28 മാർച്ച് 2015

മനുഷ്യനു ഒരു ആമുഖം - സുഭാഷ് ചന്ദ്രൻ

ചരിത്രം എന്താന്ന് എനിക്ക് ഇപ്പോഴും അറിയില്ല്യ. ഞാനും ഇപ്പോഴും ഒരു ശീലം എന്ന നിലയ്ക്ക് ഫോട്ടോകളും വീഡിയോകളും ഇതു പോലെ ഉള്ള വായനാക്കുറിപ്പുകളും  ഒക്കെ സൂക്ഷിക്കാറുണ്ട്. പണ്ട് കത്തെഴുതുന്ന സ്വഭാവമുള്ള കാലത്ത് ദീര്‍ഘങ്ങളായ ചരിത്ര നിര്‍മ്മിതികള്‍ തന്നെ നടത്തിയിരുന്നു എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ദൈവത്തിന്റെ മടിയിലാണ്‌ അപ്പോള്‍ നാം എന്ന് സുഭാഷ് ചന്ദ്രന്‍. ഇന്ന് ഈ നെറ്റിന്റേയും മൊബൈലിന്റേയും കാലത്ത് ദൈവത്തിന്റെ മടിയില്‍ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ട് നാം എന്ന് എനിക്കും തോന്നാറുണ്ട് ട്ടൊ. അതാണല്ലോ നൊസ്റ്റാള്‍ജിയ.

എനിക്ക് കഥ വായിക്കുന്നതിനേക്കാള്‍ ഇഷ്ടം ആഖ്യായികകള്‍ വായിക്കുന്നതാണ്‌. രാകേഷ് ചൌരസ്യയുടേയും സക്കീര്‍ ഹുസ്സൈന്റേയും യൂറ്റ്യൂബ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഇരുന്ന് സുഭാഷ് ചന്ദ്രന്റെ മനുഷ്യനു ഒരു ആമുഖം വായിക്കാന്‍ രസമായിരുന്നു.

1999ല്‍ എഴുതിയ കത്തുകളുടെ പശ്ചാത്തലത്തിലാണ്‌ സുഭാഷ് ചന്ദ്രന്റെ തന്റെ ആഖ്യായിക പറഞ്ഞ് തീര്‍ക്കുന്നത്. ഏറെ ക്കുറെ എല്ലാ അദ്ധ്യായങ്ങളുടേയും ആദ്യത്തില്‍ കാണുന്ന ആ കത്തുകളുടെ ചെറിയ ഖണ്ഡികകള്‍ ചെലത് മാത്രമേ എനിക്ക് ഇഷ്ടപ്പെട്ടുള്ളൂ. ഈ കത്തുകളും കഥയും ഒക്കെ ഉള്ള ബന്ധം അറിയണമെങ്കില്‍ അവസാനം വരെ വായിക്കണം. ഭ്രമാത്മക എന്ഡിങ്ങ് എന്നൊക്കെ പറഞ്ഞാല്‍ ചീളുകേസാവും എന്നാലും കൂടുതല്‍ ഭാഷ എന്റെ കയ്യിലില്യാത്തതിനാല്‍ അങ്ങനെ തന്നെ പറയുന്നു.

ഒരു ആളുടെ കഥയായും ഒരു കുടുംബത്തിന്റെ കഥയായും ഒരു ദേശത്തിന്റെ കഥയായുമൊക്കെ ചരിത്രമെഴുതാം. ദേശത്തിന്റെ കഥയും ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും ഡോണ്‍ ശാന്തമായി ഒഴുകുന്നതും ഒക്കെ ഇത്തരം ചരിത്ര നിര്‍മിതികള്‍ തന്നെ ആണല്ലൊ.

മലയാളഭാഷയിലും ആഖ്യാനത്തില്‍ ഒരു പ്രത്യേകഭംഗി തന്നെ ഇതില്‍ കാണാം. ആലുവ എന്നത് തിരുവിതാംകൂറിന്റെ ഇങ്ങേ അതിര്‍ത്തിയായിരുന്നു. എന്നാല്‍ അത് മദ്ധ്യകേരളവുമാണ്‌. കുറച്ച് കൂടെ അപ്പുറത്തുള്ള മലബാറിലാണ്‌ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. അതിന്റെ പശ്ചാത്തലമുള്ള കൃതികളോടു എനിക്ക് ഒരു  ഇഷ്ടക്കൂടുതല്‍ ഉണ്ടാവുന്നതും സ്വാഭാവികം. എന്ന് വെച്ച് തിരുവിതാംകൂര്‍ പശ്ചാത്തലമുള്ള കൃതികള്‍ ഇഷ്ടമല്ല എന്നില്ല്യ. പക്ഷെ ഞാന്‍ അത്തരം കൃതികള്‍ ഇതുപോലുള്ളവ അധികം വായിച്ചിട്ടുണ്ടോ എന്ന് ഓര്‍മ്മിച്ചെടുക്കാന്‍ പറ്റുന്നില്യ.

അയ്യങ്കാളി,ചട്ടമ്പിസ്വാമികള്‍,നാരായണഗുരു എന്നിങ്ങനെയുള്ള വ്യക്തികള്‍ ചരിത്രനിര്‍മ്മാണം സാദ്ധ്യമാക്കിയതിന്റെ മുകളിലാണ്‌ കമ്യൂണിസ്റ്റുകാര്‍ പണിതത് എന്ന് സുഭാഷ് ചന്ദ്രന്‍ ഇതില്‍ പറയാതെ പറഞ്ഞുവെച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നി. തെറ്റോ ശരിയോ എന്നതല്ല ആ പറച്ചില്‍ ഒരു  ആഖ്യായികയില്‍ ഞാന്‍ ആദ്യം വായിക്കുകയാണ്‌ എന്ന് തോന്നി. എന്റെ ചുരുങ്ങിയ വായന ആയിരിക്കാം.
അതിന്റോപ്പം ശശി എന്ന ചെറുപ്പക്കാരന്‍ മണല്‍വാരലും രാഷ്ട്രീയവുമൊക്കെ ആയി കമ്യൂണിസ്റ്റ്പാര്‍ട്ടിയിലൂടെ പഞ്ചായത്ത് പ്രസിഡന്റ് ആവുന്നു എന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നുണ്ട്. എനിക്ക് ആകെമൊത്തം കാലഘട്ടനിര്‍മ്മിതിയില്‍ ഈ ആഖ്യായികയില്‍ എന്തോ താളക്കേട് തോന്നി. കൃത്യമായി പറയാന്‍ ഞാനാളല്ല. പിന്നെ ഒരു ആഖ്യായികയില്‍ ചരിത്രം വരാമെന്നല്ലാതെ അത് സത്യമാവണമെന്ന വാശി ഒന്നും എനിക്കില്യാ.

ഞാന്‍ ജനിച്ച് വളര്‍ന്ന മലബാറില്‍ ജന്മി കുടിയാന്‍ ബന്ധവും ജാതി വ്യവസ്ഥിതിയുമൊക്കെ ശക്തമായിരുന്നു. നമ്പൂരിമാര്‍ തന്നെ ആയിരുന്നു മിക്കവാറും സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ ഉണ്ടായിരുന്നത്. അല്ലെങ്കില്‍ സവര്‍ണ്ണര്‍ എന്ന് ചുരുക്കം പറയാം. അങ്ങനെ ഉള്ളവരെ ഒന്നും താഴ്ന്ന കുലത്തിലുള്ളവരെന്ന് ധരിക്കുന്നവര്‍ പേരെടുത്തോ ജാതിപ്പേരുപറഞ്ഞോ സംബോധന ചെയ്തിരുന്നില്യാ. അതിനു വിപരീതമായി ചെലത് ഈ കൃതിയില്‍ ഞാന്‍ വായിച്ചു. തിരുവിതാംകൂറിന്റെ അന്നത്തെ വ്യവസ്ഥയും മലബാറിന്റെ അന്നത്തെ വ്യവസ്ഥയും തമ്മില്‍ അത്ര വ്യത്യാസമുണ്ടായിരുന്നുവോ എന്നും എനിക്ക് സംശയം തോന്നി. അതുകൂടെ കണക്കാക്കിയാണ്‌ ഞാന്‍ കാലഘട്ടനിര്‍മ്മിതിയില്‍ പിശക് ഉണ്ട് എന്ന് പറഞ്ഞത്. മുന്നേ പറഞ്ഞപോലെ ശരികള്‍ മാത്രമേ ഒരു ആഖ്യായികയില്‍ വരാവൂ എന്ന് എനിക്ക് നിര്‍ബന്ധമില്യാത്തതിനാല്‍ കൂടുതല്‍ പെരുപ്പിക്കുന്നില്യാ.

ആരാച്ചാറായാലും ഏകാന്തതയുടെ നൂറുവര്‍ഷങ്ങളായാലും ഇത്തരം ആഖ്യായികകള്‍ക്ക് ഒപ്പം മട്ടിയ്ക്കുക എന്നൊരു സംഗതിയുമുണ്ട്. ഗുണവും ദോഷവുമല്ല, പഞ്ചാരപ്പായസം അധികം കഴിച്ചാലും മട്ടിയ്ക്കുമല്ലൊ. അതുപോലെ ഒരു അവസ്ഥാവിശേഷം എനിക്ക് ഇതിലും തോന്നി. അത് പഞ്ചാരപ്പായസത്തിന്റെ കഥ പറഞ്ഞപോലെ തന്നെ ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒരു സൈഡ് എഫക്റ്റ് ആണ്‌. നമുക്ക് ഇടയ്ക്ക് നാരങ്ങാ അച്ചാര്‍ കൂട്ടാം എന്നിട്ട് പിന്നേം പഞ്ചാരപ്പായസം കഴിക്കാം.

ആഖ്യാനശൈലികൊണ്ടും മലയാളഭാഷയുടെ ഭംഗികൊണ്ടും എല്ലാംകൊണ്ടും ഞാന്‍ വായിച്ച ഒരു നല്ല കൃതി തന്നെ മനുഷ്യനു ഒരു ആമുഖം.

ഇനി ഈ ആമുഖം കഴിഞ്ഞ് എന്നാണാവോ മനുഷ്യന്റെ കഥ തുടങ്ങുക എന്ന് അന്തം വിട്ടിരിക്കുന്ന സ്മൈലി !

3 അഭിപ്രായങ്ങൾ:

© Mubi പറഞ്ഞു...

വായിച്ചതാണ്... പുനര്‍വായനക്ക് വീണ്ടും എടുത്തു :)

SunilKumar Elamkulam Muthukurussi പറഞ്ഞു...

മുബീ.. പുനർവായന എന്റെ നിർദ്ദേശമല്ലാ ട്ടോ.. :) സ്വന്തം സഹിച്ചാ മതീ.. :) :)

Unknown പറഞ്ഞു...

ഓരോ വായനയിലും ഓരോ അർത്ഥം കൈവരുന്നുണ്ട്......

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...