06 ഫെബ്രുവരി 2015

തുരുത്ത് - സാവിത്രി റോയ്

1978ൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച് ദേശാഭിമാനി ബുക്ക് ഹൗസ് വിതരണം ചെയ്ത പുസ്തകമാണ്. സാവിത്രി റോയുടെ "തുരുത്ത്" എന്ന നോവൽ. പരിഭാഷ ശ്രീ എം. എൻ. സത്യാർത്ഥി.
സാവിത്രി റോയുടെ പദ്മ മേഘ്ന, നെല്ലിന്റെ ഗീതം  എന്നിവയൊക്കെ മലയാളത്തിൽ വന്നിട്ടുണ്ട്. എം. എൻ. സത്യാർത്ഥി തന്നെ ആണ് പരിഭാഷ നിർവഹിച്ചിരിക്കുന്നതും.
സാവിത്രി റോയ് ഈ നോവലെഴുതുന്നത് 1972ൽ ആണെന്ന് നെറ്റിൽ കണ്ടു. മറ്റൊന്നും ഈ എഴുത്തുകാരിയെ പറ്റി നെറ്റിൽ ഇല്ല. ഈ നോവൽ ഇപ്പോൾ  മാതൃഭൂമി ബുക്സ് ആണ് ഇറക്കുന്നത് എന്ന് തോന്നുന്നു. ഏതായാലും എന്റെ കയ്യിൽ ഉള്ളത് ആ പഴയ ദേശാഭിമാനി ബുക്ക്‌ഹൗസിന്റെ തന്നെ പതിപ്പാണ്. അതും ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ വായിച്ച അതേ പുസ്തകം.

ഞാൻ വളരുമ്പോൾ വായിച്ച ഒരു പുസ്തകം വീണ്ടും ഈ സമയത്ത് വായിക്കുക രസകരമായ കാര്യമാണ്. പഴയ പുസ്തകം. തൊട്ടാൽ പൊടിയുന്ന ഏടുകൾ. ആ പഴയ കവർ. അതിൽലെന്റെ കയ്യക്ഷരവും.


കിഴക്കൻ ബംഗാളിൽ നിന്നും വന്ന് കൽക്കത്തയിലെ ഒരു മുസ്ലീം ഡൊമിനേറ്റഡ് ചേരിയിൽ വന്ന് കുടിപാർക്കുന്ന ധീമാൻ ചൗധരി, അദ്ദേഹത്തിന്റെ ഭാര്യ ഖാന ചൗധരി, മകൻ ഈശു, ധീമാന്റെ അനിയത്തി ധ്രുവ പിന്നെ സാഗരൻ, താര, ജൂരാൻ‌മിയ, ജൂരാൻമിയയുടെ മകൾ സുഹ്ര, ഫക്കീർ ബാവ തുടങ്ങി  അനവധിപേരുണ്ട് കഥാപാത്രങ്ങളായി.

നോവൽ ചെറിയ ചെറിയ വാചകങ്ങളിൽ  സംഭവങ്ങൾ വിവരിച്ച് വളരെ വേഗം മുന്നേറുന്നു. സംഭവങ്ങളും കാലവും പോകുന്നത് അതിവേഗമാണ്. കവിതയും ഇമേജറികളും ധാരാളമുണ്ട്. ഇന്നത്തെ കാലത്ത് അതൊക്കെ ആസ്വദിക്കാൻ പറ്റ്വോ ആവൊ!

വിഭജനക്കാലം. 1962ൽ കൽക്കത്തയിൽ കലാപം. അതിന്റെ ഒക്കെ പശ്ചാത്തലത്തിൽ ചേരികളിൽ കമ്യൂണിസ്റ്റ് പാർട്ടി എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് കാണിച്ചുതരുന്ന ഈ നോവലിൽ
കമ്യൂണിസത്തിന്റെ ശോണിമയിൽ മുങ്ങിയ അനവധി വാചകങ്ങൾ ഇതിലുണ്ട്.  അവയ്ക്കൊന്നും ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

"നമുക്ക് ലോകത്തെ മനുഷ്യന്റെ അടുത്തേക്ക് പിടിച്ച് കൊണ്ടുവരണം.. " എന്ന് വായിക്കുമ്പോൾ അതിനു കമ്യൂണിസത്തിന്റെ ഛായ തോന്നിയാലും ഇല്ലെങ്കിലും ഈ മാറിയ കാലത്തും വർഗ്ഗീയ കലാപങ്ങൾ, ജാതിമതത്തിലൂന്നിയ വിവേചനങ്ങൾ കലാപങ്ങൾ എന്നിവയൊക്കെ തൊട്ടടുത്ത് നിൽക്കുന്നുണ്ട് എന്ന് ബോധമുള്ള ഏതൊരാൾക്കും ഒന്ന് ഇളകി ഇരിക്കാതിരിക്കാൻ പറ്റില്ല.

"വർണ്ണങ്ങൾ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു. അന്വേഷിച്ചിട്ടും കണ്ടുകിട്ടാൻ കഴിയാത്ത ഒരു നിറം  അന്ധകാരത്തിൽ  ഇഴുകിച്ചേർന്നിരിക്കുന്നു. പ്രദോഷം  പോലെ പ്രശാന്തമായ ഒരു നിറത്തിന്റെ നിഴൽ  ഉൾത്തടത്തിൽ ശാഖകൾ വിരിച്ചു നിൽക്കുന്നു."
ഈ വാചകം തർജ്ജുമയുടെ മനോഹാരിത കാണിയ്ക്കുന്നു.

(ഇത് വായിച്ചപ്പോൾ എനിക്ക് പഴയ ഓർമ്മ വന്നു. അതിരാവിലെ എഴുന്നേറ്റ് കിഴക്ക് നോക്കി കിടക്കുക എന്നത് എന്റെ ഒരു ശീലമായിരുന്നു. വൈകുന്നേരത്തെ സന്ധ്യയിൽ കുളത്തിലേക്കുള്ള വഴിയിൽ കൽപ്പടവുകളിൽ മലർന്ന് കിടന്ന്  ആകാശം കാണും. രാത്രി കൂട്ടുകാരൊത്ത് റോട്ടിലോ  പറമ്പിലോ മലർന്ന് കിടന്ന്  ആകാശം കാണും.)

"ജീവിതം ആനന്ദപൂർണ്ണമാക്കി   തീർക്കാൻ  രാഷ്ട്രീയം കൂടാതെ മറ്റു മാർഗമൊന്നുമില്ല." എന്ന് "ധ്രുവ" എന്ന സ്ത്രീ കഥാപാത്രം തുറന്നടിച്ച് പറയുന്നുണ്ട്. ഇന്ന് നമ്മൾ കലാലയരാഷ്ട്രീയം വേണ്ടാ എന്ന ലെവലിലാണല്ലൊ എത്തി നിൽക്കുന്നത്.

ഏറ്റവും എനിക്ക് അത്ഭുതം കൂറിയത് ബസ്സിൽ സഞ്ചരിക്കുമ്പോൾ  ഉണ്ടാകുന്ന "എർത്തിങ്ങ്" നെ  എങ്ങനെ എതിരിടണം എന്ന് സീരിയസ്സായി സ്ത്രീകൾ ചർച്ച ചെയ്യുന്നത് വായിച്ചപ്പോഴാണ്. ഇന്നും നമ്മുടെ സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നം!

"വീട്ടു വാതിൽക്കൽ എത്തിനിന്ന് കാർക്കിക്കുന്ന അഴിമതിയെയും ദുരന്തത്തെയും കണ്ണാടിപോലെ കാണുന്നു.." എന്ന് "വെള്ളെഴുത്ത്" ഒരു അഫ്ഘാൻ നോവൽ വായിച്ചതിനെ പറ്റി എഴുതി കണ്ടു. ആ അഫ്ഘാൻ നോവൽ കാലികം ആയ കഥ എങ്കിൽ ഞാൻ വായിച്ച ഈ നോവൽ ഞാൻ ജനിയ്ക്കുന്നതിനു മുൻപ് നടന്ന സംഭവങ്ങളെ പറയുന്നു. എന്നിരുന്നാലും "വെള്ളെഴുത്തി"ന്റെ വാചകം ഇവിടേയും യോജിയ്ക്കും എന്ന് തീർച്ച.

"വെള്ളെഴുത്തി"
ന്റെ മുകളിലെ വാചകം 'ക്ഷ' പിടിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...