02 സെപ്റ്റംബർ 2012

അബ്‌ഹ ജസാൻ യാത്ര


യാത്രകൾ പലതും പല അനുഭവങ്ങൾ ആണ് നമുക്ക് തരുക. പ്ലാൻ ചെയ്യാത്ത യാത്ര പ്രത്യേകിച്ചും നല്ല അനുഭവം തരും. അത്തരം ഒരു യാത്ര ആയിരുന്നു ഞങ്ങൾ ഫറസാൻ ദ്വീപുകളിലെക്ക് നടത്തിയത്.
പെരുന്നാൾ രാത്രി മുഴുവൻ ഉറക്കമൊഴിച്ച് പണി ചെയ്ത് രാവിലെ വന്ന കോയ ആണ് അബ്‌ഹയിലേക്ക് പോകാം എന്ന് ഉറപ്പിച്ച് പറഞ്ഞത്. ഡ്രൈവ് ചെയ്യാൻ ഒരു സഹായി കൂടെ ഉണ്ടെങ്കിൽ ഞാൻ റെഡി എന്ന് ഞാനും വെറുതെ തട്ടി വിട്ടു. മുപ്പത് കൊല്ലമായി സൌദിയിൽ ഉണ്ട്. പെരുന്നാളിനോ മറ്റ് ആഘോഷങ്ങൾക്കോ ഒരു ദിവസം കൂടെ മുഴുവനായി ഇത്രയും കാലം ഒഴിവ് കിട്ടിയിട്ടില്ല. അത്തരം പണി ആയിരുന്നു. അങ്ങനെ ഉള്ള ഒരാൾ, ആദ്യമായി ഒഴിവ് കിട്ടിയാൽ നാട് കാണാൻ ഇറങ്ങാം എന്ന് പറഞ്ഞതിൽ അത്ഭുതമില്ലായിരുന്നു. എന്തായാലും അദ്ദേഹം തന്നെ മോനുവിനെ വിളിച്ച് കൊണ്ടു വന്നു. അങ്ങനെ ഞങ്ങൾ നാലുപേർ റിയാദിൽ നിന്നും ആയിരത്തി ഇരുനൂറ് കിലോമീറ്റർ ദൂരമുള്ള അബ്‌ഹയിലേക്ക് പുറപ്പെട്ടു. ഉറക്കഷീണവും മറ്റും തീർത്തതിനുശേഷം ഇരുപതാം തീയ്യതി അതിരാവിലെ മൂന്ന് മണിക്കാണ് ഞങ്ങൾ പുറപ്പെട്ടത്. സാമാന്യം ദൂരം ഡ്രൈവ് ചെയ്യണമെന്നതിനാൽ ഞങ്ങൾ എല്ലാവരും നല്ലവിശ്രമം ചെയ്തതിനുശേഷമേ യാത്ര തുടങ്ങിയതുള്ളൂ.
നീണ്ട റോഡ്.. ചുറ്റും കൂരാകൂരിരുട്ട്. വാഹനത്തിന്റെ വെളിച്ചവട്ടത്തിൽ മാത്രം എന്തെങ്കിലും കാണാം. മറ്റുഭാഗങ്ങളിൽ എന്തുണ്ടെന്ന് ഓരോരുത്തർക്കും അവരവരുടെ ഇഷ്ടം പോലെ വിഭാവനം ചെയ്യാം. എനിക്ക് പലസ്ഥലത്തും ആൽമരവും തൂങ്ങിയ വള്ളികളും അതിലിരുന്ന് ആടുന്ന യക്ഷികളും ഒക്കെ ഉണ്ട് എന്നാണ് തോന്നാറുള്ളത്. പക്ഷെ രാവിലെ വെളിച്ചം വീശി തുടങ്ങുമ്പോഴാണ്, നീണ്ട് നിവർന്ന് കിടക്കുന്ന റോഡിന്റെ ഇരുവശത്തും വെറും മണലാഴി മാത്രം ആണെന്ന് നാം തിരിച്ചറിയുക.
ഞങ്ങൾ ധൃതി പിടിക്കാതെ സ്പീഡ് ലിമിറ്റ് ഒക്കെ പാലിച്ച് തന്നെ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ഹോത്ത അൽ‌സുദൈർ, ലൈല അഫ്‌ലാജ്,വാഡി ദവാസിർ, ഖാമിസ് മുഷയ്ത് എന്നിങ്ങനെ ആണ് റിയാദിനും അബ്‌ഹയ്ക്കും ഇടയിലുള്ള പ്രധാന ടൌണുകളുടെ പേർ. ഏകദേശം ആയിരം കിലോമീറ്റർ ഉണ്ട് റിയാദിൽ നിന്നും അബ്‌ഹയിലേക്ക്. ഖമിസ് മുഷയ്ത്, അബ്‌ഹ എന്നിവ രണ്ടും അടുത്ത് അടുത്തുള്ള നഗരങ്ങൾ ആണ്. സൌദി അറേബ്യയിലെ പതിമൂന്ന് പ്രവിശ്യകളിലെ ഒന്നായ അസിർ പ്രൊവിൻസിന്റെ തലസ്ഥാനമാണ് അബ്‌ഹ എന്ന നഗരം. സൌദി അറേബ്യയുടെ തെക്ക് ഭാഗത്താണ് അസിർ പ്രൊവിൻസ്.  സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ (7200 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ കൊല്ലത്തിൽ ഏത് കാലത്ത് ചെന്നാലും നല്ല കാലാവസ്ഥ ആയിരിക്കും. ഏറ്റവും തിരക്ക് ചൂട് കാലത്ത് തന്നെ. സൌദി അറേബ്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് മലനിരകളാൽ ചുറ്റപ്പെട്ട നഗരമാണ് അബ്‌ഹ. മലനിരകളിൽ ധാരാളം താഴെ വീഴാൻ വെമ്പുന്ന പാറക്കല്ലുകൾ ഉണ്ട്.  ഇവിടത്തെ തണുത്ത കാലാവസ്ഥ കാരണം നമ്മടെ ഊട്ടി പോലെ ആണ് അബ്‌ഹയെ കരുതപ്പെടുന്നത്. മഞ്ഞ് കാലത്ത് മഴ പെയ്യാനും അപ്രതീക്ഷിത  വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാകാൻ സാദ്ധ്യതയുള്ള നഗരമാണ് അബ്‌ഹ.
വാഡി ദവാസിർ നഗരത്തിന്റെ പ്രവേശനകവാടത്തിൽ ഞങ്ങൾ വണ്ടി നിർത്തി ഫോട്ടോ എടുത്തു. അറബികളുടെ ചായക്കോപ്പ രണ്ട് സ്ഥലത്തും നടുക്ക് ചായ കുടിക്കുന്ന കപ്പുമാണ് പ്രവേശനകവാടത്തെ അലങ്കരിച്ചിരിക്കുന്നത്. അറബിചായ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ചായ അല്ല, മറിച്ച് ഗവ/കവ എന്ന് അവർ പറയുന്ന പരമ്പരാഗതപാനീയമാണ്. വളരെ ചെറിയ കോപ്പകളിലാണ് അത് കുടിക്കുക. കുടിക്കുന്നതിനിടയ്ക്ക് പഴുത്തമഞ്ഞ നിറത്തിലുള്ള കാരക്കാപ്പഴവും തിന്നാറുണ്ട്.
വാഡി ദവാസിറിൽ നിന്നും രണ്ട് പൊറാട്ടയും ബീഫ് കറിയും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഞങ്ങൾ അബ്‌ഹയിൽ എത്തി. എത്തിയ ഉടൻ തന്നെ അൽ‌ഹബല എന്ന സ്ഥലത്തേക്ക് വെച്ച് പിടിച്ചു. ഇത്രയും യാത്രയിൽ ഞങ്ങളെ സഹായിച്ചിരുന്ന മൊബൈലിലെ പെണ്ണ് (ജി.പി.എസ്) ഇത്തവണ പിണങ്ങി. അത് അവളുടെ കുറ്റമായിരുന്നില്ല. അൽ‌ഹബലയുടെ ശരിക്കുള്ള പേർ ഞങ്ങൾക്കറിയില്ലായിരുന്നു.
അബ്‌ഹ നഗരത്തിൽ എത്തുന്നതിനു മുന്നേ എയർപോർട്ട് റോഡിൽ കുറേ പോയി അൽകാര എന്ന സ്ഥലത്തിനടുത്താണ് അൽ‌ഹബല വില്ലേജ്. കുന്നുകൾ കയറി വേണം അവിടേക്ക് എത്താൻ. കുന്നുകൾക്ക് മുകളിൽ അനവധി കുടുംബങ്ങൾ തമ്പടിച്ച് കാലാവസ്ഥ ആസ്വദിക്കുന്നു. ഞങ്ങൾ ചെന്നത് പ്രമാണിച്ച് ചെറുതായി ചാറ്റൽ മഴയും ഉണ്ടായി. സത്യമായും അതിമനോഹരമായിരുന്നു ആ കുന്നുകൾക്കിടയിലുള്ള കാഴ്ച്ച. മന്ദമാരുതനും ചെറിയ മഴയും ചുറ്റും ധാരാളം പൂക്കളും ചേർന്ന് കാമികൾക്ക് വികാരമുണർത്തുന്ന പ്രകൃതി. ‘എല്ലാടവും പുഷ്പഗന്ധം പരത്തി‘ മെല്ലെ വീശുന്ന കാറ്റ്. പലവർണ്ണത്തിലുള്ള പൂക്കളാലും അന്തിമേഘങ്ങൾ കൊണ്ടും മണ്ണും വിണ്ണും നിറഭരിതം.  മരുഭൂമിയായാലെന്ത് പ്രകൃതിക്ക് അറിയാം എന്ത് എപ്പോൾ കാണിച്ച് കൊടുക്കണം എന്ന്! അൽഹബല പാർക്ക് പൂട്ടുമോ എന്ന് പേടിച്ച് ഞങ്ങൾ മെല്ലെ ഡ്രൈവ് തുടർന്നു. കാറിലിരുന്ന് എല്ലാം ആസ്വദിച്ചു.  ഞങ്ങൾ മുപ്പത് റിയാൽ കാർ പാർക്കിങ്ങ് ചാർജ്ജ് നൽകി അൽ‌ഹബല പാർക്കിൽ കാർ നിർത്തി.
അൽഹബൽ എന്ന അറബി പദത്തിനർത്ഥം കയർ എന്നാണ്. മേശപ്പുറം പോലെ ഉള്ള ഒരു കുന്നിന്റെ മുകളിൽ ഒരറ്റത്ത് ആഴത്തിൽ താഴ്വര. താഴ്വരയിൽ ഒരു ഗ്രാമം. ഗ്രാമത്തിൽ എത്തണമെങ്കിൽ കുന്നിൻ മുകളിൽ നിന്നും ഞാത്തി ഇട്ട കയറിൽ പിടിച്ചിറങ്ങണം. ഒരു ഗ്രാമം മുഴുവൻ കയറിൽ തൂങ്ങികൾ! 1970കൾ വരെ ഈ ഗ്രാമത്തിൽ ആൾ‌പ്പാർപ്പ് ഉണ്ടായിരുന്നതായി വിക്കിപീഡിയ പറയുന്നു. ഇന്നവിടെ കയറിനുപകരം കയറിനുമുകളിലെ കാറ് ആണ്. റോപ്പ്‌വേ സ്ഥാപിച്ചിരിക്കുന്നു. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. റോപ്പ്‌വേയിലെ കേബിൾ കാർ ഈ താഴ്വാരയിലേക്ക് ഞാന്നിറങ്ങും. അവിടെ നമുക്കും ഇറങ്ങാം. ആ താഴ്വരയിൽ വിലസാം. പഴയ വീടുകൾ കാണാം. ഇപ്പോൾ അൾ‌പ്പാർപ്പില്ലാത്ത ഗ്രാമം സന്ദർശിക്കാം. ഒരു സംസ്കൃതിയെ തൊട്ടറിയാം. ഒരാൾ‌ക്ക് കേബിൾ കാറിൽ കയറാൻ അൻപത് സൌദി റിയാൽ ആണ്. ഞങ്ങൾ നാലുപേരും ടിക്കറ്റ് എടുത്ത് കാറിൽ കയറി. തൊട്ട് താഴെ നോക്കിയാൽ അഗാധമായ താഴ്വര. ഞങ്ങൾക്ക് മുൻപേ ഇറങ്ങിയവർ ആ താഴ്വരയിലൂടെ നടക്കുന്നു. വൈകുന്നേരം ഏഴരമണിവരെ കേബിൾ കാർ സർവീസ് ഉണ്ട്. വെള്ളിയാഴ്ച്ചകളിൽ ഉച്ചത്തെ നമസ്കാരം കഴിഞ്ഞേ തുറക്കൂ. ഈ ദൂരമത്രയും പാതയോരത്ത് വിവിധപഴവർഗ്ഗങ്ങൾ വിൽ‌പ്പനക്ക് വെച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ കുറച്ച് ഫിഗ് വാങ്ങി തിന്നു. തിരിച്ച് വരുമ്പോൾ കൂടുതൽ വാങ്ങാം എന്ന് കരുതിയിരുന്നെങ്കിലും ക്ഷീണം കാരണം പലരും ഉറങ്ങിയിട്ടുണ്ടായിരുന്നു.
താഴ്വാരത്തിൽ ഇറങ്ങിയ ഞങ്ങൾ ആദ്യം തന്നെ ഓരോ ബർഗർ ഓർഡർ ചെയ്ത് കഴിച്ചു. ഉച്ച്ക്ക് കഴിച്ചതിനുശേഷം ദീർഘമായ ഡ്രൈവിങ്ങ് കഴിഞ്ഞ് ഇവിടെ എത്തിയപ്പോഴേക്കും ഞങ്ങൾ എല്ലാവരും വിശന്ന് വലഞ്ഞിരുന്നു. അൽഹബല പാർക്ക് അടച്ചാലോ എന്ന് കരുതി അബ്‌ഹയിലും ഖമിസ് മുഷയ്ത്തിലും ഞങ്ങൾ ഭക്ഷണത്തിനായി കാർ നിർത്തിയില്ല. ഭക്ഷണം ഓർഡർ ചെയ്ത് കിട്ടുന്നതിനിടക്കുള്ള ഇടവേളയിൽ റസാക്കും മോനുവും കൂടെ ഡ്രാഗൺ ഫ്രൂട്ട് എന്ന് പറഞ്ഞ ഒരു കള്ളിച്ചെടിയുടെ പഴം പറിക്കാൻ കയറി. ഭക്ഷണം കഴിഞ്ഞ് ഞങ്ങളും താഴ്വാരയിലൂടെ ഒന്ന് നടന്നു. അപ്പോഴേക്കും ഇരുട്ടായി തുടങ്ങിയിരുന്നു. ഞങ്ങൾക്കാകട്ടെ ഇനിയും പോകണം എന്നതിനാൽ അവിടെ നിന്നും മടങ്ങി.
അൽ‌പ്പം ഫോട്ടോകൾ ഒക്കെ എടുത്ത് ഞങ്ങൾ തൊട്ടടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങി. സൌദിയുടെ മറ്റൊരു പ്രവിശ്യയായ ജസാൻ/ജിസാൻ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ജസാൻ താരതമ്മ്യേന ചെറിയ പ്രവശ്യയാണ്. ജസാൻ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. ജസാൻ ചെങ്കടലിന്റെ തീരത്ത് ആണ്. യമനുമായും അടുത്ത് കിടക്കുന്നു. അതിനാൽ തന്നെ (റിയാദിൽ നിന്നും പോകുന്ന ഞങ്ങൾക്ക്) ഒരു പക്ക സൌദി വേഷഭൂഷാദികൾ ഒന്നുമല്ല ജസാനിൽ കണ്ടത്. ഒരു കള്ളിമുണ്ട് ചുറ്റി അരയിൽ ഒരു കത്തിയും വെച്ച് മറ്റൊരു കള്ളിമുണ്ട്കൊണ്ട് തലയിൽ ചുറ്റി, നമ്മുടെ മലപ്പുറം കാക്ക എന്ന് അറിയപ്പെടുന്ന രീതിയിൽ ഉള്ള ഒരു വേഷവിധാനമായിരുന്നു മിക്കപേർക്കും. നമ്മുടെ നാട്ടിൽ ഈ വേഷവിധാനം വന്നത് പൂർവികർക്ക് യമനുമായുള്ള ബന്ധം കാരണം തന്നെ ആണല്ലൊ. അവരുടെ പെരുമാറ്റ രീതികൾക്കും നല്ല വ്യത്യാസം ഉണ്ടായിരുന്നു. പോകുന്നവഴിക്ക് ധാരാളം മാമ്പഴതോട്ടങ്ങളും വാഴ തോട്ടങ്ങളും ഉണ്ടായിരുന്നത് ഞങ്ങളിൽ ഗൃഹാതുരത്വം ഉണർത്തി.
അബ്‌ഹയിലേക്ക് എത്താൻ പർവ്വതനിരകൾ ചുറ്റി ചുരം കയറണെംങ്കിൽ കടൽത്തീരത്തുള്ള ജസാനിലേക്ക് എത്താൻ ഈ ചുരം അത്രയും ഇറങ്ങണമായിരുന്നു. നേരം ഇരുട്ടായി തുടങ്ങിയിരുന്നു. റോഡ് ഹെയർപിൻ വളവുകളും തിരിവുകളും നിറഞ്ഞതും സിംഗിൾ റോഡും ആയിരുന്നു. (നമ്മുടെ നാട്ടിലേത് പോലെ രണ്ട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങളും ഒരു റോഡിന്റെ രണ്ട് സൈഡ് പിടിച്ച് പോകണം എന്നർത്ഥം. മറ്റ് ഭാഗത്തൊക്കെ മുമ്മൂന്ന് ട്രാക്കുകൾ ഉള്ള ഡബിൾ റോഡ് ആയിരുന്നു) ഞങ്ങൾ ചുരം ഇറങ്ങാൻ തുടങ്ങി. വാഹനങ്ങളുടെ ഒഴുക്കുകൊണ്ടും പരിചയമില്ലാത്ത റോഡ് ആയതുകൊണ്ടും വളരെ പതുക്കേ മാത്രമേ ഡ്രൈവ് ചെയ്യാൻ സാധിച്ചുള്ളൂ. അൽ‌പ്പം താഴെക്ക് ഇറങ്ങിയപ്പോഴേക്കും കാറിന്റെ വലത്തെ സൈഡിൽ മുൻ‌ഭാഗത്തെ ടയർ പൊട്ടി. സ്പീഡ് കുറവായതിനാൽ പെട്ടെന്ന് തന്നെ നിയന്ത്രിക്കാൻ പറ്റി. ഞങ്ങൾ കാറ് സൈഡിൽ പാർക്കിങ്ങ് സ്പേസിൽ ഇട്ടു. പാർക്കിങ്ങ് സ്പേസ് തൊട്ടടുത്ത് തന്നെ കിട്ടി എന്നത് തന്നെ ഒരു ഭാഗ്യം. സ്റ്റെപ്പിനി എടുത്ത് നോക്കിയപ്പോൾ അതിലും കാറ്റ് ഇല്ല! അത് യാത്ര തുടങ്ങുന്നതിനുമുന്നേ ഞങ്ങൾ ചെക്ക് ചെയ്തതായിരുന്നു. നിർഭാഗ്യം എന്നല്ലേ പറയണ്ടൂ. പിന്നെ ഒന്നും നോക്കാനില്ല വരുന്ന വണ്ടികൾക്ക് കൈ കാണിക്കുക തന്നെ. ഞങ്ങളെ പിന്നേയും അതുഭുതപ്പെടുത്തിക്കൊണ്ട് രണ്ടാമതായി വന്ന കാർ ഞങ്ങളുടെ അരികത്ത് നിർത്തി, ജനൽ ചില്ല് താഴ്ത്തി. ഞാൻ വലിയ എളിമയോടെ ഹിന്ദിയിൽ തുടങ്ങി (മുഖം കണ്ട് ഹിന്ദി ആണ് എന്ന് തോന്നിയിരുന്നു)യതും ‘ങ്ങ്ള് മലയാളിയാ?’ എന്നൊരു ചോദ്യം. അതെ എന്ന് ഉത്തരം പറഞ്ഞപ്പോ ചെറുപ്പക്കാരായ നാലഞ്ച് പേർ കാറിൽ നിന്ന് ഇറങ്ങി. ഉത്സാഹത്തോടെ ഞങ്ങളുടെ കാറിന്റെ ചക്രങ്ങൾ ചെക്ക് ചെയ്തു. അവരുടെ കാറിന്റെ മാറ്റി ഇടാൻ പറ്റുമോ എന്ന് നോക്കി. ഒന്നും പറ്റില്ലാ എന്ന് തീരുമാനമായപ്പോൾ രണ്ട് ടയറും അവരുടെ കാറിന്റെ ഡിക്കിയിലേക്ക് എടുത്ത് ഇട്ടു. ഞങ്ങൾ രണ്ട് പേർ അവരുടെ ഒപ്പം കയറി. അവരും രണ്ട് പേർ. മറ്റുള്ളവരെല്ലാം ഞങ്ങളുടെ കാറിന് കാവലായി ചുരത്തിൽ നിൽക്കുന്നു. ഞങ്ങൾ ചുരം ഇറങ്ങ് ആദ്യം കണ്ട പെട്രോൾ ബങ്കിൽ കയറി ടയറിൽ കാറ്റടിച്ചു. പൊളിഞ്ഞ ടയർ ഒന്നിനും പറ്റില്ലാന്ന് തീർച്ചയായി. അവർ തന്നെ തിരിച്ച് ഞങ്ങളെ ഞങ്ങളുടെ കാറിന്റെ അടുത്ത് കൊണ്ട് ചെന്നാക്കലും ടയർ മാറ്റി ഇടലും ഒക്കെ കഴിഞ്ഞു. എല്ലാം വളരെ പെട്ടെന്നായിരുന്നു. അവരുടെ പേർ ചോദിച്ചില്ല. എന്നാലും ഒരാൾ മലപ്പുറത്ത്കാരനും മറ്റൊരു ആൾ ചെർ‌പ്പുളശേരിക്കാരനും ആണ് എന്ന് പറഞ്ഞു. അവർ ജസാനിൽ ജോലി ചെയ്യുന്നവർ ആണ്. ഒഴിവുദിവസം ആഘോഷിക്കാൻ അബ്‌ഹയിലേക്ക് വന്നതാണ്. ഒരു താങ്ക്യൂവിനുകൂടെ കാത്ത് നിൽക്കാതെ അവർ ഞങ്ങളെ പിരിഞ്ഞ് പോയി. അവർ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കാര്യം കട്ടപ്പൊഹ ആകുമായിരുന്നു എന്നത് ഓർത്താലേ അവരുടെ മഹത്വം തിരിച്ചറിയുള്ളൂ. നന്മകളെ ഞങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു.
വീണ്ടും യാത്ര തുടർന്ന ഞങ്ങൾ ആദ്യം ചെയ്തത് കാറിന്റെ മറ്റേ ടയർ കൂടെ പുതുക്കി ഇടുക എന്നതായിരുന്നു. അപ്പോഴേക്കും സമയം പതിനൊന്നിനോട് അടുത്തിരുന്നു. വിശപ്പ് സഹിക്കാൻ വയ്യാതായിരിക്കുന്നു. യാത്രാ‍ക്ഷീണവും. പിന്നെ വഴിവക്കിൽ കണ്ട് ഒരു ഭക്ഷണശാലയിൽ നിന്ന് കബ്സ എന്ന് പറഞ്ഞ് തന്ന എന്തോ ഒരു തരം ചോറും ചിക്കനും കഴിച്ചു. ഇനിയും 150 കി.മീറ്ററോളം യാത്ര ഉണ്ട്. ഞങ്ങൾക്കായി ആരും കാത്ത് നിൽക്കുന്നുമില്ല ഞങ്ങൾ ആരേയും കാത്ത് നിന്നതുമില്ല. ഭക്ഷണത്തിനുശേഷം ജസാൻ ലക്ഷ്യമാക്കി കാർ നീങ്ങി. ഞങ്ങൾക്ക് വഴി പറഞ്ഞ് തരാൻ മൊബൈലിലെ പെണ്ണും (ജി.പി.എസ്) ഉണ്ട്.
ജസാനിൽ എത്തി ഒരു താമസസ്ഥലം അന്വേഷിച്ചു. അതിനിടക്ക് ഞങ്ങൾക്ക് പോകാനുള്ള ഫറസാൻ ദ്വീപിലേക്ക് ഉള്ള ഫെറി സർവ്വീസ് യാത്രാരേഖ കിട്ടുന്ന സ്ഥലവും അന്വേഷിച്ചു. ഭാഗ്യത്തിന് രണ്ടും അടുത്തുതന്നെ ആയിരുന്നു. താമസസ്ഥലത്ത് എത്തി ഒന്ന് നീണ്ട് നിവർന്ന് കിടന്നപ്പോൾ സമയം അതിരാവിലെ 1.30. ഉറക്കം ഇല്ലാതെ പറ്റില്ല. ഉറങ്ങിയാലും പറ്റില്ല. എന്നാലും നാലുമണിക്ക് അലാറം വെച്ച് ഞങ്ങൾ കിടന്നു.
ഫറസാൻ ദ്വീപിലേക്കുള്ള ഫെറി സർവീസ് അതിരാവിലെ ഏഴുമണിക്കാണെന്നും അഞ്ചരമുതൽ ക്യൂ നിന്നാലേ യാത്രാരേഖ ശരിയാക്കാൻ പറ്റൂ എന്നും അന്വേഷിച്ചറിഞ്ഞിരുന്നതിനാൽ ഞങ്ങൾ നാലുമണിക്ക് തന്നെ എഴുന്നേറ്റ് കുളി കഴിഞ്ഞ് അഞ്ചര ആയപ്പോഴേക്കും യാത്രാരേഖ ശരിയാക്കുന്ന സ്ഥലത്ത് എത്തി. അപ്പോഴേക്കും അവിടെ ഒരു താലപ്പൊലിക്കുള്ള ആളുകൾ വന്ന് നിറഞ്ഞിരുന്നു. കൌണ്ടർ തുറന്നപ്പോഴേക്കും ഇടിച്ച് കയറി. ആകെ ഇടിയും കുത്തും ബഹളവും. യാത്രാരേഖ ശരിയാക്കുന്നതിനായി ഒരാൾ മാത്രം കൌണ്ടറിൽ ഇരിക്കുന്നു. അയാൾക്ക് ഓരോരുത്തരുടേയും ഐഡി നമ്പറും പേരും വിലാസവും ഒരു രജിസ്റ്ററിൽ കുറിച്ച് വെക്കണം. അത് കമ്പ്യൂട്ടറിൽ ആണ്. എന്നിട്ട് അത് പ്രിന്റ് ചെയ്ത് തരും. അതാണ് യാത്രാ രേഖ. നിങ്ങൾക്ക് നിങ്ങളുടെ കാർ ദ്വീപിലേക്ക് കൊണ്ട് പോകാം. പക്ഷെ അതിനും രേഖ ശരിയാക്കണം. മാത്രമല്ല ദ്വീപിലെത്തിയ കാറ് അന്ന് തന്നെ തിരിച്ച് കൊണ്ട് വരാൻ പറ്റണമെന്നില്ല. തിരിച്ചും ഇതുപോലെ ക്യൂ നിന്ന് യാത്രാരേഖ തയ്യാറാക്കി വേണം വരുവാൻ. കാറിനുള്ളസ്ഥലം ഫെറിയിൽ ഇല്ലെങ്കിൽ പിറ്റേന്നേ വരാൻ പറ്റൂ. കാറില്ലെങ്കിലോ ദ്വീപിൽ മുഴുവൻ കറങ്ങാനും പറ്റില്ല. ദ്വീപിൽ ടാക്സി സർവീസ് അത്ര കാര്യമായി ഒന്നും ഇല്ല. കൌണ്ടറിലെ ബഹളം കുറച്ച് സഹിച്ചപ്പോൾ തന്നെ തീർച്ചയായി ഇവിടെ ക്യൂ നിന്നിട്ട് കാര്യമില്ല എന്ന്. ഞങ്ങൾ പുറത്ത് കടന്നു.
ഈ ഫെറി സർവീസ് സർക്കാർ വക സൌജന്യമാണ്. നിങ്ങളേയും നിങ്ങളുടെ വാഹനത്തേയും കൊണ്ട് പോകും. പക്ഷെ വാഹനം കൊണ്ട് പോയാൽ നേർത്തെ പറഞ്ഞ പ്രശ്നം ഉണ്ട്. വാഹനം കൊണ്ട് പോകേണ്ടെങ്കിൽ ജസാൻ പോർട്ടിൽ അത് ഇരുപത്തിനാലു മണിക്കൂർ നിങ്ങൾക്ക് സൌജന്യമായി പാർക്ക് ചെയ്തിടാം. ഞങ്ങൾക്ക് യാത്രാരേഖ ശരിയാവും എന്ന് തോന്നാത്തതിനാൽ  ആദ്യം പ്രാതൽ കഴിക്കാനായി തീരുമാനിച്ച് ഞങ്ങൾ പുറത്ത് കടന്നു.
പ്രാതൽ കഴിച്ചതിനുശേഷം ഞങ്ങൾ പോർട്ടിൽ ഒന്നുകൂടെ കയറി. പുറത്തെ കൌണ്ടറിൽ നിന്നും യാത്രാരേഖ ശരിയാവാതെ യാത്ര തുടങ്ങാൻ പറ്റില്ലെന്ന് തീർച്ചയാക്കി. വീണ്ടും പുറത്ത് കടന്ന ഞങ്ങളെ ഒരു സൌദിപൌരൻ അവന്റെ പിക്ക് അപ്പിൽ ഇരുന്ന് കൊണ്ട് എതിരേറ്റു. അവനോട് ഞങ്ങൾ സംസാരിച്ചു. അവൻ പറഞ്ഞതിനനുസരിച്ച് പുറത്ത് ജസാൻ മത്സ്യമാർക്കറ്റിനടുത്ത് ഒരു ചെറിയ തുറമുഖം ഉണ്ടെന്നും അവിടെ നിന്നും പ്രൈവറ്റ് ബോട്ടുകൾ ഫറസാൻ ദ്വീപിലേക്ക് സർവീസ് നടത്തുന്നുണ്ട് എന്നും അറിഞ്ഞു. പക്ഷെ കാർ കൊണ്ട് പോകാൻ പറ്റില്ല. മാത്രമല്ല ഒരാൾക്ക് അൻപത് സൌദി റിയാൽ ടിക്കറ്റ് ചാർജ്ജ് ആയി നൽകണം. ഏതായാലും പോകാൻ ഉറച്ച് നിന്ന ഞങ്ങൾ ആ വഴി തന്നെ തിരഞ്ഞെടുക്കാൻ നിശ്ചയിച്ചു. ഞങ്ങൾ സംസാരിച്ച സൌദി പൌരൻ കാറ് കൊണ്ട് പോയാലും ഇല്ലെങ്കിലും ഒക്കെ ഉള്ള പ്രശ്നങ്ങളെ പറ്റി ഞങ്ങൾക്ക് പറഞ്ഞ് തന്നു. മാത്രമല്ല ഞങ്ങൾക്ക് അവിടെ ദ്വീപിൽ രാത്രി കഴിയാൻ റൂം അറേഞ്ച് ചെയ്ത് തരാമെന്നും അവന്റെ പരിചയക്കാരന്റെ മൊബൈൽ നമ്പർ തരാം അയാൾ എല്ലാം അറേഞ്ച് ചെയ്ത് തരും എന്നുമൊക്കെ പറഞ്ഞു. ഇത് കേട്ട മാത്രയിൽ തന്നെ ഞങ്ങൾ തീർച്ചയാക്കി ഇദ്ദേഹം ഒരു ഏജന്റ് ആണ് എന്ന്. മത്സ്യമാർക്കറ്റിലേക്കുള്ള വഴി അയാൾ കാണിച്ച് തരാമെന്ന് പറഞ്ഞ് അയാൾ ഉടൻ വണ്ടി സ്റ്റാർട്ടാക്കി നിന്നു. അയാളുടെ ഉത്സാഹം കണ്ടപ്പോ തന്നെ അയാൾക്ക് എന്ത് കമ്മീഷൻ കൊടുക്കണ്ടി വരും എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയിരുന്നു. രണ്ട് മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള മത്സ്യമാർക്കറ്റിൽ അയാൾ ഞങ്ങളെ കൊണ്ട് വിട്ടു. അതായത് അയാളുടെ വണ്ടിയുടെ പുറകെ ഞങ്ങൾ കാർ വിട്ടു. അവിടെ എത്തിയപ്പോൾ അയാൾ കമ്മീഷനൊന്നും നിൽക്കാതെ സലാമലൈക്കും പറഞ്ഞ് പിരിഞ്ഞ് പോയി!
സത്യത്തിൽ ചമ്മിയത് ഞങ്ങൾ തന്നെ. ഒരു നല്ല മനസ്സിനെ എത്രത്തോളം തെറ്റിദ്ധരിച്ചു! അയാളോട് നിന്റെ കമ്മീഷനെത്രയാ എന്ന് ചോദിച്ചിരുന്നെങ്കിൽ അടി കിട്ടിയേനേ. അത്ര നിഷ്കളങ്കമായിരുന്നു അയാളുടെ പെരുമാറ്റം. അത് തിരിച്ചറിയാൻ കഴിയാത്തതിൽ ഞങ്ങൾക്ക് കുണ്ഠിതമായി. നന്മകൾ ഞങ്ങൾക്ക് മുൻപിൽ പിന്നേയും പ്രത്യക്ഷപ്പെട്ടു.
എന്തായാലും അൻപത് റിയാൽ ഓരോരുത്തർക്കും കൊടുത്ത് ഞങ്ങൾ യാത്രാരേഖ ശരിയാക്കി. അവിടേയും നേവി തന്നെ ആയിരുന്നു എല്ലാം മേൽനോട്ടം വഹിച്ചിരുന്നത് എങ്കിലും ബോട്ട് സർവീസ് പ്രൈവറ്റ് ആയിരുന്നു. ബോട്ട് ജീവനക്കാരായി രണ്ട് പേരുണ്ടായിരുന്നവർ രണ്ട് പേരും തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്തുള്ളവർ. ഞങ്ങളോടൊപ്പം വേറെയും ചിലരുണ്ടായിരുന്നു. രണ്ട് കുട്ടികളും കൂട്ടി മൊത്തം പതിന്നാലുപേർ. കളിതമാശകൾ പറഞ്ഞു ഫോട്ടോ എടുത്തും ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ കരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ കടലിനകത്ത് സ്ഥിതി ചെയ്യുന്ന ഫരസാൻ ദ്വീപിലെത്തി.
ചെന്നിറങ്ങിയ ഉടൻ ബലദ് (സിറ്റി സെന്റർ അല്ലെങ്കിൽ ദ്വീപിലെ മെയിൻ മാർക്കറ്റ് ഏരിയ) ബലദ് എന്ന് പറഞ്ഞ് ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാൻ ടാക്സി സർവീസുകാർ എത്തി. അവർ പറഞ്ഞു ആദ്യം ബലദിൽ എത്തി തിരിച്ചുള്ള യാത്രാരേഖകൾ ശരിയാക്കിയതിനുശേഷം മതി ദ്വീപ് കറങ്ങൽ എന്ന്. ദ്വീപിൽ എത്തുന്നതിനു മുൻപ് കരയിൽ നിന്നും ഈ ഉപദേശം കേട്ടതാണല്ലൊ. അതിനാൽ ഞങ്ങൾ ഒരു സൌദിയുടെ വാനിൽ ബലദിൽ എത്തി. ആളൊന്നുക്ക് അഞ്ച് റിയാൽ അയാൾ വാ‍ടകയായി എടുത്തു. ബലദിൽ ചെന്നിറങ്ങിയ സ്ഥലത്ത് തന്നെ ആയിരുന്നു യാത്രാരേഖ കൌണ്ടറും. അവിടെ ഒരാൾ ഇരിക്കുന്നുണ്ട്. കരയിലുള്ള തിരക്ക് ഇല്ലെങ്കിലും തിരക്ക് ഉണ്ടായിരുന്നു. ഞങ്ങൾ ഇടിച്ച് കയറി ഇഖാമ കാണിച്ച് രേഖകൾ കൈവശമാക്കി. നോക്കിയപ്പോ എല്ലാം ബ്ലാങ്ക് രേഖകൾ. കരയിൽ നിന്നും കിട്ടുന്നതിന്റെ അതേ ഫോർമാറ്റ് തന്നെ പക്ഷെ ഒന്നും എഴുതിയിട്ടില്ല. ചെന്ന് ചോദിച്ചപ്പോൾ, അത് നിങ്ങൾ എഴുതി ഫെറിയിൽ കയറുന്നതിനു മുൻപ് പോർട്ടിൽ കൊടുത്താൽ മതി എന്ന് പറഞ്ഞു. സമാധാനമായി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സർക്കാർ വക തിരിച്ചുള്ള സൌജന്യ ഫെറി. അതിനു പതിനൊന്നിനു തന്നെ പോർട്ടിൽ എത്തണം എന്ന് പറഞ്ഞിരിക്കുന്നു. യാത്രാരേഖയിൽ അത് പറഞ്ഞിട്ടുണ്ട്.
രാവിലെ ഏഴ് മണിക്ക് കരയിൽ നിന്നും ദ്വീപിലേക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും വൈകുന്നേരം നാലുമണിക്കും ദ്വീപിൽ നിന്നും കരയിലേക്കും ഫെറി സർവീസ് ഉണ്ട് എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.
ഇനി ഏതായാലും ദ്വീപിൽ ഒന്ന് കറങ്ങാൻ തീരുമാനിച്ചു. തൊട്ടടുത്ത് തന്നെ ഒരു ക്രെസിഡയിൽ ഒരു തമിഴ് ചേലുള്ള പയ്യൻ ഇരുന്ന് വർത്തമാനം പറയുന്നു. ഞങ്ങൾ അയാളോട് ചെന്ന് യാത്രാരേഖകൾ കാട്ടി, ഇത് തന്നെ ആണോ ശരിയായ രേഖ എന്ന് സംശയം തീർത്തു. തുടർന്നുള്ള വർത്തമാനത്തിൽ അയാൾ തലേദിവസം എത്തിയതാണ് എന്നും രാവിലത്തെ ഫെറി ട്രിപ്പിൽ കാർ കൊണ്ട് പോകാൻ സാധിക്കാത്തതിനാൽ ഉച്ചയ്ക്കുള്ള ട്രിപ്പിനായി കാത്തിരിക്കുകയാണ് എന്നും മനസ്സിലായി. അദ്ദേഹത്തേയും കൂട്ടി ഞങ്ങൾ ഒന്ന് ദ്വീപ് കറങ്ങി. കാരണം ഞങ്ങളും ഉച്ചയ്ക്കുള്ള ട്രിപ്പിൽ തിരിച്ച് പോകാൻ റെഡിയായി നിൽക്കുകയാണല്ലൊ.

പഴയ ഗ്രാമം ഉണ്ട് അൻപത് കിലോമീറ്റർ ദൂരത്തിൽ. പക്ഷെ അവിടെ പോകാൻ നിന്നാൽ ഫെറി നഷ്ടമായാലൊ എന്ന് സംശയിച്ച് ആ യാത്ര വേണ്ട എന്ന് തീരുമാനിച്ചു. അബ്‌ഹ വിട്ടത്തിനുശേഷം ഞങ്ങൾ എല്ലാവരും വിയർത്ത് ഒഴുകുന്നുണ്ടായിരുന്നു. റിയാദിൽ ഞങ്ങൾക്ക് ഈ ഒഴുകുന്ന വിയർപ്പ് പരിചയമില്ലാത്തതിനാൽ ഞങ്ങൾ നന്നെ വിഷമിച്ചു. ഗംഗ ആയിരുന്നു എന്റെ തലയിലൂടെ ഒഴുകിയിരുന്നത്. കടൽ അടുത്ത് തന്നെ ഉള്ളതിനാൽ അന്തരീക്ഷത്തിൽ ജലകണങ്ങൾ ധാരാളം ഉണ്ടാകും എന്നതാണ് ഈ വിയർപ്പിന് കാരണം.

ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന ഫറസാൻ ദ്വീപുകൾ ഏകദേശം എൺപത്തിനാലു ദ്വീപുകളുടെ ഒരു സമൂഹമാണ്. പലതും ആൾവാസമില്ലാത്തതും ചെറിയതും ആണ്.  കടൽ‌പക്ഷികളുടെ സങ്കേതമാണ് ഈ ദ്വീപസമൂഹം. സൌദിയുടെ തെക്കുഭാഗത്ത് അൻപത് കിലോമീറ്റർ കടലിനുള്ളിലാണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. ഇവിടെ മാത്രം കണ്ടുവരുന്ന ഒരു തരം മാനുകൾ (Farasan Island Gazalle) ഉണ്ട്. വന്യജീവി സംരക്ഷണനിയമ പ്രകാരം ഇവയും മറ്റ് പക്ഷിമൃഗാദികളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിൽ ധാരാളം പവിഴപ്പുറ്റുകൾ കാണാം. കോറൽ ദ്വീപ് ആണ് ഇതെന്ന് പ്രകൃതിശാസ്ത്രജ്ഞന്മാർ പറയുന്നു. ദ്വീപിനു ചുറ്റുമുള്ള കടലിൽ ധാരാളം കടലാമകളും മറ്റ് ജീവികളും ഉണ്ട്. കടലാൽ നാല് ഭാഗവും ചുറ്റപ്പെട്ട ഒരു മരുഭൂമിയുടെ കഷ്ണം ആണ് എന്ന് തോന്നിക്കുമെങ്കിലും ജൈവവൈവിദ്ധ്യം നിറഞ്ഞതാണ് ഫറസാൻ ദ്വീപുകൾ. 231 തരം ജനുസ്സിൽ പെട്ട മത്സ്യങ്ങളും 3 ജനുസ്സിൽ പെട്ട ഡോൾഫിനുകളും 49 ജനുസ്സിൽ പെട്ട പവിഴപുറ്റുകളും അവിടെ ഉണ്ട്.

കൃസ്തുവിനു മുൻപ് ഒന്നാം നൂറ്റാണ്ട് മുതൽ ഓട്ടോമാൻ രാജവാഴ്ച വരെയുള്ള ചരിത്രാ‍വശിഷ്ടങ്ങൾ ദ്വീപിലുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും ഞങ്ങൾക്ക് അവയൊന്നും കാണാൻ കഴിഞ്ഞില്ല. ഒന്നാമത് കറങ്ങാൻ ഒരു വാഹനസൌകര്യമില്ലാത്തതും സമയകുറവും കാരണമായിരിക്കാം അത്. പഴയ ചില പള്ളികളും വീടുകളും കണ്ടു. അവ ഒട്ടോമാൻ രാജവാഴ്ച്ചക്കാലത്തെ ഓർമ്മിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാ‍ലത്ത് ജർമ്മൻ‌കാർ ഉണ്ടാക്കിയ ഒരു ചെറിയ കോട്ടയുണ്ട് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപിൽ. അതിൽ അവർ വലിയൊരു അമ്മ്യുണിഷൻ ശേഖരം തന്നെ കരുതിയിരുന്നതായി പറയപ്പെടുന്നു. ഏറ്റവും വലിയ ദ്വീപായ ഫറസാൻ കബീറിൽ ഫൈഫ എന്നൊരു കുന്നും അതിനുമുകളിൽ വിശേഷരൂപത്തിൽ ഉള്ള പാറകളും ഉണ്ട്.

ദ്വീപിന്റെ 298 കി.മി.തെക്ക് പടിഞ്ഞാറായി എറിട്രിയ രാജ്യത്തിലെ മസ്സാവാ എന്ന തുറമുഖം സ്ഥിതിചെയ്യുന്നു. പച്ചപ്പ് നിറഞ്ഞ ഒരു ദ്വീപ് അല്ലായിരുന്നുവെങ്കിലും അവിടത്തെ ബീച്ചുകൾ സുന്ദരികളായിരുന്നു.

പതിനൊന്ന് മണിക്ക് പോർട്ടിലെത്തി റെഡിയാവണം എന്ന് പറഞ്ഞതിനാൽ ഞങ്ങൾ വെള്ളത്തിലേക്ക് ഇറങ്ങാതെ മടങ്ങി. നല്ല ഫോട്ടോഗ്രാഫി സംവിധാനങ്ങൾ ഇല്ലാത്തതിൽ ഞങ്ങൾ മൌഢ്യരായിരുന്നു.  ഞങ്ങൾ പോർട്ടിൽ എത്തിയപ്പോൾ അവിടെ ഒരു ചെറിയ ജനക്കൂട്ടം ഫെറിക്കായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നാലും കരയിലെ അത്ര തിരക്കില്ലായിരുന്നു എന്നത് സമാധാനം നൽകി. ഏകദേശം ഒന്ന് ഒന്നര മണിക്കൂർ ഞങ്ങളെ അവിടെ കാത്തിരുത്തിയതിനുശേഷം അധികാരികൾ ആദ്യം സ്ത്രീജനങ്ങളേയും കുട്ടികളേയും കടത്തി വിട്ടു. അതിനു മുൻപ് തന്നെ വാഹനം തിരിച്ച് കൊണ്ടുപോകുന്നവരോട് അതാത് വാഹനങ്ങളിൽ കയറി ഇരിക്കാൻ പറഞ്ഞിരുന്നു. ഞങ്ങൾ യാത്രാരേഖകൾ അവിടെ നൽകി ഫെറിയിൽ കയറുന്ന സമയത്ത് അവർ കാറ് ഡ്രൈവ് ചെയ്ത് കാറുകൾ ഫെറിയുടെ അടിത്തട്ടിൽ വരി വരിയായി പാർക്ക് ചെയ്യുന്നത് കണ്ടു. ഏകദേശം 60-70 കാറുകൾക്ക് കൊള്ളാവുന്ന സ്ഥലമുണ്ടായിരിക്കും ഫെറിയുടെ അടിത്തട്ടിൽ. ഞങ്ങൾ ഫെറിയുടെ മുകൾ തട്ടിൽ സഞ്ചാരികൾക്ക് ഇരിക്കാനുള്ള സ്ഥലത്തേക്ക് ചെന്നു. വളരെ വിശാലമായ ഇരിപ്പ് മുറി. സ്ത്രീജനങ്ങൾക്കും പുരുഷന്മാർക്കും കുടുംബങ്ങൾക്കും ഒക്കെ പ്രത്യേകം പ്രത്യേകം അടയാളപ്പെടുത്തിയ ഇരിപ്പിടങ്ങൾ. അവിടെ തന്നെ ഒരു ഭക്ഷണശാലയും ഉണ്ട്. ടോയ്ലറ്റ് സൌകര്യങ്ങളും ഉണ്ട്.  അല്പനേരം ഫെറിയിൽ ഇരുന്നത് മടുപ്പിക്കുന്നതായിരുന്നു. പുറത്തേക്കുള്ള വിശാലമായ ജനൽ ചില്ലുകളിൽ ഉപ്പ് വെള്ളം ബാഷ്പീകരിച്ച് ഉപ്പ് കെട്ടി കിടക്കുന്നുണ്ടായിരുന്നു. ഫെറി യാത്ര പുറപ്പെട്ടതും ഞങ്ങൾ ഒന്ന് മയങ്ങി പോയി.

കരയിൽ ഞങ്ങൾ ഉച്ചക്ക് രണ്ട് മണിയോടെ എത്തി. ഞങ്ങളുടെ കാർ പാർക്ക് ചെയ്തിരിക്കുന്നത് പ്രൈവറ്റ് ബോട്ട് സർവീസ് കിട്ടുന്ന സ്ഥലത്താണ്. അവിടേക്ക് ഒരു ടാക്സി പിടിച്ച് പോകണം. ടാക്സിയിൽ കയറി എത്രയാണ് ചാർജ്ജ് എന്ന് ചോദിച്ചപ്പോൾ അഞ്ച് റിയാൽ എന്ന് യമനി വസ്ത്രം ധരിച്ച ഡ്രൈവർ പറഞ്ഞു. കുറഞ്ഞ ചാർജ്ജും ഞങ്ങളെ അത്ഭുതപ്പെടുത്തി.

സ്വന്തം കാറിൽ കയറിയ ഞങ്ങൾ ആദ്യം ഒരു ഭക്ഷണശാല അന്വേഷിക്കുകയാണ് ചെയ്തത്. താമസിയാതെ ഒരു കബ്സ ചോർ കിട്ടുന്ന കട കണ്ടെത്തി. വിശാലമായി ഭക്ഷണം കഴിച്ചു. നല്ല രുചിയുള്ള ചോറും ചിക്കൺ ടിക്കയും. വയർ നിറച്ച് ഭക്ഷണം കഴിച്ച ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. അര മണിക്കൂർ വിശ്രമിച്ച് ഞങ്ങൾ തിരിച്ചുള്ള യാത്രയ്ക്ക് തയ്യാറായി.
തിരിച്ച് യാത്ര തുടങ്ങിയപ്പോഴും ഞങ്ങൾ മൊബൈലിലെ പെണ്ണിനോട് (ജി.പി.എസ്) വഴി പറഞ്ഞ് തരാൻ ഏൽ‌പ്പിച്ചിട്ടുണ്ടായിരുന്നു. അവൾ ഭംഗിയായി വഴി പറഞ്ഞ് തന്നു. ഇതുവരെ എനിക്ക് അനുഭവപ്പെടാത്ത ഒരു സംഭവം ആ യാത്രയിൽ ഞങ്ങൾ അനുഭവിച്ചു. ജിസാനിൽ നിന്ന് യാത്രതുടങ്ങുമ്പോഴേ വഴിയരുകിൽ സാന്റ്‌സ്റ്റോം ഏരിയ എന്നത് വലിയ അക്ഷരങ്ങളിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ആകാശം പൊടിനിറഞ്ഞ് മൂടിയിരുന്നു. അധികം താമസിച്ചില്ല പൊടിക്കാറ്റ് തുടങ്ങി. നമ്മുടെ കാറിന്റെ ബോണറ്റ് തന്നെ കഷ്ടി കാണാൻ പറ്റുന്ന തരത്തിൽ അത്ര പൊടിക്കാറ്റ്. സ്വതേ റിയാദിൽ എങ്കിൽ ഇങ്ങനെ ഒരു പൊടിക്കാറ്റുണ്ടായാൽ ഞങ്ങൾ യാത്ര വേണ്ടാ എന്ന് വെയ്ക്കുകയേ ഉള്ളൂ. ഇത് നിവൃത്തിയില്ലാത്ത അവസ്ഥ ആയിരുന്നല്ലൊ. തിരിച്ച് എത്തി പിറ്റേദിവസം എനിക്ക് ജോലിക്ക് ചേരണം. എന്തായാലും ആ പൊടിക്കാറ്റിലൂടെ ഞങ്ങൾ ഹസാർഡ് ലൈറ്റും മിന്നിച്ച് മെല്ലെ മെല്ലെ നീങ്ങി. വളരെ മെല്ലെ എന്ന് പറഞ്ഞാലോ അത്രയും മെല്ലെ. കാറ്റ് മുൻപിൽ മുഴുവൻ മണൽ വാരി എറിയുന്നു. ഒരു മഴ പെയ്താൽ അടങ്ങും. പക്ഷെ മഴ പെയ്തില്ല. ഏകദേശം അറുപത് കിലോമീറ്ററോളം കഴിഞ്ഞപ്പോ പൊടിക്കാറ്റിന് ഒരു ശമനം കിട്ടി. ഞങ്ങൾ വണ്ടി നിർത്തി ഒന്ന് ഫ്രഷ് ആയി. ഉടൻ യാത്രയും തുടർന്നു. തിരിച്ച് വരുമ്പോ‍ൾ അബ്‌ഹ നഗരത്തിൽ കടക്കാതെ പുറമേ കൂടെ ഉള്ള ഡബിൾ റോഡിൽ കൂടെ ആയിരുന്നു സഞ്ചാരം. അത് സത്യത്തിൽ ആശ്വാസം തരുന്നതായിരുന്നു. സിംഗിൾ റോഡിലൂടെ രാത്രിയുള്ള യാത്ര, അതും മലനിരകൾക്കിടയിലൂടെ ഉള്ളത് വളരെ അപകടം നിറഞ്ഞതായിരിക്കും.
രാത്രി മുഴുവൻ ഡ്രൈവ് ചെയ്ത് ഞങ്ങൾ വാഡി ദവാസിറിൽ എത്തി. അപ്പോഴാണ് കൂട്ടത്തിലുള്ളവർക്ക് ഹുക്ക വലിക്കാൻ മോഹം. രണ്ട് മൂന്ന് പെട്രോൾ ബങ്കുകൾ അന്വേഷിച്ച് ഒരു സ്ഥലത്ത് നിർത്തി. ഞങ്ങൾ ഹുക്ക വലിക്കാൻ കയറി. കടയുടമ ഹുക്കകളും അതിലിടേണ്ട സാധനങ്ങളും ഒക്കെ തയ്യാറാക്കി കൊണ്ട് വന്നു. ഞങ്ങൾ വലിച്ച് തുടങ്ങി. താമസിയാതെ ഒരു ശബ്ദവും ബഹളവും കേട്ടു. നോക്കിയപ്പോൾ പെട്രോൾ ബങ്ക് കത്തുന്നു. എന്ത് സംഭവിക്കും എന്ന് അറിയാത്തതിനാൽ ഞങ്ങൾ ഹുക്ക എല്ലാം അവിടെ ഇട്ട് ഓടി കാറിൽ കയറി കാർ വിട്ടു. അല്പം മാറ്റി കാർ നിർത്തി തിരിഞ്ഞ് നോക്കിയപ്പോഴും ബഹളം ശമിച്ചിരുന്നില്ല. പലരും ഓടുന്നു. വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്നു. തൊട്ടടുത്ത് തന്നെ രണ്ട് വലിയ പെട്രോൾ ടാങ്കറുകൾ. പെട്രോൾ ബങ്കിലെ പാവം ജീവനക്കാർ ജീവഹാനി ഭയക്കാതെ തീയണക്കാൻ ശ്രമിക്കുന്നു.

തുടർന്ന് അവിടം വിട്ട ഞങ്ങൾ റിയാദിൽ നിന്നും ഏകദേശം നൂറ്റിയമ്പത് കിലോമീറ്റർ മുൻപ് ഒരു പെടോൾബങ്കിലെ ചായക്കടയിൽ കയറി കാപ്പി കുടിച്ചു. വഴിയിൽ ഉടനീളം കവ എന്നറിയപ്പെടുന്ന അറേബ്യൻ പാനീയം ഞങ്ങൾ കുടിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഉറക്കം വരാതിരിക്കാനായി പല പല കഥകളും പറയുന്നുണ്ടായിരുന്നു.

ഇരുപത്തിരണ്ടാം തീയ്യതി ബുധനാഴ്ച്ച രാവിലെ എട്ട് മണിയോടെ ഞങ്ങൾ വീട്ടിലെത്തി. നോക്കിയപ്പോൾ 2,645.20 കിലോമീറ്റർ ഞങ്ങൾ ഓടിയിരിക്കുന്നു! ദൂരത്തിലെന്ത് കാര്യമിരിക്കുന്നു? പലവിധത്തിലും മറക്കാനാവാത്ത ഒരു യാത്ര അല്ലേ കഴിഞ്ഞത്!


അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...