള്‍ അതിര്‍ത്തിയില്‍ എത്തി. അവിടത്തെ വിസ ഫോര്‍മാലിറ്റീസ് എയര്‍ പോര്‍ട്ടിലെ പോലെ തന്നെ ആണെന്ന് വിചാരിച്ച ഞങ്ങള്‍ക്ക് തെറ്റി. സൌദി അധികാരികളുടെ കയ്യില്‍ നിന്നും എക്സിറ്റ് വിസ വേഗം കിട്ടി. സൌദി കസ്റ്റംസില്‍ നിന്ന് ഒരു ചെറിയ പേപ്പറും അവര്‍ തന്നു.  യു.എ.ഇയിലെ അതിര്‍ത്തിയില്‍ എത്തി. അവിടെ നീണ്ട നിരകളിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. വളരെ മെല്ലെ അവ മുന്‍പോട്ട് പോകുന്നുള്ളൂ. എന്താ സംഭവം എന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്തായാലും ഞങ്ങള്‍ വളരെ ക്ഷമയോടെ കാത്ത് കാത്ത് ഇരുന്ന്, അവസാനം ഒരു ഗേറ്റ് കടന്നു നിന്നു. അതൊരു വലിയ പാര്‍ക്കിങ്ങ് സ്പേസ് ആയിരുന്നു. വിസ ഓണ്‍ അറൈവല്‍ ആയത്, ഗേറ്റില്‍ തന്നെ കിട്ടും എന്ന് വിചാരിച്ചതായിരുന്നു ഞങ്ങള്‍ക്ക് തെറ്റിയത്. അവിടെ ഒരു അറൈവല്‍ ഹാള്‍ ഉണ്ട്. ആ ഹാളില്‍ കാല്‍ കുത്താന്‍ വയ്യാത്ത അത്ര തിരക്ക്. കുട്ടികള്‍ സ്ത്രീകള്‍ എല്ലാം പുറത്ത് പുല്‍‌തകിടിയില്‍ ഇരിക്കുന്നു. സമയം അപ്പോഴേക്കും അഞ്ചുമണിയോടടുത്തിരുന്നു. നല്ല തണുപ്പുള്ള കാറ്റ്. സുഖമായ അന്തരീക്ഷം. എല്ലാവരും ഉദ്യാനത്തിലെന്ന പോലെ ഇരിക്കുന്നു. ഞങ്ങള്‍ അവിടത്തെ സെക്യൂരിറ്റിക്കാരനോട് വിസ കിട്ടാനുള്ള കര്‍മ്മങ്ങളെ കുറിച്ച് അന്വേഷിച്ചു.

ആദ്യം ഒരു അപ്പ്ലിക്കേഷന്‍ ഫോം വാങ്ങി അത് പൂരിപ്പിക്കണം. എന്നിട്ട് ആ ഫോമും കൊണ്ട് പോയി കണ്ണിന്റെ റെറ്റിന ഫോട്ടോ എടുപ്പിക്കണം. അവിടെ നിന്നും ഒരു സ്റ്റാമ്പ് അടിച്ച് ആ അപ്ലിക്കേഷന്‍ അവര്‍ തിരികെ തരും. എന്നിട്ട് 105 ദിര്‍ഹം കൊടുത്ത വിസ റവന്യൂ സ്റ്റാമ്പ് വാങ്ങണം. അത് രണ്ട് കോപ്പി ഉണ്ടാകും. ഒന്ന് നമ്മളുടെ വിസ അപ്ലിക്കേഷന്‍ ഫോമിന്റെ ഒറിജനിലും മറ്റേത് അതിന്റെ മഞ്ഞ കളറുള്ള കോപ്പിയിലും ഒട്ടിക്കണം. ശേഷം ആണ് വിസ സ്റ്റാമ്പിനു ക്യൂ നില്‍ക്കണ്ടത്. ഏകദേശം 3-4 മണിക്കൂര്‍ ഞങ്ങള്‍ ക്യൂവില്‍ നിന്നു. നമ്മുടെ പ്രൊഫഷന്‍ നോക്കി ആണ് അവര്‍ അവിടെ വിസ തരുന്നത്. അതിനായി സൌദി ഇഖാമ നമ്മുടെ കയ്യില്‍ ഉണ്ടായിരിക്കണം. ഞങ്ങളുടെ കയ്യില്‍ ഇഖാമയുടെ ഒരു കോപ്പി ഉണ്ടായിരുന്നു. അത് നോക്കി അവര്‍ വിസ പാസ്സ്പോര്‍ട്ടിലും അപ്ലിക്കേഷന്‍ ഫോമിന്റെ മഞ്ഞ കളറിലുള്ള കോപ്പിയിലും അടിച്ച് തന്നു. കൂടാതെ സൌദി കസ്റ്റംസ് അധികാരികള്‍ തന്നെ ചെറിയ പേപ്പറിലും അവര്‍ സ്റ്റാമ്പ് ചെയ്ത് തന്നു. അത് കാറ് കൊണ്ടുപോവാനുള്ളതായിരിക്കും എന്ന് ഞങ്ങള്‍ അനുമാനിച്ചു. ഹാവൂ സമാധാനമായി. അപ്പോഴേക്കും രാത്രി എട്ട് മണി ആയിരിക്കുന്നു. അങ്ങനെ വീണ്ടും ഞങ്ങള്‍ യു.എ.ഇ അതിര്‍ത്തി ഗേറ്റില്‍ എത്തി. അവിടെ ഞങ്ങളുടെ പേപ്പര്‍ ഒക്കെ അവര്‍ ചെക്ക് ചെയ്തു. എന്നിട്ട് പറഞ്ഞയച്ചു. യു.എ.ഇ അതിര്‍ത്തി കടന്ന ഉടന്‍ ധാരാളം വാഹന ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഓഫീസുകളുണ്ട്. അതില്‍ ഒന്നില്‍ കയറി തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നൂറ്‌ ദിര്‍ഹം കൊടുത്ത് എടുത്തു. ഇത് യു.എ.ഇയിലേക്ക് വാഹനം കൊണ്ടുപോകുമ്പോള്‍ നിര്‍ബന്ധം ആണ്. തുടര്‍ന്ന് റോട്ടിലേക്ക് കയറിയ ഞങ്ങളുടെ കയ്യില്‍ നിന്നും ഒരു ഓഫീസര്‍ സൌദി കസ്റ്റംസില്‍ നിന്നും തന്ന പേപ്പര്‍ വാങ്ങി, ചെക്ക് ചെയ്ത് ഞങ്ങളെ പറഞ്ഞയച്ചു.

ഞങ്ങളുടെ പ്ലാന്‍ പ്രകാരം ദുബായില്‍ ആര്‍ട്ടിസ്റ്റുകള്‍ എത്തുന്ന സമയത്തേക്ക് ഞങ്ങളും അവിടെ എത്തുക എന്നതായിരുന്നു. ഇത്രയും ദീര്‍ഘമായ പരിപാടികള്‍ക്ക് ശേഷം ആ സമയത്തേക്ക് ഞങ്ങള്‍ക്ക് എത്താന്‍ പറ്റില്ല എന്ന് തീരുമാനം ആയിരുന്നു. കൂടല്ലൂര്‍ നാരായണന്‍ ഇടക്കിടക്ക് വിളിച്ച് അന്വേഷിച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ യു.എ.ഇ മണ്ണില്‍ കൂടെ കാറോടിച്ചു.  ഏകദേശം 18 കി.മി. കഴിഞ്ഞ്  സില എന്ന ടൌണില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി. നാരായണന്‍ അപ്പോളും വിളിച്ചു. അപ്പു ഏട്ടന്റെ മരുമകളെ വിവാഹം കഴിച്ച വിനോദും ഇടക്കിടക്ക് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇനിയും 450 കി.മീ താണ്ടണം. എന്തായാലും രാത്രി വളരെ വൈകും ദുബായിലെത്താന്‍ എന്ന് തീരുമാനമായപ്പോള്‍ ഞങ്ങള്‍ അവരോടൊക്കെ ഞങ്ങളെ കാത്തിരിക്കാതെ കിടന്നുറങ്ങിക്കൊള്ളാന്‍ പറഞ്ഞു.

യു.എ.ഇയിലെ റോഡ്, അതിര്‍ത്തിവരെ ഞങ്ങള്‍ വന്ന സൌദി റോഡിനെ സംബന്ധിച്ച് വളരെ ഭേദം ആയിരുന്നു. ധാരാളം ട്രാഫിക്ക് സൈന്‍ബോറ്ഡുകള്‍ ഉണ്ടായിരുന്നു. അത് അപരിചിതമായ വഴിയില്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. ട്രാഫിക്ക് വയലേഷന്‍ കണ്ട് പിടിക്കാനുള്ള ക്യാമറകളും ധാരാളം റോഡ് സൈഡില്‍ ഉണ്ടായിരുന്നു. ഈ ക്യാമറകളൊക്കെ വാഹനത്തിന്റെ പിന്‍‌ഭാഗം ആണ് ഫോട്ടോ എടുക്കുക. അതിനാല്‍ നമ്മുടെ ഫോട്ടോ എടുത്തോ ഇല്ലയോ എന്നൊന്നും നമ്മള്‍ അറിയില്ല. മറ്റുള്ളവരുടെ വാഹനത്തിന്റെ ഫോട്ടോ എടുക്കുമ്പോഴായിരിക്കും നമ്മള്‍ റോഡ് സൈഡിലെ ക്യാമറ കാണുന്നത് തന്നെ. അതിനാല്‍ ഞങ്ങള്‍ വളരെ ശ്രദ്ധിച്ചായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്.

നവംബര്‍ നാലിന് അതിരാവിലെ 3 മണിയോടെ ഞങ്ങള്‍ വിനോദിന്റെ വീട്ടില്‍ എത്തി. വിനോദ് ഞങ്ങള്‍ വരുമ്പോള്‍ വഴി പറഞ്ഞ് തരാനായി 2.30നു അലാറം വെച്ച് ഉണര്‍ന്ന് ഞങ്ങളെ ഗൈഡ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം 20 മണിക്കൂര്‍ യാത്ര കഴിഞ്ഞ് ഞങ്ങള്‍ അല്‍‌പ്പനേരം വിശ്രമിച്ചു.

നവംബര്‍ നാലിനു രാവിലെ ഷേയ്ഖ് സായിദ് റോട്ടിലുള്ള ജെംസ് വെല്ലിങ്ങ്ടണ്‍ ഇന്റെര്‍നാഷണല്‍ സ്കൂള്‍ കോമ്പൌണ്ടില്‍ എത്തിയപ്പോഴേക്കും കലാമണ്ഡലം ഹൈദരാലിക്കുള്ള ആചാര്യവന്ദനവും ഉത്സവം 2011 ന്റെ ഉദ്ഘാടന ചടങ്ങുകളും കഴിഞ്ഞിരുന്നു.

ഒന്നാം ദിവസം ആദ്യം നടന്നത് ഡബിള്‍ കേളി ആയിരുന്നു. കലാമണ്ഡലം ഹരിഹരന്‍, കോട്ടക്കല്‍ രവി എന്നിവര്‍ മദ്ദളത്തിലും ചെണ്ടയില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും മട്ടന്നൂര്‍ ശ്രീരാജും ആയിരുന്നു. ഉത്സവം 2011ല്‍ പൊതുവെ മേളത്തില്‍ ഹരിഹരനും ശ്രീരാജും നിറഞ്ഞ് നിന്നിരുന്നു.

തുടര്‍ന്ന് നടന്നത് ശാകുന്തളം കൂടിയാട്ടം ആയിരുന്നു. ഇരിങ്ങാലക്കുട നടനകൈരളിയിലെ വേണു. ജി സംവിധാനം ചെയ്ത ശാകുന്തളം കൂടിയാട്ടത്തില്‍ ശകുന്തളയായി കപില വേണു ആയിരുന്നു. ശകുന്തള എന്ന് പറയുമ്പോള്‍ തന്നെ നമുക്ക് ഓര്‍മ്മ വരുന്ന ചില ചിത്രങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ആശ്രമ സമീപം ദര്‍ഭമുന കാലില്‍ കൊണ്ട് ഒരു കാല്‍ ഉയര്‍ത്തി പിന്നിലേക്ക് ദുഷ്യന്തനെ നോക്കാതെ നോക്കുന്ന ശകുന്തളയുടെ ചിത്രം. പ്രസ്തുതഭാഗങ്ങള്‍ ഒക്കെ കപില മനോഹരമായി തന്നെ അവതരിപ്പിച്ചു. ദുഷ്യന്തനായി വന്ന പൊതിയില്‍ രഞ്ജിത്ത് ചാക്യാരും തന്റെ ഭാഗം നല്ലതാക്കി. ദൂതനായി അമ്മന്നൂര്‍ രജനീഷ് ചാക്യാരും സൂത്രധാരനായി അമ്മന്നൂര്‍ മാധവും ആയിരുന്നു.

തുടര്‍ന്ന് നടന്നത് കാലകേയവധം കഥകളി ആയിരുന്നു. ഇന്ദ്രനായി കലാനിലയം ഗോപിനാഥനും മാതലി ആയി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും അര്‍ജ്ജുനനായി പദ്മശ്രീ കലാമണ്ഡലം ഗോപിയും ആയിരുന്നു. പാട്ടിന് മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കലാമണ്ഡലം ഹരീഷും നെടുമ്പിള്ളി രാം മോഹനും ആയിരുന്നു. ഹരീഷിനു പനി ബാധിച്ചിരുന്നതിനാല്‍ പാട്ട് ഉത്സവം 2011 മുഴുവന്‍ അത്ര മെച്ചമായിരുന്നു എന്ന് പറയാന്‍ പറ്റില്ല. സത്യത്തില്‍ നാല് പാട്ട്കാരെങ്കിലും വേണ്ടിയിരുന്നു എന്ന് അപ്പോള്‍ തോന്നി. കൂടാതെ ഹരീഷിനു കോട്ടയം കഥകള്‍ അരങ്ങില്‍ പാടി ശീലമുണ്ടോ എന്നും സംശയം തോന്നി.

പിന്നീട് നടന്ന ഉഷാ-ചിത്രലേഖയില്‍ ഉഷയായി കലാമണ്ഡലം ഷണ്മുഖനും ചിത്രലേഖയായി കലാമണ്ഡലം വിജയകുമാറും വേഷമിട്ടു. കലാമണ്ഡലം ഷണ്മുഖന്‍ മികച്ച് നിന്നപ്പോള്‍ കലാമണ്ഡലം വിജയകുമാര്‍ ഉത്സവം 2011 ഉടനീളം ഒരുപോലെ മികച്ച നിലവാരം പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരുവേള ഷണ്മുഖന്‍ ചിത്രലേഖയും വിജയകുമാര്‍ ഉഷയും ആയാല്‍ നല്ലതായിരുന്നു എന്ന് കൂടെ ഞാന്‍ വിചാരിച്ചു. ഉഷാ ചിത്രലേഖയില്‍ പാടിയത് ഹരീഷും രാം മോഹനും ചേര്‍ന്നായിരുന്നു. മേളത്തിന് കലാമണ്ഡലം ഹരിഹരനും.

തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ സിംഗിള്‍ തായമ്പകയും ഉണ്ടായി. അങ്ങനെ ആദ്യത്തെ ദിവസത്തിനു തിരശ്ശീല വീണപ്പോഴേക്കും രാത്രി 12 മണി കഴിഞ്ഞിരുന്നു. പൊതുവേ തന്നെ ഓഡിറ്റോറിയം ഫുള്‍ ആയിരുന്നെങ്കിലും തായമ്പക സമയത്തേക്ക് കൂടുതല്‍ ആളുകള്‍ വന്ന് നിറഞ്ഞ് തുടങ്ങിയിരുന്നു.

പിറ്റേദിവസം (നവംബര്‍ അഞ്ച്) ഹജ്ജ് കര്‍മ്മത്തിന്റെ ഒരു സുപ്രധാനദിനമായതിനാല്‍, രാവിലെ പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം ഗുരു അമ്മന്നൂര്‍ പരമേശ്വര ചാക്യാരെ സ്മരിച്ച് കൊണ്ടാണ് പരിപാടികള്‍ തുടങ്ങിയത്.  ഉച്ചയ്ക്ക് മൂന്ന് മണിക്ക് രാമചന്ദ്രന്‍ ഉണ്ണിത്താന്റെ രാജസൂയം ജരാസന്ധന്‍ ഉണ്ടായി. പ്രസ്തുത കളി തിരനോട്ടം നോട്ടീസില്‍ ഒന്നും തന്നെ കാണിച്ചിരുന്നില്ല. അതിനാല്‍ തന്നെ അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു എക്സ്ട്രാ മധുരം ആയിരുന്നു. അല്‍‌പ്പം താമസിച്ച് ഓഡിറ്റോറിയത്തില്‍ എത്തിയ ഞങ്ങള്‍ക്ക് ഉണ്ണിത്താന്‍ ആടി തിമര്‍ക്കുന്നതായിരുന്നു കാണാന്‍ കഴിഞ്ഞത്. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയില്‍, കലാമണ്ഡലം ഹരിഹരന്‍, കോട്ടക്കല്‍ രവി എന്നിവര്‍ മദ്ദളത്തില്‍, കൂടാതെ ചേങ്ങിലയില്‍ ഹരീഷ് പാട്ടിനു മാടമ്പിയും രാം മോഹനും. മേളമാണോ ഉണ്ണിത്താന് ഹരം പകര്‍ന്നത്, അതോ ഉണ്ണിത്താന്റെ ആട്ടം മേളക്കാരെ ഹരം കൊള്ളിച്ചോ എന്ന് പറയാന്‍ ഞെരുക്കം. ഒട്ടും തന്നെ അനൌചിത്യങ്ങളില്ലാതെ, രസകരമായി ഉണ്ണിത്താന്‍ ആടി. മുദ്രകളുടെ സഹായമില്ലാതെ, ശരീരഭാഷകൊണ്ട് സംവേദിക്കാന്‍ കഴിവുള്ള ഒരേഒരു കഥകളി നടന്‍ എന്നാണ് ശ്രീ രാജാനന്ദന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

തുടര്‍ന്ന് ശാകുന്തളം കൂടിയാട്ടത്തിന്റെ രണ്ടാം ഭാഗം ആണ് ഉണ്ടായത്. വിദൂഷകാങ്കം ആയിരുന്നു. വിദൂഷകനായി അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ പൊടി പൊടിച്ചു. ദുഷ്യന്തനായി പൊതിയില്‍ രഞ്ജിത്ത് ചാക്യാരും  സേനാപതി ആയി അമ്മന്നൂര്‍ രജനീഷ് ചാക്യാരും കണ്വശിഷ്യനായി അമ്മന്നൂര്‍ മാധവും അഭിനയിച്ചു.
ഈ ദിവസത്തെ പ്രധാന ആട്ടങ്ങള്‍ എന്ന് പറയുന്നത് സേനയുടെ നായാട്ടിനുള്ള പുറപ്പാടും മറ്റും ആയിരുന്നു.

തുടര്‍ന്ന് നടന്ന മട്ടന്നൂര്‍ ശ്രീരാജിന്റെ പതിഞ്ഞ ചെമ്പക്കൂറിലുള്ള തായമ്പക ആയിരുന്നു ഉത്സവം 2011ന്റെ മറക്കാന്‍ വെയ്യാത്ത ഒരു അനുഭവം ആയി മാറി.

മൂന്നാം ദിവസം (നവംബര്‍ ആറ്‌)  ആരംഭിച്ചത് കലാമണ്ഡലം അച്യുണ്ണിപൊതുവാളാശാനെ അനുസ്മരിച്ച് കൊണ്ടായിരുന്നു. തുടര്‍ന്ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് പണ്ട്രണ്ട് മണി വരെ ശാകുന്തളം കൂടിയാട്ടം അരങ്ങേറി. മുന്‍പ് പറഞ്ഞ കലാകാരന്മാര്‍ തന്നെ ആയിരുന്നു മൂന്നാം ദിവസവും. ഒന്നിലധികം രംഗങ്ങള്‍ ഒരു ദിവസം കൂടിയാട്ടത്തില്‍ അവതരിപ്പിച്ചിരുന്നു.

ശകുന്തള വനജ്യോത്സ്നയോട് വിടപറഞ്ഞ് ദുഷ്യന്തസവിധത്തിലേക്ക് യാത്രയാവുന്നതും മറ്റും കപില നല്ലതായി അഭിനയിച്ചു. ദുഷ്യന്തസവിധം എത്തിയ ശകുന്തളയെ ദുഷ്യന്തന്‍ നിരാകരിക്കുന്നതും തുടര്‍ന്ന് ശകുന്തളയുടെ പ്രതികരണവും എടുത്ത് പറയണ്ട രംഗങ്ങളായിരുന്നു. തന്നെ ഉപേക്ഷിച്ച ദുഷ്യന്തനെ ‘അനാര്യ’ എന്ന് വിളിച്ച് ദേഷ്യപ്പെടുകതന്നെ ചെയ്യുന്നുണ്ട് ശകുന്തള. ഓരോ വിളികളും വളരെ പ്രത്യേകതയോടെ വികാരഭരിതമായി കപില അവതരിപ്പിച്ചു. തുടര്‍ന്ന് ദുഷ്യന്തന്റെ രാജധാനി വിടുന്ന ശകുന്തള, ഭൂമീദേവിയോട് തന്നെ സ്വീകരിക്കാന്‍ പറയുന്നതും ശേഷം അമ്മയായ മേനക വന്ന് ശകുന്തളയെ കൊണ്ട് പോകുന്നതുമൊക്കെ കപില ഭംഗിയായി ചെയ്തു. മേനക വരുന്നതായി കാണിച്ച്, രംഗം കഴിക്കുകയായിരുന്നു. സമയക്കുറവ് തന്നെ ആയിരിക്കാം കാരണം.

ഉച്ചക്ക് ശേഷം ഒരു മണിക്കൂര്‍ കലാമണ്ഡലം രാജീവ് കുമാറിന്റെ മിഴാവില്‍ തായമ്പക ഉണ്ടായിരുന്നു. തുടര്‍ന്ന് കലാനിലയം ഗോപിനാഥ് (കൃഷ്ണവേഷം), കലാമണ്ഡലം വിജയകുമാര്‍ (സ്ത്രീ വേഷം) തുടങ്ങിയവര്‍ അവതരിപ്പിച്ച പുറപ്പാടും തുടര്‍ന്ന് മേളപ്പദവും ഉണ്ടായി. മേളപ്പദത്തിനു മദ്ദളത്തില്‍ കോട്ടക്കല്‍ രവിയും കലാമണ്ഡലം ഹരിഹരനും ആയിരുന്നെങ്കില്‍ ചെണ്ടക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും മട്ടന്നൂര്‍ ശ്രീരാജും ആയിരുന്നു. പാട്ടിനാകട്ടെ ഹരീഷും രാം മോഹനും ആയിരുന്നു. ഈ പുറപ്പാടും മേളപ്പദവും നിലവാരം പുലര്‍ത്തി എന്നതില്‍ സംശയമില്ല.

പിന്നീട് ഏകദേശം മൂന്നര മുതല്‍ രാത്രി എട്ടര വരെ കിര്‍മ്മീരവധം കഥകളി ആയിരുന്നു. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ ധര്‍മ്മപുത്രര്‍, കലാമണ്ഡലം വിജയകുമാറിന്റെ പാഞ്ചാലി, കലാനിലയം ഗോപിനാഥിന്റെ ശ്രീകൃഷ്ണന്‍, ഉണ്ണിത്താന്റെ സുദര്‍ശനം, ധൌമ്മ്യനും സഹദേവനും ആയി കോട്ടക്കല്‍ ഉണ്ണികൃഷ്ണനും വേഷം കെട്ടി. പാട്ടിന് മാടമ്പി ആശാനും രാം മോഹനും ഹരീഷും തന്നെ. ഹരീഷിനു പനി മൂര്‍ച്ഛിച്ചിരുന്നതിനാല്‍ അല്‍‌പ്പനേരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലളിതയായി കലാമണ്ഡലം ഷണ്മുഖന്‍ അരങ്ങ് തകര്‍ത്തു. വിജയകുമാറിന് ലാസ്യ ശൃംഗാര രസങ്ങള്‍ മുഖത്ത് പെട്ടെന്ന് സ്ഫുരിപ്പിക്കാന്‍ പറ്റും. എന്നാല്‍ കിര്‍മ്മീരവധം പാഞ്ചാലി അവതരിപ്പിക്കാന്‍ വിജയകുമാര്‍ ഇനിയും ഒരുപാട്‌ ശ്രമിക്കണം.വിജയകുമാര്‍ അല്‍‌പ്പം കൂടെ ശ്രദ്ധിക്കണം എന്ന് പലപ്പോഴും തോന്നിയിരുന്നു. എടുത്ത് പറയണ്ടത് ബാലസുബ്രഹ്മണ്യന്റെ ധര്‍മ്മപുത്രര്‍ ആയിരുന്നു. മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു അത്. അന്നത്തെ പാട്ടും ഉന്നത നിലവാരം പുലര്‍ത്തി. ദിനകര ദയാനിധേ.. എന്ന പദം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ആ സമയത്ത് രംഗം തന്നെ ആകെ നല്ലോം കൊഴുത്തിരുന്നു. സമയം പോയത് അറിഞ്ഞതേ ഇല്ല.

സുദര്‍ശനത്തിനു പന്തം പിടിക്കാന്‍ അനുവാദം ഇല്ലാത്തതിനാല്‍ ഒരു പ്രത്യേക ലൈറ്റിങ്ങ് സംവിധാനം ആയിരുന്നു ഉപയോഗിച്ചത്. സ്റ്റേജില്‍ ലൈറ്റ് അതിനനുസരിച്ച് നിയന്ത്രിക്കാന്‍ പറ്റാത്തതിനാല്‍ ‘പന്തം’ അത്രകണ്ട് ശോഭിച്ചില്ല.

തുടര്‍ന്ന് മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീകാന്ത് വക ഡബിള്‍ തായമ്പകയും അരങ്ങേറി.

വെള്ളിനേഴി നാണുനായരെ സ്മരിച്ച് കൊണ്ട് നാലാമത്തെ ദിവസം തുടങ്ങിയത്. രാവിലെ മുതല്‍ ഉച്ച വരെ ശാകുന്തളം കൂടിയാട്ടത്തിന്റെ അവസാനഭാഗം ആയിരുന്നു.
മുക്കുവന്‍ എന്ന പ്രത്യേക കഥാപാത്രത്തെ അവതരിപ്പിച്ചത് വേണു ജി തന്നെ ആയിരുന്നു. മുക്കുവനെ പിടിച്ച് രാജധാനിയിലേക്ക് കൊണ്ട് വരുന്നതായി ആദ്യം കാണിക്കുന്നു. പിന്നീട് മുക്കുവന്‍ ഒറ്റക്ക് തനിക്ക് എങ്ങനെ മോതിരം കിട്ടി എന്ന് തന്റേടാട്ടം (കഥകളി ഭാഷയില്‍ പറഞ്ഞാല്‍) ആടുന്നു. ഏറ്റവും രസകരമായത്, മോതിരം രാജാവിനു സമ്മാനിച്ച്, രാജാവിന്റെ കയ്യില്‍ നിന്നും കിട്ടിയ സമ്മാനത്തുക, രാജ കിങ്കരന്മാരുമായി വീതം വെക്കുന്ന രംഗം ആയിരുന്നു. സമൂഹത്തില്‍ മുക്കുവന്‍ എന്ന അവര്‍ണ്ണന്റെ സ്ഥാനം എന്താണെന്ന് വേണു ജി ഭംഗിയായി കാണിച്ച് തന്നു. ശേഷം ദുഷ്യന്തന്‍ ശകുന്തളയെ ഓര്‍ത്ത് വിഷമിക്കുന്നതും, താന്‍ ഉദ്യാനത്തില്‍ ഇരുന്ന് വരച്ച ശകുന്തളയുടെ വര്‍ണ്ണ ചിത്രം നോക്കി നോക്കി ഇരുന്ന് ഭ്രമിക്കുന്നതും എല്ലാം രഞ്ജിത്ത് ചാക്യാര്‍ അതിമനോഹരമായി അഭിനയിച്ചു. സത്യത്തില്‍ ഗള്‍ഫ് മലയാളികളില്‍ അധികവും വിരഹവേദന അനുഭവിക്കുന്നവരാണ് എന്ന്, രഞ്ജിത്ത് ചാക്യാര്‍ മനസ്സിലാക്കിയിരുന്നോ ആവോ! തുടര്‍ന്ന് ഉണ്ടായ സമാഗമരംഗവും അതി മനോഹരമായിരുന്നു. താന്‍ ത്യജിച്ച ശകുന്തളയുടെ കാല്‍ക്കല്‍ വീണ് ദുഷ്യന്തന്‍ തെറ്റ് ഏറ്റുപറഞ്ഞതൊക്കെ മറക്കാന്‍ പറ്റാത്ത രംഗങ്ങള്‍ തന്നെ ആയിരുന്നു. ചുരുക്കത്തില്‍ ശാകുന്തളം കൂടിയാട്ടം, കൂടിയാട്ടം തന്നെ വളരെ വളരെ ദുര്‍ലഭം കണ്ടിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം, നല്ലൊരു അനുഭവം ആയിരുന്നു. കൂടിയാട്ടം അവസാനിക്കുമ്പോഴുള്ള ചടങ്ങായ ‘മുടിയക്കിത്ത’യും ഉണ്ടായിരുന്നു.

ശേഷം ഉച്ച മുതല്‍ കര്‍ണ്ണശപഥം, ദുര്യോധനവധം (രൌദ്രഭീമന്റെ ഭാഗം മാത്രം) എന്നിവയും തുടര്‍ന്ന് മഹാഭാരതം കഥ അല്‍‌പ്പം പിന്നോട്ടോടിച്ച് കൊണ്ട് ഉത്തരാസ്വയംവരം കഥയും അരങ്ങേറി. കര്‍ണ്ണനായി വന്നത് കലാനിലയം ഗോപിനാഥ് ആയിരുന്നു. അദ്ദേഹം എന്തായാലും നല്ലപ്രകടനം കാഴ്ച്ച വെച്ചു. ദുര്യോധനന്‍ ആയി വന്നത് കലാമണ്ഡലം ഷണ്മുഖനും നല്ല പ്രകടനം കാഴ്ച്ച വെച്ചു. ഷണ്മുഖന്റെ തിരനോട്ടം ഗംഭീരമായി. എന്നാല്‍ കുന്തി ആയി വന്ന കലാമണ്ഡലം വിജയകുമാര്‍ നിരാശപ്പെടുത്തി. അവസാനദിവസമായ അന്ന് കലാമണ്ഡലം വിജയകുമാറിന് അനവധി വേഷങ്ങള്‍ ഉണ്ടായിരുന്നു. കര്‍ണ്ണശപഥത്തിലും ഉത്തരാസ്വയംവരത്തിലും ഭാനുമതി ആയും കര്‍ണ്ണശപഥത്തിലെ കുന്തി ആയും ദുര്യോധനവധത്തില്‍ പാഞ്ചാലി ആയും വിജയകുമാര്‍ അഭിനയിച്ചു.  അതില്‍ ഉത്തരാസ്വയംവരം ഭാനുമതി ആയി ശോഭിച്ചു വിജയകുമാര്‍.

ബാലസുബ്രഹ്മണ്യന്റെ ദുര്യോധനന്‍ നല്ല നിലവാരം പുലര്‍ത്തി. അദ്ദേഹം വളരെമിതത്വം പാലിച്ച് കൊണ്ട് പടപ്പുറപ്പാട് ആടി. ഈ റിട്ടയര്‍മെന്റ് കാലത്തും അദ്ദേഹത്തിന്റെ ഊര്‍ജ്ജം അതിശയകരം തന്നെ.  മേളക്കാരും നല്ല സപ്പോര്‍ട്ട് കൊടുത്തിരുന്നു. തൃഗര്‍ത്തനായി വന്ന ഉണ്ണിത്താന്‍ സ്വത്വസിദ്ധമായ നര്‍മ്മത്തോടേ ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. അനൌചിത്യങ്ങള്‍ ഒന്നും കൂടാതെ നല്ലതായി നര്‍മ്മത്തോടേ ആടിയ ഉണ്ണിത്താന്‍ കാണികളെ നന്നായി കയ്യിലെടുത്തിരുന്നു. വിരാടനായും കര്‍ണ്ണനുമായും വന്നത് കോട്ടക്കല്‍ ഉണ്ണികൃഷ്ണന്‍ ആയിരുന്നു. ദൂതനും വലലനുമായി വന്നതാകട്ടെ കലാമണ്ഡലം ഷണ്മുഖദാസും.

ഷണമുഖന്‍ വൈവിദ്ധ്യമുള്ള കഥാപാത്രങ്ങള്‍ ഉത്സവം 2011ല്‍ ഉടനീളം അവതരിപ്പിച്ച്  കാണികളുടെ പ്രശംസ നേടി എന്ന് പറഞ്ഞാല്‍ ഒട്ടും തന്നെ അതിശയോക്തി ആവില്ല. ഷണ്മുഖനും ഉണ്ണിത്താനും ആയിരുന്നു ഉത്സവം 2011 താരങ്ങള്‍.

ഉത്തരാസ്വയംവരത്തിനു ശേഷം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും മക്കളും ചേര്‍ന്ന ട്രിപ്പിള്‍ തായമ്പക ആയിരുന്നു. സ്വതേ തന്നെ നിറഞ്ഞിരുന്ന ഓഡിറ്റോറിയം തായമ്പക തുടങ്ങുന്നതിനു മുന്‍പേ നിറഞ്ഞ് കവിയാന്‍ തുടങ്ങി. സ്കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ മെയിന്‍ ഗേറ്റ് അടച്ച് പ്രവേശനം നിയന്ത്രിച്ചു.

കഥകളി അത്യാവശ്യം അറിഞ്ഞിരുന്നാല്‍ കൂടിയാട്ടം ആസ്വദിക്കാന്‍ വല്ലാതെ വിഷമിക്കില്ലാ എന്ന് എനിക്ക് മനസ്സിലായി. പലതും സാമ്യമുള്ളമുദ്രകള്‍ ആയിരുന്നു എന്നാല്‍ മറ്റ് പലതും വ്യത്യാസമുള്ളതും. മുദ്ര പിടിക്കാന്‍ തുടങ്ങുന്നത് തന്നെ ഒരു പ്രത്യേക രീതിയില്‍ ആണ്. എന്നാല്‍ പ്രകാശം കണ്ട് ഒരാള്‍ വരുന്നു എന്നൊക്കെ തരത്തിലുള്ള ആട്ടങ്ങള്‍ കൂടിയാട്ടത്തിലും ഉണ്ട്. കപില, ഭൂമിദേവിയെ പ്രാപിക്കാന്‍ ചെന്നതിനുശേഷം മേനക വരുന്നത് ഇങ്ങനെ ആടി കണ്ടു. അതുപോലെ മുക്കുവന്റെ തന്റേടാട്ടവും. ദുഷ്യന്തനില്‍ വളരെ കുലീനത തോന്നി. എന്തായാലും ഉപേക്ഷിക്കപ്പെട്ട ഭാര്യയുടെ കാല്‍ക്കല്‍ വീണ് മാപ്പ് അപേക്ഷിച്ച ദുഷ്യന്തനെ എങ്ങനെ മറക്കും?

സ്റ്റേജില്‍ പിന്‍‌ഭാഗത്ത് തിരനോട്ടം നല്ല നീലകളറുള്ള കര്‍ട്ടന്‍ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത്. തിരനോട്ടത്തിന്റെ ബാന്നര്‍ കൂടെ ഉണ്ടായിരുന്നില്ല. അത് നല്ല കാഴ്ച്ചാനുഭവം തന്നെ ഉണ്ടാക്കി. സ്റ്റേജ് ലൈറ്റിങ്ങ് അറേഞ്ച്മെന്റ്സും മൈക്കുകളുടെ അറേഞ്ച്മെന്റ്സും എല്ലാം മികച്ചതായിരുന്നു. ശബ്ദസുഖം തരുന്ന സൌണ്ട് സിസ്റ്റം തന്നെ ആയിരുന്നു.

ഓരോ പരിപാടിയും കഴിഞ്ഞ് ശ്രീ രാജാനന്ദിന്റെ ഉപസംഹാരവും അതീവ ഹൃദ്യമായിരുന്നു. നല്ല മലയാളഭാഷാ പദങ്ങള്‍ അനര്‍ഗ്ഗളം ഘനശബ്ദത്തിലൂടെ പ്രവഹിച്ചാല്‍ ആര്‍ക്കാണ് ഇഷ്ടം ഇല്ലാതെ ഇരിക്കുക? അത്തരത്തില്‍ ആയിരുന്നു രാജാനന്ദിന്റെ ഉപസംഹാരങ്ങള്‍. നല്ല പെര്‍ഫോര്‍മന്‍സ് കഴിഞ്ഞ് ഐസ്ക്രീമിനു ടോപ്പിങ്ങ് പോലെ.

തിരനോട്ടം സംഘടനയില്‍ അധികാരശ്രേണി ഇല്ല. അതിനാല്‍ തന്നെ ആകാം വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ കാണാമായിരുന്നു. ആരും ആരേയും സൂപ്പര്‍വൈസ് ചെയ്യുന്നില്ല. എല്ലാവരും ഏല്‍‌പ്പിച്ച ഉത്തരവാദിത്വങ്ങള്‍  സ്വന്തം നിലക്ക് ഭംഗിയായി നിറവേറ്റുന്നു. ആദ്യത്തെ രണ്ട് ദിവസം ഹാളില്‍ ഫോട്ടോ വീഡിയോക്ക് വളരെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ശേഷം തിരനോട്ടം മെംബേഴ്സുമായി ബന്ധപ്പെട്ട് പ്രത്യേക അനുവാദത്തോടെ ആയിരുന്നു ഫോട്ടോ/വീഡിയോ എടുത്തത്.

തിരനോട്ടം പ്രോഗ്രാമുകളുടെ ഒരു മുഖമുദ്ര ആയി പറയാവുന്നത്, അവര്‍ നടത്തുന്ന ഇത്തരം ചടങ്ങുകള്‍ ആണ്. ദീര്‍ഘമായ പ്രസംഗങ്ങള്‍ ഉള്ള മറ്റ് പരിപാടികളെ അപേക്ഷിച്ച് ഉത്സവം 2011 സമയത്തില്‍ കൃത്യനിഷ്ഠത പാലിച്ചിരുന്നു. പ്രാസംഗികര്‍ ആകട്ടെ ബോറടിപ്പിക്കാതെ വളരെ കാര്യമാത്രപ്രസക്തമായി ചുരുക്കി പ്രസംഗിച്ചിരുന്നു. ചടങ്ങുകള്‍ക്ക് ഒട്ടും തന്നെ ഒരു ഔപചാരികതയുടെ അന്തരീക്ഷം അല്ല ഉണ്ടായിരുന്നത്. ഒരു സൌഹൃദത്തിന്റെതായിരുന്നു. ഒരു പ്രസിഡന്റോ സെക്രട്ടറിയോ ഇല്ലാത്ത സംഘടനയാണ് തിരനോട്ടം എന്നത് ഞാന്‍ അവസാന ദിവസം ആണ് മനസ്സിലാക്കിയത്.

ഉത്സവം സംഘാടകരോട് ഒന്ന് പറയാനുള്ളത് ആസ്വാകര്‍ക്കുള്ള ഭക്ഷണക്രമീകരണമാണ്‌. ഉത്സവം 2011 പരിപാടി വെച്ച് ആസ്വാദകര്‍ക്ക് ഒന്ന് ഭക്ഷണം കഴിക്കാന്‍ പോയാല്‍, തീര്‍ച്ചയായും എന്തെങ്കിലും മിസ്സ് ആവും. അങ്ങനെ എനിക്ക് മിസ്സ് ആയ ഒരു കളി ആയിരുന്നു ഗോപ്യാശാന്‍റെ രൌദ്രഭീമന്‍. ഒരു പത്ത് മിനുട്ട് ഇടവേള കിട്ടിയപ്പോള്‍ ഭക്ഷിക്കാന്‍ പോയാല്‍ അവിടെ ഭക്ഷണം എത്തിയില്ല എന്നും പറയും. ചായയും തഥൈവ. ഇത്രയും വൈവ്ധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഇതൊരു കുറവല്ല. എന്നിരുന്നാലും എന്തെങ്കിലും കുറ്റം കണ്ട് പിടിക്കണമല്ലൊ എന്ന് നിരീച്ച് പറയുന്നതാണ്‍. :)

ഇതിനിടയില്‍ അവസാനദിവസം തിരനോട്ടത്തിന്റെ സ്മരണികയായ “കേളീരവം” പ്രസിദ്ധീകരിക്കപ്പെട്ടു. മുഴുനീളം വിവിധ വ ര്‍ണ്ണ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച സ്മരണികയില്‍, പല സബ്ജക്റ്റുകളില്‍ ഊന്നിയുമുള്ള ലേഖനങ്ങള്‍ ഉണ്ട്. അച്ചടി നല്ലതാണ് എങ്കില്‍ കൂടെ, കാപ്പി കളറിനോട് തിരനോട്ടക്കാര്‍ക്ക് ഒരു പ്രത്യേക മമത ഉണ്ടോ എന്ന് സംശയിക്കുമാറായിരുന്നു അതിന്റെ വര്‍ണ്ണ സംവിധാനം. ഇത് ഒരു അപാകത ആയിട്ടല്ല ഞാന്‍ പറയുന്നത്. എന്നിരുന്നാലും മലയാളം അച്ചടിയില്‍ കൂടുതല്‍ ശ്രദ്ധ അവര്‍ കൊടുക്കണം എന്ന് പറയാന്‍ തോന്നുന്നു. ഹൈഫനേഷന്‍, പാരഗ്രാഫ് അലൈന്മെന്റ് എന്നിവയില്‍ അനവധി തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം. തെറ്റുകള്‍ അധികവും ഫോര്‍മാറ്റിങ്ങ് രീതി കൊണ്ട് വന്നതാണെന്നതിനാലാണ് ഞാന്‍ ഹൈഫനേഷന്‍, പാരഗ്രാഫ് അലൈന്മെന്റ് എന്നിങ്ങനെ പ്രത്യേകിച്ച് എടുത്ത് പറയുന്നത്.

നാലുദിവസം തിരനോട്ടം വക വിഭവസമൃദ്ധമായ സദ്യ ഉണ്ട ഞങ്ങളെ അപ്പു ഏട്ടന്റെ സുഹൃത്തായ ഒരു സ്വീഡിഷ്കാരന്‍ വിളിച്ച് കൊണ്ട് പോയത് അക്വേറിയം എന്ന ബോട്ടിന്റെ ആകൃതിയിലുള്ള ഒരു ഹോട്ടലിലേക്കായിരുന്നു (പാര്‍ക്ക് ഹയാത്ത് ഹോട്ടല്‍). ക്രീക്കിലേക്ക് തിരിച്ചിട്ടിരുന്ന സീറ്റുകളില്‍ ഇരുന്ന് അപ്പു ഏട്ടനും സ്വീഡിഷ്കാരനും ‘ശീഷ’ ആസ്വദിക്കുന്നത് കണ്ടപ്പോള്‍ ഞാനും ഒന്ന് ശ്രമിച്ച് നോക്കി. അനവധി ചുമച്ചതിന് ശേഷമാണ് എനിക്കൊന്ന ആപ്പിളിന്റെ ഫ്ലേവര്‍ തന്നെ കിട്ടിയത്! സുഖമുള്ള കാലാവസ്ഥ ആയിരുന്നു. തണുത്ത കാറ്റും വയറില്‍ സ്വാദിഷ്ട ഭക്ഷണവും ആയപ്പോള്‍ കണ്ണുകള്‍ താനെ അടയാന്‍ തുടങ്ങി. നാലുദിവസത്തെ ഉറക്ക കുറവ് അനുഭവപ്പെട്ടു.

നവംബര്‍ ഏഴിന് ഉത്സവം 2011ന് കൊടിയിറങ്ങി, ഒരു ദിവസം കൂടെ ഞങ്ങള്‍ ദുബായി തമ്പടിച്ചു. എട്ടിനു രാവിലെ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുമായി ഒരു അഭിമുഖം സംവിധാനം ചെയ്തിരുന്നു. അത് നടത്തിയതാകട്ടെ രാംമോഹനും ഹരീഷും രാജാനാന്ദും ചേര്‍ന്ന്. പ്രസ്തുത അഭിമുഖം കഥകളി ഡോട്ട് ഇന്‍ഫോയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.  തിരനോട്ടം സംഘാടകരോട് ഇതിന്‌ പ്രത്യേക നന്ദിയുണ്ട്.

നവംബര്‍ ഒന്‍പതിനു രാവിലെ ദുബായില്‍ നിന്നും തിരിച്ച ഞങ്ങള്‍ ഇവിടെ രാത്രി പത്ത് മണിയോടെ ആണ് എത്തിയത്. തിരിച്ച് വരുമ്പോഴും യു.എ.ഇ അതിര്‍ത്തിയിലെ ഡിപാര്‍ച്ചര്‍ ഹാളില്‍ ചെന്ന് 35 ദിര്‍ഹത്തിന്റെ റവന്യൂ സ്റ്റാമ്പ് വാങ്ങി, അങ്ങോട്ട് പോകുമ്പോള്‍ തന്ന മഞ്ഞ കടലാസിന്മേല്‍ ഒട്ടിച്ച്, കൌണ്ടറില്‍ കൊടുത്ത് എക്സിറ്റ് സ്റ്റാമ്പ് പാസ്സ്പോര്‍ട്ടില്‍ വാങ്ങണമായിരുന്നു. പക്ഷെ അങ്ങോട്ട് പോകുമ്പോഴുണ്ടായിരുന്ന തിരക്ക് ഉണ്ടാവാതിരുന്നതിനാല്‍ ഒട്ടും തന്നെ സമയമെടുത്തില്ല.  മനസ്സ് നിറഞ്ഞാണ് വന്നത് എങ്കിലും ഇവിടെ എത്തിയപ്പോള്‍ ആകെ ശൂന്യതയായിരുന്നു :)  (ഗള്‍ഫ്) പ്രവാസ ദുഃഖം!

ഉപസംഹാരം ശ്രീരാജാനന്ദിന്‍റെ വാക്കുകള്‍ കൊണ്ട് തന്നെ ആകട്ടെ. പ്രവാസം വഴിമരുന്നിടുന്ന സാംസ്കാരിക ഗൃഹാതുരത്വം എത്ര വലിയ പ്രവര്‍ത്തനോര്‍ജ്ജത്തെയാണ്‌ കെട്ടഴിച്ച് വിടുന്നത് എന്ന് ഈ ഉത്സവം 2011ഉം നമുക്ക് കാണിച്ച് തരുന്നു!

3 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

സുനിലേട്ടാ,
വിവരണം നന്നായീണ്ട്. 'ഉത്സവം' പോലെതന്നെ യാത്രയും ‘ശീഷ’യുമൊക്കെ ഒരു അനുഭവമായിരുന്നു അല്ലെ...

'വിജയകുമാറിന് ലാസ്യ ശൃംഗാര രസങ്ങള്‍ മുഖത്ത് പെട്ടെന്ന് സ്ഫുരിപ്പിക്കാന്‍ പറ്റും. എന്നാല്‍ കിര്‍മ്മീരവധം പാഞ്ചാലി അവതരിപ്പിക്കാന്‍ വിജയകുമാര്‍ ഇനിയും ഒരുപാട്‌ ശ്രമിക്കണം.' എന്നു പറഞ്ഞുവല്ലൊ. കിർമ്മീരവധം പഞ്ചാലിക്കായി ഇനിയും ശ്രമം ആവശ്യമാണന്നത് സത്യം. എന്നാൽ ചെമ്പക്കരയ്ക്ക് ലാസ്യ സൃഗാരങ്ങൾ മാത്രമല്ല കരുണരസവും നന്നായി സ്ഫുരിപ്പിക്കാനാകും എന്നുമാത്രമല്ല, കരുണമാണ് ഒന്നുകൂടി സുഗമമായി സ്ഫുരിക്കുന്നത്. എന്റെ അനുഭവത്തിൽ ശോകസ്ഥായി നന്നായി നിലനിർത്തുന്നത് കണ്ടിട്ടുണ്ട്.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

സുനിലേട്ടാ,
വിവരണം നന്നായീണ്ട്. ഉത്സവം പോലെതന്നെ യാത്രയും ‘ശീഷ’യുമൊക്കെ ഒരു അനുഭവമായിരുന്നു അല്ലെ...

'വിജയകുമാറിന് ലാസ്യ ശൃംഗാര രസങ്ങള്‍ മുഖത്ത് പെട്ടെന്ന് സ്ഫുരിപ്പിക്കാന്‍ പറ്റും. എന്നാല്‍ കിര്‍മ്മീരവധം പാഞ്ചാലി അവതരിപ്പിക്കാന്‍ വിജയകുമാര്‍ ഇനിയും ഒരുപാട്‌ ശ്രമിക്കണം.' എന്നു പറഞ്ഞുവല്ലൊ. കിർമ്മീരവധം പഞ്ചാലിക്കായി ഇനിയും ശ്രമം ആവശ്യമാണന്നത് സത്യം. എന്നാൽ ചെമ്പക്കരയ്ക്ക് ലാസ്യ സൃഗാരങ്ങൾ മാത്രമല്ല കരുണരസവും നന്നായി സ്ഫുരിപ്പിക്കാനാകും എന്നുമാത്രമല്ല, കരുണമാണ് ഒന്നുകൂടി സുഗമമായി സ്ഫുരിക്കുന്നത്. എന്റെ അനുഭവത്തിൽ ശോകസ്ഥായി നന്നായി നിലനിർത്തുന്നത് കണ്ടിട്ടുണ്ട്.

SunilKumar Elamkulam Muthukurussi പറഞ്ഞു...

മണീ, വിജയനു കോട്ടയം കഥകൾ ഒക്കെ കളിക്കാൻ ഒരുപാട് ദൂരം പോകാനുണ്ട്. ചിലപ്പോൾ ഒരു സീരിയസ്നസ്സ് ഇല്ലാത്ത പോലെ തോന്നി. ക്ഷീണമായതുകൊണ്ടുമാകാം.

സത്യത്തിൽ ആ ദിവസങ്ങൾ കഴിഞ്ഞ് പോയത് എത്രപെട്ടെന്നായിരുന്നു!

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...