11 ഏപ്രിൽ 2020

നിലാവഴിയെ...

ശിരുവാണി ഡാം കണ്ടിട്ടുണ്ടോ? മണ്ണാർക്കാട്
ഇല്ല
കാഞ്ഞിരപ്പുഴ ഡാം മുറിച്ച് പിന്നേം പോണം
ങ്ഹും
മണ്ണാർക്കാട് ആ ഭാഗമൊക്കെ വലിയ കുന്നുകളും സഹ്യനും കാടും
ങ്ഹും
സഹ്യന്റെ മുകളിലൂടെ മേഘങ്ങൾ പോകുന്നത് കാണാനെന്ത് രസാന്നറിയുമൊ?
മഴക്കാലം ആണേ. നല്ല ടാറിട്ട റോഡ് രണ്ട് സൈഡിലും ധാരാളം പച്ചപ്പുംമരങ്ങളും
ങ്ഹും
ലക്ഷ്യമില്ലാതെ വഴിയൊന്നും അറിയാതെ ബോർഡ് വായിച്ച് പോകുന്നൂ
ങ്ഹും
അങ്ങനെ കാഞ്ഞിരപ്പുഴ ഡാമിൽ എത്തുന്നു അവിടെ ഗംഭീരമായ പൂന്തോട്ടം
ങ്ഹും
അവിടെ നിർത്തി അതിലൂടെ കറങ്ങി നടക്കുന്നൂ അപ്പുറത്ത് സഹ്യൻ തലയുയർത്തി നിൽക്കുന്നു
അതിന്റെ മുകളിലൂടേയും അല്പം താഴേയുമായി മഴ മേഘങ്ങൾ മെല്ലെ മെല്ലെ നമ്മൾ നടക്കുന്ന
പോലെ തന്നെ നീങ്ങുന്നൂ
ങ്ഹും
ഇടയ്ക്ക് ചാറ്റൽ മഴയുണ്ട് കാര്യമാക്കുന്നില്ലാ
😛
നോക്കുമ്പൊ അവിടെ ഒരു ആയുർവേദ ഉദ്യാനം കൂടെ ഉണ്ട് കോട്ടക്കൽ ആര്യവൈദ്യശാലയുടെ
അതിലും കേറുന്നൂ
ങ്ഹും
മഴ നനഞ്ഞ് നിന്റെ നിമ്നോന്നതങ്ങൾ ഞാൻ നോക്കിയപ്പോൾ നീ പോടാ എന്നൊരാട്ട് തന്നൂ
😄 സത്യം
അതിലൂടെ കൈപിടിച്ച് കറങ്ങി തിരിച്ചിറങ്ങിയപ്പോൾ ദേഹത്തിനും ഒരു ആയുർവേദ ഗന്ധം
ങ്ഹും
എന്നിട്ട് കാറിൽ കയറി ഡാമിന്റെ നടുക്ക് കാർ നിർത്തി ഇറങ്ങി പുഴ കാണുമ്പൊൾ ഞാൻ പറഞ്ഞൂ
എന്തൊരു ഭംഗിയാണു എന്റെ പുഴയ്ക്ക് അലസയായി ഒരു തരം മാദകലഹരിയിലാണവൾ ഒഴുകുന്നത്
നല്ല തെളി വെള്ളം കണ്ടില്ലേ? ഉള്ളിലുള്ളതൊക്കെ കാണാം എന്ന്.  "ഉവ്വുവ്വ് മനസ്സിലായീ" എന്ന് നീ
അർത്ഥം വെച്ചൊരു കമന്റ്
😃😃
അതും കഴിഞ്ഞ് റോഡ് പോകുന്നു പിന്നേയും വളഞ്ഞും പുളഞ്ഞും ഇടുപ്പ് ഇടുങ്ങിയും തടിച്ചും
ങ്ഹും
നമുക്ക് ഇനിയും പോയാലെന്താ എന്ന് നീ ചോദിക്കുന്നു
ങ്ഹും
എന്നിട്ട് മുന്നോട്ട് പുറപ്പെടുന്നു നാം. ആ യാത്രയിൽ നമ്മൾ കേട്ടിരുന്ന പാട്ട് ഏതാണെന്ന് അറിയുമൊ?
ഇല്ല
പ്രിയേ ചാരുശീലേ.. കൃഷ്ണ പാടുന്നു. https://youtu.be/cQG0kLVESgo?t=2059
ങ്ഹും
വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെ കയറ്റങ്ങൾ കയറി പോകുന്നു. കേട്ടിരിക്കുന്ന കൃഷ്ണ
ലയിച്ച് പാടുന്നു “വദസി യദി കിംചിദപി ദന്തരുചി കൌമുദീ ഹരതി ദരതിമിരമതിഘോരം 
സ്ഫുരദധരസീധവേ തവ വദനചന്ദ്രമാ രോചയതു ലോചനചകോരം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം” അതിനർത്ഥം അറിയുമോ?
ഇല്ല
എടീ ചക്കീ, എന്തിനാ ഇങ്ങനെ ശുണ്ഠി എടുത്തമാതിരി മുഖം കൂർപ്പിച്ച് ഇരിക്കണത്? നീ
വായതുറന്നെന്തെങ്കിലും പറയുമ്പൊൾ കാണുന്ന നിന്റെ ആ മനോഹരങ്ങളായ പല്ലുകളിൽ നിന്ന്
ഒഴുകുന്ന നിലാവിനു സമമായ പ്രഭയ്ക്ക് എന്റെ ദുഃഖങ്ങളെ മാറ്റാനാകും. അർത്ഥം മുഴുവനുമായില്ലെങ്കിലും
അവസാനം കൂടെ പറയാം
ങ്ഹും
പ്രണയംകൊണ്ട് നിന്റെ മുഖമാകുന്ന താമരയിലെ തേൻ കുടിക്കാൻ എനിക്ക് കൊതിയാകുന്നു
ഒഹ്
കാർ ഡ്രൈവ് ചെയ്യുമ്പൊൾ ഞാൻ നിന്റെ തുടയിൽ കൈ വെച്ചു. ആദ്യമൊക്കെ തട്ടി മാറ്റി പിന്നെ
മൈന്റ് ചെയ്യാതെ ആയീ
🧐 യാത്രക്കിടയിലോ? ഡ്രൈവിങ്ങിനിടയിൽ! ഭയങ്കരം
കയറി കയറി ഒരു പൊയന്റ് എത്തിയപ്പോൾ പ്രവേശനം നിഷിദ്ധം എന്ന ബോർഡ് അവിടെ
ഫോറസ്റ്റുകാർ നിൽക്കുന്നു
ങ്ഹും
ഫോറസ്റ്റുകാർ പറയുന്നു നിങ്ങടെ കാറിനു പോകാൻ പറ്റില്ല വേണമെങ്കിൽ ഫീ കൊടുത്ത്
ഫോറസ്റ്റ് വണ്ടിയിൽ പോകാമെന്ന്
ങ്ഹും
നിർത്തണൊ?
വേണ്ട
എന്നിട്ട് ഫോറസ്റ്റ് വണ്ടിയിൽ പോകുന്നു. അല്പം കൂടെ കാട്ടിലൂടെ ആദിവാസി കുടിലുകളിന്റെ
മുകളിലൂടെ പോയാലാണു ഫീസ് കൊടുക്കേണ്ട ഓഫീസ്. അവിടെ നിർത്തി ഫീസ് കൊടുത്തിറങ്ങി
മുകളിലേക്ക് വണ്ടിയിൽ യാത്ര
ങ്ഹും
കോടമഞ്ഞ് ചുറ്റും ആ കേറ്റം നല്ല രസായിരുന്നു
ങ്ഹും
ഒട്ടിപ്പിടിച്ചുകൊണ്ട്
🧐
കുറെ കേറിയപ്പോൾ സൈറ്റ് സീയിങ്ങിനുള്ള പോയന്റ് എത്തി ഡ്രൈവർ കാർ നിർത്തി
ഇറങ്ങിക്കണ്ടോളാൻ പറഞ്ഞു
ങ്ഹും
നിർത്തി ഇറങ്ങുമ്പോൾ കണ്ട കാഴ്ച അതിമനോഹരം കോട മഞ്ഞ് നമ്മളെ ചുറ്റിക്കൊണ്ട് മുന്നിലേക്ക്
അധികം കാണുന്നില്ലാ
ങ്ഹും
അങ്ങിനെ രണ്ട് മൂന്ന് സ്ഥലങ്ങളും കൂടെ കഴിഞ്ഞപ്പോൾ ഒരു ഡാം വീണ്ടും
ങ്ഹും
അതിനപ്പുറത്ത് തല ഉയർത്തി നിൽക്കുന്ന സഹ്യൻ. സഹ്യന്റെ മാറിലൂടെ അനവധി വെള്ളി
വരകളായി ജലപാതങ്ങൾ അത് കണ്ട് കണ്ട് നിന്ന് സമയം പോയതറിഞ്ഞതേ ഇല്ലാ
ങ്ഹും
അപ്പോഴാണു ഡ്രൈവർ പറയുന്നത് അല്പം കൂടെ മുകളിലേക്ക് പോകാം വണ്ടിയിൽ അവിടുന്ന
നിങ്ങൾ കാൽ നടയായി പോയാൽ കേരളമേട് എന്ന വിശാലമായ പുല്പരപ്പ് കാണം നിങ്ങൾ പോയി
വരുന്നത് വരെ ഞാൻ കാത്ത് നിൽക്കും വല്ലാതെ വൈകരുത് വൈകുന്നേരം മൂന്നുമണിക്ക് ഈ വഴി
അടയ്ക്കും അതിനു മുൻപ് തിരിച്ച് ഇറങ്ങണം എന്ന്
ങ്ഹും
എന്നിട്ട് മുകളിലേക്ക് പോയി വണ്ടി പാർക്ക് ചെയ്തപ്പോൾ അവിടുന്ന് ഫോറസ്റ്റുകാർ നമുക്ക് അസ്സൽ
ചക്കരക്കാപ്പിയും പൊക്കവട പരിപ്പ് വട ഒക്കെയും തന്നൂ ആ തണുപ്പത്ത് അതിന്റെ സ്വാദ്
അസാദ്ധ്യമായിരുന്നു
ഈശ്വരാ കൊതിപ്പിച്ചു😋😋😋😋
നമ്മൾ നടക്കാൻ തുടങ്ങിയപ്പോൾ അട്ട ഉണ്ടാകുമെന്ന് പറഞ്ഞ് ഫോറസ്റ്റുകാർ അല്പം പുകല നമുക്ക് തന്നു
ബോറടിച്ചുവൊ? നിർത്താം
ഇല്ല പറയൂ
എന്നിട്ട് രണ്ട് പേരും അല്പം കുത്തനെയുള്ള മലകയറി അതിവിശാലമായ കേരളമേട് എന്ന പുല്പരപ്പിൽ
എത്തി ചുറ്റും കാണേണ്ട കാഴ്ച തന്നെ അങ്ങപ്പുറത്ത് കോയമ്പത്തൂർ സഹ്യന്റെ പ്രൗഢി! മേഘങ്ങളുടെ നനവ്
ഇത്രേം നടക്കാൻ വയ്യാട്ടോ
ങ്ഹും
വലിച്ച് കേറ്റുകയായിരുന്നൂ. ചുറ്റും നോക്കും ഇടയ്ക്ക് ഒന്ന് നിൽക്കും ഭംഗികൊണ്ട് നിന്റെ കാലുകൾ മുന്നോട്ട്
തന്നെ ഞാൻ പിടിക്കും ആ പുല്പരപ്പിൽ ഉള്ള ഭംഗി! അത് പറയാൻ സാദ്ധ്യമല്ലാ
😄
കോടയുടെ തണുപ്പോ ഇടയ്ക്കുള്ള മഴച്ചാറൽ
ങ്ഹും
തണുത്ത് വിറച്ച് എന്നാലും രസം അവിടുന്നാ ആദ്യമായി നീയെന്നെ ഉമ്മ വെച്ചത്
🧐😳🤔 എപ്പ ?
തിരിച്ചിറങ്ങുമ്പോൾ ഇറക്കമല്ലേ സ്പീഡ് കൂടിയിരുന്നു അട്ടകളെ മാറ്റാൻ പുകല വെയ്ക്കും ഇടയ്ക്ക്
😄
രസം കൊല്ലരുത് പ്ലീസ്
ഒകെ 😄😄😄
തിരിച്ചിറങ്ങി ഫോറസ്റ്റുകാർ വീണ്ടും ചക്കരക്കാപ്പിയും മറ്റും തന്നു
ങ്ഹും
എന്നിട്ട് താഴ്വരത്തിലേക്ക് അവർ കൊണ്ട് വിട്ടു. താഴെ ഓഫീസിന്റെ അവിടെ‌നിർത്തി നമ്മളോട്
വേണമെങ്കിൽ ഇനി നിങ്ങൾക്ക് ഈ കാണുന്ന കാട്ടിലൂടെ നടക്കാം എന്ന് പറഞ്ഞു
ങ്ഹും
അത് പ്രകാരം സൈഡിൽ കണ്ട ഒരു നടവഴിയിലൂടെ ഇറങ്ങിയപ്പോൾ കാടിന്റെ ഭംഗി വീണ്ടും വലിയ
വലിയ മരങ്ങൾ അതിൽ നിന്നും തൂങ്ങി നിൽക്കുന്ന വള്ളികൾ അതിലിരുന്ന് ഊഞ്ഞാലാടി നീ
ങ്ഹും😛
അല്പം കൂടെ ഉള്ളിലേക്ക് നടന്നപ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് അത് നോക്കി പോയീ
ഒരു ചെറിയ വെള്ളച്ചാട്ടം
ങ്ഹും
അത്ര വലുതൊന്നുമായിരുന്നില്ല അത് എന്നാലത് നീണ്ട് നീണ്ട് മരങ്ങളുടേയും വേരുകളുടേയും ഇടയിലൂടെ
ഞെളിഞ്ഞ് പിരിഞ്ഞ് ചെലപ്പോൾ മെല്ലിച്ച് ചെലപ്പോൾ തടിച്ച് ഉരുണ്ട് അങ്ങനെ താഴേക്ക് പോകുന്നൂ
ങ്ഹും
അതിലൂടെ നമ്മൾ ഇറങ്ങി നിന്നു മുട്ടെറ്റം വെള്ളം
ങ്ഹും
കൈകാലുകൾ കഴുകി
ങ്ഹും
അപ്പോഴാ വിചാരിച്ചത് വല്ലതും കൊറിക്കാൻ കയ്യൊലെടുക്കാമായിര്യ്ന്നു എന്ന് എങ്കിൽ അവിടെ
ഇരുന്ന് കാടിന്റെ ഭംഗിയാസ്വദിച്ച് കഴിക്കാമായിരുന്നു എന്ന്
😄
പക്ഷെ ഒന്നും വിചാരിക്കാതെ ഇറങ്ങിയ യാത്ര ആയതിനാൽ ഒന്നും കയ്യിലുണ്ടായിരുന്നില്ല
😛
അല്പനേരം അവിടെ ഇരുന്ന് സമയം വൈകും എന്ന് തോന്നിയപ്പോൾ തിരിച്ച് കയറി ഫോറസ്റ്റ്
വണ്ടിയിൽ തന്നെ നമ്മടെ വണ്ടി പാർക്ക് ചെയ്ത ഭാഗത്ത് എത്തി
ങ്ഹും
കാറിൽ കയറിയപ്പോഴാണു സമയം അഞ്ചുമണി എന്നും ഉച്ച ഭക്ഷണം ഉണ്ടായില്ല എന്നും ഓർമ്മിപ്പിച്ചുകൊണ്ട്
വിശപ്പുന്റെ കൊലവിളി തുടങ്ങിയത്
😄
കാറിൽ കയറി റോഡ് സൈഡിലെ ഒരു നാടൻ എന്ന് തോന്നിക്കുന്ന ചായമക്കാനിയിൽ കയറാം എന്ന് നീ
പറഞ്ഞപ്പോൾ എന്റെ മനസ്സിൽ മറ്റൊരു ഐഡിയ ആയിരുന്നൂ നീ പറഞ്ഞിടത്തൊന്നും നിർത്താതെ
ഞാൻ രണ്ട് സൈഡും നോക്കി നോക്കി അവസാനം ഒരു സ്ഥലത്ത് നിർത്തി അതൊരു കള്ള് ഷാപ്പായിരുന്നു 
😄
നിനക്ക് ശുണ്ഠി ആയി ഞാൻ കെയർ ചെയ്യാതെ ഉള്ളിൽ കയറി കഴിക്കാനുള്ള ഭക്ഷണം ചോദിച്ചു
പൊറാട്ടയും നാളികേരകൊത്തലിട്ട് ബീഫ് ഫ്രൈയും വാങ്ങി വന്ന് കാറിന്റെ ബോണറ്റിൽ വെച്ചു കഴിച്ചു
വെള്ളം നമ്മുടെ കയ്യിലുണ്ടായിരുന്നു 
(നിശബ്ദം)
പോയോ? ശ്ശെ എന്നാ ശരി ഭാവന കഴിഞ്ഞൂട്ട്വൊ
അയ്യോ ഞാൻ പോയീട്ടില്ല നെറ്റ് പോയതാ
ങ്ഹും
എന്നിട്ട് ബീഫും പൊറാട്ടയും കഴിച്ച് വെള്ളവും കുടിച്ച് നമ്മൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.
സമയം അപ്പൊഴേക്കും വൈകിയിരുന്നു. രണ്ട് പേർക്കും പിരിയാനുള്ളാതാണ്.
ങ്ഹും
യാത്ര തുടരുന്നതിനിടയിലാണ് റോഡ് സൈഡിൽ തന്നെ ഒരു പഴയ കെട്ടിടവും അതിൽ നിരപ്പലകകൾ
കൊണ്ട് അടയ്ക്കാവുന്ന തരത്തിലുള്ള പീടികയും കണ്ടത്.
ങ്ഹും
ഞാൻ വണ്ടി നിർത്തി സുഹൃത്തേ വെറ്റിലയും അടയ്ക്കയും കിട്ടുമോ എന്ന് ചോദിച്ചു. അവിടെ ഇരുന്നിരുന്ന ഒരു
വയസ്സായ തലേക്കെട്ടുകാരൻ മനുഷ്യൻ എനിക്ക് വെറ്റിലയും നല്ല കളിയടയ്ക്കയും തന്നു ചുണ്ണാമ്പ് അവിടെ ഉണ്ട് എന്ന് കെട്ടിത്തൂക്കി വെച്ച ചുണ്ണാമ്പ് പാത്രം കാണിച്ചു തന്നു
ഒഹ്
നല്ല നാടൻ വെറ്റിലയുടേയും കളിയടക്കയുടേയും ഗന്ധം എന്റെ വായിൽ നിന്ന് വരുന്നത് കൊണ്ട് നിനക്കും
കൊതിയായി ഒന്ന് മൂന്നും കൂട്ടി മുറുക്കാൻ. ഞാൻ പിന്നേയും അവിടെ ചെന്ന് ഒരു മുറുക്കാൻ കൂടെ ഉണ്ടാക്കി
നിനക്ക് തന്നു. അല്ല നിന്റെ വായിലിട്ട് തന്നു എന്റെ കൈകൾ കൂട്ടി കടിച്ചു നീ.
😄😄 
റോഡ് നീണ്ടു നിവർന്നു കിടക്കുന്നു. സൂര്യൻ പശ്ചിമഘട്ടത്തിനപ്പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു.
ആകാശം മങ്ങി മേഘങ്ങൾ കൂട്ടം കൂടി വരുന്നു. കാർ നീങ്ങി. രണ്ട് പേരും ഒന്നും മിണ്ടുന്നില്ലെങ്കിലും കൃഷ്ണ ഒരാവർത്തി പാടിക്കഴിഞ്ഞ് വീണ്ടും വദസി യദി കിംചിദപി എന്ന് പടാൻ തുടങ്ങി
ങ്ഹും
അടുത്ത ടൗണിലെത്തിയാൽ എനിക്ക് അവിടെ നിന്നും ബസ്സ് പിടിച്ച് വേണം പോകാൻ. ഞാൻ ടൗൺ
എത്തുന്നതിനു മുന്നേ തന്നെ കാർ നിർത്തി. എന്നിട്ട് ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി നിന്നോട് ഡ്രൈവ്
ചെയ്തോളാൻ പറഞ്ഞു.
ങ്ഹും
നീ ഡ്രൈവർ സീറ്റിൽ ഇരുന്നു. കാർ മുന്നോട്ട് പോയീ
ങ്ഹും
ടൗണിലെത്തിയപ്പോൾ കാർ നിർത്തി ശ്രദ്ധിച്ച് ഓടിച്ച് പോകാൻ ഞാൻ പറഞ്ഞു. പെട്ടെന്നായിരുന്നു
നിന്റെ ആക്ഷൻ. കാർ നിർത്തലും എന്റെ മുഖം പിടിച്ച് തിരിച്ച് ചുണ്ടിൽ ഒരുമ്മയും. ആ വെറ്റില നീരിന്റെ സ്വാദ്
എനിക്കിപ്പോഴും ഓർമ്മയുണ്ട് അറിയുമോ?
പിന്നെ നമ്മൾ കണ്ടിട്ടില്ല അല്ലേ?
അതെ പിന്നെ കണ്ടിട്ടില്ല
എന്നാലിനിയും കാണണ്ടാ
അതെന്താ അങ്ങിനെ?

ഞാൻ ചെയ്യാത്ത കാര്യങ്ങൾ, നമ്മൾ പോകാത്ത യാത്രകൾ പറഞ്ഞില്ലേ നീ? കണ്ടാൽ ആ മോന്തയ്ക്ക് ഒന്ന്
തരും ആദ്യം. അത് വേണ്ടാ എന്ന് വിചാരിച്ചിട്ടാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...