21 ഡിസംബർ 2019

പീശപ്പള്ളിയുടെ നാറാണത്ത് ഭ്രാന്തൻ - ഡോ.ടി.എസ് മാധവൻ കുട്ടി, കോട്ടക്കൽ ആര്യവൈദ്യശാല


പ്രസിദ്ധ കഥകളിപണ്ഡിതനായ ശ്രീ രാജാനന്ദന്റെ ഷഷ്ടിപൂർത്തിയാഘോഷം രാജാങ്കണമെന്ന പേരിൽ ഈ കഴിഞ്ഞ 2019 മേയ് 26, 27 തിയ്യതികളിൽ ചെർപ്പുളശ്ശേരിയിൽ വെച്ചുനടക്കുകയുണ്ടായി. രണ്ടുദിവസങ്ങളിലായി അവിടെ നിരവധി പരിപാടികൾ അരങ്ങേറിയിരുന്നു. അതിൽ "വാക്ക് താളം സംഗീതം" എന്ന പരിപാടിയുടെ ഭാഗമായി ശ്രീ പീശപ്പള്ളി രാജീവൻ ചെയ്ത സ്വച്ഛന്ദാവിഷ്കൃതി അതിന്റെ മേന്മകൊണ്ട് മികച്ചു നിന്ന ഒന്നായിരുന്നു എന്നാണ് എന്റെ അഭിപ്രായം

സ്വച്ഛന്ദാവിഷ്കൃതി എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത്, ഒരു കലാകാരൻ, തന്റെ കല ഉപയോഗിച്ച്, സ്വന്തം യുക്തിയേയും, ഔചിത്യബോധത്തേയും ആശ്രയിച്ച് ഒരു പ്രമേയത്തേ കാണികളുടെ – സമൂഹത്തിന്റെ - മുമ്പിൽ അവതരിപ്പിക്കുക എന്നതാണ്. ഇതിന്ന് അടിസ്ഥാനമായി രണ്ട് ഘടകങ്ങളുണ്ട്. 1) പ്രമേയം. കാണികളോട് - സമൂഹത്തോട് -  പറയാൻ ഒരു വിഷയം – പ്രമേയം- ഉണ്ടായിരിക്കുക എന്നതാണ് ആദ്യത്തേത്. ഇവിടെ പീശപ്പള്ളിക്ക് വളരെ പ്രസക്തമായ ഒരു പ്രമേയം പറയാനുണ്ട്. ആ പ്രമേയത്തേ കുറിച്ച് വിശദമായ ചർച്ചവരുന്നുണ്ട്.
2) അവതരണപദ്ധതി. ആ പ്രമേയം ഫലപ്രദമായി സംവേദനം ചെയ്യത്തക്കവണ്ണം അവതരിപ്പിക്കാനുള്ള ഒരു പദ്ധതി. അതും ശ്രീ പീശപ്പള്ളിയുടെ കൈവശമുണ്ട്. ഇതിനെ കുറിച്ചും പിന്നാലെ ചർച്ച ചെയ്യാൻ പോകുന്നുണ്ട്.

അപ്രകാരം തനിക്ക് പറയാനുള്ളത് ആഴത്തിൽ പതിയുന്ന തരത്തിൽ പറയുന്നതിന്ന് ഓരോരുത്തരും പല ഉപാധികളാണ് സ്വീകരിക്കുക. അങ്ങിനെ അഭിനയം എന്ന ഉപാധി കൈവശമുള്ളവരുടെ ഒരു സമീപനമാണ് ഇത്തരത്തിലുള്ള ഏകാങ്കാഭിനയം. ഇവിടെ ശ്രീ പീശപ്പള്ളി, ഒരു കഥകളിനടൻ ഏന്നനിലക്ക് ഒരു സ്വച്ഛന്ദാവിഷ്കൃതി അവതരിപ്പിക്കുകയാണ് ചെയ്തത്. അതായത് അദ്ദേഹത്തിന്റെ tool (പണിആയുധം) അഭിനയമാണ് എന്ന് കാര്യം.

ഇത്തരം സ്വച്ഛന്ദാവിഷ്കൃതികൾ ശ്രീ രാജാനന്ദന്റെ ഷഷ്ടിപൂർത്തി ആഘോഷവേളയിൽ അവതരിപ്പിക്കുന്നതിന്ന് ഒരു പ്രത്യേക സാംഗത്യമുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ കാറൽമണ്ണയിൽവെച്ച്, വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആറേഴ് കഥകളി ശില്പശാലകൾ നടത്തിയിരുന്നത് ഏവരും ഓർക്കുന്നുണ്ടാകുമല്ലോ. ആ ശില്പശാലകളിൽ മുടക്കം കൂടാതെ നടത്തിവന്നിരുന്ന ഒരു പരിപാടിയാണ്, ഈ "സ്വച്ഛന്ദാവിഷ്കൃതി" എന്നത്. ആ പേരുപോലും കാറൽമണ്ണ ശില്പശാലാ ഉല്പന്നമാണ്. (അങ്ങിനെ കാറൽമണ്ണ ശില്പശാലകളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ചില വാക്കുകൾ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. സ്വച്ഛന്ദാവിഷ്കൃതി, ക്രീഡനീയകം, ആഖ്യാതാവ്, തൗര്യത്രികസമവായം മുതലായ വാക്കുകൾ അവയിൽ ചിലത് മാത്രമാണ്. അവക്ക് karamalmanna terminology കൾ എന്നാണ് അന്തരിച്ചുപോയ സൂപ്രണ്ട് വിളിച്ചിരുന്നത്.) ആ സ്വച്ഛന്ദാവിഷ്കൃതികൾക്ക് നിയതമായ ലക്ഷണങ്ങളുണ്ടായിരുന്നു. ആ ലക്ഷണമാണ് മുമ്പ് വിവരിച്ച പ്രമേയം, അവതരണപദ്ധതി എന്നീരണ്ട് കാര്യങ്ങൾ. അന്ന് ഡോ. സദനം ഹരികുമാർ യയാതിയേ കുറിച്ചും, ശ്രീ പീശപ്പിള്ളി രണ്ടാമുഴത്തിലെ ഭീമനേകുറിച്ചും മനോഹരങ്ങളായ സ്വച്ഛന്ദാവിഷ്കൃതികൾ ചെയ്തത് ഓർക്കുന്നു. അന്തരിച്ചുപോയ കലാ. ഗോപാലകൃഷ്ണനും ഒരു സ്വച്ഛന്ദാവിഷ്കൃതി ചെയ്തിരുന്നത് ഓർക്കുന്നു. എന്നാൽ പ്രമേയമെന്തായിരുന്നു എന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. ആ ശില്പശാലകളുടെ നേതൃത്വം വഹിച്ചിരുന്നവരിൽ പ്രധാനി രാജനന്ദനായിരുന്നു എന്നത് ഓർക്കുമ്പോൾ, അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി ആഘോഷവേളയിൽ സ്വച്ഛന്ദാവിഷ്കൃതികൾ അവതരിപ്പിക്കുന്നത് യുക്തം തന്നെ. സംശയമില്ല.

ഇവിടുത്തെ വിഷയം പീശപ്പിള്ളിയുടേ ഒരു സ്വച്ഛന്ദാവിഷ്കൃതിയാണ് എന്നത് ശരിതന്നെ. അതിനാൽ ഈ വേദിയിൽ അതിനെ കുറിച്ച് ചർച്ചചെയ്യുന്നതിന്റെ ഔചിത്യത്തേ കുറിച്ച് സംശയിക്കാവുന്നതാണ്.

ശ്രീ. രാജാനന്ദന്റെ ഷഷ്ടിപൂർത്തിയാഘോഷത്തിന്റെ ഭാഗമായി നടന്നതാണ്, കഥകളി വേഷം കലാകാരനായ പീശപ്പള്ളി രാജീവ് ചെയ്തതാണ്, കഥകളിയുടെ രംഗപാഠങ്ങളാണ് ആ അവതരണത്തിൽ കാര്യമായി ഉപയോഗിച്ചിരിക്കുന്നത് എന്നീ മൂന്ന് കാരണങ്ങളാൽ ഈ വിഷയം ഇവിടെ ചർച്ചയ്ക്കെടുക്കുന്നതിൽ അനൗചിത്യമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. അതിനാൽ ചിലത് പറയട്ടെ.ഇത് പറയുന്നത് കുറച്ച് താമസമായിപ്പോയി എന്നത് ശരി തന്നെ. ആ പരിപാടി കഴിഞ്ഞിട്ട് ദിവസങ്ങളായി. എഴുതി തയ്യാറായി വരുന്നതിന്ന് സമയമെടുത്തതിനാലാണ് ഇത്രയും താമസമായത്. എന്നിരുന്നാലും കാലികപ്രസക്തിയുള്ള ഒരു വിഷയം വളരെ മനോഹരവും, ഫലപ്രദവുമായി അവതരിപ്പിച്ചതിനാലും, അതിന്നുള്ള പ്രസക്തി ഇല്ലാതാവുന്നില്ല എന്ന കാരണത്താലും ആണ് ഇങ്ങനെ ചിലത് പറയാനൊരുമ്പെടുന്നത്.

ആ ആവിഷ്ക്കാരത്തിന്റെ പ്രൊഡക്ഷൻ രംഗത്ത്, അദ്ദേഹത്തിന്ന് കാറൽമണ്ണയിലെ ശ്രീ. കെ. രാജീവ്മാഷിന്റേയും, അത്തിപ്പറ്റ രവിയുടേയും സഹായമുണ്ടായിരുന്നു. അവതരണത്തിൽ ശ്രീ അത്തിപ്പറ്റ രവിക്കുപുറമേ ചെണ്ടയിലും, മദ്ദളത്തിലും പുത്തൻ തലമുറയിലെ രണ്ട് കലാകാരന്മാർ ഉണ്ടായിരുന്നു. അവരുടെ പേരെന്തെന്ന് ഓർക്കുന്നില്ല. ക്ഷമിക്കണം.

പീശപ്പള്ളിയുടെ ആ ആവിഷ്ക്കാരം മികച്ച ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാവുന്നതാണ്. അതിന്ന് പലതാണ് കാരണം. എനിക്ക് തോന്നിയ ചിലത് താഴെ ചേർക്കുന്നു.

*ഒന്ന്: അദ്ദേഹം സ്വീകരിച്ച പ്രമേയം*
ഇത്തരം കലാപ്രസ്ഥാനങ്ങളിൽ പ്രമേയത്തിന്ന് എന്തെന്നില്ലാത്ത പ്രാധാന്യമുണ്ട്.

കഥകളിയേപോലുള്ള ശാസ്ത്രീയകലകൾക്ക്, ആ കല ആവിഷ്ക്കരിക്കുന്നതിന്നുള്ള ഒരു ഉപാധി മാത്രമാണ് പ്രമേയം. ആ അരങ്ങുകളിൽ കഥകളിയുടെ രംഗപാഠങ്ങളാണ് ആവിഷ്ക്കരിക്കപ്പെടുന്നതും, ആസ്വദിക്കപ്പെടുന്നതും. അവിടെ എന്ത് പറയുന്നു എന്നതിനേക്കാൾ എങ്ങിനെ പറയുന്നു എന്നതിനാണ് പ്രാധാന്യം.

എന്നാൽ ഇത്തരം സ്വച്ഛന്ദാവിഷ്കൃതികൾ അങ്ങിനെയല്ല. അവിടെ എന്ത് പറയുന്നു എന്നുള്ളത് പ്രധാനമാണ്. മാത്രമല്ല പ്രാഥമികമായി പരിഗണിക്കേണ്ടത് പറയാനുള്ള വിഷയത്തേയാണു താനും. സമൂഹത്തോട് എന്തെങ്കിലും പറയാനുണ്ടാകുമ്പോഴാണ്  ഇത്തരം കലാ പ്രകടനങ്ങൾ ഉടലെടുക്കുന്നത്. പറയാനുള്ളത് പറഞ്ഞുതീർന്നാൽ ഉടനെ ആ പ്രകടനം അവസാനിക്കുകയും വേണം.

ശ്രീ പീശപ്പള്ളി തന്റെ
ആവിഷ്ക്കാരത്തിൽ കഥകളിയേ വല്ലാതെ ആശ്രയിക്കുന്നുണ്ടെങ്കിലും, അതിന് കഥകളിയുമായി ഈ ഒരു കാര്യത്തിൽ കാര്യമായ വ്യത്യസമുണ്ടെന്നുള്ള വസ്തുത കൂടി ഇവിടെ പറഞ്ഞുവെക്കട്ടെ.

മുമ്പ് സൂചിപ്പിച്ചപോലെ കാലികമായി വളരെ പ്രസക്തമായ ഒരു പ്രമേയമാണ്  ഇവിടെ അവതരിക്കപ്പെടുന്നത്. ജാതിയുടെ, മതത്തിന്റെ, നിറത്തിന്റെ, സമ്പത്തിന്റെ ഒക്കെ അടിസ്ഥാനത്തിൽ മനുഷ്യൻ വേർതിരിഞ്ഞ്, മേലേതട്ടിലുള്ളലർ, കീഴേതട്ടിലുള്ളവർ എന്നിങ്ങനെ രണ്ടായി വേർപെട്ടുനില്ക്കുകയും, എന്നിട്ട് സർവർക്കും അവകാശപ്പെട്ടതായ അറിവുകൂടി ഒരുകൂട്ടർക്ക് നിഷേധിക്കുന്നതാണ് സമകാലിക അവസ്ഥ. അത് അവസാനിപ്പിച്ചുകൂടെ എന്ന, അവധൂതസമാനനായ നാറാണത്ത് ഭ്രാന്തന്റെ ചോദ്യമാണ് ഇതിലെ പ്രമേയം. ആ പ്രമേയം അവതരിപ്പിക്കുന്നതിന് ഉപാധിയായി സ്വീകരിച്ചത് പ്രൊഫസർ വി മധുസൂദനൻ നായരുടെ നാറാണത്ത് ഭ്രാന്തൻ എന്ന കവിതയാണ്.

മുമ്പ് പറഞ്ഞ ചോദ്യങ്ങൾ ശ്രീ മധുസൂദനൻ നായരുടെ കവിതയിൽ ചോദിക്കുന്നില്ല. അതിലെ പ്രമേയത്തിന്ന് നാല് stage കളാണുള്ളത്.
1. സ്വന്തം ചരിത്രം. അത് സാമാന്യം വിസ്തരിച്ച് പറയുന്നുണ്ട്.
2. സമൂഹത്തിന്റെ സാമകാലികാവസ്ഥ. ഇത് വിസ്തരിച്ചു തന്നെ പറയുണ്ട്.
3. തന്റെ ശുഭപ്രതീക്ഷ. അത് ചുരുക്കി പറയുന്നു.
4. ആ പ്രതീക്ഷ ഒരു സ്വപ്നം മാത്രമാണ് എന്ന തിരിച്ചറിവ്. അത്,
"ഒക്കെ വെറുമൊരു ഭ്രാന്തന്റെ സ്വപ്‌നം
നേരു നേരുന്ന താന്തന്റെ സ്വപ്നം"
എന്ന് രണ്ട് വരിയിൽ പറഞ്ഞുതീർക്കുന്നു.

തുടർന്നാണ് ശ്രീ പീശപ്പള്ളിയുടെ സൃഷ്ട്യുന്മുഖമായ പ്രതിഭ പ്രവർത്തിക്കുന്നത്. അത് ഇപ്രകാരമാണ്. കവിതയിലെ മുൻ പറഞ്ഞ നാല് കാര്യങ്ങൾ അവതരിപ്പിച്ചതിന്ന് ശേഷം, "അല്ലേ ദൈവത്തേ അറിയുന്ന മനുഷ്യാ, നിങ്ങളെന്തിനാണ് ഇങ്ങനെ വേർതിരിഞ്ഞു നില്ക്കുന്നത്? ഒന്നിച്ചുകൂടേ? ഒന്ന് നന്നായികൂടേ?"  എന്ന ചോദ്യം സമൂഹത്തിന്ന് നേരെ എറിഞ്ഞ്, ആ ഭ്രാന്തൻ നടന്നകലുന്നു. ഉത്തരത്തെ അന്വേഷിക്കുന്നതേയില്ല.

ശ്രീ പീശപ്പള്ളിക്ക് അവതരിപ്പിക്കാനുള്ള ചോദ്യരൂപത്തിലുള്ള ആ പ്രമേയം വേണ്ടതുപോലെ ആവിഷ്ക്കരിക്കുന്നതിന്നുള്ള  സാഹചര്യം ഒരുക്കലാണ് ശ്രീ മധുസൂദനൻ നായരുടെ കവിത ചെയ്യുന്നത്. അത്തരം ഒരു കാര്യം നിർവഹിക്കുന്നതിന്ന് ഏറ്റവും യുക്തമായ ഒന്നാണ് ആ കവിത.

ഈ മധുസൂദനൻ നായരുടെ കവിതയുടെ പൊതുവായ ചില രചനാ കൗശലങ്ങളാണ് ഈ അവതരണത്തിന്ന് ആ കവിത തിരഞ്ഞെടുക്കപ്പെടാനുള്ള കാരണം എന്ന് ഞാൻ കരുതുന്നു. ആ രചനാകൗശലം രണ്ടെണ്ണമാണ്.
1. ഒരു പ്രമേയത്തെ പലതരത്തിൽ ബിംബവൽക്കരിച്ച്, അവയെ സമുച്ചയമുപയോഗിച്ച്, കോമയിട്ട്, ഒന്നിന്നുപുറമേ മറ്റൊന്നായി നിരത്തി വെയ്ക്കുക എന്ന തന്ത്രം മിക്ക കവിതകളിലും പ്രയൊഗിച്ചു കാണാം. ഈ നാറാണത്ത് ഭ്രാന്തനിൽ തന്നെ ഒന്നിലധികം തവണ ഈ രചനാകൗശലം സ്തുത്യർഹമായ രീതിയിൽ പ്രയോഗിച്ചിട്ടുണ്ട്. ശ്രീ പീശപ്പള്ളിയുടെ അവതരണത്തിന്റെ വീഡിയോ ഇതിനൊപ്പം കൊടുക്കുന്നുണ്ട്. അതിൽ ഈ പ്രയോഗത്തിന്നുള്ള ഒരു മനോഹരമായ ഉദാഹരണമുണ്ട്. വരരുചി പറയിസ്ത്രീയേ ഭാര്യയായി സ്വീകരിച്ചതിന്ന് ശേഷം നാട്ടിൽ അലഞ്ഞു നടക്കുന്നതാണ് സന്ദർഭം. അവർ ഓരോരോ വ്യത്യസ്ഥങ്ങളായ പ്രദേശങ്ങളിൽ എത്തിച്ചേരുകയും, അവിടെ വെച്ച് രമിക്കുകയും അങ്ങിനെ പന്ത്രണ്ട് മക്കളുണ്ടാവുകയും ചെയ്തു എന്നതാണ് ആ അധികരണത്തിലെ വിഷയം. (ഇവിടെ ഒന്ന് പറഞ്ഞു വെക്കട്ടെ. ആ ആവിഷ്ക്കാരത്തിലെ ഏറ്റവും മനോഹരമായ അധികരണം, ഈ വരരുചിയുടെ ഭാഗമാണ് എന്നാണ് എന്റെ അഭിപ്രായം.)

അവർ എത്തിച്ചേർന്ന പ്രദേശങ്ങളേ ഇതിൽ വവ്വേറേ നിരത്തി വെയ്ക്കുന്നണ്ട്. അതെല്ലാം വവ്വേറേ ബിംബങ്ങളായാണ് വർണ്ണിക്കുന്നത്.
"ഇരുളിന്റെയാഴത്തിലദ്ധ്യാത്മചൈതന്യം
ഇമവെട്ടി വിരിയുന്ന വേടമാടങ്ങളിൽ"
എന്ന് തുടങ്ങി എട്ടോളം ബിംബങ്ങളാണ് ഇങ്ങനെ സമുച്ചയമുപയോഗിച്ച് നിരത്തി വെച്ചിരിക്കുന്നത്.

ശ്രീ. മധുസൂദനൻ നായരുടെ മറ്റ് കവിതകളിലും ഇതിന്ന് നിരവധി ഉദാഹരണങ്ങൾ കണ്ടെത്താവുന്നതാണ്. വൈവിധ്യം ബോദ്ധ്യപ്പെടുന്നതിന്നായി നാറാണത്ത് ഭ്രാന്തനിൽ നിന്നന്യമായ ഒരു കവിതയെടുക്കാം "ഭാരതീയം" എന്ന കവിതയിൽ, "വഴി കുഴയുമൊരു തെരുവുപെണ്ണി"നെ സംരംക്ഷിക്കുന്നതിന്ന്, "വിയർപ്പിന്റെ കവിതയാൽ നിന്നെ നിറച്ചു ഊട്ടുന്നവ"നായ ഒരു സോദരൻ എവിടേയാണ്? എന്ന് ചോദിച്ച്, ആ സഹോദരനേ അന്വേഷിക്കേണ്ട സ്ഥലങ്ങൾ നിരത്തി വെക്കുന്ന ഒരു രംഗമുണ്ട്. എട്ടോളം സ്ഥലങ്ങൾ എണ്ണിപ്പറയുണ്ട്. അതെല്ലാം ബിംബങ്ങളായാണ് വിന്യസിച്ചിരിക്കുന്നത്. നോക്കൂ:
"നീറുന്ന നാട്ടിടയിൽ വേർപ്പുപാടങ്ങളിൽ തേടുക,
നാഗരരവങ്ങൾക്കിടക്കും തിരക്കുക,
നാടുവാഴും ലോഭമാളികയിൽ നോക്കുക,
അന്ധവിശ്വാസ ഹോമപ്പുകയിൽ വേവുന്നൊരമ്പലപ്രാവുകളോടു ചോദിക്കുക,
ആർത്തി പെരുമ്പാമ്പ് ചുറ്റി വിഴുങ്ങിയോരമ്പിളി പൂമ്പിറയോട് ചൊദിക്കുക,
നെഞ്ചിൽ വെടിയേൽക്കേ
ഒരു വൃദ്ധഹൃദയം വാർത്ത
രക്തസങ്കീർത്തനത്തോട് ചോദിക്കുക,
ഉത്തരദക്ഷിണാവർത്തങ്ങൾ ചുറ്റുന്നൊരു
ഉഷ്ണപ്രവാഹത്തിനോട് ചോദിക്കുക."

എന്നാൽ ഈ പ്രവണത നാറാണത്ത് ഭ്രാന്തനിലും, ഭാരതീയത്തിലും മാത്രമല്ല, അഗസ്ത്യഹൃദയം, പുരുഷമേധം, ഗംഗ, സന്താനഗോപാലം, ഗാന്ധർവം എന്ന് തുടങ്ങി നിരവധി കവിതകളിൽ കാണാം.

ഇത്തരം സന്ദർഭങ്ങളിൽ നിരത്തി വെക്കുന്ന ബിംബങ്ങളെല്ലാം വ്യാഖ്യാനിച്ചെടുക്കുക എന്നത് അല്പം ക്ലിഷ്ടമായ പ്രവർത്തിയാണ് എന്നൊരു ദോഷം അവക്കുണ്ട് എന്നത് വാസ്തവം തന്നെ. ഏന്നാൽ ആ ബിംബങ്ങൾ സൂചിപ്പിക്കുന്ന സ്വാരസ്യം, ഉടക്കഴിച്ച് ഉൾക്കൊള്ളുന്നതിന്ന് ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോഴും, അതീവ ആസ്വാദ്യങ്ങളായി നമുക്ക് അനുഭവപ്പെടുന്നുണ്ട് ഏന്നുള്ളതാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. ഔഷധച്ചെടികളിൽ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് തഴുതാമ. അതിനെ, അഗസ്ത്യഹൃദയം ഏന്ന കവിതയിൽ ബിംബവൽക്കരിച്ചിരിക്കുന്നത്:
"അഴലിൻ നിഴൽകുത്തു മർമ്മം
ജയിച്ചോരു തഴുതാമ" എന്നാണ്. തഴുതാമക്ക്, "പുനർന്നവാ" എന്നൊരു പര്യായം കൂടിയുണ്ടെന്ന് ഓർക്കുമ്പോഴാണ് ഈ ബിംബവൽക്കരണത്തിന്റെ സ്വാരസ്യം കൂടുതൽ വ്യക്തമാകുന്നത്.

അങ്ങിനെ വ്യാഖ്യാനിച്ചെടുക്കുന്നതിൽ അവ്യക്തത നിലനില്ക്കുമ്പോൾ തന്നെ അവയെല്ലാം നമ്മുടേതായ ഒരു "കൂട്ടിവായനക്ക്" വിധേയമാകുന്നുണ്ട്. അത് നമ്മുടെ ആസ്വാദനപ്രക്രിയയുടെ ഒരു ഭാഗമാണ്. അതാണ് ഈ ബിംബവൽക്കരണം ആസ്വാദ്യമായിത്തീർക്കുന്നത്.
നോക്കൂ:
"നെഞ്ചിൽ വെടിയേൽക്കേ
ഒരു വൃദ്ധഹൃദയം വാർത്ത
രക്തസങ്കീർത്തനത്തോട് ചോദിക്കുക."
എന്നിടത്ത് "രക്തസങ്കീർത്തന"ത്തേ എങ്ങിനേയാണ് വ്യാഖ്യാനിച്ചെടുക്കേണ്ടത് ഏന്നത് വേണ്ടത്ര വ്യക്തമല്ല. എങ്കിലും ആ ബിംബം കുറേ കാര്യങ്ങൾ സംവേദനം ചെയ്യുന്നുണ്ടെന്നുള്ളത് പരമാർത്ഥം തന്നെ. അത് ഗാന്ധിജിയേയാണ് സൂചിപ്പിക്കുന്നത്, ആ ഗാന്ധിജി അയിത്തത്തിന്നെതിരേയും, ജാതിക്കെതിരേയും പടവെട്ടിയവനാണെന്നും, അദ്ദേഹത്തിന്റെ രക്തം ചൊരിഞ്ഞത് ആ പടവെട്ടൽ കാരണമാണെന്നുമുള്ള ധാരണകൾ നമ്മുടെ ബോധമണ്ഡലത്തിൽ ഉരുത്തിരിഞ്ഞു വരുന്നതിന്ന് ആ ബിംബം കാരണമാകുന്നു. ഈ നിഗൂഢാർത്ഥങ്ങളെ ഒരുക്കൂട്ടിയെടുക്കേണ്ടത് ആസ്വാദകനാണ്. അങ്ങിനെയുള്ള ആസ്വാദകനായ നടന്റെ വ്യാഖ്യാനപ്രക്രിയയാണ് ഈ സ്വച്ഛന്ദാവിഷ്കൃതി.

ഇതിനെല്ലാം പുറമേ, സമുച്ചയമുപയോഗിച്ച് കുറേയേറേ ബിംബങ്ങൾ നിരത്തി വെക്കുന്ന ഈ തന്ത്രം ദൃശ്യാത്മകതക്ക് കാരണമാകുന്നുണ്ട് എന്ന കാര്യം കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. ആ ദൃശ്യാത്മകത സ്വച്ഛന്ദാവിഷ്കൃതി പോലുള്ള ആവിഷ്ക്കരങ്ങൾക്ക് നല്ലൊരു അടിത്തറയാകുമെന്നതിന്ന് സംശമൊന്നുമില്ല.

ചുരുക്കത്തിൽ കാലിക പ്രസക്തികൊണ്ടും, ഒരു സ്വച്ഛന്ദാവിഷ്കൃതി നടത്തുന്നതിന്നാവശ്യമായ ദൃശ്യാത്മകതകൊണ്ടും ശ്രീ പീശപ്പള്ളി തിരഞ്ഞെടുത്ത പ്രമേയം ഏറ്റവും യുക്തവും, മനോഹരവുമായിരുന്നു. ഇത്  വ്യക്തമാക്കുന്നതിന്നാണ് ഈ ഭാഗം ഇത്ര വിസ്തരിച്ചത്.

2. മധുസൂദനൻ നായരുടെ കവിതയുടെ മറ്റൊരു ഗുണവും ഇവിടെ പ്രസക്തമാണ്. ആ കവിതകൾ ഉറക്കേ ചൊല്ലുന്നതിന്ന് പറ്റുന്നവയാണ്. "കാവ്യമുച്ചൈഃ പഠ്യതേ" എന്നാണ് പൂർവസൂരികൾ കവിതയേ നിർവചിച്ചിട്ടുള്ളത്. എന്താണ് കവിത എന്ന ശിഷ്യന്റെ ചോദ്യത്തിന്ന്, "ഉറക്കേ ചൊല്ലുന്നതാണ് കവിത" എന്നാണ് ഗുരുവിന്റെ മറുപടി. അതായത് ഉറക്കേ ചൊല്ലേണ്ടതാണ് കവിത എന്ന് സാരം. അതായത് വൃത്തനിബദ്ധമല്ലെങ്കിലും കവിതകൾ ഈ ഗുണം പ്രകടിപ്പിക്കേണ്ടതാണെന്ന് കാര്യം. ഇത്തരം കുറേയറേ കവിതകൾ മലയാളത്തിൽ ലഭ്യമാണ്. കെ. ജി. ശങ്കരപ്പിള്ളയുടെ "ബംഗാൾ" എന്ന ഗദ്യകവിത നല്ല ഉദാഹരണമാണ് അതൊന്ന് ഉറക്കേ ചോല്ലിനോക്കൂ അപ്പോഴറിയാം. അതിൽ ശബ്ദാലങ്കരങ്ങൾ അധികമൊന്നുമില്ല. എന്നിട്ടും ഉറക്കേ ചൊല്ലാവുന്ന ഒരു കവിതയാണത്. എന്റെ കൗമാരകാലത്ത്, കവിസമ്മേളനം പോലെ "ചൊല്ക്കാഴ്ച" എന്നൊരു പരിപാടി നിലവിലുണ്ടായിരുന്നു. കവികൾ സ്വന്തം കവിതകൾ ഉറക്കെ ചൊല്ലുന്ന ഒരു പരിപാടിയായിരുന്നു അത്. ഇന്നത്തെ റിയാലിറ്റി ഷോകളുടെ ഭാഷയിൽ പറയുകയാണെങ്കിൽ ആ പരിപാടികളിൽ അല്പം "പെർഫോമ്മെൻസും" ഉണ്ടാകും. പ്രസിദ്ധ സിനിമാസംവിധായകനായ ആരവിന്ദൻ തുടങ്ങിയവരാണ് ആ പെർഫോമൻസ് സംവിധാനം ചെയ്തിരുന്നത്. പ്രസിദ്ധ കവികളായ കടമ്മനിട്ട, ഡി. വിനയചന്ദ്രൻ, കുഞ്ഞുണ്ണി മാഷ് തുടങ്ങിയ നിരവധി കവികൾ അങ്ങിനെ ഉറക്കെ കവിത ചൊല്ലി നടന്നിരുന്നു. അവരെ കുറിച്ച് "സാഹിത്യവാരഫലം" എഴുതിയ പ്രൊ. എം. കൃഷ്ണൻ നായർ, "കവിതയുടെ ശ്രോതസ്സ് കണ്ഠമാണ് എന്ന് വിശ്വസിക്കുന്നവർ" എന്ന് പറഞ്ഞ് കളിയാക്കിയിരുന്നു. അദ്ദേഹത്തിന്റെ കവിതയേ കുറിച്ചുള്ള ധാരണ അത്രയേ ഉള്ളു എന്നേ അതിന്നർത്ഥമാക്കേണ്ടതുള്ളു. ചുരുക്കത്തിൽ കാവ്യാത്മകം ഏന്ന് പറഞ്ഞാൽ ഉറക്കേ ചൊല്ലാൻ പറ്റുന്നത് കൂടി ആയിരിക്കണം എന്ന് കാര്യം. ശ്രീ മധുസൂദനൻ നായരുടെ കവിത അത്തരത്തിലുള്ളതാണ്. ഈ നാറാണത്ത് ഭ്രാന്തനിലെ മുഴുവൻ വരികളും അങ്ങിനത്തതാണ്. വീണ്ടും വൈവിധ്യം സൂചിപ്പിക്കുന്നതിന്നായി നാറാണത്ത് ഭ്രാന്തനിൽ നിന്നന്യമായ കവിതയിൽ നിന്ന് ഉദാഹരണം പറയാം.
അഗസ്ത്യഹൃദയത്തിലെ നാല് വരികൾ:
"കാലാൽ തടഞ്ഞതൊരു
കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു
ചാവുകിളിമാത്രം
കരളാൽ കടഞ്ഞതൊരു
കൺചിമിഴുവെള്ളം
ഉയിരാൽ പിറപ്പ് വെറു-
മൊറ്റ മൊഴി മന്ത്രം."
ഇനിയുമുണ്ട് നിരവധി. ഗംഗ എന്ന കവിതയിലെ ചിലവരികൾ താഴെ കൊടുക്കുന്നു. ഒന്ന് ഉറക്കെ ചൊല്ലി നോക്കൂ.
"അരികെ വെൺതിങ്കളിൽ തേനുണ്ണുവോരുണ്ട്,
വിരിവെച്ച് വാഴ്ച്ചയ്ക്കൊരുങ്ങുവോരുണ്ട്,
നിമിഷനിധിയെണ്ണി പഴംതുണി കിഴികെട്ടി
നിലവറ നിറക്കുന്ന വൈശ്രവണനുണ്ട്,
ഭക്തന്റെ വീർപ്പും, വിയർപ്പും പൊലിപ്പിച്ച്
ഭുക്തിക്കൊരുങ്ങുന്ന ഭൂതഗണമുണ്ട്,
ചെറ്റും മറക്കാത്ത നാണത്തിനാൽ
ബ്രഹ്മവിദ്യക്ക് ഭാഷ്യം ചമക്കുവോരുണ്ട്,
ദുഷ്ടതന്ത്രങ്ങളിൽ സിദ്ധിയേറ്റി കവിത- ദൃഷ്ടികൾ നേടി ചമഞ്ഞിരപ്പോരുണ്ട്,
ഇവിടെ ഈ ചുടലയേ വിഭൂതിയാക്കി
തിലകമിരുനേരവും ചാർത്തി നാമം
ജപിക്കുന്ന, നാഭിയിൽ നാദം വിശന്നു
വിളികൂട്ടുന്ന ഞങ്ങളുണ്ട്
ഭാരതീയരുണ്ട്."
ഈ വരികൾ മുമ്പ് ചർച്ച ചെയ്ത ബിംബങ്ങൾ നിരത്തുക എന്ന തന്ത്രത്തിന്നും ഉദാഹരണമായി ഉദ്ധരിക്കാവുന്നതാണ്.

ചുരുക്കത്തിൽ ആശയഗാംഭീര്യംകൊണ്ടും, ദൃശ്യാത്മകതകൊണ്ടും, രചനാ വിശേഷം കൊണ്ടും, ഇത്തരം ആവിഷ്ക്കാരങ്ങൾക്ക് വാചികമായിത്തീരാനുള്ള യോഗ്യതകൊണ്ടും, പീശപ്പള്ളി തിരഞ്ഞെടുത്ത പ്രമേയം ഏറ്റവും യുക്തമായി എന്നതിൽ സംശയമില്ല. അതിന്ന് അദ്ദേഹത്തേ എത്ര പ്രശംസിച്ചാലും മതിയാകുന്നതല്ല.

*രണ്ട്: അദ്ദേഹം സ്വീകരിച്ച അവതരണ പദ്ധതി.*

1. ആഹാര്യം പരമാവധി ചുരുക്കി മെയ്യുകൊണ്ടുള്ള അഭിനയത്തിന്ന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ മുഖം, മെയ്യ്, ശബ്ദം എന്നിവ കൊണ്ടുള്ള അഭിനയം കൂടുതൽ നിഷ്ക്കർഷയോടെ അദ്ദേഹത്തിന്ന് കൈകാര്യം ചെയ്യേണ്ടിവരുന്നു.

പീശപ്പള്ളിയാകട്ടെ മുഖം ഉപയോഗിച്ചഭിനയിക്കുന്നതിൽ അതീവ പ്രാഗത്ഭ്യമുള്ള ഒരുകലാകാരനാണ്. അതിനാൽ ആ ഭാഗം അദ്ദേഹം നിഷ്പ്രയാസം നിർവഹിച്ചിരിക്കുന്നു.

ആ പ്രകടനത്തിലുടനീളം മെയ്യ് കൊണ്ട് സംവേദനം വേണ്ടിവരുമ്പോഴൊക്കെ കഥകളിയിലെ രംഗപാഠങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. പീശപ്പള്ളിക്കാകട്ടെ, ഒരു വേഷക്കാരനാക കാരണം ആ അഭിനയം വൃത്തിയായി ചെയ്യുന്നതിന്ന് ഒട്ടും പ്രയാസമില്ല താനും. അദ്ദേഹം വൃത്തിയായി ചൊല്ലിയാടാൻ കഴിയുന്ന ഒരു വേഷക്കാരനാണ്.

ശബ്ദാഭിനയം രണ്ടുതരത്തിലാണ് ഉണ്ടായത്. ഒന്ന് കവിതാഭാഗങ്ങളുടെ ആലാപനം. അത് ശ്രീ അത്തിപ്പറ്റ രവി മാഷാണ് ചെയ്തത്. കവിതയിലുള്ള അവഗാഹം, സംഗീതത്തിലുള്ള അറിവ്, പാടാനുള്ള കഴിവ്, കവിതകളുടെ താളത്തിലുള്ള ധാരണ എന്നിവയെല്ലാം വേണ്ടതുപോലെ സ്വായത്തമാക്കിയ ഒരു കലാകാരനാണ്. ശ്രീ അത്തിപ്പറ്റ മാഷ്. അതിനാൽ അദ്ദേഹം നിസ്തുലമായ ഒരു support ആണ് നല്കിയത്.
രണ്ടാമത്തേത് കഥാപാത്രത്തിന്റെ സംഭാഷണഭാഗങ്ങളാണ്. അത് വേണ്ട voice modulations കൊടുത്ത് പീശപ്പള്ളി ഭംഗിയായി നിർവഹിച്ചു.

ചുരുക്കത്തിൽ അഭിനയത്തിന്റ പ്രാധമികമായ ഘടകങ്ങളെല്ലാം വേണ്ടതുപോലെ നിർവഹിച്ചതിനാൽ ആ അവതരണം കണ്ടുകൊണ്ടിരിക്കൽ ഒരു നല്ല അനുഭവമായിരുന്നു.

2. ശ്രീ പീശപ്പള്ളി ഉപയോഗിച്ച അവതരണതന്ത്രം:
ആ കവിതയിലെ പ്രസക്തങ്ങളായ വരികൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുക. ആ വരികൾ പിൻ പാട്ടുകാരൻ പാടുകയാണ് ചെയ്യുന്നത്. അതിന്റെ സാരം അദ്ദേഹം അഭിനയിക്കുന്നു. വിട്ടുപോയ ഭാഗങ്ങളും, കൂട്ടിച്ചേർക്കേണ്ടതായ ഭാഗങ്ങളും അദ്ദേഹം അഭിനയിച്ചും, സംഭാഷണത്തിൽകൂടി പറഞ്ഞുമാണ് അവതരിപ്പിച്ചത്. എന്നാൽ പാടുന്ന എല്ലാ സന്ദർഭങ്ങളിലും പാഠ്യത്തിന്റെ സാരമല്ല അഭിനയിച്ചിരുന്നത്. വരരുചിയും ഭാര്യയും അലഞ്ഞുനടക്കുന്ന സന്ദർഭത്തിൽ, അവർ ചുറ്റി നടന്ന പ്രദേശങ്ങളേ പറ്റിയാണ് വാചികത്തിൽ വിവരിക്കുന്നത്. എന്നാൽ പീശപ്പള്ളി ആവിഷ്ക്കരിക്കുന്നത്, അവരുടെ സല്ലാപങ്ങളും, രതിലീലകളുമാണ്. ഇത് അവർ വിവിധ സ്ഥലങ്ങളിൽ, സഞ്ചരിച്ചു നടന്നു എന്നും, ഭാര്യാഭർത്താക്കന്മാർ എന്ന നിലക്ക് രതിലീലയിൽ മുഴുകി എന്നും ഉള്ള സന്ദേശം ഒരേ സമയത്ത് സംവേദനം ചെയ്യുന്നതിന്ന് സഹായിച്ചു.

3. അടുത്ത ഘടകം അദ്ദേഹം അരങ്ങത്തേ സ്ഥലം (space) ഉപയോഗിക്കുന്നതിൽ കാണിച്ച ഔചിത്യമായിരുന്നു.

തുടക്കത്തിൽ തന്നെ സ്ഥലം ഉപയോഗിക്കുന്നതിൽ സീകരിച്ച ഒരു തന്ത്രം ഒരു shock ഏൽക്ക്കുന്നതുപോലെ അനുഭവപ്പെടുകയുണ്ടായി. അവതരണം ആരംഭിച്ചത്, മുന്നരങ്ങിൽ നിന്ന് ആമുഖം പറഞ്ഞുകൊണ്ടാണ്. അവിടെ നിന്ന് കാര്യങ്ങൾ പറഞ്ഞ്, പറഞ്ഞ് സാവധാനത്തിൽ കാണികളറിയാതെ പിന്നിലേക്ക് നീങ്ങുകയും, ആ അധികരണം കഴിയുന്നതോടുകൂടി പിന്നരങ്ങിൽ എത്തുകയും അവിടെനിന്ന് പിന്നിലേക്ക് തിരിഞ്ഞ് നിന്ന് ഒരു ഭാന്തന്റെ ഭാവം വരുത്താനുള്ള മുഖത്തെഴുത്തിൽ ലഘുവായ മാറ്റം വരുത്തി അരങ്ങിലേക്കുതന്നെ തിരിഞ്ഞ് തുടർന്നുള്ള ഭാഗങ്ങൾ അഭിനയിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഇതിനോടൊപ്പം തന്നെ വാചികത്തിലും സമാനമായ തന്ത്രം ഉപയോഗിക്കുകയുണ്ടായി. മുന്നരങ്ങിൽ കഥാപാത്രമല്ലാതെ സ്വന്തം ഭാവത്തിൽ വന്ന് ആമുഖമായി ചിലത് പറയുകയാണുണ്ടായത്. ക്രമേണ  ആമുഖത്തിൽനിന്ന്  ഔദ്യോഗിക പാഠ്യത്തിലേക്ക് (script ലേക്ക്) മാറുകയാണുണ്ടയത്. അങ്ങിനെ കഥാപാത്രമായി മാറി. അതായത് സ്ഥാനം മുന്നരങ്ങിൽ നിന്ന് പിന്നരങ്ങിലേക്ക് മാറിയതും, വാചികം ആമുഖത്തിൽ നിന്ന് പാഠ്യത്തിലേക്ക് മാറിയതും, അവനവൻ കഥാപാത്രമായി മാറിയതും ഏറേ സ്വാഭാവികമായിരുന്നു. അതിനാൽ ആ മാറ്റം തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അത് തുടക്കത്തിൽ തന്നെ ആസ്വാദനതലത്തിൽ ഒരു ആക്കം (momentum) കൊടുത്തു എന്ന് എടുത്തു പറയാതെ വയ്യ. മാത്രമല്ല അതുകൊണ്ട് നേടിയ ഒരു മേന്മ ആ അവതരണം ഉടനീളം നില നില്ക്കുകയും ചെയ്തു.

ഇതേ പോലെതന്നെ അവതരണം അവസാനിക്കുന്നേടത്തും അദ്ദേഹം അരങ്ങ് ഒഴിവാക്കി കാണികളുടെ ഇടയിൽ കൂടി, "എന്തിനാ ഇങ്ങനെ വേറിട്ടു നിക്കുന്നത്? ഒന്നിച്ചുകൂടെ? ഒന്ന് നന്നായിക്കൂടെ?" എന്ന് ചോദിച്ചുകൊണ്ട് നിഷ്ക്രമിക്കുകയാണ് ചെയ്തത്. സ്ഥലം ഉപയോഗിക്കുന്നതിലെ ഈ മാറ്റവും ഒരു shock ഏറ്റതുപോലുള്ള അനുഭവമാണുണ്ടാക്കിയത്.

4. അരങ്ങത്തേ ചലനങ്ങൾക്കെല്ലാം പീശപ്പള്ളി കഥകളിയുടെ രംഗപാഠങ്ങളാണ് ഉപയോഗിച്ചത്.

കഥകളിയുടെ രംഗപാഠങ്ങൾക്ക് ഒരു മെച്ചമുണ്ട്. അവയെല്ലാം അരങ്ങത്ത് ആവിഷ്ക്കരിക്കുന്ന ഭാവങ്ങളെ പൊലിപ്പിച്ചെടുക്കാനുദ്ദേശിച്ചിട്ടുള്ളവയാണ്. മാത്രമല്ല അവയെല്ലാം നീണ്ടകാലം അരങ്ങത്തും കളരിയിലും ആവർത്തിച്ച് ചെയ്യുക കാരണം ഉദ്ദേശലക്ഷ്യം വേണ്ടതുപോലെ നേടുന്നതിന്ന് സമർത്ഥങ്ങളാക്കി തീർത്തവയുമാണ്. കൂടാതെ അവയിൽ നൃത്തത്തിന്റെ അംശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ കൊട്ടിന്നും, പാട്ടിന്നും കൂടിപേരുന്നതിന്ന് അവസരമൊരുക്കുന്നു. അതിനാൽ അവതരണത്തിന്ന് grace കൂടികിട്ടുന്നു. ഇത് ആശയവിനിമയത്തിന്ന് കൂടുതൽ സൗകര്യവും സന്തോഷവും നല്കുന്നു. ശ്രീ പീശപ്പള്ളി സ്വീകരിച്ച കഥകളി രംഗപാഠങ്ങളെല്ലാം അതാത് സ്ഥാനത്ത് കൃത്യമായി യോജിക്കുന്നതായിരുന്നു. അവയുടെ സാന്നിധ്യം അവതരണത്തേ കൂടുതൽ സംവേദനക്ഷമമാക്കിയിട്ടുണ്ടെന്ന് പറയാതെ വയ്യ. അദ്ദേഹം കാര്യമായി സ്വീകരിച്ച രംഗപാഠങ്ങൾ താഴെ പറയുന്നവയാണ്.

a. മുദ്രകൾ. അവക്കുവേണ്ടതായ ചുഴിപ്പ്, ഇളകിയാട്ടം, സഞ്ചാരിഭാവം, കണ്ണിന്റെ ചലനങ്ങൾ എന്നിവയെല്ലാം വേണ്ടതുപോലെ ഉപയോഗിച്ചിരുന്നു. ഏന്നാൽ കഥകളിയിൽ നിന്നന്യമായ പ്രകടനമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തിരുന്നു.
b. കലാശങ്ങൾ. കലാശം എടുക്കുമ്പോൾ ഭാവത്തിന്ന് ആക്കം(momentum) കൂട്ടാൻ കഴിയുകയും, പ്രകടനത്തിന്ന് grace കൂട്ടാൻ കഴിയുകയും ചെയ്യുന്നു. കലാശങ്ങളിൽ ഏറ്റവും ശക്തമായത് വട്ടം വെച്ച് കലാശങ്ങളാണ് ഇതിൽ രണ്ട് വട്ടം വെച്ച കലാശങ്ങൾ യുക്തമായ സ്ഥാനങ്ങളിൽ യുക്തമായ മാറ്റത്തോടെ ചേർത്തി വെച്ചിട്ടുണ്ട്. അവയുടെ മനോഹാരിത വീഡിയോ ക്ലിപ്പിങ്ങിൽ നിനിന്ന് തിരിച്ചറിയാവുന്നതാണ്.
c. ചൊല്ലി വട്ടം തട്ടൽ. കലാശത്തിന്ന് വട്ടംതട്ടിയതിനാൽ, കലാശം എടുക്കുന്നു. അതിനാൽ അത് എടുക്കുന്നതിന്റെ, മുകളിൽ പറഞ്ഞതായ എല്ലാ മെച്ചവും കിട്ടുന്നു. പുറമേ കുറച്ച് മനോധർമ്മം ആടാനുള്ള അവസരമുള്ളതിനാൽ ആശയസംവേദനത്തിന്നും അവസരം ലഭിക്കുന്നു.
d. യുദ്ധവട്ടം. രണ്ട് സ്ഥലത്ത് യുദ്ധവട്ടം ഉപയോഗിക്കുന്നുണ്ട്. എവിടെ എന്നെല്ലാം ഇതിനൊപ്പം വെക്കുന്ന ക്ലിപ്പിങ്ങിൽ കാണാം എന്നതിനാൽ ഇവിടെ വിവരിക്കുന്നില്ല. എന്നാൽ അതിൽ ശ്രദ്ധേയമായത് ഒന്നിലധികം പേർ ചേർന്ന് ചെയ്യേണ്ടത് ഒരാൾ ഒറ്റക്ക് ഏറ്റവും ഫലപ്രദമായി ചെയ്തു എന്നുള്ളതാണ്.
e. കിടതകധിംതാം. സാധാരണ കഥകളിയിൽ കഥാപാത്രങ്ങളുടെ പ്രവേശത്തിലാണ് ഈ രംഗപാഠം ഉപയോഗിക്കുക പതിവ്. മാത്രമല്ല നായകനും നായികയും സംഭോഗശൃംഗാരം ആവിഷ്ക്കരിക്കാനായി പ്രവേശിക്കുമ്പോഴുള്ള ഈ കിടതകധീംതാമിന്റെ അവതരണം കുടുതൽ മനോഹരമായി തോന്നാറുമുണ്ട്. അപ്പോൾ അവർ ആലിംഗനബദ്ധരായാണ് പ്രവേശിക്കുക. ഇവിടെ വരരുചിയും, ഭാര്യയും അയി അഭിനയിക്കുമ്പോൾ ഒരു കിടതകധീംതാം എടുക്കുന്നുണ്ട്. അത് പ്രവേശത്തിലല്ലെങ്കിലും ആശയം ശക്തമായി സംവേദിക്കുന്നതിനാൽ അതീവ മനോഹരമായി എന്ന് എടുത്തു പറയാതെ വയ്യ.

f. ചുഴിപ്പ്, മെയ്യുറപ്പടവുകൾ. സാധാരണ ഇതുരണ്ടും മെയ്യൊരുക്കു ന്നതിന്ന് കളരിയിൽ ഉപയോഗിക്കുന്നവയാണ്. എന്നാൽ ചിലസ്ഥലങ്ങളിൽ ശ്രീ പീശപ്പള്ളി വളരെ ഫലപ്രദവും മനോഹരവുമായി അവ ഉപയോഗിക്കുകയുണ്ടായി. വരരുചിയുടെ ഭാര്യയോടുകൂടിയുള്ള അലഞ്ഞു നടപ്പും രതിലീലകളും ആവിഷ്ക്കരിക്കുന്നേടത്താണ് ഇവ ഉപയോഗിക്കപെട്ടിട്ടുള്ളത്.

g. പരുന്തുകാൽ. ഇതും വളരെ ഫലപ്രദമായി അരങ്ങത്ത് ഉപയോഗിച്ചിട്ടുണ്ട്. എവിടെയെന്ന് കൃത്യമായി ഒർക്കുന്നില്ല.
h. ഖണ്ഡാരം, പാടി എന്നീ കഥകളിയുടെ സ്വന്തമായ രാഗങ്ങൾ അതാതിന്ന് യുക്തമായ സ്ഥാനത്തുതന്നെ വേണ്ടതുപോലെ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല, കാംബോജി, ആനന്ദഭൈരവി, മോഹനം മുതലായ മറ്റു ചില രാഗങ്ങളും ഉണ്ട്. അവയുടെ ആലാപനശൈലി കഥകളീയുടേതിന്ന് സമാനമായിരുന്നു.
i. പ്രധാനമായും ചമ്പ താളമാണ് ഉപയോഗിച്ചിട്ടുള്ളത്. അത് ഇടമട്ടും മുറുകിയതുമുണ്ട്. ചമ്പ കുറുകിയതുപോലെയിരിക്കുന്ന ഖണ്ഡചാപ്പും ധാരാളം ഉപയോഗിച്ചിട്ടുണ്ട്. മുറിയടന്ത, മിശ്രചാപ്പ് എന്നിവയും അവിടവിടെ ഉപയോഗിച്ചതായികാണാം. എന്നാൽ ചമ്പയുടെ ഉപയോഗം എടുത്തു പറയേണ്ടതാണ്.

*മൂന്ന്: ചില എതിരഭിപ്രായങ്ങളും തോന്നതിരുന്നില്ല.* അവ:
1. ഏറ്റവും പ്രധാനമായി തോന്നിയത് അരങ്ങത്തേ സ്ഥലം ഉപയോഗിക്കുന്ന കാര്യത്തിലാണ്. അരങ്ങിന്റെ വലത് ഭാഗം വളരെ കുറച്ചു മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഇവിടെ വലത്, ഇടത് എന്നെല്ലാം പറയുന്നത് നടപക്ഷത്ത് നിന്നുകൊണ്ടാണ്. അരങ്ങിന്റെ മദ്ധ്യവും, ഇടതു ഭാഗവും ധാരാളമായി ഉപയോഗിച്ചിരുന്നു. അതിനാൽ ഇടതുവശം കനം തൂങ്ങിയതുപോലൊരു പ്രതീതി തോന്നിയിരുന്നു. മാത്രമല്ല അരങ്ങിന്റെ വലതുവശം മറ്റു വശങ്ങളേ അപേക്ഷിച്ച് കുടുതൽ തിളക്കമുള്ള സ്ഥലമാണെന്നത് ഓർക്കുമ്പോഴാണ് ഈ വീഴ്ചയുടെ ഗൗരവം ബോദ്ധ്യമാകുന്നത്

2. ആ കവിത സമാന്യം നല്ല നീളമുള്ളതാണ്. അതിനാൽ അത് മുഴുവൻ ഉൾപ്പെടുത്തുക അത്ര പ്രായോഗികമല്ല. അതിനാൽ കുറേ കിഴിച്ചെടുക്കലുകൾ അനിവാര്യമാണ്. എന്നാൽ ഒഴിവാക്കാൻ പറ്റാത്തത് ചിലത് ഒഴിവായിപോയി. ഉദാഹരണം:
വരരുചിയുടെ പന്ത്രണ്ട് മക്കൾ പന്ത്രണ്ട് കയ്യിൽ വളർന്ന്, അന്യോന്യം സ്പർദ്ധ വർദ്ധിച്ചു തമ്മിൽ വഞ്ചിക്കുന്നതും, തമ്മിൽ തല്ലുന്നതും ഒക്കെ വിവരിക്കുന്നത് വാചികമില്ലാതെയാണ്. അതുംകൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ മിഴിവുകിട്ടുമായിരുന്നു എന്ന് തോന്നി.
"അഗ്നിഹോത്രിക്കു ഗാർഹപത്യത്തിന്ന്
സപ്തമുഖജഠരാഗ്നിയത്രേ"
എന്ന അതിശക്തമായ വരിയെല്ലാം വേണ്ടത്ര ശോഭിക്കാതെ പൊയി.

3. മേളം പലപ്പോഴും കൂടെ ചേരുന്നില്ലെന്നു തോന്നി. കല്ല് കയറ്റി കൊണ്ടുവന്ന് താഴോട്ട് ഇട്ടത് ഒട്ടും മിഴിവില്ലാതെ പോയി. മുഴുവൻ മേളക്കാരെ പറഞ്ഞിട്ട് കാര്യമില്ല. പുതിയ സംരംഭങ്ങളിൽ ഇത്തരം ചില കാര്യങ്ങൾ സംഭവിക്കുന്നത് സാധാരണമാണ്.

എന്നാൽ ഇതൊന്നും മൊത്തം പ്രകടനത്തെ കാര്യമായി ബാധിച്ചില്ല.

ശ്രീ പീശപ്പള്ളിക്കും കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.


അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...