08 നവംബർ 2015

കൊടക്, സുവർണ്ണക്ഷേത്രം, ബേലൂർ പിന്നെ ഹലേബീഡും

കൂർഗിൽ (കൊടക് എന്ന് നമ്മളും കൊടവ നാട് എന്ന് അവരും പറയുന്ന കർണാടകസംസ്ഥാനത്തിലെ ഒരു ജില്ല)  പോകണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം വർഷങ്ങൾ ആയിരുന്നു. അതിനു പ്രധാനകാരണം അവിടെ ഉണ്ട് എന്ന് കേട്ടിരുന്ന ബുദ്ധവിഹാരം തന്നെ ആയിരുന്നു. ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ അങ്ങനെ കാത്ത് കാത്തിരുന്ന കൂർഗ് യാത്ര തരമായി. മഹാനവമിയ്ക്ക് സ്കൂള്‍ നാലുദിവസം അവധി. ആ സമയത്താണ്‌ ഞങ്ങള്‍ യാത്ര നടത്തിയത്.
കോഴിക്കോട് മാഹി വിരാജ്പേട്ട് വഴി ആയിരുന്നു ഞങ്ങൾ യാത്ര പോയത്. വടക്കൻ കേരളത്തിൽ ചിലഭാഗത്ത് റോഡിന്റെ ആരോഗ്യം മോശമായിരുന്നു. പരിചയമില്ലാത്ത വഴി പറഞ്ഞ് തന്നത് മാപ്പ് മൈ ഇന്ത്യയുടെ ജ്യോഗ്രഫിക്കൽ ഭൂപടങ്ങൾ നോക്കി, ഞങ്ങടെ മൊബൈലിനുള്ളിൽ ഇരിക്കുന്ന ഒരു സ്ത്രീ ശബ്ദമായിരുന്നു. അത് മലയാളത്തിൽ പറയുമായിരുന്നു. അത് കേട്ട് മക്കൾ അലറി ചിരിക്കുകയും ചെയ്യുമായിരുന്നു. 

കാലത്ത് നാലുമണിയോടെ ഞങ്ങൾ തൃശൂരിൽ നിന്ന് പുറപ്പെട്ടു. കോഴിക്കോട് കഴിഞ്ഞപ്പോൾ പ്രാതൽ കഴിച്ചു. പ്രാതലിനിരിക്കുമ്പോ ആയിരുന്നു ആലത്തിയൂർ നമ്പി മരിച്ച വിവരം അറിഞ്ഞത്. (21 ഒക്റ്റോബർ 2015 രാവിലെ 8 മണിയോടടുത്ത്) കർണ്ണാടകയിലെ കൂർഗ് ജില്ലയിലെ മടിക്കേരി എന്ന സ്ഥലമായിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം. മടിക്കേരിക്ക് മർക്കാറേ എന്ന് ഇംഗ്ലീഷ് നാമധേയം ഉണ്ട്. വിരാജ്പേട്ട് എത്തിയതോടുകൂടെ പ്രകൃതിയിൽ മാറ്റങ്ങൾ കണ്ട് തുടങ്ങി. എങ്ങ് നോക്കിയാലും പച്ചപ്പ്. ജനത്തിരക്ക് കുറവ്. പലവിധഭാഷകൾ. ഇവയൊക്കെ ആയാലും, പാടത്ത് നെല്ല് വിളയിക്കുന്നത് കാണുമ്പോ, ആഴ്ച്ചയിൽ ഒരു നേരം മാത്രം അരിയാഹാരം കഴിക്കുന്ന എനിയ്ക്കും കണ്ണിനും കരളിനും ഒരു സുഖം ഉണ്ടായിരുന്നു. 

ഉച്ചയോടെ ഞങ്ങൾ മടിക്കേരി ടൗണിൽ എത്തി. ടൗൺ അത്ര വലുതൊന്നും അല്ല. ജനത്തിരക്കും വളരെ കുറവ്. റോഡിന്റെ ആരോഗ്യം ഒകെ എന്ന് പറയാം. കൂർഗ് ജില്ല അഥവാ കൊടക് എന്ന് മലയാളികൾ പറയുന്ന പ്രദേശത്തിന്റെ തലസ്ഥാനമാണ് മടിക്കേരി നഗരം. മടിക്കേരിക്കോട്ടയ്ക്ക് ചുറ്റുമായി ആണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പണ്ട് നാട്ട് വംശരാജാക്കന്മാർ പണിത മൺകോട്ട ഹൈദരാലി/ടിപ്പുമാർ പുതുക്കി പണിതതാണ് നമ്മൾ ഇന്ന് കാണുന്ന മടിക്കേരി കോട്ട. പാലക്കാട് കോട്ടയുടെ അത്രപോലും വലുപ്പമില്യ ഈ കോട്ടയ്ക്ക്. ഇപ്പോൾ സർക്കാർ വക ആപ്പീസുകളും ആർക്കിയോളജിക്കൽ വകുപ്പിന്റെ ഒരു മ്യൂസിയവും ഒക്കെ ഈ കോട്ടയിൽ പ്രവര്‍ത്തിക്കുന്നു. 

കോട്ടയിൽ ഉള്ള  അമ്പലത്തിനു  ദസറ ആഘോഷങ്ങളിൽ പ്രാധാന്യമുണ്ട്. ഞങ്ങൾ ചെന്നപ്പോൾ ആഘോഷങ്ങൾക്കായി ഒരുക്കുന്ന ദേവിയുടേയും രാക്ഷസന്റേയുമൊക്കെ പടുകൂറ്റൻ പ്രതിമകൾ അവസാന മിനുക്കുപണികളിൽ ആയിരുന്നു.  ഒരു കൃസ്ത്യൻ പള്ളി കൂടെ കോട്ടയിൽ സ്ഥിതിചെയ്യുന്നുണ്ട്.  മിഴിവാർന്ന രണ്ട് ആനപ്രതിമകൾ കോട്ടയിലുണ്ട്. മ്യൂസിയത്തിൽ ഒരു മുറി ഫീൽഡ് മാർഷൽ കരിയപ്പയ്ക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നു. ഫീൽഡ് മാർഷൽ എന്ന പരമോന്നത ബഹുമതി ലഭിച്ച രണ്ട് സൈനിക മേധാവികളേ ഇന്ത്യാ ചരിത്രത്തിൽ ഇത് വരെ ആയി ഉള്ളൂ. ഒന്ന് കരസേനാമേധാവി ആയിരുന്ന ഫീൽഡ് മാർഷൽ എൻ.എം കരിയപ്പയും മറ്റേത് വ്യോമസേനാ മേധാവിയായിരുന്ന ഫീൽഡ് മാർഷൽ സാം മനേക്ഷായും. ഫീൽഡ് മാർഷൽ കരിയപ്പ കുടകുകാരനായിരുന്നു.

കുടകുകാരെ കൊടവർ എന്നപേരിലാണ് അറിയപ്പെടാറുള്ളത്. കൊടവർ പരമ്പരാഗതരായി ധൈര്യശാലികളും ആയോധനമുറകൾ അഭ്യസിച്ചവരും യോദ്ധാക്കളും ആയിരുന്നു. ഓരോ വീട്ടിലും തോക്കുകൾ കാണാമെന്നല്ല അവരുടേതായ ഒരു തരം കത്തികളും അവർ കൊണ്ട് നടക്കുകയും ചെയ്യാറുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. അതിനാൽ തന്നെ ആയുധപൂജ (ദസറ) ഒരു വലിയ ആഘോഷമാണ് കൊടവർക്ക്.  കന്നഡ, കൊടവ, അരേ ഭാഷ, യെരാവ, കുറുബ, നമ്മടെ മലയാളം എന്നിവയൊക്കെ ആണ് ഇവിടത്തെ സംസാരഭാഷ. അവരുടെ മലയാളം മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടായിരുന്നു. ഞാൻ എന്റെ മുറിഹിന്ദിയും ഉപയോഗിച്ചു നോക്കി തൃപ്തിപ്പെട്ടു. ഗൗഡസമുദായക്കാരാണ് ഭൂരിപക്ഷവും. 

ഈ കൊടവ നാട് ഭൂപ്രകൃതി ഒരു പ്രത്യേക സ്റ്റൈലാ. പണ്ട് പണ്ട് പർവതങ്ങൾക്ക് ചിറകുണ്ടായിരുന്നത്രെ. അവ പറക്കുമായിരുന്നത്രെ. അപ്പോ പറക്കുമ്പോ ഇടയ്ക്ക് കൂട്ടിമുട്ടുമായിരുന്നത്രെ. കൂട്ടിമുട്ടുമ്പൊ ഭയങ്കരശബ്ദം ഉണ്ടാവുമായിരുന്നത്രെ. അത്തരം ഭീകരശബ്ദം കേട്ട് സഹിക്കവയ്യാതെ ദേവേന്ദ്രൻ എല്ലാ പർവതങ്ങളുടേയും ചിറകുകൾ അരിഞ്ഞ് കളഞ്ഞുവത്രെ. അപ്പോഴാ ഭൂമിയിൽ അവ ഉറച്ചെതെന്ന് ഒരു കഥ ഉണ്ട്. എന്തായാലും ഈ കഥയിൽ പറയണപോലെ പറന്ന് നടക്കണ ചില കുന്നുകളുടെ ചിറക് അരിഞ്ഞ് ഇട്ടപ്പോ വളരെ മുകളിൽ നിന്ന് അവ താഴേയ്ക്ക് വീണു നിലത്ത് ഉറച്ചു. അത് അവിടേം ഇവിടേം ആയി വീണത് ഈ കുടകിലാകും ന്ന് തോന്നുണൂ. കാരണം അനവധി പരന്ന ഭൂമി (പാടം തന്നെ, എല്ലാ സ്ഥലത്തും കൃഷിയും ഉണ്ട്) അവിടേം ഇവിടേം ആയി ചിതറി കിടക്കുന്ന കുന്നുകൾ. പർവതങ്ങൾ എന്ന് വിളിക്കാനുതകുന്ന തരത്തിൽ ഉയരമുള്ളവ കണ്ണിൽ പെട്ടില്യ. കൊടവ നാട്ടിലെ പ്രധാന നദി കാവേരി തന്നെ. 

മടിക്കേരി കോട്ട കണ്ട് ഇറങ്ങിയ ഞങ്ങൾ, താമസിക്കാനുദ്ധേശിയ്ക്കുന്ന എസ്റ്റേറ്റ് സ്റ്റേയുടെ മുതലാളിയെ വിളിച്ചു. ആശാൻ കുടകിലെ പുരാതനപത്രമായ ശക്തി ന്യൂസ്പേപ്പറിന്റെ ഉടമയാണ്. അദ്ദേഹം അബേ ഫാൾസ് എന്ന വെള്ളച്ചാട്ടം കൂടി കണ്ട് വന്നോളാൻ ഉപദേശിച്ചു. അദ്ദേഹത്തിന്റെ മാനേജരുടെ പേരും കരിയപ്പ എന്നായിരുന്നു. അബേ എന്നാ അവരുടെ ഭാഷയിൽ  വെള്ളച്ചാട്ടം എന്നാണർത്ഥം. എവിടെ പോയാലും കാർ പാർക്കിങ്ങിനു മുപ്പത് നാൽപ്പത് രൂപ കൊടുക്കണം എന്ന് ഞാൻ പ്രത്യേകമായി ശ്രദ്ധിച്ചു. അബേ ഫാൾസിലും മുപ്പത് രൂപ തന്നെ. കാർ പാർക്ക് ചെയ്ത് അൽപ്പം താഴേക്ക് ഇറങ്ങണം വെള്ളച്ചാട്ടം കാണാൻ. ഞങ്ങൾ ഇറങ്ങിപ്പോയി. കാവേരിനദിയുടെ ഏതോ കൈവഴി ആണ് ഈ പുഴ. പുഴക്ക് കുറുകെയുള്ള തൂക്കുപാലം അടച്ചിരിക്കുന്നു. തൂക്കുപാലം കടന്നാൽ ഒരു അമ്പലമുണ്ട് എന്ന് എഴുതി വെച്ചത് കണ്ടു. 

ഏത് നാട്ടിൽ ചെന്നാലും അവരുടെ സംസ്കാരം അറിയണമല്ലൊ. ഭക്ഷണവും രുചിച്ച് നോക്കണമല്ലൊ. അതനുസരിച്ച് ഞങ്ങൾ മടിക്കേരിഫോർട്ടിനടുത്തുള്ള ഹോട്ടൽ മർക്കാറേയിൽ കയറി തനി കുടക് രീതിയിലുള്ള കിഡ്നി ബീന്സ് കൂട്ടു കറിയും  അക്കി റൊട്ടി എന്ന പേരിലുള്ള അരി റൊട്ടിയും കഴിച്ചു. ആ ബീന്സ് കറി സ്പൈസി ആയിരുന്നതുകൊണ്ടോ, ഞാൻ ആദ്യമായി ഇത്തരം ഭക്ഷണം കഴിക്കുകയായിരുന്നു എന്നതുകൊണ്ട് എന്തോ എന്നറിയില്ലാ, എനിക്ക് വയറിനു ഒരു സുഖം തോന്നിയിരുന്നില്യ.  അതിനാൽ വെള്ളച്ചാട്ടം കണ്ട് എസ്റ്റേറ്റിൽ പോയി വിശ്രമിക്കാം എന്ന് തന്നെ തീരുമാനിച്ചു. കൂടാതെ ഡ്രൈവിങ്ങ് കാരണം ക്ഷീണവും ഉണ്ടായിരുന്നു. 


കുടകിൽ എത്തിയപ്പോൾ തന്നെ എന്റെ ഭാര്യയും മകളും ശ്രദ്ധിച്ചത് അവിടെ ഉള്ള സ്ത്രീ ജനങ്ങളുടെ വസ്ത്രധാരണ രീതി ആയിരുന്നു. സാരി തന്നെ എങ്കിലും അത് ഒരു പ്രത്യേകരീതിയിൽ ആയിരുന്നു അവർ ഉടുത്തിരുന്നത്. ആദ്യം സാരിയാണോ എന്ന് തന്നെ സംശയിച്ചു. സാരി എങ്കിൽ അതിന്റെ മടക്കുകൾ (Pleats) എവിടെ കുത്തി വെച്ചിരിക്കുന്നു എന്നതായിരുന്നു സംശയം. മെർക്കാറേ ഹോട്ടലിൽ കയറിയപ്പോൾ തന്നെ താഴെയുള്ള വസ്ത്ര കടകളിൾ ഈ രീതിയിൽ സാരി ചുറ്റിയ പ്രതിമകൾ കണ്ടിരുന്നു. അപ്പോൾ തന്നെ അത് പോയി നോക്കാൻ അവർക്ക് ധൃതി ആയി. എന്തായാലും ഞങ്ങൾ ഭക്ഷണം കഴിച്ച് ഇറങ്ങി ഒരു കടയിൽ കയറി പ്രതിമ നോക്കി. അതിനിടയിൽ വലിയ ഗവണ്മെന്റ് ജോലിക്കാരി എന്ന് തോന്നിയ്ക്കുന്ന ഒരു കൊടവസ്ത്രീ അവിടെ വന്നു. (അവരുടെ വണ്ടിയിൽ ബോർഡ് ഉണ്ടായിരുന്നു) ഞാൻ അവരോട് ഇംഗ്ലീഷിൽ സാരിധരിക്കുന്ന രീതി ചോദിച്ചു. അവർക്ക് അത് വലിയ സന്തോഷമായി (തല്ല് കിട്ടാത്തത് ഭാഗ്യം എന്ന് ഞാൻ) അവർ പിൻ തിരിഞ്ഞ് നിന്ന് ഞങ്ങൾക്ക് കാണിച്ചു തന്നു. മടക്കുകളെല്ലാം കുത്തിവെച്ചിരിക്കുന്നത് നമ്മൾ വെയ്ക്കുന്നതിന്റെ നേർ വിപരീതമായി പിൻഭാഗത്തായിരുന്നു. എന്നിട്ട് മുന്താണി ചുമലിൽ കൂടെ ചുറ്റി തോളത്ത് കൂടെ ഇട്ട് ഒരു പ്രത്യേകരീതിയിൽ പതക്കം പോലെ ഒന്നുകൊണ്ട് കുത്തി വെയ്ക്കുന്നു. ആ പതക്കവും ആ കുത്തി വെയ്ക്കുന്ന രീതിയും ആണ് എനിക്ക് ഇഷ്ടമായത്. മെഡൽ ഒക്കെ തൂക്കി ഇടുന്നില്ലേ അത് പോലെ ഉണ്ട് ആ പതക്കം കണ്ടാൽ. ഫോട്ടോ എടുക്കാൻ മറന്ന് പോയത് ഇപ്പോൾ കുണ്ഠിതപ്പെടുത്തുന്നു. ഇന്റെർനെറ്റിൽ  ധാരാളം കാണും എന്ന് സമാധാനിക്കാം.
സാരിയുടെ അറ്റം (പല്ലു) ഇടതുഭാഗത്തു കക്ഷത്തിലൂടെ കൊണ്ട് വന്ന് വലതുവശത്ത് ‘മൊലക്കട്ടു‘ എന്നു പേരിലറിയപ്പെടുന്ന ഒരു പ്രത്യേക കെട്ടോടെ തൂക്കിയിടുന്നു. ചൗക്ക എന്ന് പേരുള്ള വസ്ത്രം കൊണ്ട് തലയും മറക്കാറുണ്ട്. കുടക് സ്ത്രീകളുടെ സാരിയുടെ പ്ലീറ്റുകൾ പിന്നിലെക്കായതിനാൽ അവർക്ക് മലകയറനും മരം കയറാനും ഒക്കെ എളുപ്പമാണെന്ന് പറയുന്നു. ഞാൻ കണ്ടിട്ടില്ല. എന്നാലും പ്ലീറ്റ് തിരിഞ്ഞ് പോയതിന്റെ പറ്റി ഒരു കഥയുണ്ട്.

കാവേര മുനി കുടകിലെ ബ്രഹ്മഗിരിയിൽ, തനിക്ക് ഒരു മകളെകിട്ടാനായി ബ്രഹ്മാവിനെ തപസ്സ് ചെയ്തു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് ലോപമുദ്ര എന്നമകളെ കൊടുത്തു. ലോപമുദ്രയുടെ മറ്റൊരു പേരാണ് കാവേരി. കാവേര മുനിയുടെ മകൾ കാവേരി. കാലം കഴിഞ്ഞപ്പോൾ കാവേരിയെ അഗസ്ത്യമുനിയ്ക്ക് വിവാഹം ചെയ്ത് കൊടുത്തു. കാവേരി അഗസ്ത്യമുനിയെ വിവാഹം കഴിച്ചത് ഒരു കണ്ടീഷൻ വെച്ച് ആയിരുന്നു. അതെന്താണെങ്കിൽ, തന്നെ ഒറ്റയ്ക്ക് വിട്ട് ഭർത്താവ് എവിടേയും ഒരിക്കലും പോകരുത് എന്ന വളരെ ചെറിയ ഒന്നായിരുന്നു. അത് പ്രകാരം തന്നെ അഗസ്ത്യമുനി നടന്നു കുറേക്കാലം. ഒരുനാൾ അഗസ്ത്യമുനി, കാവേരിയെ തന്റെ കമണ്ഡലുവിൽ ആക്കി കുളിക്കാൻ പോയി. എന്നിട്ട് വേണലോ സന്ധ്യാവന്ദനം ഒക്കെ ചെയ്യാൻ. അഗസ്ത്യമുനി കുളിയ്ക്കാൻ ഒറ്റയ്ക്ക് പോയതിനാൽ കാവേരിയ്ക്ക് ദേഷ്യം വന്നു. അവൾ കമണ്ഡലുവിട്ട് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് ഒഴുകി തുടങ്ങി. ആ ഒഴുക്കിൽ പെട്ട് കുടകിലെ സ്ത്രീകളുടെ സാരിയുടെ പ്ലീറ്റ് തിരിഞ്ഞ് പോയതാത്രെ. എന്തായാലും കാവേരി ഇപ്പോഴും ഒഴുകുന്നു. കുടക് സ്ത്രീകൾ പലതവണ സമാധാനിപ്പിക്കാൻ നോക്കിയിട്ടും രക്ഷയില്ല. കുടക് സ്ത്രീകളുടെ സാരിയുടെ പ്ലീറ്റ് വശം തിരിഞ്ഞതൊന്നും അവർക്ക് പ്രശ്നമല്ല.
അല്‍പിന എന്ന എസ്റ്റേറ്റ്  മുതലാളിയുടെ പേർ അനന്തശയന എന്നാണ്. അദ്ദേഹത്തിന്റെ പൂർവികർ തുടങ്ങിയതാണത്രെ കൂർഗിന്റെ പത്രമായ ശക്തി ന്യൂസ് പേപ്പർ. അവർക്ക് ഹോം സ്റ്റേ കൂടാതെ പതിനഞ്ച് കിലോമീറ്ററോളം ഉള്ളിൽ പോയാൽ ഒരു കാപ്പിതോട്ടത്തിനുള്ളിൽ ഒരു ഏർപ്പാട് കൂടെ ഉണ്ട്. അതിലായിരുന്നു ഞങ്ങൾ താമസിക്കാൻ തീരുമാനിച്ചിരുന്നത്. അല്‍പിന എന്നായിരുന്നു എസ്റ്റേറ്റിന്‍റെ പേര്‍. പ്രാതൽ ദിവസവാടകയിൽ അടങ്ങിക്കൊണ്ട് മൂവായിരം രൂപയായിരുന്നു ദിവസവാടക. മടിക്കേരിയിൽ നിന്ന് ആദ്യത്തെ പത്ത് പതിമൂന്ന് കിലോമീറ്ററൊക്കെ സുഗമമായി ഓടിക്കാമായിരുന്നു. പക്ഷെ കുന്ന് കയറി തുടങ്ങിയപ്പോൾ നെഞ്ച് ഇടിയ്ക്കാൻ തുടങ്ങി. ഇടുങ്ങിയ പാത. കരിങ്കല്ല് അല്ലാതെ ടാറോന്നും ഇല്യാ. കയറ്റവും ഇറക്കവും അനവധി. വളവും തിരിവും അതിലേറെ. എന്തായാലും വഴികാണിക്കാൻ ഒരുത്തൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. കുന്നുകൾ കയറിയും ഇറങ്ങിയും എസ്റ്റേറ്റിൽ ഒരുവിധം എത്തപ്പെട്ടു. താമസസ്ഥലത്തിനകത്ത് തന്നെ ഒരു ചെറിയ വെള്ളച്ചാട്ടവും മറ്റും ഉണ്ട്. അവിടമൊക്കെ ഭംഗിയിൽ അലങ്കരിച്ച് വെച്ചിരിക്കുന്നു. മൊബൈലിൽ സിഗ്നൽ ഒന്നും ഇല്യാ. ഒരു കാടിനുള്ളിൽ കയറിയ പ്രതീതി. വന്മരങ്ങൾ തലയുയർത്തി നിൽക്കുന്നു. തണുപ്പ് അരിച്ചരിച്ച് ഇറങ്ങുന്നു. പക്ഷികൾ ചേക്കേറാൻ കൂടുകളിലേക്ക് പോകുന്നു. മരച്ചില്ലകളിൽ അവരുടെ അന്തിസംഗമം. അതിന്റെ കോലാഹലം. ഏറ്റവും മുകളിൽ വെള്ളിമേഘങ്ങൾ മെല്ലെ മെല്ലെ നീങ്ങുന്നു. ഇരുട്ടാവാൻ അധികം താമസമില്ലായിരുന്നു. അത്താഴത്തിനു കുടക് രീതിയിൽ ഉള്ള ചിക്കണും ചപ്പാത്തിയും ചോറുമൊക്കെ പോരെ എന്ന് അവിടത്തെ കാവൽക്കാരൻ വന്ന് ചോദിച്ചു. ഒകെ എന്ന് ഉത്തരവും പറഞ്ഞു. 


രണ്ടാം ദിവസം ഞങ്ങൾ കഴിച്ചത് കൂർഗ് എസ്പെഷ്യൽ പോർക്ക് ഫ്രൈയും കൂർഗ് സ്പെഷ്യൽ ചിക്കൺ ഫ്രൈയും ആയിരുന്നു. ഭക്ഷണവും താമസവും എല്ലാം നന്നായിരുന്നു എന്ന് പറയാം. ഭക്ഷണം എസ്റ്റേറ്റ് കാവൽക്കാരൻ അവന്റെ വീട്ടിൽ വെച്ച് നമുക്ക് കൊണ്ട് വന്ന് തരുകയാണ് ചെയ്യുക. പ്രാതലടക്കം അങ്ങിനെ തന്നെ. പ്രാതലിനു ദോശ ഇഡ്ഡ്ലി ഇടിയപ്പം റവ ഉപ്മാ എന്നിവയൊക്കെ ആയിരുന്നു. എല്ലാം നല്ല സ്വാദുള്ളവയും ആയിരുന്നു. (ദോശ എനിക്ക് എന്റോടത്തെ അല്ലാതെ ഒന്നും പിടിക്കില്യാ, അതിനാൽ അത് കൂട്ടില്യ. കൂട്ടത്തിൽ നല്ലത് എന്ന് പറഞ്ഞൂന്ന് മാത്രം.)

മലകൾക്കിടയിൽ അവിടെ ഇവിടെ ആയി വീടുകളുണ്ട്. താമസവുമുണ്ട്. പണക്കാർ വീട് വലുതാക്കി,  ഹോം സ്റ്റേ എന്ന് ഗേറ്റിൽ തൂക്കിയിട്ടിരിക്കുന്നു. റോഡ് ഒക്കെ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുടെ കീഴിലാണ്. അവർ ഒന്നും നന്നാക്കുന്നില്ലാ എന്നാണ് അവിടുത്തുകാരുടെ പരാതി. എന്നാലും കഷ്ടിമുഷ്ടി ഇലക്ട്രിസിറ്റി ഉണ്ട്. എന്നാൽ പവർക്കട്ടിനു കുറവുമില്യ. തണുത്ത വെള്ളവും ചൂടുവെള്ളവും കുളിമുറിയിൽ ലഭ്യമായിരുന്നു. ചൂടുവെള്ളം ഉണ്ടാക്കുന്നത് ബോയിലറിൽ ആയിരുന്നു. പവർക്കട്ട് സമയത്ത് ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. 

ഗൗഡയാണ് ഞാൻ എന്റെ മുദ്ര ഇതാണ് എന്ന് പറഞ്ഞ് അവന്റെ മോട്ടോർ സൈക്കിളിൽന്മേൽ ഒട്ടിച്ചിരുന്ന സ്റ്റിക്കർ എനിക്ക് അവിടത്തെൊരു തൊഴിലാളി കാണിച്ച് തന്നു. തിരുപ്പതി വെങ്കിടേശന്റെ രൂപത്തിൽ ഒരു തലയും അതിനടിയിൽ ക്രോസ്സ് ചെയ്ത് വെച്ച ഒരു തോക്കും അവരുടെ രീതിയിലുള്ള പിശ്ശാങ്കത്തിയും. അതാണ് മുദ്ര. ഈ മുദ്രകണ്ടാൽ തന്നെ അറിയാം അവർ യോദ്ധാക്കൾ ആണെന്ന്. പശ്ചിമഘട്ടമലനിരകളിക്കിടയിൽ ഉള്ള ഈ പ്രദേശം പണ്ട് മുഴുവൻ കാട് ആയിരിക്കാം. കാട്ടുവാസികളായിരിക്കാം ഈ കുടക് നിവാസികളുടെ പൂർവികർ. അവർക്ക് പ്രകൃതിയോട് മല്ലിടിയ്ക്കാതെ വയ്യല്ലൊ. അതിനാകട്ടെ ആയുധങ്ങൾ ആവശ്യവും. 

അന്ന് രാത്രി എസ്റ്റേറ്റിലെ ജീവനക്കാരോടും ഒപ്പം മറ്റ് മുറികളിൽ താമസിച്ചിരുന്നവരോടും ഒക്കെ വർത്തമാനം പറഞ്ഞ് പത്ത് മണിയോടെ കിടന്നുറങ്ങി. അടുത്ത ദിവസം  രാവിലെ ബുദ്ധവിഹാരം, ദുബെരെ എലഫന്റ് പാർക്ക് എന്നിവയായിരുന്നു കാണാൻ തീരുമാനിച്ചിരുന്നത്. 

രണ്ടാം ദിവസം:-

ഏകദേശം നാൽപ്പത് കിലോമീറ്ററിലധികം ദൂരമുണ്ട് കുശാൽ നഗറിലേക്ക്. അവിടെ ആണ് ടിബറ്റൻ ജനതയുടെ ബുദ്ധവിഹാരം എന്ന് തെറ്റിദ്ധരിച്ചാണ് ഞങ്ങൾ മൊബൈലിൽ ലക്ഷം കുശാൽ നഗർ എന്നിട്ട് യാത്ര തുടങ്ങിയത്. എന്തായാലും അത് ഞങ്ങളെ എത്തിച്ചത് കുശാൽ നഗർ നഗരമാദ്ധ്യത്തിൽ ഉള്ള ഒരു അമ്പലത്തിൽ ആയിരുന്നു. അത് തെറ്റാണ് എന്ന് മനസ്സിലായപ്പോൾ ബുദ്ധവിഹാരം എന്ന് തന്നെ ഞങ്ങൾ ലക്ഷ്യം കൊടുത്തു. 

കുശാൽ നഗറും ബൈലക്കുപ്പയും ഇരട്ടനഗരങ്ങൾ ആണ്. കുശാൽ നഗറിൽ നിന്നും അധികം ദൂരമൊന്നും ഇല്യാ ബുദ്ധവിഹാരത്തിലേക്ക്. ബൈലകുപ്പ എന്ന നഗരത്തിലാണ് ടിബറ്റൻ ബുദ്ധവിഹാരം അഥവാ ഗോൾഡൻ ടെമ്പിൾ (സുവർണ്ണക്ഷേത്രം).   അവിടേക്ക് തിരിയുന്ന റോഡരികിൽ പുറമേ ഉള്ളവർക്ക് രാത്രി താമസിക്കാൻ മുങ്കൂർ അനുമതി വേണം എന്ന് എഴുതി വെച്ച ഒരു പഴയ ബോർഡ് കണ്ടു. അനുമതി കിട്ടാൻ നല്ല താമസമെടുക്കും എന്ന് അറിയാൻ കഴിഞ്ഞു. അല്ലെങ്കിലും രാത്രി അവിടെ തങ്ങാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. 

ഞങ്ങൾ യാത്ര തുടങ്ങിയത് ആയുധപൂജയ്ക്ക് തൊട്ടുമുൻപുള്ള അവധി ദിവസങ്ങളിൽ ആയിരുന്നു. കൂർഗിലൂടെ പോയപ്പോഴാണ് ആയുധപൂജയ്ക്ക് ജനങ്ങളുടെ ഇടയിലുള്ള പ്രാധാന്യം മനസ്സിലാക്കുന്നത്. ഏറെക്കുറെ എല്ലാ വാഹനങ്ങളും വഴിയിൽ നിർത്തിയോ അമ്പലങ്ങളിൽ കൊണ്ടുപോയോ പൂജാരി പൂജിച്ച് അലങ്കരിച്ചാണ് റോഡിൽ ഇറക്കിയിരുന്നത്. പൂകളേക്കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട് എന്ന് പറയാമെങ്കിലും ട്രാഫിക്ക് സേഫ്റ്റമ്യ്ക്ക് ഗുണകരമല്ലായിരുന്നു അലങ്കാരം. പൂമാലകൊണ്ട് വലക്കണ്ണികളെപോലെ അലങ്കരിച്ച മുന്നിലെ ചില്ല് ഡ്രൈവർക്ക് കാഴ്ച്ച തടസ്സമുണ്ടാക്കുന്ന വിധത്തിലായിരുന്നു.

മറ്റൊന്ന് ഞങ്ങൾ ശ്രദ്ധിച്ചത്, റോഡ് അരുകിൽ ഒരിടവിട്ട് നല്ല ആൾക്കൂട്ടം. നമ്മടെ ബീവറേജസിലെ നീണ്ട നിരപോലെ. ധാരാളം വാഹനങ്ങൾ, മിക്കതും ഇരുചക്രങ്ങൾ, അരികത്ത് നിർത്തിയിട്ടിരിക്കുന്നു. ആദ്യമാദ്യം അത്ര ശ്രദ്ധകൊടുത്തില്ലായിരുന്നു. പിന്നെ പിന്നെ ശ്രദ്ധിച്ചപ്പോ എന്താണ് സംഗതി എന്നറിയാൻ കൗതുകമായി. നോക്കിയപ്പോൾ എല്ലാം അറവ്കേന്ദ്രങ്ങളായിരുന്നു. പുതുതായി അറുത്ത മൃഗങ്ങളുടെ മാംസം വാങ്ങിക്കൊണ്ടുപോകാനുള്ള തിരക്കായിരുന്നു ഞങ്ങൾ കണ്ടത്. മട്ടണും ബീഫുമൊക്കെ ഉണ്ടായിരുന്നു.

റോഡിനിരുവശവും വിശാലമായ പാടങ്ങളും കുന്നുകളും. എല്ലായിടത്തും പച്ചപ്പ്. കുറെ പച്ചപ്പ് കഴിഞ്ഞാൽ അധികം ഉയരമില്ലാത്ത, മിക്കവാറും ഓട് മേഞ്ഞ വീടുകൾ. മിക്കവയ്ക്കും രണ്ടാം നിലകൂടെ ഇല്യായിരുന്നു. എന്നാൽ രണ്ട് നിലകലുള്ള ടെറസ് വീടുകൾ ഇടയ്ക്കിടയ്ക്ക് കാണപ്പെടുകയും ചെയ്തിരുന്നു. ഉച്ച സമയത്ത് സ്ത്രീകൾ കോലായിൽ ഇരുന്ന് മുടി വേറുടുക്കുകയും വർത്തമാനം പറയുകയും ചെയ്യുന്നു. ആണുങ്ങൾ കട്ടിലിലോ വിശാലമായ കസേരയിലോ ഇരുന്ന് സമയം പോക്കുന്നു. ആകെ വളരെ ശാന്തമായ കാഴ്ച്ചകളാണ് എനിക്ക് യാത്രയിലുട നീളം ജനപഥങ്ങളിൽ കാണാനായത്. നമ്മുടെ തിക്കോ തിരക്കോ ഒന്നും അവർക്കില്യ. അർബനൈസേഷനും വളരെ കുറവ്. അതിനാൽ ഒരു നൊസ്റ്റാൾജിയ തോന്നപ്പെട്ടു എന്ന് പറഞ്ഞൽ നുണയാവില്യ.
ഇത്തരം കാഴ്ച്ചകൾ മടിക്കേരിയിൽ നിന്നും കുശാൽനഗർ/ബൈലകുപ്പേയിലേക്ക് പോകുന്നതിനേക്കാൾ അധികം കണ്ടത് മൂന്നാം ദിവസം ബേലൂർ/ഹലേബീഡ് പോകുമ്പോഴായിരുന്നു. കർണാടകയിൽ ഉൾദേശങ്ങളിലൂടെ യാത്ര രസകരമായി തോന്നി.  ആൽമരം പോലെയുള്ള ധാരാളം മരങ്ങൾ, അവയിൽ നിന്നും ഊർന്നിറങ്ങുന്ന വേരുകൾ അവ തരുന്ന കാറ്റ് തണൽ എന്നിവയൊക്കെ കൊണ്ട് സമൃദ്ധമായിരുന്നു പാതയുടെ ഇരുവശവും. 

കുശാൽ നഗറിൽ നിന്നുള്ള സ്റ്റേറ്റ് ഹൈവേ നല്ല റോഡായിരുന്നു. അവിടെ നിന്ന് ബുദ്ധവിഹാരത്തിലേക്ക് ഉള്ള റോഡ് ആകട്ടെ മനോഹരമായിരുന്നു. നല്ല റോഡും മനോഹരമായ പച്ചപ്പ് ഇരുവശവും. ഞങ്ങൾ ദൂരേ നിന്ന് തന്നെ ബുദ്ധവിഹാരത്തിന്റെ ഉയർന്ന് ഒരു ഗോപുരവും അതിന്റെ അലങ്കാരവും കണ്ടു. കവാടത്തിലേക്ക് തിരിയുന്നതിനു മുന്നേ തന്നെ റോഡരികിൽ വേരുകൾ തൂക്കിയിട്ട ഒരാൽമരവും അതിനടിയിൽ എന്തോ ഒരു അമ്പലം പോലുള്ള നിർമ്മാണവും കണ്ടു. 

ടിബറ്റൻ ബൗദ്ധന്മാരുടെ ഈ കോളനി 1963ൽ നിർമ്മിച്ചതാണ്. ടിബറ്റിൽ നിന്നും പാലായനം ചെയ്ത ദൈലലാമയും സംഘവും ധർമ്മശാലയിൽ വന്ന് തമ്പടിച്ചു. അവിടെ സ്ഥൽ പോരാത്തതിനാൽ ഇന്ത്യയുടെ പലഭാഗത്തായി അവരെ അവരുടേതായ തൊഴിൽ ചെയ്ത് അവരുടേതായ രീതിയിൽ അവരുടേതായ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ ഇന്ത്യാ ഗവണ്മെന്റ് അനുവദിച്ചതിന്റെ ഫലമായാണ് ബൈലകുപ്പേയിൽ ഈ ബുദ്ധവിഹാരം നിർമ്മിച്ചത്. ഹിസ് ഹോളിനസ് പെനർ റിൻപൊച്ചേ എന്നാണ് ഈ വിഹാരത്തിന്റെ സ്ഥാപകന്റെ പേർ. വജ്രായന ബുദ്ധിസ്റ്റുകളുടെ വിഹാരമാണിത്. NAMDROLING MONASTERY എന്നാണ് ഈ ബുദ്ധവിഹാരത്തിന്റെ ശരിയായ പേർ. 

ബുദ്ധവിഹാരത്തിൽ വിശാലമായ പാർക്കിങ്ങ് സ്ഥലവും ഷോപ്പിങ്ങ് സെന്ററും ഒക്കെ ഉണ്ട്. പാർക്കിങ്ങ് ഫീസ് പതിവുപോലെ മുപ്പത് നാൽപ്പത് രൂപ തന്നെ ആയിരുന്നു. ഞങ്ങൾ അവിടെ വണ്ടി പാർക്ക് ചെയ്തപ്പോഴേക്കും ഭിക്ഷക്കാർ ഞങ്ങൾ വളഞ്ഞു. ഒരുവിധം അവരിൽ നിന്ന് രക്ഷപ്പെട്ട് റോഡിന്റെ എതിർവശത്തുള്ള വിശാലമായ ഗേറ്റിലൂടെ ഞങ്ങൾ മൊണാസ്റ്ററിയിൽ പ്രവേശിച്ചു. 

ബുദ്ധവിഹാരങ്ങൾ വളരെ നിറപ്പകിട്ടാർന്നതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മടെ നിറപ്പകിട്ടാർന്ന കഥകളി ഒരു ബുദ്ധവിഹാരത്തിൽ നടത്തിയാൽ ആ ഗുമ്മ് കിട്ടാൻ ചാൻസ് ഇല്യാ. ഇവിടേയും കടും ചുവപ്പ്, മഞ്ഞ എന്നീ വർണ്ണങ്ങളുടെ ഒരു സമ്മേളനമായിരുന്നു. കഥകളിയിലും കടും വർണ്ണങ്ങൾ തന്നെ ആണല്ലൊ.  

പ്രവേശനകവാടത്തിലൂടെ നടന്നാൽ നമ്മൾ എത്തുന്നത് വിശാലമായ ഒരു മുറ്റത്താണ്. ചുറ്റും അവർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരു വശത്ത് ചെറിയ ഒരു ഹോട്ടൽ, ബുദ്ധിസ്റ്റ് കൗതുകവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവയും കാണ്മാനായി.  ചുവപ്പ് കൊണ്ട് അലങ്കരിക്കാത്ത ഒന്നും ഇല്യാ. മുറ്റവും കടന്ന് പോയാൽ ബുദ്ധക്ഷേത്രങ്ങൾ കാണാം. എല്ലാം വർണ്ണപ്പകിട്ടാർന്നവ തന്നെ. ധാരാളം സ്കൂൾ കുട്ടികളും മറ്റ് സന്ദർശകരും ഉണ്ടായിരുന്നു ഞങ്ങൾ ചെന്നപ്പോൾ. അമ്പലങ്ങളിൽ കടക്കാൻ ചെരുപ്പ് ധരിക്കരുത്. അത് സൂക്ഷിക്കാൻ ആളുണ്ട്. ചെരുപ്പൊരു ജോഡി വെച്ച് അഞ്ച് രൂപ അദ്ദേഹം ഈടാക്കിയിരുന്നു. അതിന് കൃത്യമായ കണക്കൊന്നും ഉണ്ടെന്ന് എനിക്ക് തോന്നിയില്ല്യ.

ആദ്യം തന്നെ ഒരു ലൈബ്രറിയുടെ ബോർഡ് കണ്ടപ്പോൾ അവിടെ ചെന്ന് മൊണാസ്റ്ററിയെ പറ്റി കൂടുതൽ മനസ്സിലാക്കാമെന്ന് വെച്ച് ചെന്നപ്പോൾ ലൈബ്രറി പൂട്ടിയിട്ടിരിക്കുന്നു. പിന്നെ കറക്കം തന്നെ ആയിരുന്നു. പല ലാമമാരോടും സംശയങ്ങൾ ചോദിച്ച് ഞങ്ങൾ കറങ്ങി. ചിലർ ഭൂട്ടാനിൽ നിന്നും വന്ന സന്ദർശകരായിരുന്നു. അമ്പലങ്ങൾക്കുൾ വശമെല്ലാം വിശാലമായിരുന്നു. തട്ട് വളരെ ഉയർന്ന് ആയിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല എപ്പോഴും നല്ല ശീതളമായ കാറ്റായിരുന്നു വീശിയിരുന്നത്. നല്ല സുഖമായിരുന്നു. 

കറങ്ങി കറങ്ങി ഞങ്ങൾ ലാമമാർ ധ്യാനത്തിലിരിക്കുന്ന ഒരു അമ്പലത്തിലും കയറി. നിശ്ശബ്ദതമാത്രം ഉള്ള അവിടെ ഞങ്ങൾ ഉള്ളിൽ കയറിയപ്പോൾ തന്നെ പിന്നാലെ ഒരു ലാമ വന്ന് പ്രവേശനമില്യാ അവർ ധ്യാനിയ്ക്കുകയാണ് എന്ന് പറഞ്ഞു. എന്നിരുന്നാലും ഞങ്ങൾ അവിടെ മിണ്ടാതെ നിന്ന് കണ്ടു. അതിനു തടസ്സവും ആരും പറഞ്ഞില്യ. ഫോട്ടോ അവിടെ എടുക്കാൻ തോന്നിയില്ല ആദ്യം. പിന്നീട് അതും എടുത്തു. 

ഗോൾഡൻ ടെമ്പിൾ എന്ന പേരിലായിരുന്നു ഈ സ്ഥലം ഞങ്ങൾ അറിഞ്ഞത്.  അതിനുകാരണമുണ്ട്. ബുദ്ധവിഹാരത്തിൽ പ്രധാന അമ്പലത്തിന്റെ പേർ "പദ്മസംഭവ ബുദ്ധിസ്റ്റ് വിഹാരം" എന്നായിരുന്നു. അതാണ് അവിടെ ഒക്കെ എഴുതി വെച്ചിരിക്കുന്നതും. 1999ൽ ഉദ്ഘാടനസമയത്ത് മുതൽ ഈ വിഹാരത്തിന്റെ പേർ ഗോൾഡൻ ടെമ്പിൾ എന്ന് കൊട്ടിഘോഷിക്കപ്പെട്ടു. അതിനു കാരണമൊന്നും എനിക്ക് ലാമമാർ പറഞ്ഞ് തന്നില്യ. സുവർണക്ഷേത്രത്തിനുള്ളിൽ മൂന്ന് പ്രതിഷ്ഠകളാണുള്ളത്. നടുക്ക് ഇരിക്കുന്നത് ബുദ്ധ ശാക്യമുനി ആണ്. ശാക്യമുനി എന്നത് ബുദ്ധനെ വിളിക്കുന്ന ഒരു പേരാണ്. സിദ്ധാർത്ഥൻ എന്നായിരുന്നല്ലൊ ശരിക്കുള്ള പേർ. "അനുപമകൃപാനിധി,യഖിലബാന്ധവൻ ശാക്യ ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ.." എന്ന് കുമാരനാശാൻ.

ബുദ്ധ ശാക്യമുനിയുടെ വലത് വശത്ത് ഗുരു പദ്മസംഭവ ആണ്. ടിബറ്റൻ ഭാഷയിൽ ഗുരു പദ്മസംഭവയെ ഗുരു റിൻപോച്ചെ എന്ന പേരിലാണ് അറിയപ്പെടുക. ബുദ്ധൻ ദേഹവിയോഗം നടത്തി പന്ത്രണ്ട് കൊല്ലം കഴിഞ്ഞ് ഇന്നത്തെ പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയിൽ (അന്ന് സിന്ധുനദീ തീരം) ആണ് ഗുരു പദ്മസംഭവ പിറന്നത്. 

ഇടത് വശത്ത് ഉള്ളാത് ബുദ്ധ അമിതായുസ്സ് ആണ്. (Budha of Long Life) അറുപതടി പൊക്കമുണ്ട് പ്രധാന വിഗ്രഹമായ ബുദ്ധ ശാക്യമുനിയ്ക്ക്. അമ്പത്തിയെട്ടടി പൊക്കമാണ് മറ്റ് രണ്ട് വിഗ്രഹങ്ങൾക്കും. എല്ലാം തിളങ്ങുന്ന ചെമ്പുകൊണ്ട് നിർമ്മിച്ചിരിക്കുന്നു. നല്ല വെളിച്ചത്തിൽ തന്നെ കാണാം. 


അമ്പലങ്ങളിൽ എല്ലാം തന്നെ ധാരാളം ചിത്ര പണികളും ചെറു ചെറു പ്രതിമകളും മറ്റും ഉണ്ട്. എല്ലാറ്റിനും അർത്ഥങ്ങൾ ഉണ്ട്. ഓരോന്നും മനസ്സിലാക്കി കഥ അറിഞ്ഞ് കാണാൻ ദിവസങ്ങൾ തന്നെ എടുക്കും. സ്ങ്ങ്ഡോങ്ങ് പല്രി ടെമ്പല്ല്, വജ്ര കിലായ ടെമ്പിൾ, താര ടെമ്പിൾ എന്നിവയാണ് ഈ വിഹാരത്തിലുള്ള മറ്റ് മൂന്ന് അമ്പലങ്ങൾ. ഇതൊന്നും കൂടാതെ ധാരാളം സ്തൂപങ്ങളും പ്രാർത്ഥനാചക്രങ്ങളും ഒക്കെ ഈ വിഹാരത്തിൽ ഉണ്ട്.

സത്യത്തിൽ ഞങ്ങൾ വിഹാരം മുഴുവൻ അതിന്റേതായ അർത്ഥത്തിൽ കണ്ടു എന്ന് തോന്നുന്നില്യ. അനവധികണ്ടു. അനവധി ചോദിച്ചറിഞ്ഞു. മറ്റനവധി കാണാതെ പോയി. ഒരു കൃത്യമായ ഗൈഡൻസ് തരാൻ അവിടെ ആളില്ലായിരുന്നു. ഒരുവിധം കണ്ട് തീർത്ത് ക്ഷീണിച്ച് അവശരായി വിശന്ന് വലഞ്ഞ് പുറത്ത് വന്നപ്പോഴാണ് ബുദ്ധവിഹാരത്തിനെ പറ്റി ഒരു പുസ്തകം ഒരുത്തൻ നടന്ന് വിൽക്കുന്നത് കണ്ടത്. അത് ആദ്യമേ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി. എന്തായാലും ഒരുവട്ടം കൂടെ പോയി നടന്ന് കാണണം എന്ന് തീരുമാനിച്ചാണ് ഞങ്ങൾ അവിടെ നിന്ന് പോന്നത്. വിശന്ന് വലഞ്ഞപ്പോൾ ഞാൻ മുറ്റത്തിനു വശത്തുള്ള "കുൻഫെൻ കാന്റീൻ" എന്നെഴുതി വെച്ച ഹോട്ടലിൽ നിന്നും ഫ്രൈ മൊമൊ എന്ന പരമ്പരാഗത ടിബറ്റൻ ഭക്ഷണം വാങ്ങി കഴിച്ചു. ഒരു പ്ലേറ്റിനു തൊണ്ണര്രു രൂപ കൊടുത്തൂ എന്ന് ഓർമ്മ. നമ്മടെ സമൂസ പോലെ ഉള്ളിൽ സ്റ്റഫ് ചെയ്ത് ഫ്രൈ ചെയ്ത ഒരു പലഹാരമായിരുന്നു അത്. ശേഷം അവിടെ അടുത്തുള്ള കടയിൽ നിന്ന് തന്നെ ചില കൗതുകവസ്തുക്കൾ കൂടെ വാങ്ങി ഞങ്ങൾ ഭക്ഷണമന്വേഷിച്ച് പുറത്ത് കടന്നു.  

ഭക്ഷണശേഷം തിരിച്ച് ബുദ്ധവിഹാരത്തിൽ തന്നെ പോയി ബാക്കി എല്ലാം കണ്ട് വരാമെന്ന് എനിക്കൊരു തോന്നലുണ്ടായിരുന്നു. വൈകുന്നേരം ആറുമണിക്ക് സന്ദർശക സമയം കഴിയും. എന്തായാലും അതുണ്ടായില്യ. ഇനിയും വരാമെന്ന് മനസ്സിൽ പറഞ്ഞ് ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു. 

ദുബേര ആന സവാരിക്യാമ്പ് ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യ സ്ഥലം. ആനസവാരി ഒന്നും മോഹിച്ചിരുന്നില്യ. അവിടെ ബോട്ട് സഞ്ചാരം ഉണ്ടായിരുന്നു. അതായിരുന്നു മോഹം. കാവേരിയിലൂടെ ഒരു ബോട്ട് യാത്ര. പതിവ് പോലെ വാഹനം കയറ്റി ഇടാൻ മുപ്പത് രൂപ. കാവേരിയ്ക്ക് അവിടെ നല്ല ഒഴുക്കും ആഴവും ഉണ്ട് എന്ന് തീരത്ത് നിന്ന് നോക്കിയപ്പോൾ തോന്നി. പാറകളും ചെറിയ ചെറിയ തുരുത്തുകളും ഉണ്ടായിരുന്നു. നല്ല തെളിമയോടെ ഭംഗിയോട് കാവേരി ഒഴുകിക്കൊണ്ടിരിക്കുന്നു. ധാരാളം ആളുകൾ കുളിക്കുന്നു. വെള്ളത്തിൽ മലർന്ന് കിടക്കുന്നവരുമുണ്ട്. കുളിയ്ക്കണമെന്ന് തോന്നിയെങ്കിലും വസ്ത്രങ്ങൾ കരുതാത്തതിനാൽ ആ മോഹം മാറ്റി വെച്ചു. പിന്നെ ബോട്ടിങ്ങ്  ആയിരുന്നു. അതിനു ചെന്നപ്പോൾ എല്ലാ ബോട്ടുകളും വിശ്രമത്തിൽ ആയിരുന്നു. വൈകുന്നേരം നാലരയ്ക്ക് ശേഷം എന്ന് അറിയാൻ കഴിഞ്ഞു. ക്ഷീണിച്ചവശരായ എനിക്കും ഭാര്യയ്ക്കും അത്ര ക്ഷമ ഇല്യായിരുന്നു. കുറെ നേരം അവിടെ കാവേരി തീരത്ത് കാറ്റ് കൊണ്ട് കുറച്ച് നേരം നിന്നു. എന്നിട്ട് അവിടെ നിന്നും ഞങ്ങൾ മടങ്ങി. 


വഴിക്ക് ഇരുവശവും വീട്ടിൽ നിർമ്മിച്ച വൈൻ, ഹലുവ എന്നൊക്കെ ബോർഡ് ധാരാളം കണ്ടിരുന്നു. ചെറിയ പെട്ടിപീടികകളിലും വീട്ടുമുറ്റത്തുമായി ധാരാളം കച്ചവടക്കാരേയും കണ്ടു. അധികവും വീട്ടമ്മമാരാണെന്ന് തോന്നി. വലിയ നാരങ്ങ പോലെ തോന്നിയ്ക്കുന്ന ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കാൻ പറ്റുമെന്ന് അവർ പറഞ്ഞ രണ്ട് ഫലങ്ങൾ വാങ്ങി ഞങ്ങൾ. 

ഇങ്ങനെ പോരുന്ന വഴിയിലാണ് "വിന്റേജ് കാറുകൾ" എന്ന് ബോർഡ് കണ്ടത്. അപ്പോൾ മകൻ അവ കാണണം എന്ന് ആവശ്യപ്പെട്ടതനുസരിച്ച് അതന്വേഷിച്ച് ഒരു സ്വകാര്യതോട്ടത്തിൽ എത്തി. നൂറുറുപ്പിക ആളൊന്നിനു ടിക്കറ്റ് എടുത്ത് അവ നടന്ന് കണ്ടു. 

കുശാൽ നഗർ/ബൈലാക്കുപ്പയിൽ നിന്നും മടങ്ങി മടിക്കേരി വരുന്ന മറ്റൊരു പാതയിലായിരുന്നു ഈ വിന്റേജ് കാർ എക്സിബിഷൻ ഉണ്ടായിരുന്നത്. ആ പാത ശരിയ്ക്കും മലമ്പാത പോലെ തന്നെ ആയിരുന്നു. റോഡും നന്നായിരുന്നില്യ. നേരം അത്ര വൈകിയിട്ടൊന്നുമില്യായിരുന്നു എങ്കിലും വെളിച്ചം കമ്മിയായിരുന്നു. എന്തായാലും അഞ്ചരയോടെ ഞങ്ങൾ മടിക്കേരി എത്തി ഞങ്ങൾ പാർക്കുന്ന എസ്റ്റേറ്റിലേക്ക് യാത്ര തുടങ്ങി. ഇപ്രാവശ്യം വഴികാട്ടിയായി ആരുമുണ്ടായിരുന്നില്യ. കുന്നും മലയും കടന്ന് ഞങ്ങൾ അങ്ങിനെ എസ്റ്റേറ്റിൽ എത്തി. അവിടത്തെ സായാഹ്നം ആസ്വദിച്ചു.

ഈ യാത്രയിൽ ഞങ്ങൾ ശ്രദ്ധിച്ച ഒരു കാര്യം, നമ്മുടെ നാട്ടിൽ നിന്നും സംഘമായി മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന ചെറുപ്പക്കാരെ ആയിരുന്നു. എല്ലാവരും ഹെലംറ്റും മറ്റ് രക്ഷാകവചങ്ങളും ഒക്കെ ധരിച്ച് തന്നെ ശ്രദ്ധിച്ച് യാത്ര ചെയ്യുന്നു. മിക്കവരും കോളേജ് കുട്ടികൾ എന്ന് തന്നെ തോന്നി. മലപ്പുറം രജിസ്റ്റ്രേഷനുള്ള മോട്ടോർ സൈക്കിളുകളുടെ രണ്ട് സംഘത്തിനോട് ഞങ്ങൾ അവരെ റോഡിൽ മറികടക്കുമ്പോൾ സംസാരിച്ചു. നാട്ടുകാരാണല്ലൊ എന്നത് കൊണ്ട് തന്നെ ആണ് സംസാരിക്കാൻ തോന്നിയത്. അവരെല്ലാം തന്നെ മലപ്പുറത്ത് നിന്നും മടിക്കേരി വന്ന് മൈസൂർ വഴി തിരിച്ച് പോകുന്നവർ ആയിരുന്നു. എല്ലാവരും എൻഫീൽഡ് ബുള്ളറ്റ് സൈക്കിളിൽ തന്നെ. അൽപ്പം അസൂയ തോന്നി. അവരുടെ യാത്രയുടെ അച്ചടക്കം കണ്ടപ്പോൾ ബഹുമാനമായി. എല്ലാരും ട്രാഫിക്ക് നിയമങ്ങളൊക്കെ പാലിച്ച് ഒട്ടും സ്പീഡ് ചെയ്യാതെ സൂക്ഷിച്ച് യാത്ര ചെയ്യുന്നു.

അന്ന് അത്താഴത്തിനു കൊടക് സ്പെഷ്യൽ പോർക്കും കൊടക് സ്പെഷ്യൽ ചിക്കണും ആയിരുന്നു. അസ്സൽ ഭക്ഷണം എല്ലാവരും ധാരാളം ആസ്വദിച്ച് തന്നെ കഴിച്ചു. അടുത്ത ദിവസത്തേക്ക് ഉള്ള പ്ലാൻ തയ്യാറാക്കി. ബേലൂർ/ഹലേബീഡ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു അടുത്ത ദിവസത്തെ ലക്ഷ്യം. അതായത് എസ്റ്റേറ്റിലെ അവസാനത്തെ രാത്രി. 

പിറ്റേന്ന് രാവിലെ എസ്റ്റേറ്റിലെ കണക്ക് എല്ലാം നോക്കി പൈസ കൊടുത്ത് ഞങ്ങൾ പിരിഞ്ഞു. രണ്ട് ദിവസത്തെ വൈകുന്നേരത്തെ ഭക്ഷണത്തിനും ചായക്കും കൂടെ ആയിരത്തി അഞ്ഞൂറുരൂപ കൊടുത്തു. നാലുപേർക്ക് അത് ഒട്ടും അധികമായി ഒന്നും തോന്നിയില്യ. 

അന്ന് മടിക്കേരിയിൽ ദസറ ആഘോഷമായിരുന്നു, വൈകുന്നേരം മടിക്കേരി ടൗണിൽ എത്തിയാൽ ഗതാഗതക്കുരുക്കിൽ കുടുങ്ങും എന്ന് മുങ്കൂർ അറിഞ്ഞിരുന്നതിനാൽ രാജാസ് സീറ്റ് കാണാമെന്ന മോഹം ഞങ്ങൾ ഉപേക്ഷിച്ചിരുന്നു. മടിക്കേരിയിൽ ഇത്രമാത്രമേ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നുള്ളൂ. 

മൂന്നാം ദിവസം:-

ചരിത്രം പത്താം ക്ലാസ്സ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അതും ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന ഗ്രിഗോറിയസ് സാറിനെ മാത്രേ എനിക്ക് ഓർമ്മയുമുള്ളൂ. ആ പേരുതന്നെ എനിക്ക് പുതുമയായിരുന്നു. അദ്ദേഹം ചരിത്രം ക്ലാസ്സിൽ വായിച്ച് പോവുക മാത്രമേ ചെയ്തിരുന്നുള്ളൂ. എന്നിരുന്നാലും വിജയനഗരസാമ്രാജ്യം, ചേര ചോള പാണ്ഡ്യ ചാലൂക്യ രാജവംശങ്ങൾ തിരുശാപ്പിള്ളി ചെപ്പേട് എന്നൊക്കെ പറയുന്നത് ഓർമ്മയുണ്ട്. അദ്ദേഹത്തിന്റെ നില്പും ക്ലാസ്സ് എടുക്കുന്ന രീതിയും രൂപവും ഒക്കെ ഓർമ്മയുണ്ട്.

കുടക് ജില്ലയിലാണ് വിജയനഗരസാമ്രാജ്യത്തിന്റെ മുൻഗാമികളായ ഹൊയ്സാല രാജവംശം എന്നായിരുന്നു എന്റെ ധാരണ. എന്തായാലും ഈ യാത്രയിൽ അത് തിരുത്തപ്പെട്ടു. തൃശൂർ ഹാസൻ ഒരു കെ.എസ്.ആർ.ടി.സി ബസ്സ് പണ്ട് കോളേജ് കാലം മുതലേ കണ്ട ഓർമ്മയുമുണ്ട്. അത് കേരളത്തിന്റെ ട്രാൻസ്പോർട്ട് വണ്ടിയാണോ അതോ കർണ്ണാടകത്തിന്റെ ആണോ എന്നൊന്നും അറിയില്യാ. അതിനു ഹാസ്സൻ എന്നത് എവിടേയാണ് എന്നതുകൂടെ അറിയില്യായിരുന്നല്ലൊ. ഹാസ്സൻ ആണോ ഹസ്സൻ ആണോ എന്താ ഇത്? ഇത് സ്ഥലപ്പേരാണോ എന്നുകൂടെ അന്ന് ചിന്തിച്ചിട്ടുണ്ട്. നേരുകണ്ട് പിടിക്കാൻ ശ്രമിച്ചിട്ടുമില്യ. അന്ന് ഇന്റെർനെറ്റ് സൗകര്യം ഒന്നും ഇല്യായിരുന്നല്ലൊ.

എന്തായാലും പ്ലാൻ പ്രകാരം അമ്പലദർശനമല്ല മറിച്ച് നമുക്ക് സാമൂഹിക സാംസ്കാരിക ഇടങ്ങൾ ആണ് കാണേണ്ടത് എന്ന് എന്റെ കുടുംബത്തിനിടയിൽ ധാരണ ഉണ്ടായിരുന്നു. അന്നത്തെ അമ്പലങ്ങളും സാമൂഹിക‌ഇടങ്ങളായിരുന്നു എന്ന് ധാരണ ഇല്യാതെ അല്ലാ ഇത് പറയുന്നത്. അപ്പോ കുടക് ഇത്രയും മതി ഇനി ഒരു ചാൻസ് എന്നാണാവൊ എനിക്ക് കിട്ടുക എന്നറിയില്യാത്തതിനാൽ ബേലൂരും ഹലേബീഡും സന്ദർശിക്കാൻ തന്നെ ആയിരുന്നു പൊതുധാരണ.അതിനനുസരിച്ച് മൊബൈലിലെ നാവിഗേഷൻ സെറ്റ് ചെയ്തപ്പോ ബേലൂർ 137 കിലോമീറ്റർ എന്ന് കണ്ടു. യാത്രയും പുറപ്പെട്ടു. കർണ്ണാടകസംസ്ഥാനത്തിന്റെ എനിക്ക് ഒട്ടുമേ പരിചയമില്യാത്ത വഴികളിലൂടെ ഉള്ള യാത്ര രസകരമായിരുന്നു. മുന്നേ പറഞ്ഞ പോലെ മാംസം വിൽക്കുന്ന സ്ഥലത്ത് വല്യേ ജനക്കൂട്ടം. പച്ചക്കറി വിൽപ്പനസ്ഥലത്തും അതേ പോലെ. ഇരുവശവും നല്ല പച്ചപ്പ്. വല്ലാതെ കയറ്റ‌ഇറക്കങ്ങളില്യാത്ത റോഡ്. അതിനിടയ്ക്ക് കുന്നുകൾ. അതിന്റെ മുകളിൽ കാറ്റാടിയന്ത്രങ്ങൾ. റോഡിനിരുവശവും വേരുകൾ തൂക്കിയിട്ട് തണൽ തരുന്ന മരങ്ങൾ. എല്ലാം കണ്ടും ആസ്വദിച്ചും യാത്രതുടരുന്നതിനിടയിൽ ആണ് ഒരു അണക്കെട്ട് പ്രത്യക്ഷപ്പെട്ടത്. 

ദൂരെ അണക്കെട്ടിനുമുകളിൽ കൂടെ വണ്ടികൾ പോവുന്നത് കാണാമായിരുന്നു. ഇത് ഏതാ നദി ഏതാ അണക്കെട്ട് എന്ന് കൂടെ ധാരണ ഇല്യാതെ ഞങ്ങളും സമാന്തരമായി യാത്ര തുടർന്നു. ഒരു സ്ഥലത്ത് വെച്ച് അണക്കെട്ട് അൽപ്പം അടുത്ത് കിട്ടി. അവിടെ കെട്ടിന്റെ സൈഡിൽ വലുതായി പുൽതകിടിയിൽ എഴുതി വെച്ചിരിക്കുന്നു ഹേമാവതി അണക്കെട്ട് എന്ന്. ഗൊരുർ എന്ന പ്രദേശത്താണ് അത്. കാവേരിയുടെ ഒരു കൈവഴിയിലാണെന്ന് തോന്നുന്നൂ ഈ അണക്കെട്ട്. എന്തായാലും അവിടെ ഒന്നും ഞങ്ങൾ നിർത്താൻ പോയില്യാ. ബേലൂരായിരുന്നല്ലൊ ലക്ഷ്യം. 

പിന്നേയും ഗ്രാമങ്ങളും നഗരങ്ങളും താണ്ടി കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ നീങ്ങി. ബേലൂരായിരുന്നു ലക്ഷ്യമെങ്കിലും ബേലൂർ എത്തുന്നതിനു മുന്നേ തന്നേ ഞങ്ങൾ ഹാലേബീഡിലേക്കുള്ള ബോർഡ് കണ്ടു. ഹാലേബീഡിൽ നിന്നും ബേലൂർക്ക് പതിനേഴ് കിലോമീറ്റർ ദൂരമേ ഉള്ളൂ. ഹാസ്സൻ നഗരത്തിൽ നിന്നും മുപ്പത് കിലോമീറ്ററോളം ദൂരത്തിൽ ആണ് ഇവ രണ്ടും. അതിനാൽ ഞങ്ങൾ ഹാലേബീഡിലേക്ക് വെച്ച് പിടിച്ചു. 

ഹൊയ്സാലാ രാജവംശത്തിന്റെ തലസ്ഥാനനഗരികളായിരുന്നു ബേലൂരും ഹാലേബീഡും. ഹാലേബീഡായിരുന്നു രണ്ടാമത്തെ തലസ്ഥാനം ബേലൂർ ആദ്യത്തേതും. രണ്ട് നഗരങ്ങളും മുഗൾ രാജാവായ തുഗ്ലക്കിന്റെ സൈന്യാധിപൻ മലിക്ക് കാഫുർ ആക്രമിച്ച് നശിപ്പിക്കുകയായിരുന്നു. പത്താം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ആണ് ഹൊയ്സാല രാജവംശത്തിന്റെ ഭരണകാലം. ഹാലേബീഡു എന്ന് വെച്ചാൽ പഴയ നഗരം എന്നാണ് അർത്ഥം. യാഗാച്ചി എന്ന പുഴയുടെ തീരത്താണ് ഈ നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്. യാഗാച്ചി കാവേരിയുടെ കൈവഴി ആണ് എന്ന് തോന്നുന്നു. അമ്പലങ്ങൾ നക്ഷത്രാകൃതിയിൽ ഉള്ള തറയുടെ മുകളിലാണ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഹൊയ്സാലാ വാസ്തുരീതിയുടെ പ്രത്യേകത ആണെന്ന് തോന്നുന്നു. എല്ലാം സോപ്പ്കല്ല് എന്ന പ്രത്യേക കല്ലിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ കല്ല് ഒരു പ്രത്യേക ലായനി ഉപയോഗിച്ച് കഴുകിയാൽ നല്ലതായി തിളങ്ങി മിനുക്കമുള്ള പ്രതലത്തോടെ നിൽക്കുമത്രെ. തമിഴ്നാട്ടിൽ നിന്നും കല്ലുപണിക്കാരെ കൊണ്ട് വന്നാണ് ക്ഷേത്രങ്ങൾ നൂറ്റാണ്ടുകൾ പണി ചെയ്ത് തീർത്തിരിക്കുന്നത്. അത്തരം കല്ലുപണിക്കാരുടെ കുടുംബങ്ങൾ ഇപ്പോഴും രണ്ട് പ്രദേശത്തും കാണാം. അവർ തമിഴും കന്നടയും ഒക്കെ സംസാരിക്കും. 

ഹാലേബീഡിനെ ദക്ഷിണ വാരണാസി എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിൽ ശിവന്റെ പ്രതിഷ്ഠയാണ് എന്ന് അതിൽ നിന്നും തന്നെ ഊഹിക്കാമല്ലൊ. ഹൊയ്സാലേശ്വരൻ എന്നാണ് അറിയപ്പെടുന്നത്. ശൈവരായിരിക്കാം അന്ന് അവിടുത്തെ ജനങ്ങൾ. ശ്രാവണബലഗോള എന്ന ജൈനബസതി അടുത്ത് തന്നെ ആണ് എന്ന് സ്ഥലനാമങ്ങൾ എഴുതിവെച്ച പലകകൾ കൊണ്ട് അറിയാൻ കഴിഞ്ഞു. അവിടെ ഞങ്ങൾ പോയില്യാ. സമയക്കുറവ് തന്നെ കാരണം. 

ഹാലേബീഡിൽ അടുത്ത് തന്നെ ഒരു ജൈനബസതിയുമുണ്ട്. അത് ഞങ്ങൾ കാണാൻ പോയില്ല എങ്കിലും ഒരു വലിയ ഗോമടേശ്വരപ്രതിമ ക്ഷേത്രാങ്കണത്തിൽ തന്നെ കണ്ടു. ഹൊയ്സാലരാജവംശത്തിൽ ചിലർ ജൈനമതക്കാരായിരുന്നു. ക്ഷേത്രാങ്കണത്തിൽ തന്നെ ഒരു ആർക്കിയോളജിക്കൽ വകുപ്പ് മ്യൂസിയമുണ്ട്. അത് അടച്ചിട്ടിരിക്കുകയായിരുന്നു എങ്കിലും മതിലൊന്നും ഇല്യാത്തതിനാലും ശിൽപ്പങ്ങൾ എല്ലാം വെറുതെ മുറ്റത്ത് തന്നെ നിരത്തിയതിനാലും ഞങ്ങൾ വേലിയ്ക്ക് പുറത്ത് നിന്ന് അവയൊക്കെ കണ്ടു. ക്ഷേത്രാങ്കണത്തിൽ വിശാലമായ പുൽത്തകിടി രസമുള്ളതായിരുന്നു. ധാരാളം തണൽ വൃക്ഷങ്ങളും ഉണ്ടായിരുന്നു. 

ബേലൂരും ഹാലേബീഡും പതിനേഴുകിലോമീറ്റർ ദൂരത്തിലാണെങ്കിലും ഇരട്ടനഗരങ്ങൾ ആയാണ് അറിയപ്പെടുന്നത്. രണ്ട് സ്ഥലങ്ങളിലും സംസ്കാരം ഒന്നായതിനാൽ കൂടെ ആവാം അത്. ഒന്നിനെ പരമാർശിക്കുമ്പോൾ മറ്റേതും സ്വാഭാവികമായും വരും. രണ്ട് അമ്പലങ്ങളിലും ധാരാളം കൊത്ത് പണികൾ ഉണ്ട്. ഹാലേബീഡിൽ അകത്ത് തൂണുകളിൽ ശില്പങ്ങളേക്കാൾ അധികം ആഭരണങ്ങളുടെ ഡിസൈൻ ആയിരുന്നു കൊത്തി വെച്ചിരിക്കുന്നത്. അത് കൗതുകം തോന്നി. ശില്പങ്ങൾ എല്ലാം തന്നെ ഹിന്ദുപുരാണങ്ങളിൽ നിന്നും ഉള്ള കഥകൾ ആണ്. കൂടാതെ മദനികകൾ എന്നറിയപ്പെടുന്ന നർത്തകിമാരുടെ ശിൽപ്പങ്ങൾ ധാരാളമുണ്ട്. അതും ആ നൃത്തച്ചുവടുകൾ എല്ലാം വളരെ മനോഹരവും കൃത്യതയും ഉള്ളവതന്നെ. 

ഹാലേബീഡ് കണ്ട് ഞങ്ങൾ ബേലൂർക്ക് വെച്ച് പിടിച്ചു. വേലാപുരിയെന്നായിരുന്നു ബേലൂരിന്റെ പഴയനാമധേയം. ദ്വാരസമുദ്രം എന്ന് മറ്റൊരു പേരുമുണ്ട്. അവിടെ സമുദ്രമുണ്ടോ എന്നറിയില്യ. ദക്ഷിണ വാരണാസി എന്ന പേർ ഹാലേബീഡിനു അവിടത്തെ ശിവക്ഷെത്രംകൊണ്ട് കൂടുതൽ ചേരും. ബേലൂരിൽ ചെന്നകേശവ അമ്പലം ആണ് ഉള്ളത്. സുന്ദരനായ കേശവൻ എന്ന് തർജ്ജുമ. ബേലൂർ ഹാലേബീഡിനേക്കാൾ തിരക്കുള്ള നഗരമായി തോന്നി. 

ചെന്നകേശവന്റെ അമ്പലവും നക്ഷത്രാകൃതിയിൽ ഉള്ള തറയുടെ മുകളിൽ തന്നെ ആണ് നിർമ്മിച്ചിരിക്കുന്നത്. വലിയ ഒരു സ്വർണ്ണക്കൊടിമരവും താഴെ ഗരുഡസ്തൂപവും ഉണ്ട്. വശത്ത് ഒരു കൊക്കർണ്ണി പോലുള്ള കുളത്തിൽ ധാരാളം ആമകൾ ഉണ്ടായിരുന്നു. അത് പണ്ട് ഒരു തടാകമായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇവിടെ ധാരാളം ഉപദൈവങ്ങളുടെ അമ്പലങ്ങളും ക്ഷേത്രാങ്കണത്തിൽ തന്നെ ഉണ്ട്. അമ്പലത്തിനു പുറത്ത്, ക്ഷേത്രാങ്കണത്തിൽ തന്നെ, പ്രസാദമായി വലിയ ലഡു അമ്പത് രൂപയ്ക്ക് വിൽക്കുന്നു. നല്ല സ്വാദുള്ളതായിരുന്നതിനാൽ ഞങ്ങൾ രണ്ടെണ്ണം വാങ്ങി. 

തലക്കാട് യുദ്ധത്തിൽ ചോളരാജാക്കന്മാരെ തോൽപ്പിച്ചതിന്റെ സ്മാരകമാണത്രെ ബേലൂരുള്ള ഈ സുന്ദരകേശവന്റെ അമ്പലം. ക്ഷേത്രാങ്കണത്തിൽ തന്നെ ഒരു വലിയ ഒറ്റക്കൽ തൂൺ അതിന്റെ ഭൂഗുരുത്വം കൊണ്ട് മാത്രം നിൽക്കുന്നത് കണ്ടു. നൂറിലധികം കൊല്ലമെടുത്താണ് ഈ ക്ഷേത്രം പണിത് തീർത്തത് എന്ന് ചരിത്രം പറയുന്നു. മാർച്ച് ഏപ്രിൽ കാലത്ത് രഥോത്സവം ഉണ്ടത്രെ. രഥങ്ങൾ എല്ലാം "പാർക്ക്" ചെയ്ത് വെച്ചിരിക്കുന്നത് ക്ഷേത്രാങ്കണത്തിൽ തന്നെ കണ്ടു. 

ധാരാളം ശിൽപ്പങ്ങൾ ഉള്ളതിൽ രാവണന്റെ കൈലാസോദ്ധാരണം കണ്ട് ഞാൻ ഇഷ്ടപ്പെട്ടു, കഥകളിയിൽ മാത്രം അനുഭവിച്ച കൈലാസോദ്ധാരണം മറ്റൊരു രീതിയിൽ ശിൽപ്പമായി കാണുക എന്നത് രസകരമായ കാര്യം തന്നെ. കൊത്തുപണികളേയും ശിൽപ്പങ്ങളേയും പറ്റി പറയുന്നതിനേക്കാൾ അധികം ചിത്രങ്ങൾ കണ്ട് മനസ്സിലാക്കം.


പോയസ്ഥലത്തെ പറ്റി വിവരിക്കുന്ന കൊച്ചുപുസ്തകങ്ങൾ വാങ്ങിയതിനാൽ അത് നോക്കി എല്ലാം കാണുക എന്നത് എന്റെ മകന്റെ രീതി ആയിരുന്നു. അവൻ നടന്ന് നടന്ന് പുസ്തകത്തിലെ ചിത്രങ്ങൾ നോക്കി കാണുന്നവയുമായി താരതമ്യം ചെയ്ത് മിക്കതും കണ്ട് ആസ്വദിച്ചു. ഞങ്ങൾക്ക് യാത്രകൾ കൊണ്ടും നടത്തം കൊണ്ടും ക്ഷീണമുണ്ടായിരുന്നത് ഒന്നും അവനെ ബാധിച്ചില്ല. അവൻ സമയമെടുത്ത് സെൽഫിയുമെടുത്ത് മിക്കതും കണ്ട് ആസ്വദിച്ചു. ഞങ്ങൾ അവന്റെ പിന്നാലെ നടന്ന് കണ്ടു. ഗൈഡുകളുണ്ടായിരുന്നെങ്കിലും ആവശ്യം വന്നില്യ. 

അത്രയുമായപ്പോഴേക്കും അഞ്ചുമണി ആവാറായിരുന്നു. ക്ഷേത്രങ്ങൾ എല്ലാം അഞ്ചുമണിക്ക് സന്ദർശകർക്ക് പ്രവേശനാനുമതി നിർത്തും എന്നറിയാൻ കഴിഞ്ഞു. ഇനി മടക്കം എന്ന് നിശ്ചയിച്ച് ഞങ്ങൾ മൊബൈലിലെ സ്ത്രീയോട് വഴി ചോദിച്ചു. മുന്നൂറുകിലോമീറ്ററിലധികം വണ്ടി ഓടിക്കണം ! മൈസൂർ വഴി ആണ് എളുപ്പം. വഴിയും നല്ലത് അതാണ്. അതിനാൽ ആ വഴി വെച്ച് പിടിച്ചു.

മൈസൂർ എത്തിയപ്പോ അവിടെ ദസറ ആഘോഷങ്ങളുടെ വമ്പിച്ച തിരക്ക്. എന്നാലും മൈസൂർ കൊട്ടാരം ഞങ്ങൾ വിളക്കുകളാൽ അലങ്കരിച്ച് നിൽക്കുന്നത് കണ്ടു. രാത്രി ആയിരുന്നു. ബന്ദിപ്പൂർ പാത ആ സമയം അടച്ചിരിക്കും. പിന്നെ അടുത്ത ദിവസം രാവിലെ ആറുമണിക്കേ തുറക്കൂ. അതിനാൽ ഞങ്ങൾ ഭക്ഷണം ഹൈവേയുടെ അരികത്തുള്ള ഒരു ഹോട്ടലിൽ നിന്ന് കഴിച്ച് അൽപ്പദൂരം കൂടെ യാത്ര തുടർന്ന് മറ്റൊരു ഹോട്ടലിൽ റൂമെടുത്ത് രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് അതിരാവിലെ നാലരയ്ക്ക് എഴുന്നേറ്റ് തയ്യാറായി യാത്ര തുടർന്നു. 

നാലാം ദിവസം:-

അതിരാവിലെ തന്നെ യാത്ര പുറപ്പെട്ട ഞങ്ങൾ അഞ്ചരയോടെ ബന്ദിപ്പൂർ വനപാതയുടെ കവാടത്തിൽ എത്തി. കവാടം തുറക്കാൻ കാത്തിരിക്കുന്ന ജന, വാഹന സഞ്ചയം കണ്ടപ്പോൾ അന്തം വിട്ടു. പലതരത്തിലുള്ള വാഹനങ്ങൾ, പലതരത്തിലുമുള്ള ആളുകൾ. പലരും വാഹനത്തിൽ നിന്ന് ഇറങ്ങി നിൽക്കുന്നു. ഉദയസൂര്യൻ കോടമഞ്ഞിൽ പുതച്ച് നിൽക്കുന്നു. കാത്തിരുന്ന് ആറുമണിക്ക് കവാടം തുറന്നു. ഞങ്ങൾ യാത്രയും തുടർന്നു.

വനപാതയിലൂടെ ഉള്ള യാത്രയിൽ വാഹനങ്ങളുടെ തിരക്കും അവരുടെ ഹോൺ ശബ്ദവും ഭീകരമായിരുന്നു. ഹോൺ അരുത് എന്നൊക്കെ എഴുതിവെച്ചിരുന്നെങ്കിലും അധികമാരും അത് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നിയില്യ. ധാരാളം മാനുകൾ കൂട്ടത്തോടേ മേഞ്ഞിരുന്നു. ഞങ്ങൾ അധികം മൃഗങ്ങളെ ഒന്നും ശ്രദ്ധിച്ചിരുന്നില്യ. യാത്ര തുടർന്ന് കർണ്ണാടക അതിർത്തി കടന്ന് തമിഴ്നാട് കവാടം എത്തിയപ്പോൾ പോലീസുകാർ തടഞ്ഞു. ഞാൻ ഇംഗ്ലീഷിൽ തന്നെ വർത്തമാനം പറഞ്ഞു. ഞങ്ങളെ വേഗം വിട്ടു അവർ. മുന്നിൽ പോയ ചെലരെ ചോദ്യം ചെയ്യുന്നത് കാണുന്നുണ്ടായിരുന്നു ഞങ്ങൾ. കീശയിലേക്ക് കൈകൾ പോകുന്നതും. അതെന്തിനാ എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്യ. 

അങ്ങനെ നാടുകാണി ഇറങ്ങി ഞങ്ങൾ നിലമ്പൂരെത്തി. ഞാൻ ഡ്രൈവിങ്ങ് എന്റെ ഭാര്യയ്ക്ക് വിട്ട് കൊടുത്ത് പിൻ സീറ്റിൽ സുഖമായി ഉറങ്ങി. നാടുകാണി ഇറങ്ങുമ്പോൾ എന്റെ പഴയ കോളേജ് യാത്ര ഓർത്തു ഞാൻ. പ്രാതൽ കഴിച്ച് നിലമ്പൂരെത്തിയപ്പോൾ എനിക്ക് തേക്ക് മ്യൂസിയം കാണണമെന്ന് മോഹം. അങ്ങനെ ഞങ്ങൾ പത്ത് മണിയോടെ തേക്ക് മ്യൂസിയത്തിൽ എത്തപ്പെട്ടു. വാഹനം പാർക്ക് ചെയ്ത് ഉള്ളിൽ കയറി.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ഭാഗമാണ് നിലമ്പൂരുള്ള തേക്ക് മ്യൂസിയം. തേക്കിനെ അതിന്റെ ഹൃദയത്തിലേക്ക് ഇറങ്ങി നമുക്ക് അറിയാൻ പറ്റുന്ന സ്ഥലം. മ്യൂസിയം നാലുചുമരുള്ള ഒരു കെട്ടിടം മാത്രമല്ല. പുറത്ത് അതീവഭംഗിയുള്ള ഒരു പൂമ്പാറ്റ ഉദ്യാനവും അതിനും ശേഷം മരുന്നുചെടികളുടെ ഉദ്യാനവും പിന്നെ പട്ളും കൂട്ടവും (മുളകളുടെ കൂട്ടം) ഒക്കെ ആയി വളരെ നല്ല രീതിയിൽ പരിപാലിക്കുന്ന വിശാലമായ തോട്ടവും ഒക്കെ ഉണ്ട്. എന്റെ നാട്ടിൽ ഇതുണ്ടായിട്ട് ഇതുവരെ ഞാൻ കാണാത്തതിൽ കുണ്ഠിതവും ഇപ്പോൾ കണ്ടപ്പോൾ അഭിമാനവും തോന്നി എനിക്ക്. ഷൊർണൂർ നിലമ്പൂർ തീവണ്ടിപ്പാതയുടെ ചരിത്രം തന്നെ തേക്കുകളുടെ കഥ ആണല്ലൊ.

മ്യൂസിയം കണ്ടപ്പോൾ തേക്ക് മുത്തശ്ശിയെ കാണാതെ പോരാൻ പറ്റില്യ എന്നായി. എല്ലാം എന്റെ നാട്ടിലേക്കുള്ള വഴി അരികിൽ തന്നെ. കുറച്ച് കൂടെ പോന്ന് കനോലി പ്ലോട്ട് എന്ന മനുഷ്യനിർമ്മിതമായ ആദ്യത്തെ തേക്കിൻ കാട് കാണുവാൻ ഞങ്ങൾ വണ്ടി പാർക്ക് ചെയ്തു. അത് ഒരു ഒന്നൊന്നര തേക്കിങ്കാട് തന്നെ ആയിരുന്നു. ഇരുപത് രൂപ ടിക്കറ്റും എടുത്ത് ഞങ്ങൾ നടത്തം തുടങ്ങി. ചാലിയാർ വിശാലമായി നിറഞ്ഞ് ഒഴുകുന്നു. അതിനുമുകളിലൂടെ അതിഗംഭീരമായ ഒരു തൂക്കുപാലം. വീഴുമെന്ന പേടി ഒന്നും വേണ്ടാ. സഹായിക്കാൻ ആളുകൾ എല്ലാ സ്ഥലത്തും ഉണ്ട്. പാലവും അസ്സലായി പരിപാലിക്കപ്പെടുന്നുവെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. ഞങ്ങൾ പാലം കയറി മറിഞ്ഞ് തേക്കിൻ കാട്ടിലെത്തി. തേക്ക് മുത്തശ്ശിയെ കണ്ട് പ്രദിക്ഷിണം വെച്ചു. പിന്നേം കാട്ടിലൂടെ അലഞ്ഞു. നീളം കൂടിയ തേക്കിൻ കൂറ്റനെ കണ്ടു. ജനത്തിരക്ക് ഉണ്ടായിരുന്നു. ഹണിമൂണിനു പറ്റിയ സ്ഥലങ്ങൾ.

അങ്ങനെ അതും കണ്ട് മനം കുളിർത്ത് ഞങ്ങൾ പെരിന്തൽമണ്ണയിൽ എത്തി. നാട്ടിലെത്തി. സമയം ഉച്ച കഴിഞ്ഞ് രണ്ട് മണി കഴിഞ്ഞിരുന്നു. അന്ന് കാണാമെന്ന് വിചാരിച്ചിരുന്ന ഒരു കഥകളിപരിപാടി കാണാൻ പോയില്ല്യ. മകനെ അവന്റെ കോളേജിലേക്ക് യാത്രയാക്കി ഞങ്ങൾ നാട്ടിലെത്തി വിശ്രമിച്ചു.

അതോടെ നാലുദിവസത്തെ യാത്രാപരിപാടി ഗംഭീരമായി. ഓരോ നിമിഷവും ഓർമ്മിക്കാനുള്ള വകുപ്പുള്ളത്. ആ നിമിഷങ്ങളെ നെഞ്ചിലേറ്റി ഞാൻ പ്രവാസവും തുടർന്നു. സത്യത്തില്‍ കൊടകും ബേലൂര്‍, ഹാലേബീഡും ഒന്നിച്ച് പോയി ഒറ്റ യാത്രയില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ അല്ല. ഇവ തമ്മിലുള്ള ദൂരം തന്നെ പ്രശ്നം. ബേലൂര്‍, ഹലേബീഡ് ശ്രാവണബലഗോള, ശൃമ്‍ഗേരി ഒക്കെ ഒന്നിച്ച് ഒറ്റ ട്രിപ്പില്‍ ആക്കാം. കൊടക്, ബൈലേകുപ്പേ, ദുബേരെ, ഭാഗമണ്ഡല്‍, തലക്കാവേരി എന്നിവയൊക്കെ മറ്റൊരു ട്രിപ്പിലും കാണാം. ബൈലക്കുപ്പയില്‍ പോയി ബുദ്ധവിഹാരം കാണുക എന്നത് ഒരു മോഹമായിരുന്നു. എന്‍റേതല്ലാത്ത ഒരു സംസ്കാരത്തിനെ അവിടെ ഞാന്‍ അറിയുകയായിരുന്നു. 

മംഗളം...

1 അഭിപ്രായം:

menon speak പറഞ്ഞു...

Thanks a lot for this superb article...no words to explain..feeling very happy after reading this wonderful post..great choice of words too..feels like i just went there...Thanks ji

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...