29 നവംബർ 2018

ഗുണ്ടർട്ട് ലെഗസി പദ്ധതി - മലയാളം

ഹെർമ്മൻ ഗുണ്ടർട്ടിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹം ഹെർമൻ ഹെസ്സെ എന്ന നോബൽ സമ്മാനജേതാവ് (സിദ്ധാർത്ഥ എന്ന നോവലിന്റെ കർത്താവ്) ആയ വിഖ്യാത നോവലിസ്റ്റിന്റെ മുത്തച്ഛൻ കൂടെ ആണ്. അദ്ദേഹം 1859ൽ ഇന്ത്യയിൽ നിന്ന് ജെർമ്മനിയിലേക്ക് മടങ്ങി പോകുമ്പോൾ ഇന്ത്യൻ ഭാഷകളിലെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം കൊണ്ടുപോയിരുന്നു. അതാകട്ടെ ജെർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലേക്ക് അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തു. അവിടെ ഇരിക്കുന്ന ഗ്രന്ഥങ്ങളിൽ ചെലത് ഡോ. സ്കറിയ സക്കറിയ മലയാളത്തിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആ പുസ്തകങ്ങൾ ഇന്ന് നമുക്ക് പൊതുസഞ്ചയത്തിൽ ലഭ്യമാക്കാനായുള്ള പദ്ധതിയാണ് ഗുണ്ടർട്ട് ലെഗസി പദ്ധതി. അതിനെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നതും.

ഈപദ്ധതിയുടെ ഇന്ത്യയിലെ കോർഡിനേറ്റർ ശ്രീ ഷിജു അലക്സ് ആയിരുന്നു. ഷിജുവിന്റെ ഇത്തരം പ്രവർത്തനങ്ങളെ പറ്റിയും ഞാൻ പ്രത്യേകം പറയണ്ടതില്ല. എന്നാണ് നെറ്റിലൂടെ ഷിജുവുമായി ആശയവിനിമയം നടത്താൻ തുടങ്ങിയത് എന്ന് എനിക്ക് ഓർമ്മ ഇല്ല. 2005-2009 കാലഘട്ടത്തിൽ ആയിരിക്കണം. ഒന്നുറപ്പാണ് ഞാൻ ഷിജുവിനെ ഫോളൊ ചെയ്തിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫേസ്ബുക്കിൽ ഷിജു ഗുണ്ടർട്ട് പ്രൊജക്റ്റിൽ പ്രവർത്തിക്കാൻ ആളുകൾ വേണം എന്ന് പോസ്റ്റ് ഇടുന്നത്. പോസ്റ്റിൽ തന്നെ അത്യാവശ്യം വിവിരങ്ങളും ഉണ്ടായിരുന്നതിനാൽ ഞാൻ റെഡി എന്ന് പറഞ്ഞു.

അപരിചിതമായ ഏതൊരു പ്രൊജക്റ്റിലും എന്നപോലെ ഇതിലും ഞാൻ ആദ്യം അത്യാവശ്യം തപ്പിത്തടഞ്ഞു. മലയാളം ടൈപ്പിങ്ങ് എനിക്ക് പ്രശ്നമായിരുന്നില്ല. എന്നാൽ വിക്കി എഡിറ്റിങ്ങ് വശമില്ലായിരുന്നു. (ഇപ്പോഴും വലിയ വശമൊന്നും ഇല്ല.) പണ്ട് കുറച്ച് ലേഖനങ്ങൾ മലയാളം വിക്കിയിൽ എഴുതിയിരുന്നു. കോമൺസിൽ ഫോട്ടോസും അപ്ലോഡ് ചെയ്തിരുന്നു എന്നതല്ലാതെ, വിക്കി ലേഖനങ്ങൾ എഡിറ്റ് ചെയ്യുകയോ ഫോർമാറ്റ് ചെയ്യുകയോ ഒരിക്കലും ചെയ്തിരുന്നില്ല. അതുകൂടാതെ പ്രൊജക്റ്റിന്റേതായ നീണ്ട ഗൈഡ്‌ലൈനുകളും. അതൊക്കെ മനഃപാഠമാക്കാനും അതിനനുസരിച്ച് ചെയ്ത് ശീലിക്കാനും ആദ്യമാദ്യം ബുദ്ധിമുട്ടി. അതിനൊക്കെ പുറമെ, എന്ത് ചെയ്താലും അത് പറഞ്ഞ പോലെ ശരിയായിയൊ എന്ന വിട്ടുമാറാത്ത ഒരു “നമ്പൂരി ശങ്ക”, അതിന്റെ അസുഖവും. ചെയ്ത് ശീലിച്ചപ്പോൾ അതെല്ലാം മാറി, എനിക്കും കിട്ടി സ്പീഡ്.

പക്ഷെ അതിനിടയിൽ നാട്ടിൽപോക്ക് രണ്ട് തവണ, ഒരു ആക്സിഡന്റ് ഒക്കെ ആയി സമയം അല്പം വെറുതെ പോയി. അതിനാൽ ചെയ്യാൻ ഏറ്റ പേജുകളുടെ എണ്ണം കുറക്കേണ്ടി വന്നു എന്നൊരു സങ്കടം ഉണ്ട്. എന്നിരുന്നാലും ഒരുകൊല്ലത്തിൽ അധികം എടുത്ത് 1500ൽ കൂടുതൽ പേജുകൾ ചെയ്തു തീർത്തു. ഇക്കാലമത്രയും ജോലി കഴിഞ്ഞ് വന്നാൽ മറ്റൊന്നിനെ പറ്റി ആലോചിക്കാൻ തന്നെ സമയം ഇല്ലായിരുന്നു എന്നത് വാസ്തവം. കഥകളി വീഡിയോ കാണലൊ, കഥകളി സംബന്ധമായ പ്രവൃത്തികളൊ, എന്തിനു ഒരു വായന പോലും ഉണ്ടായിരുന്നില്ല! ഇത് എന്റെ കാര്യം മാത്രം ആകില്ല, പ്രൊജക്റ്റിൽ സംബന്ധിച്ച മറ്റുള്ളവരുടെ കാര്യവും ഇതൊക്കെ തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിരിക്കട്ടെ.

ഹൈക്കെ മോസർ ആണ് ട്യൂബിങ്ങനിൽ ഈ പ്രൊജക്റ്റ് ഹെഡ് എന്ന് അറിഞ്ഞപ്പോൾ സന്തൊഷമായി. കാരണം ഞാൻ അവരുടെ പേർ ഒരു കൂടിയാട്ടം കലാകാരി എന്ന നിലയിൽ മുന്നെ കേട്ടിരുന്നു. ഇപ്പൊൾ ഈ പ്രൊജക്റ്റ് മുഖാന്തിരം ഒന്നുകൂടെ അറിയാൻ പറ്റി. മറ്റൊരു കോർഡിനേറ്റർ ആയ എലേനക്കും കേരളവുമായി അടുപ്പമുണ്ട്. രണ്ട് പേരും ഇടയ്ക്കിടക്ക് കേരളം സന്ദർശിക്കുന്നവർ തന്നെ.

പ്രൊജക്റ്റ് മുഴുമിപ്പിച്ചപ്പോൾ ഞങ്ങൾ ചെയ്തത് ഒന്ന് ചുരുക്കി പറയാം.

ആകെ പുസ്തകങ്ങളുടെ എണ്ണം: 136 പുസ്തകങ്ങൾ
ഈ പുസ്തകങ്ങളിലുള്ളതും യൂണിക്കോടിലേക്ക് മാറ്റിയതുമായ താളുകൾ:24,000 താളുകൾ

കഴിഞ്ഞ ഒന്നര വർഷത്തിനോടുത്തായി ഏതാണ്ട് 40 ഓളം ആളുകൾ ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ഈ ചരിത്ര പദ്ധതിയുടെ ഭാഗം ആയത്. പങ്കെടുത്തവരുടെ വിശദാംശങ്ങൾ ഗുണ്ടർട്ട് പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇവിടെ കാണാം. https://www.gundert-portal.de/?page=staff.

ഈ പ്രൊജക്റ്റിൽ പലതരത്തിൽ പെട്ട പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവകളിലെ വിഷയങ്ങളിൽ ഞാൻ ജാതിയൊ മതമൊ ഒന്നും നോക്കിയിട്ടില്ല. ഇപ്പൊഴത്തെ കേരളീയ പരിസ്ഥിതി വിചാരിച്ചാണ് ഞാൻ ഇത് പ്രത്യേകം പറയാൻ കാരണം. അതിൽ ഞാൻ വളാർന്ന ചുറ്റുവട്ടത്തിൽ നിന്നല്ലാത്ത, എന്റെ വായനയിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ലാത്ത പലതും ഉണ്ടായിരുന്നതും, പ്രൊജക്റ്റിന്റെ ഭാഗമായി അവകളിൽ ചിലത് ഭാഗികമായും മറ്റ് ചിലത് മുഴുവനായും വായിക്കുകയും (ടൈപ്പ് ചെയ്യുമയും) വേണ്ടിവന്നതിനാൽ ആവകകളിലെ വിഷയങ്ങളിൽ അല്പം വിജ്ഞാനം ഉണ്ടായി എനിക്ക് എന്നതാണ് ആദ്യമായി ഈ പ്രൊജക്റ്റുകൊണ്ട് എനിക്കുണ്ടായ ഗുണം.

അതുകൂടാതെ മലയാള ഭാഷയിൽ എനിക്കിതുവരെ അജ്ഞാതമായിരുന്ന ചിഹ്നങ്ങളും (വടിവിരാമം, കുഞ്ഞുവട്ടം, കാൽ-അര-മുക്കാലിന്റെ വിവിധരൂപത്തിലുള്ള ചിഹ്നങ്ങൾ, “ഈ” എന്നതിന്റെ പഴയ ലിഘിതരൂപം, നാല് എട്ട് തുടങ്ങിയ അക്കങ്ങളുടെ കയ്യെഴുത്ത് രൂപം, മ, യ തുടങ്ങിയ അക്ഷരങ്ങളുടെ ചില്ല് രൂപം എന്നിവയെല്ലാം പെടും) എനിക്ക് പരിചിതമായി. രണ്ടിലധികം അക്ഷരങ്ങൾ ഉൾപ്പെടുത്തി കൂട്ടക്ഷരം നിർമ്മിക്കാം എന്നും അറിഞ്ഞു.

മറ്റൊന്നുള്ളത് അച്ചടി, ലിത്തോഗ്രാഫി തുടങ്ങി അതിന്റെ സാങ്കേതികത്വം കുറച്ച് മനസ്സിലാക്കി എന്നതാണ്.

എല്ലാറ്റിലും മീതെ ഭാഷഎഴുത്തിലെ സ്പെല്ലിങ്ങിനു വേണ്ടിയുള്ള കടും പിടുത്തം എനിക്ക് കുറച്ചൊക്കെ ഒഴിവാക്കാൻ പറ്റി. കാരണം ഇന്നു നാം കാണുന്ന എഴുത്തു രീതിയുടെ ചരിത്രത്തിലൂടെ ആയിരുന്നു ഞാൻ സഞ്ചരിച്ചിരുന്നത് എന്നത് തന്നെ. ഭാഷയുടെ ഗതകാലചരിത്രം അറിയുക എന്നത് രാഷ്ട്രത്തിന്റെ ചരിത്രം അറിയുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണു. ഗുണ്ടർട്ട് പ്രൊജക്റ്റ് നമുക്ക് തെളിവുസഹിതം മലയാളഭാഷയുടെ ലിപി പരിണാമം എഴുത്തുരീതി (സ്പെല്ലുങ്ങ്) പരിണാമം എന്നിവ മാത്രമല്ല ഇന്നു നമ്മൾ മറന്ന പല വാക്കുകളും ചിഹ്നങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു. കൂടാതെ മലയാളം അച്ചടിയുടെ ചരിത്രവും കാണിച്ച് തരുന്നു. ഇതുവരെ കാണാത്ത ചില പുസ്തകങ്ങളും ഈ പ്രൊജക്റ്റ് നമുക്ക് തന്നു. എല്ലാംകൊണ്ട് നോക്കിയാലും ചരിത്രപരമായ ഒരു കാൽവെപ്പാണിത് എന്നാണെന്റെ അഭിപ്രായം. എനിക്ക് ഉണ്ടായ പ്രധാന അനുഭവം, മുന്നെ സൂചിപ്പിച്ചപോലെ ഭാഷാപരമായ പിടിവാശി അയഞ്ഞു എന്നത് ആണ്.

ഇത്രയും എഴുതിയത് മുഴുവൻ ഞാൻ എന്റെ അനുഭവങ്ങളും ഞാൻ പഠിച്ച പാഠങ്ങളും മാത്രം. അതുകൊണ്ട് ഈ പ്രൊജക്റ്റിന്റെ പ്രാധാന്യം തീരുന്നില്ലാ. ഇനി ഭാവിയിൽ ഈ പദ്ധതികൊണ്ട് എന്തൊക്കെ പ്രയോജങ്ങൾ ഉണ്ടാകും എന്നത് പ്രവചിക്കാൻ പറ്റില്ല. എന്നിരുന്നാലും ടെക്സ്റ്റ് റ്റു സ്പീച്ച്, മലയാളം ഒ.സി.ആർ മുതലായ സാങ്കേതിക വിദ്യ മലയാളത്തിൽ വികസിപ്പിക്കാൻ യൂണിക്കോടിലേക്ക് മാറ്റിയ വലിയ പൊതുസഞ്ചയ മലയാളം ടെക്സ്റ്റുകൾ ഉപകരിക്കും എന്നത് ഉറപ്പ്. അത് മാത്രമല്ല സ്കാനുകൾ നോക്കി മലയാളം അച്ചടിയുടെ ചരിത്രം പഠിക്കാം. അതിലെ ഭാഷാപരമായ പഠനങ്ങൾ വേറെ കിടക്കുന്നു. സാമൂഹികചരിത്രം പഠിക്കാൻ ഉതകുന്ന പാഠങ്ങൾ അതും ഉണ്ട്.  അനന്തസാദ്ധ്യതകൾ നമ്മുടെ മുന്നിൽ തുറന്നിട്ടിരിക്കുന്നു ഈ പദ്ധതി എന്നേ ഇപ്പോൾ പറയാൻ എന്നൊക്കെണ്ട് പറ്റൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...