13 ഒക്‌ടോബർ 2012

കണ്ണീരും കിനാവും...

സ്വന്തം വേരുകൾ അന്വേഷിക്കുക എന്നത് രസമുള്ള കാര്യമാണ്. ഞാനെന്തുകൊണ്ട് ഇങ്ങനെ എന്ന് വല്ലപ്പോഴെങ്കിലും സ്വയം ചോദിക്കുന്ന ചോദ്യത്തിനു കാരണം ചിലപ്പോൾ കിട്ടിയേക്കാം. അല്ലേ? കിട്ടിയാലും ഇല്ലെങ്കിലും നമ്മുടെ പൂർവികരെ പറ്റി എഴുതിയിരിക്കുന്നത് വായിക്കുക എന്നത് ഒരു രസം തന്നെ ആണ്. അതും നല്ല കവിത തുളുമ്പുന്ന മലയാളത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ എന്ത് രസാന്നോ!
അങ്ങനെ ആണ് ഞാൻ വി.ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ ആയ ‘കണ്ണീരും കിനാവും’ വായിക്കുന്നത്. അതിൽ അദ്ദേഹം എന്റെ പൂർവ്വികരെ പറ്റി എഴുതിയിട്ടുണ്ട്. അത് വായിച്ചപ്പോ എനിക്ക് എന്നെ പറ്റി സ്വയം ഒന്ന് മനസ്സിലാക്കാൻ പറ്റി. അതിലേറെ അന്നത്തെ എന്റെ നാടിനെ അദ്ദേഹം എന്ത് ഭംഗിയായാണ് വിവരിച്ചിരിക്കുന്നത് എന്ന് ഞാൻ അന്തം വിട്ടു. 

വി.ടി കണ്ട മുതുകുറുശ്ശി അല്ല എനിക്ക് പരിചയം ഉള്ള മുതുകുറുശ്ശി. ‘തള്ളേത്തല്ലി’കൾ ഒക്കെ എനിക്കും കണ്ട് പരിചയമുണ്ട്. ‘കൊട്ടം‌പടി’ എന്താന്ന് മനസ്സിലായില്ല. ഓർമ്മവരുന്നില്ല. എന്റെ കാലമായപ്പോഴേക്കും അവിടെ ഒരു അപ്പർ പ്രൈമറി സ്കൂളും റോഡും ഒക്കെ വന്നിരുന്നു. ഇലക്ട്രിസിറ്റി ഞാൻ ജനിച്ചതിനുശേഷം ആണ് വന്നിരിക്കുന്നത് എങ്കിലും എനിക്ക് വൈദ്യുതി ഇല്ലാതെ ഉള്ള മുതുകുറുശ്ശിയെ ഓർമ്മയില്ല. ആദ്യമായി വൈദ്യുതി വന്നതും, ട്രാൻസ്പോർട്ട് ബസ്സും പ്രൈവറ്റ് ബസ്സും ഒക്കെ സർവീസ് നടത്തിയതും ഒക്കെ പടിഞ്ഞാറെ പൂമുഖത്ത് കഴുക്കോലിന്റേയും ഉത്തരത്തിന്റേയും മുകളിൽ ചോക്കുകൊണ്ട് എഴുതി വെച്ചിരുന്നു. അനവധി തവണ വായിച്ചതാണെങ്കിലും എനിക്ക് ആ തീയ്യതികൾ ഒട്ടും ഓർമ്മയില്ല. :(

അത് പോലെ തെക്കിനിയുടെ ചുമരിൽ വരച്ചിരിക്കുന്ന പുലിയുടേയും വേട്ടക്കാരന്റേയും ചിത്രം ഞാൻ ആവുമ്പോഴേക്കും പത്തായപ്പുരയുടെ തെക്കെ ചുമരിലേക്ക് മാറിയിരുന്നു. അത് എന്ന് എപ്പോ എങ്ങനെ പത്തായപ്പുരയിലേക്ക് എത്തി എന്ന് അറിയില്ല. അതോ അന്ന് തെക്കിനിയുടെ ചുമരിലും പത്തായപ്പുരയുടെ ചുമരിലും ഒക്കെ ആ ചിത്രം ഉണ്ടായിരുന്നോ ആവോ! എന്തായാലും തെക്കെ പൂമുഖത്തെ മാളികയുടെ മുകളിൽ തടികൊണ്ടുള്ള ഒരു അയ്യപ്പന്റെ എന്ന് തോന്നിക്കുമാറുള്ള ഒരു ശിൽ‌പ്പം ഉണ്ടായിരുന്നു. അൽ‌പ്പം ഭാവനാവിലാസം വേണ്ടി വരും അത് മനസ്സിലാക്കുവാൻ. ആ ശിൽ‌പ്പം ഇപ്പോ എന്റെ കയ്യിൽ ഉള്ള ഫോട്ടോകളിലും വീഡിയോകളിലുമൊക്കെ കാണാം. വിസ്താരഭയത്താലാവണം അതിന്റെ പിന്നിലുള്ള കഥ വി.ടി.ഭട്ടതിരിപ്പാട് എഴുതിയിട്ടില്ല. 

എന്റെ അച്ഛന്റെ പേരും ബ്രഹ്മദത്തൻ എന്നാണ് എങ്കിലും ഇതിൽ പറയുന്ന ബ്രഹ്മദത്തൻ എന്റെ മുത്തച്ഛന്റെ ആരായി വരും എന്ന് എനിക്കറിയില്ല. പാപ്പുവോപ്പോളും എനിക്കറിയാത്ത എന്റെ പൂർവികരിൽ പെടും. എന്തായാലും എന്റെ ഇല്ലത്തുള്ളവർ പണ്ട് മുതലേ അൽ‌പ്പം ഉൽ‌പ്പതിഷ്ണുക്കളായിരുന്നു എന്നത് എനിക്ക് സന്തോഷം തോന്നുന്ന കാര്യമാണ്. 

പടിഞ്ഞാറെ മുറ്റത്തുള്ള പ്ലാവും, കുളത്തിലേക്ക് പോകുന്നവഴിക്കുള്ള പുളിയും ഒക്കെ എനിക്കും നല്ല കണ്ട് പരിചയമാണല്ലൊ. പക്ഷെ പടിഞ്ഞാറെ മുറ്റത്തെ പ്ലാവ്, വി.ടി കണ്ടതാവില്ല ഞാൻ കണ്ട പ്ലാവ്. ഉറപ്പില്ല. പുളി ആയിരിക്കാം. കാരണം ആ പുളിയുടെ കഥ ഒക്കെ അങ്ങനെ ആയിരുന്നല്ലൊ.

ഇതൊക്കെ ഒരാവർത്തി വായിച്ച് തീർന്നപ്പോൾ ഉള്ള തോന്നലുകൾ. എങ്ങനെ വായിച്ചു എന്നറിയണ്ടേ? അത് മറ്റൊരു ഗുലുമാൽ. വെറുതെ ഉറക്കെ വായിക്കാൻ തോന്നി. കുട്ടിക്കാലത്തെ പോലെ ഉറക്കെ വായിച്ചു. ചുമച്ച് ചുമച്ച് വെള്ളം കുടിച്ചു. അപ്പോഴാണ് അറിയുന്നത് സംസ്കൃതം ഒന്നും കൃത്യമായി വായിക്കാൻ എനിക്കറിയില്ലാന്ന്‌. സംസ്കൃതം മാത്രമല്ല, നല്ല്ല മലയാളത്തിൽ അൽ‌പ്പം അപരിചിതപദങ്ങൾ എഴുതിയാൽ അത് കൂട്ടി വായിക്കാൻ അറിയില്ല എന്ന് ദുഃഖസത്യം ഞാൻ മനസ്സിലാക്കി. ആ സത്യം ഇടക്കിടക്ക് സ്വയം ഓർമ്മപ്പെടുത്താൻ വേണ്ടി ഞാൻ എന്റെ വായന റിക്കോർഡ് ചെയ്തു. ഇനിയെങ്കിലും നന്നാവുമോ ആവൊ!

മുൻപത്തെ പോലെ തന്നെ മനസ്സിൽ വായിച്ചാൽ മത്യാർന്നു.. സ്പീഡിൽ എല്ലാം വായിച്ച് പോവാർന്നു... :( 

ദാ കേട്ടോളൂ ...

http://soundcloud.com/sunilkumarmb/kanneerum_kinavum_by_vt_bhatathiripad_audio

ഇതൊന്നും പോരാത്തതിനു ‘കണ്ണീരും കിനാവും’ ഓഡിയോ ബുക്ക് എന്ന് ഈ റിക്കോർഡിങ്ങിനു ഞാൻ പേരുമിട്ടു....

മുതുകുറുശ്ശി മനയുടെ ഫോട്ടോ    പഴയ മുതുകുറുശ്ശിയുടെ ഒരു ഫോട്ടോ


അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...