08 ഫെബ്രുവരി 2019

M. S. Subbulakshmi: The Definitive Biography


M. S. Subbulakshmi: The Definitive Biography

285 pages Kindle Edition Price:Rs. 216.60. കൊല്ലം: 2016
ശുദ്ധ ധന്യാസിയിൽ ചിട്ടപ്പെടുത്തിയ പുരന്ദരദാസരുടെ, നാരായണ നിന്ന നാമ.. എന്നൊരു കൃതിയുണ്ട്. ഇത് ഞാൻ ആദ്യമായി കേൾക്കുന്നത് മധുരൈ ഷണ്മുഖവടിവേൽ സുബ്ബലക്ഷ്മി എന്ന എം എസ് സുബ്ബലക്ഷ്മിയുടെ ആലാപനം ആണ്. ഗുരുവായൂരിൽ നിന്നും വാങ്ങിയ ഒരു ഓഡിയോ കാസറ്റിൽ വിസ്തരിച്ച് രാഗാലാപനത്തോടെ തന്നെ. വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെ പലവട്ടം കേട്ട കാസറ്റ്. പിന്നീട് അത് നഷ്ടപ്പെട്ടു. എം എസ്സിന്റേതായി ആദ്യകേട്ടിരിക്കുക സുപ്രസിദ്ധമായ വെങ്കെടേശ്വര സുപ്രഭാതം തന്നെ ആകാം. ഓർമ്മ ഇല്ല.

എം എസ്  എനിക്ക് സ്വകാര്യൈഷ്ടം ആയിരുന്നില്ല. അത് എം എൽ വസന്തകുമാരി ആയിരുന്നു. ആ റേഞ്ച് എം എസ്സിനില്ലാ എന്ന് തോന്നിയിട്ടുമുണ്ട്. എന്നിരുന്നാലും കേൾക്കാൻ തൊന്നിപ്പിക്കുന്ന ഭക്തി ഭാവം എം എസ്സിന്റെ പാട്ടുകളിൽ ഉണ്ട് എന്ന് തോന്നിയിട്ടുമുണ്ട്. ഉദാഹരണം മുന്നെ പറഞ്ഞ പാട്ടിലെ, കൃഷ്ണ കൃഷ്ണാ.. എന്ന് പാടുന്ന സമയത്തൊക്കെ ഭക്തി ഭാവം നമ്മളിൽ ഉണ്ടാക്കാൻ എം എസ്സിനു കഴിഞ്ഞിട്ടുണ്ട്.

ഈ പറഞ്ഞ ഭക്തിഭാവം സുബ്ബലക്ഷ്മിയുടെ സംഗീതത്തിൽ എങ്ങനെ വന്നു, ഭാരതത്തിന്റെ വാനമ്പാടി എന്ന് സരോജിനി നായ്ഡു വിശേഷിപ്പിച്ച, ഞാൻ വെറുമൊരു പ്രധാനമന്ത്രി, സുബ്ബലക്ഷ്മി എന്ന സഗീതജ്ഞയുടെ മുന്നിൽ, എന്ന് പ്രധാനമന്ത്രി നെഹ്രുവിനെ കൊണ്ട് പറയിപ്പിച്ച, ഭാരതരത്നയും മറ്റനവധി അവാർഡുകളും നേടിയ എം എസ്സ് സുബ്ബലക്ഷ്മി എങ്ങനെ ഉണ്ടായി എന്ന വിശദമായ ഒരു അന്വേഷണമാണ് പ്രസിദ്ധ പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ്ജിന്റെ M. S. Subbulakshmi: The Definitive Biography എന്ന പുസ്തകം.

ജോർജ്ജിന്റെ തന്നെ “പത്രപ്രവർത്തനത്തിലെ പാഠങ്ങൾ:പോത്തൻ ജോസഫിന്റെ ജീവചരിത്രം” എന്ന പുസ്തകം മലയാളം തർജ്ജുമ ഉള്ളത് ഞാൻ വായിച്ചിട്ടുണ്ട്. എനിക്ക് ഒട്ടുമേ പരിചയം ഇല്ലാതിരുന്ന പോത്തൻ ജോസഫിനെ എനിക്ക് പരിചയപ്പെടുത്തി തന്നത് ജോർജ്ജ് ആണ്. നല്ല ശൈലിയും ആണ് അദ്ദേഹത്തിന്റെ എഴുത്ത്. എം എസ് സുബ്ബലക്ഷ്മിയുടെ ജീവചരിത്രം എഴുതിയതും ഞാൻ വായിച്ചതും ഇംഗ്ലീഷിൽ തന്നെ.
2019ലെ ആദ്യവായനയ്ക്ക് തിരഞ്ഞെടുത്ത പുസ്തകം എനിക്കിഷ്ടപ്പെട്ടതിനാൽ കുത്തിയിരുന്നു വായിച്ചു തീർത്തു!

ഈ എഡിഷനുള്ള പ്രിഫേസ് കൂടാതെ ഒറിജിനൽ എഡിഷനു എഴുതിയ “എന്തെരോ മഹാനുഭാവുലു” എന്ന തലക്കെട്ടോടു കൂടിയ പ്രിഫേസും 13 അദ്ധ്യായങ്ങളും കൂടാതെ അവസാനം Appendix: From MS with Love, Notes and References, Index എന്നിവയും കൂടെ ഈ പുസ്തകത്തിൽ ഉണ്ട്.

പുസ്തകം ഒന്ന് ഓടിച്ച് നോക്കിയപ്പോൾ അപ്പെന്റിക്സ്, ഫ്രം എം എസ് വിത്ത് ലൗ എന്നതാണ് എനിക്കാദ്യം വായിക്കാൻ തോന്നിയത്. അതിൽ എം എസ് സുബ്ബലക്ഷ്മി ഒരുകാലത്ത് താൻ പ്രണയിച്ചിരുന്ന ജി എൻ ബാലസുബ്രഹ്മണ്യത്തിനയച്ച കത്തുകളെ പറ്റി ആയിരുന്നു അത്. ജി എൻ ബി സംഗീതവും ജി എൻ ബിയേയും സുബ്ബലക്ഷ്മി ആരാധിച്ചിരുന്നതും പ്രണയിച്ചിരുന്നതും ആണ് എന്ന വിവരം എനിക്ക് പുതുതായിരുന്നു. ആ എഴുത്തുകളിലും എം എസ് സുബ്ബലക്ഷ്മിയുടെ നിർമലമായ മനസ്സ് നിറഞ്ഞ് നിന്നിരുന്നു.

ഈ എഡിഷനുള്ള പ്രിഫേസിൽ ടിം എം കൃഷ്ണയുടെ “എ സത്തേൺ മ്യൂസിക്ക്: എ കർണ്ണാട്ടിക്ക് സ്റ്റോറി” എന്ന  2013ൽ ഇറങ്ങിയ പുസ്തകത്തിലെ ചില വാദങ്ങളെ പറ്റി ജോർജ്ജ് പറയുന്നുണ്ട്. കൂടാതെ അന്നത്തെ സ്ത്രീകലാകാരികളുടെ അവസ്ഥ, ആദ്യകാലത്തെ രാഷ്ട്രീയം എന്നിവയും പിന്നെ എം എസ്സിന്റെ ജീവിതം വളരും തോറും അതാതുകാലങ്ങളിലെ രാഷ്ട്രീയം എല്ലാം വിസ്തരിച്ച് പറയുന്നുണ്ട്. ആ ഒരടിസ്ഥാനത്തിൽ ആണ് എം എസ്സിന്റെ കലാജീവിതത്തിനെ പറ്റി ജോർജ്ജ് എഴുതുന്നത്.

കൂടാതെ എം എസ്സിന്റെ വ്യക്തിത്വം അതി സൂക്ഷ്മമായും എം എസ്സിനെ പറയുമ്പോൾ, എസ്സിന്റെ ഭർത്താവ്, മെന്റർ, പ്രൊട്ടക്റ്റർ , മാർക്കറ്റിങ്ങ് മാനേജർ എന്നീ സ്ഥാനങ്ങളെല്ലാം നന്നായി അലങ്കരിച്ചിരുന്ന ശ്രീ ടി. സദാശിവം എന്ന ദേഹത്തെ കുറിച്ചും എം എസ്സിനുള്ള പ്രാധാന്യത്തോടെ പറയുന്നുണ്ട്. എം എസ്സ് നമ്മൾ കാണുന്ന എം എസ്സ് ആയത് സദാശിവം എന്ന ശക്തനായ മാർക്കറ്റിങ്ങ് പേഴ്സൺ, മെന്റർ, പ്രൊട്ടക്റ്റർ എന്ന ആളുടെ മിടുക്കും അത് കൂടാതെ അന്തരീകമായി എം എസ്സിന്റെ ഉള്ളിലെ സംഗീതം, എം എസ്സിന്റെ വ്യക്തിത്വം എന്നിവ ഭംഗിയായി ജോർജ്ജ് വിശദീകരിക്കുന്നുണ്ട്. സാദാശിവത്തിനാണോ പ്രാധാന്യം എന്ന് വായനക്കാരനായ എനിക്ക് ചെലപ്പോഴെങ്കിലും തോന്നി. അത് പോരായ്മ അല്ല. കാരണം സദാശിവം ഇല്ലെങ്കിൽ എം എസ് ഉണ്ടാവുമായിരുന്നില്ല എന്ന് വായിച്ച് മുഴുമിപ്പിച്ചപ്പോൾ തോന്നി.

1930കളിലെ പുതുമാദ്ധ്യമമായിരുന്ന സിനിമ എങ്ങനെ അന്നത്തെ ഒരു കലാകാരനെ/കാരിയെ പ്രസിദ്ധിയിൽ എത്തിക്കുകയും സമൂഹത്തിൽ സ്ഥാനം ലഭിക്കാൻ സഹായിക്കുകയും ചെയ്തു എന്ന് ആദ്യഭാഗങ്ങളിൽ ഭംഗിയായി വിവരിച്ചിരിക്കുന്നു. എം എസ് അഭിനയിച്ച സിനിമകളെ പറ്റി, പിന്നീട് സിനിമ വിട്ടത്, കച്ചേരികൾ, അതിൽ ജനിച്ച ദേവദാസി കുലത്തിൽ ചിരപരിചിതമായ ശൃംഗാരം എന്ന ഭാവം പാടെ മാറ്റി ഭക്തിയെ പ്രതിഷ്ഠിച്ചത് അങ്ങനെ എം എസ്സിന്റെ വളർച്ചയെ പറഞ്ഞ് തരുന്നു ജോർജ്ജ്.

ഒപ്പം ബ്രാഹ്മണനായ സദാശിവം ദേവദാസി കുലത്തിൽ ജനിച്ച സുബ്ബലക്ഷ്മിയെ എങ്ങനെ ബ്രാഹ്മണസ്ത്രീ ആക്കി മാറ്റി സമൂഹത്തിൽ പ്രതിഷ്ഠിച്ചു എന്നും പറയുന്നു. ഇതൊക്കെ ടി എം കൃഷ്ണ പറയാറുള്ളതും ആണല്ലൊ.

ഈ പുസ്തകരചന ഉപെക്ഷിച്ചിരുന്ന സമയത്ത് ഒരിക്കൽ എം എസ്സിന്റെ അവസാനകാലത്ത്, മദ്രാസിലുള്ള എം എസ്സ് ഭവനത്തിൽ ജോർജ്ജ് ചെന്നതും വർത്തമാനം പറഞ്ഞിരുക്കുമ്പോൾ എം എസ്സ് സുബ്ബലക്ഷ്മി അമ്മ അകത്ത് നിന്ന് വന്നതും, അതോടെ ഉപേക്ഷിച്ച ആശയം തിരിച്ച് കൂടുതൽ ബലമായി ജോർജ്ജിന്റെ ഉള്ളിൽ വന്നതും അസ്സലായി എഴുതിയിട്ടുണ്ട്.

എം എസ്സിനെ പറ്റി എന്ത് വിവരവും നമുക്ക് ലഭിക്കുന്നത് സദാശിവം പ്ലാൻ ചെയ്തത് മാത്രം. അത്രശക്തമായിരുന്നു സദാശിവം. എം എസ് ആകട്ടെ സദാശിവത്തിന്റെ അടിമ എന്ന പോലെയും. അത് കാരണം എം എസ്സിന്റെ വ്യക്തിത്വം എന്നത് വായിച്ചാൽ മനസ്സിലാകും. എനിക്ക് അത്ഭുതമായത് ടി ജെ എസ് ജോർജ്ജിനു എം എസ്സിന്റെ ആ പ്രണയലേഖനങ്ങൾ എങ്ങനെ ലഭിച്ചു എന്നതാണ്. അവ മാത്രം സദാശിവത്തിന്റെ വലയിൽ പെട്ടില്ല കാരണം കത്തുകൾ ലഭിച്ച ജി എൻ ബാലസുബ്രഹ്മണ്യം അവ ഗൂഢമായി സൂക്ഷിക്കാൻ തന്റെ സുഹൃത്തുകൾക്ക് കൈമാറി. അതും തമിഴ് നാട്ടിലെ അല്ല, തിരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ, കേരളത്തിൽ അടക്കമുള്ള ജി എൻ ബി സുഹൃത്തുക്കൾ ആ കത്തുകൾ ഇന്നും ഗൂഢമായി സൂക്ഷിക്കുന്നു.

എം എസ് സുബ്ബലക്ഷ്മിയുമായി ഒറ്റയ്ക്ക് രണ്ട് ദിവസം ചെലവിട്ട് അഭിമുഖം നടത്താനുള്ള ഭാഗ്യം വാസന്തി എന്ന തമിഴ് പത്രപ്രവർത്തകക്ക് മാത്രം. അവർ മിടുക്കി ആണ്. അത് വന്നത് ഇന്ത്യാ റ്റുഡേ തമിഴിലും 1996 എന്ന് തോന്നുന്നു. അത്രയ്ക്കുണ്ടായിരുന്നു എം എസ്സിനു ചുറ്റും സദാശിവം എന്ന കോട്ട.

എം എസ്സ് സുബ്ബലക്ഷ്മിയുടെ ജീവചരിത്രം കർണ്ണാടകസംഗീതത്തിന്റേയും അതിൽ സ്ത്രീകൾക്കും ജാതിക്കും ഉള്ള ചരിത്രപരമായ മാറ്റത്തിന്റേയും  കൂടെ ചരിത്രമാണ്. താത്പര്യമുള്ളവർക്ക് വായിക്കാൻ അസ്സൽ ആയ ഒരു കൃതി എന്ന് മാത്രം പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...