27 ഒക്‌ടോബർ 2017

ഉജ്ജയിനി - ഒ.എൻ.വി കുറുപ്പ്

കാലം, സ്ഥലം, കഥാപാത്രങ്ങൾ

മദ്ധ്യപ്രദേശിലെ ക്ഷിപ്രാനദിയുടെ തീരത്തുള്ള നഗരമാണ് ഉജ്ജയിനി. രാജ്യങ്ങൾ എന്നറിയപ്പെടുന്നതിനും മുന്നേ ഭാരതത്തിൽ അനവധി ജനപദങ്ങൾ ഉണ്ടായിരുന്നു. അതിൽ അവന്തി എന്ന ജനപദത്തിന്റെ തലസ്ഥാനമായിരുന്നു ഉജ്ജയിനി. ഇത് ഏകദേശം കൃസ്തുവിനു മുൻപ് 600ൽ. മാൾവാ അല്ലെങ്കിലും മാളവികം എന്നൊക്കെയും ഈ ജനപദത്തിനും പേരുണ്ടായിരുന്നു. മാൾവ പ്ലാറ്റോ ഓഫ് മദ്ധ്യ ഇന്ത്യ.. മാൾവ ഒരു പീഠഭൂമി എന്ന നിലയിൽ. മാളവികം എന്ന് സംസ്കൃതത്തിൽ.

മദ്ധ്യേന്ത്യയിലെ മാളവികം എന്ന പീഠഭൂമിയിലെ അവന്തിക എന്ന ജനപദത്തിന്റെ തലസ്ഥാനം ആയിരുന്നു ഉജ്ജയിനി.

ഭർതൃഹരി കാളിദാസൻ ശൂദ്രകൻ (=മൃച്ഛകടികം മൺ വണ്ടി ഞാൻ മുന്നെ അവതരിപ്പിച്ചിരുന്നു ചില്ലയിൽ) തുടങ്ങി അനവധി പേരുകേട്ട കവികൾ എഴുത്തുകാർ ഉജ്ജയിനിയിൽ വാണിരുന്നു. ഉജ്ജയിനിയെ പറ്റി പറഞ്ഞാൽ തീരുന്നതല്ല.

ഉജ്ജയിനിയെ പോലെ തന്നെ കാളിദാസനെ പറ്റി പറഞ്ഞാലും തീരില്ല. അത്ര അധികം കഥകൾ അദ്ദേഹത്തെ പറ്റി നടപ്പുണ്ട്. ഉപമാ കാളിദാസസ്യ എന്ന് അദ്ദേഹത്തിന്റെ രചനാശൈലിയെ പുകഴ്ത്തുന്നുമുണ്ട്.

ഉജ്ജയിനിയെ “രത്നഹാരി” എന്ന് പലപ്പോളായി കവി വിശേഷിപ്പിക്കുന്നുണ്ട് ഇവിടെ. രത്നങ്ങൾ എല്ലാം രാജാക്കന്മാർക്ക് എന്നാണല്ലൊ. “രത്നമെല്ലാം നിനക്കുള്ളൂ, യജ്ഞമേ ദേവകൾക്കുള്ളൂ” എന്ന് ഉണ്ണായിവാര്യർ. അതുപൊലെ എല്ലാ നല്ലതുകളും -രത്നങ്ങൾ- ഉജ്ജയിനിയിലേക്ക്, അവിടെ കിട്ടും എന്നും അർത്ഥമാകാം.

ഓർക്കുക, കാളിദാസാദി മഹാകവികളും ഉജ്ജയിനിയിലായിരുന്നു. വിക്രമാദിത്യത്തന്റെ സദസ്സിലെ “നവരത്ന”ങ്ങളിൽ ഒന്നായിരുന്നു കാളിദാസനും. അപ്പൊ ആ രത്നഹാരി എന്ന ഉപമ നന്നായി.

കാളിദാസൻ അഞ്ചാം നൂറ്റാണ്ടിലാകാം ജീവിച്ചിരുന്നത് എന്ന് ഏകദേശം ഊഹിച്ച് പറയാമെന്നല്ലാതെ കൃത്യമായ ജീവചരിത്രതെളിവുകൾ ആർക്കും ഒന്നും ലഭിച്ചിട്ടില്ല. അധികവും അദ്ദേഹത്തിന്റെ കൃതികളിൽ നിന്നും ഊഹിച്ചെടുക്കുകയാണ്. ഇതുവെച്ച് കാശ്മീരിൽ ജനിച്ച് ഹിമാലയസാനുക്കളിലും കലിംഗത്തിലും ഉജ്ജയിനിയിലും ഒക്കെ കാളിദാസൻ ജീവിച്ചു വളർന്നു എന്ന് പറയപ്പെടുന്നു. കാളിദാസകൃതികളിലെ പ്രകൃതി വർണ്ണന ആണ് ഇങ്ങിനെ ഊഹിക്കാൻ ഒരു കാരണം.

ഇതൊന്നും അല്ലാതെ ഒരു കാളിദാസൻ അല്ല, കാളിദാസൻ എന്ന പേരിൽ ചുരുങ്ങിയത് മൂന്നുപേരെങ്കിലും ഉണ്ടായിരുന്നു എന്ന് സമർത്ഥിക്കുന്ന പണ്ഡിതരും ഉണ്ട്. :)

ഗുപ്തരാജവംശത്തിലെ ചന്ദ്രഗുപ്തവിക്രമാദിത്യൻ രണ്ടാമനായിരുന്നു അതിപ്രശസ്തനായിരുന്നു. ഉജ്ജയിനി തലസ്ഥാനമാക്കി ഭരിച്ചിരുന്നു. വാകാടകരാജാവുമായി ബന്ധമുണ്ടായിരുന്നത് ഈ ചന്ദ്രഗുപ്തവിക്രമാദിത്യനായിരുന്നു. ഇക്കാലത്തായിരുന്നു സംഗീതസാഹിത്യാദികൾക്ക് സുവർണ്ണ കാലഘട്ടമായിരുന്നു. ഇവർ വൈഷ്ണവരായിരുന്നു. ഈ ചന്ദ്രഗുപ്തൻ രണ്ടാമനും വീരഗാഥകളിലെ, ഐതിഹ്യങ്ങളിലെ വിക്രമാദിത്യരാജാവും ഒന്നാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. കാളിദാസൻ ഇദ്ദേഹത്തിന്റെ കൊട്ടാരം കവിയായിരിക്കാം എന്നും പറയുന്നുണ്ട്. എന്നാൽ നവരത്നങ്ങളിൽ പെട്ട മറ്റു കവികൾ ഒന്നിച്ച് ഒരെകാലത്ത് ജീവിച്ചിരുന്നവരായിരുന്നുവൊ എന്നൊന്നിനും തെളിവില്ല. അവയെല്ലാം ഐതിഹ്യങ്ങൾ മാത്രമായി നിൽക്കുന്നു.


ഐതിഹ്യങ്ങളിലെ കാളിദാസന്റെ ജീവിതവും അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് വായിക്കാവുന്ന ജീവിതവും തമ്മിൽ വ്യത്യാസമുണ്ട് എന്ന് തോന്നിയതിനാലാണ് ഇങ്ങനെ ഒന്ന് എഴുതാൻ തോന്നിയത് എന്ന് ഒ എൻ വി.

 • കാളിദാസൻ എന്ന പേരിൽ ഒരു നോവലും ഞാൻ കുറച്ച് കൊല്ലങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. അതിൽ അദ്ദേഹത്തെ വെള്ളപൂശിയിരിക്കുന്നു.

ഈ കൃതിയിൽ വെള്ളപൂശലില്ല എന്നല്ല, അതിലേറെ എനിക്ക് മനസ്സിലായതും ആസ്വദിച്ചതും അദ്ദേഹത്തിന്റെ ഒരു കൃതിയായ മേഘസന്ദേശത്തിലെ യക്ഷന്റെ ജീവിതവും കാളിദാസന്റെ ജീവിതവും തമ്മിൽ ബന്ധിപ്പിച്ച്, ചരിത്രവുമായി ഇണക്കി പദ്യരൂപത്തിൽ ഉള്ള ഒരു ആഖ്യായിക എഴുതിയിരിക്കുന്നു ഒ എൻ വി കുറുപ്പ്. വളരെ യുക്തിഭദ്രം. ആയതുകൊണ്ട് വെള്ളപൂശുന്നത് എന്തിനാ എന്ന് ചോദിക്കാൻ തോന്നുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

എത്ര ആരുവെള്ളപൂശിയാലും ഐതിഹ്യങ്ങളിലെ കാളിദാസൻ കള്ളുകുടിയനും പെണ്ണുപിടിയനും ആയിരുന്നു എന്നത് മാറില്ലല്ലൊ. തസ്മൈ നമസ്തെ സ്തനശങ്കരായാ.. ശിവഭക്തനുമായിരുന്നു കാളിദാസൻ.  വേശ്യയാൽ വിഷം കൊടുത്ത് കൊന്നതാണ് എന്നും കഥയുണ്ട്.

സത്യത്തിൽ കാളിദാസനെ പറ്റി ഉള്ള ഇത്തരം അസഹ്യമായ ഐതിഹ്യങ്ങളിൽനിന്നും ആണ് ഒ എൻ വിയുടെ ഈ കൃതിയും പിറന്നിരിക്കുന്നത്. എന്നാൽ കള്ളില്ല എന്ന് പറഞ്ഞിട്ടില്ല കള്ളിനെ പറ്റി സൂചിപ്പിച്ചിട്ടുമില്ല. പെണ്ണ് പിടിയൻ എന്നതിനെ ഏകകാമുകി എന്ന നിലയിലേക്ക് കൊണ്ടുവന്നിരുക്കുന്നു. അത് അദ്ദേഹം പുസ്തകത്തിന്റെ അവസാനം കൊടുത്ത സൗഹൃദസംഭാഷണത്തിൽ പറയുന്നുണ്ട്.

കാളിദാസനെ പറ്റി ഉള്ള പ്രചുരപ്രചാരമുള്ള ഐതിഹ്യങ്ങളും അദ്ദേഹത്തിന്റെ കൃതികളും തമ്മിൽ ഒരു യോജിപ്പ് ഇല്ല എന്നാ ഒ എൻ വി പറയുന്നത്.

അതവിടെ നിൽക്കട്ടെ

കള്ളു കുടിച്ചാൽ പെണ്ണുപിടിച്ചാൽ പ്രകൃതിയെ പറ്റിയും ഏകസ്ത്രീപ്രണയത്തെ പറ്റിയും എഴുതാൻ പറ്റില്ല എന്ന് എന്തോ ഒരു ദ് കിടക്കുന്നുണ്ട് എന്ന് തോന്നുന്നു.

നമ്മടെ കവി അയ്യപ്പനും പി കുഞ്ഞിരാമൻ നായരും ഒക്കെ നമ്മുക്ക് അറിയുന്നവർ.. അവർക്ക് എഴുതാം മനോഹരം കവിതകൾ…
അപ്പൊ പിന്നെ കാളിദാസൻ വേശ്യാവൃത്തി (അത് അന്നത്തെ കാലത്ത് കുറ്റവുമല്ല, അതൊരു സമൂഹ ടാബൂവുമല്ല എന്നോർക്കുക. മൃച്ഛകടികത്തിൽ ബ്രാഹ്മണനം വേശ്യയെ സ്നേഹിക്കുന്നതും എന്നിട്ട് കുലസ്ത്രീ ആക്കുന്നത് ജസ്റ്റ് ഒരു മൂടുപടം ഇടുവിച്ചും എന്ന് ഓർക്കുക) അല്ലെങ്കിൽ കള്ളുകുടിച്ചാൽ അത് എന്തോ ഒരു വലിയ സംഭവം എന്ന നിലയിലാ ഈ ഇത്തരം കൃതികൾ ഒക്കെ എന്നൊരു പ്രശ്നമുണ്ട്.

കാളിദാസന്റെ ആദ്യ കൃതികൾ ഋതുസംഹാരവും മേഘസന്ദേശവും ആണെന്ന് പണ്ഡിതാഭിപ്രായം ഞാൻ മുകളിൽ പറഞ്ഞു.

മേഘസന്ദേശം (മേഘദൂതം എന്നാണെന്നു തോന്നു ഒറിജിനൽ) പ്രകൃതിവർണ്ണനകൾ നിറഞ്ഞ ഒരു സന്ദേശകാവ്യമാണ്. കൃത്യവിലോപത്തിന്നു ഒരു കൊല്ലത്തേയ്ക്ക് നാടുകടത്തപ്പെട്ട ഒരു യക്ഷൻ, വിരഹവേദന അനുഭവിച്ച്, രാമഗിരി എന്ന രാജ്യത്തിരുന്നു തന്റെ സ്വന്തം നാടായ അളകാപുരിയിലേക്ക് ഭാര്യയ്ക്ക് എഴുതുന്ന സന്ദേശം ഭാര്യയ്ക്ക് എത്തിച്ചുകൊടുക്കുവാൻ ഒരു മേഘത്തെ ആണ് തിരഞ്ഞെടുക്കുന്നത്. അതിനാൽ മേഘസന്ദേശം എന്ന പേർ.

രാമഗിരി വിന്ധ്യാപർവ്വത താഴ്വരയിലാണ്.

എന്തിനാണ് യക്ഷൻ വിരഹവേദന അനുഭവിക്കുന്നത്? എന്തിനാണ് യക്ഷൻ നാട്ടിൽ നിന്നും ദൂരെ നിൽക്കുന്നത് എന്ന് കാളിദാസൻ സൂചന നൽകുന്നില്ല എന്നത് ആണ് പോയന്റ്.

കൃത്യവിലോപം എന്തായിരുന്നു യക്ഷൻ ചെയ്തത്?

പ്രവാസം യക്ഷനു എന്തിനു സംഭവിച്ചു? ഒരു കൊല്ലക്കാലമാണ് ഈ നിഷ്കാസനം. യക്ഷന്റെ രാജാവ് കുബേരൻ ആണ്.

ശ്രീ ഒ എൻ വി ഈ ഒരു ഗ്യാപ്പ് അതായത് എന്തായിരുന്നു കൃത്യവിലോപം എന്തിനായിരുന്നു ഒരു കൊല്ലത്തേക്ക് നിഷ്കാസിതനായത് എന്ന കൃത്യമായ അറിവില്ലായ്മയുടെ പഴുതടക്കുകയാണ് ഉജ്ജയിനി എന്ന തന്റെ കാവ്യത്തിലൂടെ ചെയ്തിരിക്കുന്നത്. ഐതിഹ്യവും ചരിത്രവും എല്ലാം അദ്ദേഹം ഇതിനായി കൂട്ടിയിണക്കുന്നു.

എന്ന് മാത്രം പറഞ്ഞുകൂടാ. ഒ എൻ വി കാളിദാസകൃതികളിലൂടെ നല്ലവണ്ണം സഞ്ചരിക്കുന്നുണ്ട്. എന്നിട്ട് കാളിദാസനെ കാളിദാസന്റെ വ്യക്തിത്വം അറിയാൻ ശ്രമിക്കുന്നുണ്ട്. അതിനാൽ കാളിദാസകൃതികൾ പലതും ഇതിൽ വരുന്നുണ്ട്. അവകളുടെ പ്രമേയം കൂടെ നമുക്ക് അറിഞ്ഞ് ഇത് വായിച്ചാൽ കൂടുതൽ വേദ്യമാകും. രസകരവും.

ഈ കൃതി ആദ്യം തുഞ്ചൻ പറമ്പിൽ ഇരുന്ന് എം.ടി, എം എം ബഷീർ, എൻ പി മുഹമ്മദ്, ഒ എൻ വി എന്നിവർ കൂടി ഇരുന്ന ഒരു സന്ധ്യയിൽ ആണ് ഒ എൻ വി കയ്യെഴുത്തു പ്രതി എടുത്ത് വായിക്കുന്നത് എന്ന് എം.ടി എഴുതിയിട്ടുണ്ട്. ആ സമയത്തെ ചർച്ചയുടെ ഒരു രൂപം ഈ പുസ്തകത്തിന്റെ അവസാനത്തിൽ കൊടുത്തിട്ടുണ്ട്.

അപ്പൊൾ ബഷീർ പറയുന്നുണ്ട് ഇത് ഒരു ലിറിക്കൽ നോവൽ ആണെന്ന്. ഒരു ആധുനിക നോവലിന്റെ സങ്കല്പമാണ് ഈ കൃതിയിൽ ഉള്ളതെന്നു എൻ പി മുഹമ്മദും പറയുന്നു.

ഈ നോവൽ സങ്കൽപ്പം എന്ത് എന്ന് എനിക്കറിയില്ലാത്തതിനാൽ അതിനെ പറ്റി എനിക്ക് പറയാൻ അറിയില്ല. എന്നാലും ഇത് ഒരു പദ്യരൂപത്തിൽ ഉള്ള ആഖ്യായിക ആണെന്ന് എനിക്കും തോന്നി.

ആഖ്യാനം നന്നായോ ഇല്ലയോ എന്ന് സ്വയം വായിച്ച് തീരുമാനിക്കുക.

ആഖ്യായിക എന്നാൽ എന്റെ മനസ്സിൽ, ഒരു വലിയ ക്യാൻവാസിൽ ഉള്ള ജനജീവിതത്തെ പകർത്തുക എന്നതാണ്. അത് എന്റെ മാത്രം വ്യാഖ്യാനം ആയിരിക്കാം. തെറ്റായാലും ശരിയായാലും. എന്നിട്ടും ഇത് ആഖ്യായിക എന്ന് പറയാൻ കാരണം കാളിദാസന്റെ പ്രേമകഥ ഒ എൻ വി അത് തന്റേതായ ശൈലിയിൽ ആഖ്യാനം ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നിയതിനാലാണ്.

സുഭാഷ് ചന്ദ്രന്റെ നോവൽ ഒരു ആഖ്യായിക ആണ്. സുഗന്ധി എന്ന ആണ്ടാൾ നായകി രാമകൃഷ്ണന്റെ നോവൽ അതു പോലെ ഉള്ള നോവലുകൾ ഒരു ഗൂഢത കേന്ദ്രീകരിച്ച് ആ ഗൂഢതയുടെ ചുരുൾ അവസാനം വായനക്കാരെ അറിയുക്കുന്ന ഒരു വിധം ആണ്. ഏകദേശം ഒൻ എൻ വിയുടെ ഈ കൃതിയും അത് പോലെ തന്നെ. പക്ഷെ ഗൂഢത എന്താന്ന് നമുക്ക് വായനക്കാർക്ക് ആകാംഷ ഒന്നും ഉണ്ടാക്കില്ല. അതിലധികം അദ്ദേഹത്തിന്റെ കൃതിയുടെ കേന്ദ്രബിന്ദു മുഖ്യബിന്ദു.. കൃതിയുടെ പോയന്റ്… അതും അല്ല… എന്താച്ചാൽ അത് ഒ എൻ വി നിഗൂഢമാക്കി വെച്ചിട്ടില്ല. നമുക്ക് അനുമാനിക്കാം. കാളിദാസന്റെ ജീവിതം കൃതി ഒ എൻ വി എഴുതുന്നു… അപ്പൊ എന്തെങ്കിലും ഉണ്ടാകും എന്നാലും ഗൂഢമായത് ഒന്നും ഉണ്ടാവില്ലാന്ന് നമുക്ക് ഒരു പ്രീ കൺക്ലൂഷൻ ഉണ്ടാകാം. അത് നമുമ്മ് ഒ എൻ വിയുടെ ശൈലിയിൽ നിന്ന് കിട്ടുന്നതാ. ഒ എൻ വി പ്രശസ്തനും; ഇത് ഒ എൻ വി കൃതികളിൽ ഒന്നും മാത്രം. അങ്ങനെ ഇരുന്നാലും ഗൂഢത ഇല്ലെങ്കിലും നമുക്ക് ഊഹിക്കാം എന്നിരുന്നാലും കാവ്യാത്മകമായി ഒൻ എൻ വി എഴുതിയിട്ടുണ്ട്. പദ്യത്തിൽ ഒരു നോവൽ എന്നത് ഇതായിരിക്കാം എന്ന് ഞാൻ അനുമാനിക്കുന്നു.

ഗൂഢത്വം (ഗൂഢത എന്നാകും ഭാഷാപരമായി ശരി) എന്നൊരു പദമുണ്ടോ എന്ന് അറിയില്ല. അത് പ്രശ്നമല്ല. കാരണം എന്റെ സുഹൃത്ത് എ പി അഹമ്മദിന്റെ മകൾ വന്ന് കുളിഞ്ഞു അങ്കിൾ എന്ന് പറഞ്ഞപ്പൊ എനിക്ക് കാര്യം മനസ്സിലായി എന്തിനാ ഹേ കുളിച്ചു എന്നൊക്കെ പറയുന്നത്? നാവിനു ഈസി ആയി കുളി കഴിഞ്ഞു എന്ന് വിസ്തരിച്ച് പറയുന്നതിനു പകരം കുട്ട് സിമ്പിൾ ആയി അവൾക്ക് തോന്നിയ പോലെ കുളിഞ്ഞു എന്ന് പറഞ്ഞു. ച്ചാ ന്ന് അമർത്തി പറയണ്ടാ ആവശ്യമൊന്നും ഇല്യല്ലൊ. പറയുന്ന കുട്ടിയ്ക്കും കേട്ട എനിക്കും സംഗതി മനസ്സിലായി. അത് ഒരു പുതിയ ഭാഷ. അത് പോലെ ഗൂഢത്വം എന്നു കൂട്ടിയാൽ മതി. ഭാഷ അത്രയൊക്കെ ഉള്ളൂ. ഗ്രാമർ ഒക്കെ പിന്നാലെ വന്ന് കൊള്ളും അല്ലേ?

 • ഈ കാവ്യം ആരാണെന്ന് എനിക്ക് ഓർമ്മ ഇല്ല സംസ്കൃതത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. നെറ്റിൽ ഒരു തവണ ഞാൻ കണ്ടിട്ടുണ്ട്. ലിങ്ക് ഓർമ്മ ഇല്ല.

 • വൃത്തസഹായി എന്ന സോഫ്റ്റ്വേയർ വെച്ച് ഞാൻ ഇതിന്റെ വൃത്തം കണ്ടെത്താൻ ശ്രമിച്ചു. പക്ഷെ ഒന്നേ പറ്റിയുള്ളൂ. പിന്നെ ഞാൻ ശ്രമിച്ചില്ല.

ഉജ്ജയിനിയിലേക്ക്….. കാവ്യത്തിലേക്ക്.. കഥപറയാൻ ഒരുക്കമല്ല. സാംഗത്യമായി പറഞ്ഞാൽ അതുമാത്രം.

കവി എന്ന് പറഞ്ഞാൽ ഒ.എൻ.വി എന്നും കാളിദാസ കവിയെ പേരെടുത്ത് പറയാം എന്നും ഞാൻ ഉദ്ദേശിക്കുന്നു. കാളിദാസൻ കഥാപാത്രമാണല്ലൊ ഇവിടെ.

കൃതിയിലേക്ക്.. ഉജ്ജയിനിയിലേക്ക്… 14 ഖണ്ഡങ്ങൾ

 1. ഏകാന്തതയുടെ തടവറയിലേക്ക്
ഉജ്ജയിനിയിൽ നിന്നിറങ്ങിയ കാളിദാസൻ രാമഗിരിയിൽ എത്തുന്നു. മേഘദൂതത്തിലെ യക്ഷന്റെ പ്രവാസസ്ഥലം. ഒപ്പം ഒരു പഥികനും - അതായത് കവി ഒ എൻ വി എന്ന് പറയാം- പിന്തുടർന്ന് എത്തുന്നു. രാമഗിരിയിലെ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കുന്ന കാളിദാസന്നടുത്ത് പഥികനെത്തി സംഭാഷണം ചെയ്യുന്നു. കാളിദാസനെ പറ്റി അനവധി കഥകൾ -അതായത് വിക്രമാദിത്യത്തന്റെ സഹോദരിയുമായി കാളിദാസൻ പ്രണയത്തിലായതിനെ തുറ്റർന്നാണ് കാളിദാസനെ ഒരു കൊല്ലത്തേക്ക് നിഷ്കാസിതനാക്കി രാമഗിരിയിലേക്ക് അയക്കുന്നത് (മേഘദൂതം യക്ഷൻ) എന്നൊക്കെ കേട്ടുകേൾവിയുണ്ട് എന്താണ് സത്യം എന്ന് പഥികൻ ചോദിക്കുന്നു. തുടർന്ന് കാളിദാസൻ തന്റെ കഥ പറയുന്നു.
ഇവിടെ എനിക്ക് പലപ്പോഴും ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത ഓർമ്മവന്നു.
ഇത്രയുമാണ് ഈ ഭാഗത്തുള്ളത്.

 1. കടിഞ്ഞൂൽ പൊടിപ്പുകൾ
പാട്ടുപാടി നടക്കുന്ന ഒരു ഗ്രാമവൃദ്ധൻ - പാ‍ാണൻ- തന്റെ മകളുമായി കാളിദാസൻ മൂകപ്രണയത്തിലാകുന്നു. അന്യോന്യം പ്രണയമെങ്കിലും പറയുന്നില്ല. ഈ ഭാഗത്ത് കാളിദാസന്റെ ഋതുസംഹാരം എന്ന കാവ്യത്തിലെ കവികല്പനകൾ പലതും ഋതുവർണ്ണനയിൽ ഒ എൻ വിയും കടമെടുത്തിട്ടുണ്ട്. ഋതുസംഹാരം കാളിദാസന്റെ ആദ്യ കാവ്യം.

 1. കൂടറിയുന്നില്ല പക്ഷിതൻ സങ്കടം
ഈ കാണ്ഡത്തിൽ പാട്ടുകാരനായ ഗ്രാമവൃദ്ധന്റെ മകളെ കൊണ്ടുപോകാനായി രാജാവിന്റെ പല്ലക്ക് എത്തുന്നു.

ഈ മകൾ ഒറ്റയ്ക്കിരുന്ന് എഴുതുകയും എഴുതിയത് ഉറക്കെ വായിക്കുകയും ചെയ്യുന്ന കാളിദാസനെ കാണുന്നുണ്ട്. ഉറക്കെ വായിക്കുന്നത് കേൾക്കുന്നുമുണ്ട്. അവളും ഒറ്റ തന്നെ.
സ്വപ്നവാസവദത്തം എന്ന കാളിദാസ കൃതി ഉദയനരാജാവിനെ കൊണ്ട് തന്റെ മകൾ ആയവാസവദത്തത്തയെ കല്യാണം കഴിപ്പിപ്പാൻ ഉജ്ജയിനിയിൽ മഹാസേന രാജാവിനു മോഹമുണ്ടായ കഥ - സ്വപ്നവാസവദത്തം- ഇവിടെ വരുന്നുണ്ട്.

ആശ്രമത്തിനോട് വിടപാറയുന്ന ശകുന്തളയെ പലപ്പൊഴും ഓർമ്മിപ്പിക്കും ഈ ഖണ്ഡം.

 1. കാവ്യപഥികന്റെ കാഴ്ച്ചപ്പുറങ്ങൾ
ഈ ഭാഗത്ത് എനിക്ക് രഘുവംശവും മേഘസന്ദേശവും എന്തിനു ഉണ്ണായിയുടെ നളചരിതത്തിലെ “വിജനേ ബത..” എന്ന ഏകാംഗഭാഷണം കൂടെ ഓർമ്മ വന്നു.
ഇവിടെ കാളിദാസന്റെ യാത്രയാണ്. കാളിദാസൻ മറ്റാരോ ഒരാൾ ആണെന്നും ആ കൃതികൾ താൻ ആലപിക്കുകയാണ് എന്നും ഒരു അന്യഥാബോധത്തോടേ ആണ് കാളിദാസൻ കവിത ആലപിക്കുന്നത്.

ഇതിൽ ഒരുകാര്യം ഉത്തരദിക്കിൽ കൃതി എഴുതുന്നത് ഭൂർജ്ജപത്രത്തിലെങ്കിൽ ദക്ഷിണദിക്കിൽ അത് താളിയോലയിൽ ആയി.

ഉത്തരദിക്കിലും ദക്ഷിണദിക്കിലും കാളിദാസകാവ്യങ്ങൾ ഒരുപൊലെ പ്രചരിച്ചിരുന്നു പകർത്തി എഴുതിയിരുന്നു എന്നും രണ്ട് ദിക്കിലും “ടെക്നോളജി” വ്യത്യാസമുണ്ടായിരുന്നു എന്നും കവി ഒ എൻ വി സൂചിപ്പിക്കുന്നു.

ഭാരതത്തിന്റെ പലഭാഗത്തും ഒരു കാലത്ത് കേട്ട് പഠിച്ചും പകർത്തി എഴുതിയും ആണ് കൃതികൾ പ്രചരിച്ചിരുന്നത് എന്ന് ഓർക്കുക. അതിനാൽ പലഭാഗത്തു നിന്നും കിട്ടുന്നതും വ്യത്യസ്ത വേർഷനുകളും ആണ്. കാളിദാസകൃതികൾ അടക്കം അങ്ങിനെ ആണ്. ഭാരതം മാത്രമല്ല എന്ന് ഓർക്കുക.

നമുക്ക് അങ്ങിനെ ഒരു ചരിത്രവുമുണ്ടായിരുന്നു.
പകർത്തി എഴുതുന്നത്, ഭൂർജ്ജപത്രമായാലും താളിയോല ആയാലും അധികം നാൾ കേടുവരാതെ ഇരിക്കില്ല എന്നതുകൊണ്ട് കൂടെ ആയിരിക്കാം. അതിനാൽ തന്നെ അത് കേട്ട് പഠിച്ച് സ്വയം ചൊല്ലി മറ്റൊരാൾക്ക് ചൊല്ലിക്കേൾപ്പിക്കുക എന്നതു കൂടെ പാണന്മാരുടേയും ഗ്രാമവൃദ്ധന്മാരുടേയും സൂതന്മാരുടേയും മാഗധന്മാരുടേയും ഒക്കെ കടമ ആയിരുന്നു എന്നുകൂടെ ഓർക്കുക.

 1. ദേവതാത്മാവിന്റെ മടിത്തട്ടിൽ
കാളിദാസൻ ശിവഭക്തനായിരുന്നു. തസ്മൈ നമസ്തെ സ്തന ശങ്കരായ എന്ന് പാടി ശിവനെ ഭജിച്ചിട്ടുണ്ട് കാളിദാസൻ എന്ന് ഐതിഹ്യം. ഉജ്ജയിനിയിലെ വിക്രമാദിത്യരാജാവും ശിവഭക്തനായിരുന്നു. വൈഷ്ണവൻ എന്ന് ചരിത്രമെങ്കിലും ഐതിഹ്യങ്ങളിൽ ശിവഭക്തനാണ്.

കാളിദാസന്റെ ഭാരതപര്യടനം ആണിതിൽ.

11ആം ഭാഗത്തിൽ
കല്പവൃക്ഷം, കാമസുരഭിയും പാലാഴി
പെറ്റൊരമൃതും സർവവും സ്വന്തമാക്കുന്ന
സ്വർഗ്ഗമേ, നിന്റെ പരിരക്ഷയ്ക്കൊരുണ്ണിയീ
മർത്ത്യഭൂവിൽ പിറക്കേണം!

എന്ന് ഒൻ എൻ വി എഴുതിയപ്പൊൾ സ്വർഗ്ഗപുത്രൻ യേശുവിനെ ആണ് എനിക്ക് ഓർമ്മവന്നത്.
സംസ്കാരം കടം വാങ്ങിയും കൊടുത്തുമാണല്ലൊ വളർന്നത്.

ഈ ഖണ്ഡത്തിൽ കുമാരസംഭവവും വിക്രമോർവശീയവും ഒക്കെ വരുന്നു. ഹിമവാന്റെ വർണ്ണന ധാരാളം.

 1. മാളവത്തിലേക്ക് വീണ്ടും
ഈ ഖണ്ഡത്തിലെ 16 ആം ഭാഗം വായിച്ചാൽ മണിരത്നം ഫിലിം ഓർമ്മവരും :)
ഈ ഖണ്ഡം ഇതിനു മുൻപുള്ള ഖണ്ഡങ്ങളിൽ നിന്നും അല്പം ആഖ്യാനപരമായി വ്യത്യാസം എനിക്ക് തോന്നി.
മൗനമായ പ്രണയം ആണ്. രണ്ട് പേരും (ഗ്രാമവൃദ്ധന്റെ പുത്രിയും കാളിദാസനും) അങ്ങോട്ടും ഇങ്ങോട്ടും വെളിപ്പെടുത്തുന്നില്ല. അവർക്ക് അതിനുള്ള ചാൻസ് കിട്ടുന്നില്ല.
കവി, കാളിദാസൻ, ഇവിടെ എത്തിയപ്പോഴേക്കും ജനസ്സമ്മിതി നേടിയ ഒരു കവി ആയി മാറിയിരിക്കുന്നു. കാളിദാസൻ ഹിമാലത്തിൽ നിന്നും താഴെ വീണ്ടും മാളവത്തിലേക്ക് എത്തുന്നു. അവിടെ തനിക്ക് ആരുമില്ല-വൃദ്ധന്റെ മകളെ പല്ലക്കിൽ കൊണ്ടുപോയല്ലൊ രാജാവ്- ഇനി അവിടെ ആരും ഇല്ല എങ്കിലും അവിടെ എത്തുന്ന കാളിദാസൻ, തന്റെ കൃതികളും താനും പ്രസിദ്ധനായി എന്ന് അറിയുന്നു. അപ്പോൾ വീണ്ടും രാജദൂതന്മാർ എത്തുന്നു. ഇക്കുറി രാജാവ് മോഹിക്കുന്ന രത്നം താൻ തന്നെ എന്ന് കാളിദാസൻ തിരിച്ചറിയുന്നു.
രത്നഹാരിയാണ് ഉജ്ജയിനി എന്ന് ഓർക്കുക.

 1. ഉജ്ജയിനിയിലേക്ക്
കാളിദാസന്റെ വാക്കുകൾ ഉജ്ജയിനിയിലെത്തും എന്ന് ഗുരു അനുഗ്രഹിച്ചിട്ടുണ്ട്. അത് ഇപ്പൊൾ സാർത്ഥകമാകുന്നു. ചക്രവർത്തി കാളിദാസനെ സാദരം എതിരേറ്റ് കൊട്ടാരസദസ്സിൽ ഒരാളായി അവരോഹിക്കുന്നു.
ഇവിടെ എത്തിയപ്പോൾ വിക്രമാദിത്യൻ താൻ വർണ്ണിച്ച രഘുവംശരാജാക്കന്മാരേപ്പോലെ ഒന്നും അല്ല ഒത്തിരി കേമൻ എന്ന് തന്നെ തോന്നുന്നുവെങ്കിലും, രാജ്ഞി ധാരിണിയെ കബളിപ്പിച്ച് വിദൂഷകന്റെ സഹായത്താൽ മാളവികയെ വശീകരിക്കാൻ ശ്രമിക്കുന്ന അഗ്നിമിത്രനെ പോലെ വിക്രമാദിത്യൻ എന്ന് കാളിദാസനു തോന്നുന്നു. (മാളവികാഗ്നിമിത്രം-കാളിദാസൻ)
ഇവിടെ മാളവികാഗ്നിമിത്രം എന്ന കാളിദാസകാവ്യനാടകം ഒ എൻ വി ധാരാളം ഉപയോഗിക്കുന്നുണ്ട്.

 1. രംഗോത്സവത്തിന്റെ കൊടിയേറ്റ്
വസത്സവത്തിൽ കാളിദാസനാടകമായ മാളവികാഗ്നിമിത്രം (കാളിദാസന്റെ ആദ്യ നാടകം ആണിത്) അരങ്ങേറുന്നു. ചക്രവർത്തിയിലും കാളിദാസനിലും വ്യത്യസ്ത പ്രതികരണങ്ങൾ ആണ് ഈ നാടകാവതരണം ഉണ്ടാക്കുന്നത്.

വിദിഷരാജാവായിരുന്ന അഗ്നിമിത്രന്റെയും അദ്ദേഹത്തിന്റെ ദാസിയായിരുന്ന മാളവികയും തമ്മിലുള്ള പ്രണയകഥയാണ് മാളവികാഗ്നിമിത്രം എന്ന നാടകത്തിൽ കാളിദാസൻ വിവരിക്കുന്നത്.

രാജാവിനു തോന്നുന്നത് തനിയ്ക്ക് നടിയോടുള്ള - ഈ നടി പണ്ട് പല്ലക്കിൽ രാജാവുകൊണ്ടുപോയ ഗ്രാമവൃദ്ധന്റെ മകൾ ആണ്. പ്രണയം കാളിദാസൻ അറിഞ്ഞ് എഴുതിയിരിക്കുന്നു എന്നതാണ്.
കാളിദാസൻ വിചാരിക്കുന്നത് നടി അഥവാ നമ്മുടെ നായിക ഗ്രാമവൃദ്ധന്റെ പുത്രി, അഭിനയിക്കുകയാണോ അതോ തന്നെ നോക്കി അവനവന്റെ ഇംഗിതം ചൊല്ലുകയാണോ എന്നാണ്. അരങ്ങത്ത് നിന്ന് പോകുമ്പൊൾ തിരിഞ്ഞ് നോക്കുന്നുമുണ്ട്.
 1. ശ്യാമയാമങ്ങൾ
ഇതിൽ കാളിദാസനും മാളവത്തിലെ ഗ്രാമവൃദ്ധന്റെ മകളും ഇപ്പൊൾ നടിയുമായവളും തമ്മിൽ ഉള്ള രഹസ്യ സമാഗമങ്ങൾ വർണ്ണിച്ചിരിക്കുന്നു. നായികാനായകന്മാരുടെ വേർപിരിയലിനുശേഷം  അവരുടെ പുനസ്സമാഗമം പല കൃതികളിലും കാളിദാസൻ എഴുതിയിട്ടുണ്ടെങ്കിലും സ്വന്തം ജീവിതത്തിൽ ആ മുഹൂർത്തം വന്നപ്പോൾ അധീരനായി എന്ന് ഒ എൻ വി പറയുന്നു.

 1. രത്നപരീക്ഷ
രാജാവിനു ഗ്രാമവൃദ്ധന്റെ പുത്രിയോട് പ്രണയമുണ്ട്. എന്നാൽ കാളിദാസനോട് സ്നേഹവുമുണ്ട്. രണ്ട് പേരും ഒരു സ്ത്രീയെ പ്രണയിക്കുന്നു. ഇവിടെ രാജാവിനു ഏത് “രത്ന”ത്തെ ഒഴിവാക്കണം എന്ന് ആശങ്ക ഉണ്ടാകുന്നു. മന്ത്രിമാരുമായി ആലോചിച്ച് പറ്റിയ ഒരു പോംവഴി രാജാവു കണ്ടെത്തുന്നു.
രാജാവു കാളിദാസനു ഒരു സുന്ദരിയെ സമർപ്പിക്കുന്നു. കാളിദാസൻ അവളോട് തിരിച്ച് പോകാൻ പറഞ്ഞ് വീടു വിട്ട് ഇറങ്ങുന്നു. ഇവിടെ കുറച്ച് ശിവഭക്തിയും വർണ്ണനയും എല്ലാം ഒ എൻ വി ചെയ്യുന്നുണ്ട്.

 1. ഉജ്ജയിനിക്ക് വിട!
തിരിച്ച് എത്തിയ കാളിദാസനെ രാജാവു വിളിപ്പിക്കുന്നു. രാമഗിരി എന്ന അതിസുന്ദരമായ പ്രദേശത്ത് പോയി ഒരു കൊല്ലം താമസിച്ച് ഒരു പുതിയ കൃതിയും ആയി വരാൻ രാജാവു കല്പിക്കുന്നു. ഉജ്ജയിനിയിലേക്ക് വരാൻ രാജാവ് അയച്ച ക്ഷണം സ്വീകരിച്ചത് തന്നെ അബദ്ധമായിരുന്നു എന്ന് കാളിദാസൻ സ്വയം തിരിച്ചറിയുന്നു.

 1. “കശ്ചിൽ കാന്താ വിരഹഗുരുണാ..”
ഈ ഭാഗത്ത് ആണ് മേഘസന്ദേശം വരുന്നത്. അങ്ങനെ രാജകല്പനപ്രകാരം രാമഗിരിയിൽ കാളിദാസൻ താമസിക്കുമ്പോൾ ആണ് ഈ കാവ്യത്തിന്റെ തുടക്കം പഥികനോട് പറയുന്നത്. മേഘസന്ദേശത്തിലെ യക്ഷനും കാളിദാസനും ഒന്നാണെന്ന് ഒ എൻ വി പറയാതെ പറയുന്നു.

ഒരു കൊല്ലം രാമഗിരിയിൽ താമസിച്ച ശേഷം കാളിദാസൻ ഉജ്ജയിനിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുന്നു. പക്ഷെ രാജാവിന്റെ സമീപത്തേക്കല്ല.

 1. ഉജ്ജയിനിയിലേക്ക് വീണ്ടും
താനാരാണെന്ന് തിരിച്ചറിയാതിരിക്കാൻ കാളിദാസൻ ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ഉജ്ജയിനിയിൽ എത്തുന്നു. ഒപ്പം പഥികനും. കാളിദാസൻ മുൻപ് ഉജ്ജയിനിയിൽ താമസിച്ചിരുന്നപ്പോൾ പല്ലവൻ എന്നൊരു വിശ്വസ്ത സേവകൻ ഉണ്ടായിരുന്നു. അവന്റെ സമീപം കാളിദാസൻ ബ്രാ‍ാഹ്മണ വേഷത്തിലേക്ക് എത്തുന്നു. ഗ്രാമവൃദ്ധന്റെ പുത്രിയെ പറ്റി അന്വേഷിക്കുമ്പൊൾ പല്ലവൻ കാളിദാസനു ഒരു പല്ലക്ക് കാണിച്ചു കൊടുക്കുന്നു. അതു മാത്രെമെ ശേഷിപ്പുള്ളൂ എന്ന് അറിയിക്കുന്നു. അവൾ എവിടെ പോയീ എന്ന് കാളിദാസൻ ചോദിക്കുമ്പൊൾ പറയാം എന്ന് പറഞ്ഞ് കഥ വിവരിക്കുന്നു. അത് അടുത്ത അദ്ധ്യായത്തിൽ

 1. പല്ലക്കിന്റെ കഥ
അവസാന അദ്ധ്യായത്തിൽ ആണ് കഥയുടെ ട്വിസ്റ്റ് കിടക്കുന്നത്. ഒ എൻ വിയുടെ ഭാവന എങ്കിലും ചരിത്രസത്യവും ആണ് ഈ കഥ.

പല്ലവൻ പറഞ്ഞ ആ കഥ പഥികന്റെ വാക്കുകളായി ഒ എൻ വി പറയുന്നു. കാളിദാസനു വേണ്ടി ചെയ്യാൻ പറ്റാത്ത ത്യാഗം രാജാവ് സ്വന്തം മകൾക്കായി ചെയ്യുകയാണ്.

നർമ്മദാനദിയുടെ തെക്കുള്ള വാകാടകരാജാക്കന്മാരും, രാഷ്ട്രകൂടരും മറ്റുമായി വിക്രമാദിത്യൻ രണ്ടാമനു സുഹൃദ് ബന്ധം ഉണ്ടായിരുന്നു. അതുകാരണം ശത്രുക്കളുടെ (ശാകന്മാരും കുശാനന്മാരും വിദേശഗോത്രങ്ങൾ ആയിരുന്നു പ്രധാന ശത്രുക്കൾ) ആക്രമണങ്ങളെ നേരിട്ട് തോല്പിക്കാൻ വിക്രാമാദിത്യൻ രണ്ടാമനു സാധിച്ചിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നുണ്ട്. ശാകന്മാരെ തോല്പിച്ചതിനാൽ ശാകാരി എന്നും പേരുണ്ട്.

ഈ സുഹൃദ്ബന്ധം ഒന്നുകൂടി ഉറപ്പിക്കാനായി വാകാടകരാജാവായ രുദ്രസേനനു സ്വന്തം മകളായ പ്രഭാവതിയെ വിവാഹം ചെയ്തു കൊടുക്കുന്നു ചന്ദ്രഗുപ്ത വിക്രമാദിത്യൻ രണ്ടാമൻ.

പ്രവരസേനൻ രുദ്രസേന-പ്രഭാവതി ദമ്പതിമാരുടെ മകൻ ആണ്. അതായത് വിക്രമാദിത്യന്റെ പൗത്രൻ. ഋതു ഉത്സവത്തിനു ഉജ്ജയിനിയിൽ പ്രവരസേനനനും അമ്മയും കാളിദാസനാടകങ്ങൾ കാണാൻ എത്തുന്നു. ഗ്രാമവൃദ്ധന്റെ പുത്രിയിൽ പ്രവരസേനനു മോഹം ജനിക്കുന്നു. പ്രവരസേനൻ അമ്മയോട് പറയുന്നു. അമ്മ പ്രഭാവതി അച്ഛനായ വിക്രമാദിത്യനോട് ഉണർത്തിക്കുന്നു.

വിക്രമാദിത്യൻ സങ്കടത്തോടെ എങ്കിലും പൗത്രനു വേണ്ടി ഗ്രാമവൃദ്ധന്റെ പുത്രിയെ ഉപേക്ഷിക്കുന്നു. കാളിദാസനുവേണ്ടി ചെയ്തില്ല എന്നത് ഓർക്കുക.

പ്രവരസേനൻ തിരിച്ച് തന്റെ രാജ്യത്തേക്ക് പോകുമ്പൊൾ അവളേയും നാലഞ്ച് ഭൃത്യമാരേയും കൂടെ കൊണ്ട് പോകുന്നു. ദിവസങ്ങളോളം യാത്ര ചെയ്ത് അവന്തിരാജ്യാതിർത്തിയിൽ എത്തിയ സംഘം നിരാഹാരം കിടന്ന് മരിച്ച അവളെ ആണ് കാണുന്നത്. മാളവമണ്ണിൽ തന്നെ അവളെ അടക്കുന്നു. സംഘം സ്വരാജ്യത്തേക്ക് പോകുന്നു.

ഈ പതിനാലു ഖണ്ഡങ്ങളും പിന്നെ മുകളിൽ പറഞ്ഞ സുഹൃദ്സംവാദത്തിന്റെ ഒരു രൂപരേഖയും
ഇത്രയുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം


പ്രസിദ്ധീകരണം: ഡിസി ബുക്സ്, കോട്ടയം, വില 200 രൂപ
ഇ ബുക്ക് ലഭ്യമാണ്
പേജുകൾ 221
കവർ ഡിസൈൻ: എൻ അജയൻ. ഇലസ്റ്റ്രേഷൻസ്: കെ മാധവൻ നായർ
1994 ആദ്യ പ്രസിദ്ധീകരണം. ഇത് കലാകൗമുദിയിലൊ മറ്റൊ ഖണ്ഡശ്ശഃ വന്നിരുന്നു

ISBN 81-713-03553-6

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...