22 ഓഗസ്റ്റ് 2015

മീനാക്ഷി മേമുദം ദേഹി..
ദീക്ഷിതർ കൃതി പൂർവികല്യാണി ഗമകക്രിയ രാഗം

മുത്തുസ്വാമി ദീക്ഷിതർ കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടിരുന്നവരിൽ ഒരാളാണ്. March 24, 1775 – October 21, 1835 ആണ് ജീവിതകാലം. ഏകദേശം അഞ്ഞൂറോളം കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ട്. മിക്കവയും സംസ്കൃതത്തിൽ ആണ്. അദ്ദേഹം സന്ദർശിച്ച ക്ഷേത്രങ്ങളിലെ ദേവന്മാരെ പറ്റിയൊക്കെ അദ്ദേഹം പാടിയിട്ടുണ്ട്. ശബരിമല വന്നതിനു അദ്ദേഹത്തിന്റെ ഹരിഹരപുത്രം.. എന്ന കൃതികൊണ്ട് ആളുകൾ സമർത്ഥിക്കുന്നു. "ഗുരുഗുഹ" എന്നതാണ് അദ്ദേഹം തന്റെ കൃതികളിൽ മുദ്രയായി സ്വീകരിച്ചിരിക്കുന്നപദം.

ഇന്നത്തെ തമിഴ് നാട്ടിലെ തിരുവാരൂർ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. രാമസ്വാമി ദീക്ഷിതർ സുബ്ബമ്മ ദമ്പതികൾക്ക് മൂത്തമകൻ. അച്ഛൻ രാമസ്വാമി ദീക്ഷിതരാണ് ഹംസധ്വനി എന്ന രാഗം കണ്ട്പടിച്ചത് എന്ന് പറയുമ്പോൾ മുത്തുസ്വാമി ദീക്ഷിതർക്കുള്ള സംഗീതപാരമ്പര്യം മനസ്സിലാവുമല്ലൊ. തൊട്ടടുത്തുള്ള വൈത്തീശ്വരം അമ്പലത്തിലെ മൂർത്തിയോട് പ്രാർത്ഥിച്ചാണ് മുത്തുസ്വാമി ദീക്ഷിതർ ജനിച്ചത് എന്നതിനാൽ മാതാപിതാക്കൾ അമ്പലത്തിലെ മൂർത്തിയുടെ പേരുതന്നെ അദ്ദേഹത്തിനും ഇട്ടതാണ്. രണ്ട് അനിയന്മാർ ബാലുസ്വാമി, ചിന്നസ്വാമി ഒരു അനിയത്തി ബാലാമ്പാൾ. കുടുംബപാരമ്പര്യമനുസരിച്ച് സംസ്കൃതവും വേദവും ഒക്കെ പഠിച്ചു. അച്ഛനിൽ നിന്ന് തന്നെ സംഗീതത്തിന്റെ അഭ്യസനവും തുടങ്ങി.

ചിദംബരനാഥ യോഗി എന്നൊരു വിദ്വാന്റെ കൂടെ അദ്ദേഹം ഇന്ത്യയിലെ പലഭാഗത്തും സഞ്ചരിച്ചു. കാശിയിൽ വസിക്കുമ്പോൾ ചിദംബരനാഥ യോഗി അദ്ദേഹത്തിനു ഒരു വിശിഷ്ട വീണ സമ്മാനം കൊടുത്തു എന്ന് കഥ. അധികം താമസിയാതെ ചിദംബരനാഥ യോഗി കാശിയിൽ വെച്ച് തന്നെ അന്തരിച്ചു. തിരിച്ച് തിരുവാരൂരിൽ എത്തിയ അദ്ദേഹം സമീപത്ത് ഉള്ള എല്ലാ അമ്പലങ്ങളിലേയും ദൈവത്തെ പ്രകീർത്തിച്ച് കൃതികൾ എഴുതി. അദ്ദേഹത്തിന്റെ യാത്രകൾ അദ്ദേഹത്തിനു പാശ്ചാത്യപൗരസ്ത്യസംഗീത വഴികളുമായും ഹിന്ദുസ്താനിസംഗീതവുമായി ഒക്കെ പരിചയപ്പെടാൻ അവസരം കൊടുത്തു. പാശ്ചാത്യസംഗീതനോട്ടുകൾ ശങ്കരാഭരണം രാഗത്തിൽ ചേർത്ത് അദ്ദേഹം കൃതികളെഴുതിയിട്ടുണ്ട്.

1835ലെ ഒരു ദീപാവലി ദിവസം അദ്ദേഹം പൂജകഴിഞ്ഞ് തന്റെ ശിഷ്യരോട് തന്റെ തന്നെ ആയ മീനാക്ഷി മേ മുദം എന്ന കൃതി ആലപിക്കാൻ ആവശ്യപ്പെട്ടു. തന്റെ കൃതികൾ ശിഷ്യർ ആലപിച്ച് കേൾക്കുന്നത് അദ്ദേഹത്തിനു ഇഷ്ടമായിരുന്നു. മീനാക്ഷി മേ മുദം എന്ന ഗമകക്രിയ(പൂർവ്വികല്യാണി)  രാഗത്തിലുള്ള കൃതി ശിഷ്യർ ആലപിക്കുമ്പോൾ അതിലെ മീനലോചിനി പാശമോചിനി.. അദ്ദേഹം കൈകളുയർത്തി "ശിവപാഹി" എന്ന് ചൊല്ലി ജീവൻ വെടിഞ്ഞു എന്ന് പറയപ്പെടുന്നു.

ഈ ഗാനം ടി.എൻ ശേഷഗോപാലൻ ആലപിക്കുന്നത് ഇവിടെ കേൾക്കാം. എനിക്ക് ഇഷ്ടപ്പെട്ടത്.


മീനലോചിനി പാശമോചിനി എന്ന് കേട്ടുകൊണ്ടാണ് ദീക്ഷിതർ മരിക്കുന്നത് എന്ന് ചരിത്രം പറയുന്നു. ഇത് കേൾക്കുമ്പോ എനിക്കൊരു സ്വപ്നം ഓർമ്മ വരും.
Meenakshi, Me Mudam Dehi – Give me eternal bliss.
*******************************************************************************************************************************

സ്വപ്നം:

പിംഗളകേശിനി എന്റെ അടുത്ത് വന്നതും ഇരുന്നതും ഒക്കെ ആയിട്ട് അതൊരു വല്ലാത്ത അനുഭൂതി തരുന്ന സ്വപ്നമായിരുന്നു. സ്വർണ്ണപ്രകാശം മനസ്സ് നിറയുന്നു സ്വർണ്ണനിലാവ്.
മൃദുവായ ശീതളിമ

ഞാനൊരു ഹോസ്പിറ്റലിലാണ്
അടിവയറിന്റെ എക്സ്രേ എടുക്കാൻ എക്സ്രേ മെഷ്യനിൽ കിടക്കുകയാണ്.
എക്സ്രേ ടെക്നീഷ്യനായിട്ട് ഒരു പെൺകുട്ടി. മിഡിയൊക്കെ ഇട്ട് അൽപ്പം തടിച്ച്. അവിടെ ആകെ ഒരു കസേരയേ ഉള്ളൂ ഇരിക്കാൻ. ഒരു മേശയും. അവളുടെ ആവശ്യത്തിനു ഉതകും.
അവളെന്നോട് എക്സ്രേ മെഷ്യനിൽ കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ കയറി ഇരുന്നു. എന്നാൽ വേഗം എക്സ്രേ എടുത്ത് എന്നെ പറഞ്ഞയക്കാൻ അവൾക്ക് ഒരു ധൃതിയുമില്യാ. അവൾ ആരേയോ പ്രതീക്ഷിക്കുന്നപോലെ ഉണ്ട്.

എനിക്കാണെങ്കിൽ എന്റെ അസുഖം എന്താന്ന് അറിയില്യാ. ഞാനൊട്ടും ഭയചികിതനുമല്ല. ശാന്തനാണ് ഞാൻ.
ഷർട്ടൊന്നും ഞാനിട്ടിട്ടില്യ. ഒരു മുണ്ട് മാത്രം. ലുങ്കി തന്നെ. എന്നാൽ വളരെ ലൈറ്റ് കളറയാത്. പണ്ട് ഞാനുദ്ദേശിക്കുന്ന പോലെ ഒരു ലുങ്കി എനിക്കുണ്ടായിരുന്നു ! അത് എങ്ങനെ കൃത്യമായി പറയുമിപ്പോ എന്ന് അറിയില്യാ. ഇഷ്ടമുള്ള ഒരു ലുങ്കി. കീറിപ്പോയി. :)

ഞാൻ ആ മെഷ്യനിൽ വെറുതെ കേറി മലർന്ന് കിടന്നു. മുകളിൽ എക്സ്രേ ലൈറ്റ് ഉണ്ട്. എക്സ്രേയ്ക്ക് ഞാൻ സ്വപ്നത്തിൽ കണ്ട അത്ര ലൈറ്റുണ്ടോ അതുപോലെ ആണോ ലൈറ്റ് എന്നൊന്നും ചോദിക്കരുത്.
ഞങ്ങൾ കിന്നാരം പറഞ്ഞ് സമയം കളയുകയാണ്.

കുറച്ച് കഴിഞ്ഞപ്പോ ഒരു സ്ത്രീ സാരിയുടുത്ത്, നല്ല വടിവുള്ള ശരീരം, വെളുപ്പ് കലർന്ന ബ്രൗൺ കളർ, മുഖത്തിനു സിൽക്ക് സ്മിതയുടെ കട്ട്, ഞങ്ങടെ സെക്കന്റ് ഇയർ കെമിസ്റ്റി എടുത്തിരുന്ന ശ്യാമള ടീച്ചറെ പോലെ. അവൾ വന്നപ്പോ എസ്ക്രേ ടെക്നീഷ്യൻ അവളോടു പറയുന്നു, എനിക്കറിയാം മാഡം വരുമെന്ന് അതിനാൽ ഞാൻ ഒന്നും ചെയ്തിട്ടില്യാ ട്ടൊ എന്ന്.

ഞാൻ ചിരിക്കുന്നു. എനിക്കും അറിയാം അവൾ വരുമെന്ന്.
അവൾ അവിടെ എം.ബി.ബി.എസ്സ് കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേഷനു പോകുന്നതിനു മുന്നേ ഉള്ള പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടറാണ്. ഞങ്ങൾ തമ്മിൽ ലവിലാ. പക്ഷെ ലവ് എന്നൊന്നും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടില്യാ. മരം ചുറ്റി പ്രേമം ഒന്നും നടന്നിട്ടില്യാ.
അടുത്ത് ഉണ്ടാവുമ്പോ തന്നെ ആ സാമീപ്യം സുഖം തരുന്നുണ്ട്.

എന്നിട്ടവൾ വന്ന് എക്സ്രേ മെഷ്യനൊക്കെ മുകളിലിക്കും താഴേക്കുമൊക്കെ ആക്കി അഡ്ജസ്റ്റ് ചെയ്ത്, പേടിക്കണ്ടാ ട്ടൊ എന്നൊക്കെ എന്നോട് പറയുന്നുണ്ട്. ഇടയ്ക്ക് വന്ന് എന്നെ തൊടുന്നുണ്ട്.
വല്ലാത്തൊരു ഫീലിങ്ങ് ആയിരുന്നു.

അവൾ ഒട്ടും ധൃതി പിടിയ്ക്കാതെ എക്സ്രേ എടുത്തു.
ഇതിനൊക്കെ സാക്ഷിയായി ചിരിച്ച് കൊണ്ട് എക്സ്രേ ടെക്നീഷ്യൻ പെൺകുട്ടിയുമുണ്ട്.
ഒരു തരം നിറവ് ഫീലിങ്ങ് ആയിരുന്നു അത് അപ്പോ എനിക്ക്. അതെന്ത് ഫീലിങ്സ് എന്ന് എന്നോട് ചോദിക്കരുത്. വാക്കുകളില്യാ.
ഒരു റോസാപ്പൂ പോലെ അവൾ.

എക്സ്രേ ഒക്കെ എടുത്ത് അവൾ പോയി. ഞാനും ആ എക്സ്രേ ടെക്നീഷ്യൻ പെൺകുട്ടിയും കൂടെ ഇരുന്ന് ഉച്ച ഭക്ഷണം അവൾ കൊണ്ട് വന്നത് ഷെയർ ചെയ്ത് കഴിച്ചു.  അവൾ എനിക്കുള്ളത് കരുതിയിരുന്നു എന്നത് കാര്യം. എന്നിട്ട് ഭക്ഷണം കഴിഞ്ഞ് ഞാൻ ആ എക്സ്രേ മെഷ്യനിൽ നിന്ന് ഇറങ്ങീട്ടില്യാ. എക്സ്രേ റൂമിനു വാതിലില്യാ. ഒരു തുണികർട്ടണാ.

ഉച്ചഭക്ഷണം കഴിഞ്ഞ് ഞാൻ പിന്നേം ആ മെഷ്യനിൽ തന്നെ കയറി കിടന്നു.
പിന്നെ ഡോക്ടർ ലേഡി എക്സ്രേ റൂമിലേക്ക് ഒരു വരവ് വരുന്നുണ്ട്. ആ തുണികർട്ടനൊക്കെ മാറ്റി. അതിനിടയിലൂടെ..
മനസ്സ് നിറഞ്ഞു പിന്നേം.

ഞാൻ ആ മെഷ്യനിൽ മലർന്ന് കിടന്നു. എന്റെ സ്ഥിരം പോസ്. കൈകൾ തലയിണയാക്കി.
അവൾ വന്നിട്ട് അധികാരത്തോടെ എന്റെ അടുത്ത് ആ മെഷ്യനിൽ കയറി ഇരുന്നു.
ടെക്നീഷ്യൻ അരികിലെ കസേരയിലും.
അപ്പോ വേണമെങ്കിൽ എനിക്കവളെ അരയിലൂടെ ചുറ്റി പിടിക്കാം. പക്ഷെ അതൊന്നും ഞാൻ ചെയ്യുന്നില്യാ.
സാമീപ്യം തന്നെ മനസ്സ് നിറയ്ക്കുന്നു. എന്റെ മാത്രമല്ല അവളുടേയും. രണ്ട് പേരുടേയും മുഖം കണ്ടാലതറിയാം.

അതിനിടയിൽ ഒരു സ്വർണ്ണമാല എവിടുന്ന് വന്നൂന്ന് അറിയില്യാ.
അല്ലെങ്കിലും സ്വപ്നത്തിൽ ചോദ്യം പാടില്യലൊ :)
ആ മാല എനിക്ക് എന്റെ അമ്മ തന്നത്.  അത്യാവശ്യം നീളമുണ്ട് അതിനു. ഉരുണ്ട ഡിസൈൻ.  അത്തൊരു മാലയും എനിക്ക് ഉണ്ട് ട്ടൊ. :)
മൂന്നുനാലുകൊല്ലം മുന്നേ അമ്മ നീ ഇത് ഇട്ടൊ എന്ന് എനിക്ക് തന്നതാ.
ആ മാല ഞാൻ അവൾക്ക് കൊടുത്തു. ആ സമയത്തെ ഫീലിങ്ങ്സ് ഒന്നും എഴുതാൻ എനിക്ക് വാക്കുകൾ ഇല്യാ.

ഒരു സുന്ദരശീതള കാറ്റ്. റോസാപ്പൂവിന്റെ എളിമയായ മണം. നിറവിന്റെ അനുഭൂതി.
ആ അനുഭൂതിയിൽ ഞാൻ ഉണർന്നു
അവളുമായുള്ള, പറയാതെ രണ്ട് പേർക്കും അറിയാവുന്ന സ്നേഹം. ആ അനുഭൂതി. ആ അണ്ടർസ്റ്റാന്റിങ്ങ്. അവ്യാച്യം !
പ്രണയമാണോ അത്?

എന്തായാലും ഞാനുണർന്നു.
ഞാനെന്റെ സോഫയിൽ വന്നിരുന്നു. സോഫയുടെ കൈകളിൽ എന്റെ തൊട്ടടുത്ത് അവളുണ്ട് എന്ന് എനിക്ക് തോന്നി.
പിംഗളകേശിനിയും പിംഗളവർണ്ണയുമായ അവൾ. (ആരോഗ്യനികേതനം എന്ന താരാശങ്കർ ബന്ദോപാദ്ധ്യായുടെ നോവൽ)
അവൾ എന്റെ ഒപ്പം തന്നെ.
എല്ലായിടത്തും. എപ്പോഴും. കാണാമറയത്തെങ്കിലും നിഴൽ പോലെ.
അനുഭവിക്കുന്നുണ്ട് അവളുടെ ആ സാമീപ്യം.

മീനലോചിനീ പാശമോചിനീ.
മത്തിക്കണ്ണീ എന്റെ കെട്ടഴിക്ക് എന്ന് ദിലീപേട്ടന്റെ ചുവട് പിടിച്ച് എന്റെ(മുകളിലെ സ്വപ്നം) തർജ്ജുമ.
*********************************************************************************
മീനാക്ഷീ, മേ മുദം ദേഹി, മേചകാംഗീ, രാജമാതംഗീ

മത്തിക്കണ്ണീ, എനിക്ക് സന്തോഷം താ, നീലവര്‍ണ്ണീ, പെരിയ കാട്ടാളത്തീ (മാതംഗി - കിരാതി)

മാനമാതൃമേയേ മായേ മരകതഛായേ, ശിവജായേ
മീനലോചനി, പാശമോചിനി, മാനിനി, കദംബവനവാസിനി

അറിയപ്പെടുന്ന അറിവിന്റെ തായേ (മാനിക്കപ്പെട്ട മാതൃമേയ), ശെപ്പിടിവിദ്യക്കാരീ (മായ), പച്ചമുത്തേ (മരതകഛായ - റെസംബ്ലിങ് എമെറാള്‍ഡ്), ശിവന്റെ കെട്ട്യോളേ, അയലക്കണ്ണീ, കെട്ടഴിക്കുന്നോളേ (പാശം സംസാരബന്ധത്തിന്റെ കയ്റില്‍ നിന്ന് മോചിപ്പിക്കുന്നവള്‍), മാനിച്ചോളേ, കടമ്പക്കാട്ടില്‍ പാര്‍ക്കുന്നോളേ

മധുരാപുരിനിലയേ മണിവലയേ മലയധ്വജപാണ്ഡ്യരാജതനയേ
വിധുവിഡംബനവദനേ, വിജയേ, വീണാഗാന ദശഗമകക്രിയേ
മധുമദമോദിതഹൃദയേ, സദയേ മഹാദേവസുന്ദരേശപ്രിയേ
മധുമുരരിപുസോദരീ, ശാതോദരീ, വിധിഗുരുഗുഹവശങ്കരീ, ശങ്കരീ

മധുരാപട്ടണം താമസസ്ഥലമാക്ക്യോളേ (മധുരാ നാമ പുരി നിലയം യസ്യാ സാ), മണിമുത്തിന്റെ വള അണിയുന്നോളേ; സഹ്യക്കുന്ന് കൊടിയടയാളമായിട്ടുള്ള പാണ്ഡ്യരാജാവിന്റെ മോളേ (മലയ - സഹ്യാദ്രി, പടിഞ്ഞാറേ മലനിരകള്‍, അത് ധ്വജം - അടയാളമായിട്ടുള്ള അണ്ണന്‍), ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന മോറീ (വിഡംബന - പലേ അര്‍ത്ഥങ്ങളും ഉണ്ടെങ്കിലും ഇവിടെ റെപ്രെസെന്റ് എന്നത് യോജിക്കുന്നു, വിധുവിനെ വിഡംബനം ചെയ്യുന്ന വദന), ജയിക്കുന്നോളേ, വീണ വായിക്കുമ്പൊ പത്തു ഗമകങ്ങളും (സ്വരാലാപനവൈചിത്ര്യം) ഒരുപോലെ വായിക്കുന്നോളേ, മധുവിന്റെ (ഹണിയുടെ) മദത്തെ (അഹങ്കാരത്തെ) മോഹിപ്പിക്കുന്ന ഹൃദയള്ളോളേ, ദയേള്ളോളേ, മഹാദേവനായിരിക്കുന്ന സുന്ദരേശന് പ്രിയപ്പെട്ടോളേ, മധു, മുരന്‍ എന്നോരുടെ ശത്രുവിന്റെ പെങ്ങളേ, ഒട്ടിയവയറീ, വിധി, ബൃഹസ്പതി എന്നോരെ വശീകരിക്കുന്നോളെ, ശങ്കരന്റെ പകുതീ--

കീര്‍ത്തനത്തില്‍ ആകെ "ദേഹി" എന്ന ഒരു പൂര്‍ണ്ണക്രിയയേ ഉള്ളു. "മുദം" എന്നൊരു കര്‍മ്മവും (പ്രെഡിക്കേറ്റ് ). ബാക്കിയൊക്കെ സംബോധനകളും. അപ്പോള്‍ സംഗീതം തന്നെയാണ് പ്രധാനമായും എഴുതിയ ആള്‍ മനസ്സിരുത്തിയിട്ടുണ്ടാവുക.
(തർജ്ജുമ ആന്റ് കമന്റ് ബൈ ദിലീപേട്ടൻ)

എന്തായാലും എനിക്ക് ചാവുമ്പൊ പോത്തും കാളയും കാലനും ഒന്നും വേണ്ടാ പിംഗളകേശിനി മതീന്ന് 😂😂😂😂 ഞാൻ ഒന്നുമല്ലെങ്കിൽ ഒരു ആണാണല്ലൊ. ആരോഗ്യനികേതനം സിന്ദാബാദ്.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...